August 5, 2020

ഓണത്തല്ല് : ശരീരപഠനവും സംസ്‌കാരരൂപീകരണവും

നിലവിലുള്ള ഒരു സംജ്ഞയുടെ അർത്ഥത്തെ പരിഷ്‌കരിക്കുക, വിപുലപ്പെടുത്തുക എന്നിവ വിജ്ഞാനശാഖയുടെ വികസ്വരാവസ്ഥയേയാണ് സൂചിപ്പിക്കുന്നത്. മാറുന്ന കാല-ദേശ-വീക്ഷണങ്ങൾക്കനുസരിച്ച് വിജ്ഞാനശാഖയുടെ അടിസ്ഥാനകൽപ്പനകൾവരെ മാറിപ്പോവുകയോ പുതുഅർഥങ്ങളിലേയ്ക്ക് വിന്യസിക്കപ്പെടുകയോ ചെയ്യാം. ആധുനികതയുടെ ജ്ഞാനപരിസരത്തിൽ നിന്നുള്ള അന്വേഷണങ്ങളുടെ പരിമിതി അതിജീവിക്കാനാണ് പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്‌കാരപഠനത്തിന്റെ കൈവഴിയായ ശരീരപഠനത്തിന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് പാലക്കാട് ജില്ലയിലെ പല്ലശ്ശേനയിൽ നടക്കുന്ന ഓണത്തല്ലിനെ വ്യാഖ്യാനിക്കാനാണ് പ്രബന്ധം ശ്രമിക്കുന്നത്. തദ്ദേശീയമായ ശരീരപഠനത്തിന്റെ ഉപദർശനങ്ങളുപയോഗിച്ച് പുതിയ സംസ്‌കാരരൂപീകരണത്തെയും പരിണാമത്തെയും വിശദീകരിക്കാനും മുതിരുന്നു. ശരീരപഠനമെന്നത് മലയാളത്തെ സംബന്ധിച്ച് താരതമ്യേന പുതിയ വ്യവഹാരമേഖലയായതിനാൽ  അതിന്റെ ചരിത്രപരമായ വിവരണത്തോടുകൂടിയാണ് പ്രബന്ധം ആരംഭിക്കുന്നത്.


ശരീരപഠനം

സംസ്‌കാരചരിത്രത്തെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണങ്ങൾക്ക് വഴിതെളിക്കുന്നവയാണ് ശരീരകേന്ദ്രിത പഠനങ്ങൾ. ശരീരത്തെ സംസ്‌കാരത്തിന്റെ മുഖ്യസൂചകമായി കണ്ടുകൊണ്ട് അതിനെ ഒരു ഏകകമായി തിരിച്ചറിയുമ്പോൾ പുതിയൊരു ജ്ഞാനവിഷയം വെളിപ്പെടുന്നു. യൂറോപ്പിന്റേതായ പൊതുവീക്ഷണത്തെ മാറ്റിപ്പണിയാൻ മുതിർന്ന പോസ്റ്റ് കൊളോണിയൽ സമീപനങ്ങളാണ് വാസ്തവത്തിൽ ശരീരത്തെ ഏകകമാക്കിക്കൊണ്ടുള്ള പഠനത്തിന് മുതിർന്നത്. എന്നാൽ അതിനുമെത്രയോ മുൻപ് തന്നെ സാമ്പ്രദായികപഠനത്തിന്റെ ഭാഗമായി ശരീരചിന്തകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ വേദങ്ങളിലും ഉപനിഷത്തുകളിലും ശരീരത്തെപ്പറ്റിയുള്ള പരാമർശം കാണാം. ശരീരമെന്നാൽ അഗ്നി കേന്ദ്രീകരിച്ച സ്ഥലമല്ലാതെ മറ്റൊന്നുമല്ലെന്ന് ഉപനിഷത്ത് പറയുന്നുണ്ട്. ഭാരതീയപാരമ്പര്യത്തിലെ ലോകായുക്തദർശനം ശരീരത്തെ ആത്മാവിനെക്കാൾ പ്രധാനമായി തിരിച്ചറിയുന്നു. ശരീരത്തെ ഘടകങ്ങളായി തിരിച്ചറിയുകയാണ് വേദകാലപരാമർശങ്ങൾ. അതായത് ശരീരത്തിന്റെ ഭൗതികമായ അംശത്തെ വേർതിരിച്ചുകൊണ്ട് തത്ത്വചിന്തയുടെ സഹായത്തോടെ ദാർശനികമായി അടയാളപ്പെടുത്തുകയാണിവ പൊതുവെ ചെയ്യുന്നത്. എന്നാൽ ശരീരത്തെ പ്രകൃതമായി മനസ്സിലാക്കുകയാണ് ജ്ഞാനോദയശേഷ പഠനങ്ങൾ. വൈകാരികപ്രകടനം മുതൽ ശരീരബോധം ഉൾപ്പെടെ ശരീരപ്രതിനിധാന സാധ്യതകൾ വരെ സംബോധന ചെയ്യാൻ ഇത്തരം പഠനങ്ങൾക്ക് കഴിയും.

എന്താണ് ശരീരം? ശരീരമെന്ന പദത്തിന് മരിച്ചുപോകുന്നത്, നാശമുള്ളത്, വളരുന്നത് എന്നീ അർഥങ്ങളാണ് ശബ്ദതാരാവലി നൽകുന്നത്.ഉടൽ എന്ന് സാമാന്യാർഥവും നൽകുന്നു.  ആസ്തിക്യചിന്തയിൽ ശരീരം നശിക്കാവുന്ന, മാറാവുന്ന പ്രകൃതിയും ആത്മാവ് സ്ഥിരവുമാണെന്ന സങ്കൽപമുണ്ട്.അവയവചേരുവയല്ല ശരീരമെന്നും അത് ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്വത്വവേഴ്ചയാണെന്നുമുള്ള തിരിച്ചറിവ് ഇന്നുണ്ട്. സംസ്‌കാരത്തിന്റെ അർത്ഥോൽപാദന പ്രക്രിയയിൽ ശരീരം സ്വന്തം ഇടം തീർത്തിരിക്കുന്നു.

19-ാം നൂറ്റാണ്ടിൽ ശരീരത്തെ മനസ്സിന്റെ അപരദ്വന്ദ്വമായി കാണുന്ന സമീപനം തുടരുന്നതാണ് കാണാൻ കഴിയുന്നത്. ഇരുപതാം നൂറ്റാണ്ടിൽ മാർക്‌സിന്റേയും ഹെബറുടേയും സമീപനങ്ങൾ ശരീരത്തെ സ്പർശിക്കുന്നുണ്ട്. 1939-ൽ സാമൂഹ്യശാസ്ത്രജ്ഞനായ നോബർട്ട് ഏലിയാസ് മധ്യകാലം മുതൽ ആധുനികത വരെയുള്ള ജനങ്ങളുടെ തീറ്റമര്യാദകൾ, ലജ്ജ, അക്രമം എന്നിവയെ ശരീരകേന്ദ്രമാക്കി പഠിച്ചു. സാംസ്‌കാരികപ്രക്രിയയുടെ വിശദീകരണത്തിന് കരീരം കേന്ദ്രമാക്കാമെന്ന് ഏലിയാസ് തെളിയിച്ചു. ഫ്രങ്ക്ഫർട്ട് സ്‌കൂൾ ചിന്തകരായ ഹൊഖീമർ,അഡോണൊ തുടങ്ങിയവർ മാർക്‌സിയൻ-ഫ്രോയ്ഡിയൻ ജ്ഞാനപരിസരത്തിൽനിന്ന് ഇടപെട്ടപ്പോൾ ദെനെ കാർത്തെയുടെ പരമ്പരാഗത ശരീരം/ആത്മാവ് ദ്വന്ദ്വത്തെ നിരാകരിച്ചുകൊണ്ട് മൗറിസ് മെർല്യു പോണ്ടി മനുഷ്യാസ്തിത്വത്തിന്റെ ന്യൂക്ലിയസ് ശരീരമാണെന്ന് പ്രഖ്യാപിച്ചു.  ശരീരപഠനചിന്തകൾക്ക് വഴിതെളിച്ച മറ്റൊരാൾ എഡ്വേർഡ് സെയിദ് ആണ്. പൗരസ്ത്യകലകളെക്കുറിച്ച് പറയുമ്പോൾ ശരീരത്തെ മുഖ്യ ഇനമായി കാണുന്നു. പാശ്ചാത്യ പൗരസ്ത്യ  ഭേദംതന്നെ കറുപ്പ്/വെളുപ്പ് ദ്വന്ദ്വത്തിൽ നിന്നാണ് വന്നതെന്ന് സെയ്ദ് പറയുന്നു. കോളനിവ്യവഹാരങ്ങളുടെ കേന്ദ്രമായി ശരീരത്തെ തിരിച്ചറിയുകയായിരുന്നു അദ്ദേഹം.(James H Mills2004:1). ആധുനിക ശാസ്ത്രത്തിന്റെ കേന്ദ്രത്തിൽ ഫൂക്കൊ പ്രതിഷ്ഠിച്ചത് ശരീരത്തെയാണ്. 1973ൽ The bitrh of a clinic എന്ന പുസ്തകത്തിലൂടെ വൈദ്യശാസ്ത്രം ആശയങ്ങളെ സ്വാംശീകരിക്കുന്ന വിധമാണ് ഫൂക്കൊ വിശദമാക്കിയത്. അതിലൂടെ മനുഷ്യശരീരത്തെ വൈദ്യശാസ്ത്രം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വിശകലനം ചെയ്തു. 1975ൽ discipline and punishment ൽ എത്തുമ്പോഴേക്കും ശരീരത്തെ വ്യവഹാരത്തിലൂടെ പരുവപ്പെടുത്തുന്നതിനെക്കുറിച്ച് ഫൂക്കൊ വ്യക്തമായി എഴുതുന്നു.1989ലെ madness and civilization ശരീരപഠനം കൂടിയാണ്. സൂസൻ സൊൻടാഗിന്റെ Regarding the pain of others ശരീരപഠനത്തിന്റെ ഒരു മാതൃകയാണ്. ഇറാക്കിതടവുകാരെ യുഎസ് സൈനികർ നഗ്നരാക്കി പീഢിപ്പിക്കുന്നതിന്റെ പടങ്ങളെ അവലോകനം ചെയ്തുകൊണ്ട് അമേരിക്ക ശരീരം പ്രതിനിധാനമാക്കി രാഷ്ട്രീയാധീശത്വം നേടുന്നതിനെക്കുറിച്ചുള്ള വിശകലനമാണത്. ശരീരമെന്നത് വെറും പ്രതിഫലനമല്ല,പ്രതിനിധാനമാണെന്നും അതിന് രാഷ്ട്രീയമുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഇതിനു പിന്നിൽ. ശരീരത്തിന്റെ സൗന്ദര്യരാഷ്ട്രീയം  വിശദമാക്കാൻ ഇത്തരം പഠനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

അപൂർവം ഫെമിനിസ്റ്റ് പഠനങ്ങൾ പെൺശരീരകേന്ദ്രിതമായി ഉയർന്നിട്ടുണ്ട്. ജൂഡിത്ത് ബട്‌ലർ, ബിഡ്ഡി മാർട്ടിൻ, ബർബറ സ്മിത്ത് എന്നിവർ ലൈംഗികപരിസരത്തിൽ പെൺ ശരീരസ്വത്വനിർമിതിയുടെ ചരിത്രവൽക്കരണം അറിയാൻ ശ്രമിക്കുന്നു. മാനകീകൃതസാമൂഹ്യശാസ്ത്രപുസ്തകങ്ങൾ ലൈംഗികത എന്നാൽ സംസ്‌കാരം നിയന്ത്രിക്കുന്ന അസംസ്‌കൃതരൂപമായാണ് കണ്ടത്. ഇതനുസരിച്ച് ലൈംഗികത സമൂഹപൂർവജൈവികശരീരത്തിന്റെ പ്രവർത്തനമാണ്. ശരീരത്തെ സാമൂഹ്യവൽ ക്കരിക്കുവാനായി നടത്തുന്ന സാംസ്‌കാരികമുദ്രയായി ലൈംഗികപദവി അടയാളപ്പെടുകയും ചെയുന്നു. ജൈവശാസ്ത്രപരമായി ചിട്ടപ്പെടുത്തപ്പെട്ടതാണ് മനുഷ്യൻ എന്നതാണ് സാമൂഹ്യശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന നിലപാട്. എന്നാൽ ഇത് ശരിയല്ല. ലൈംഗികപദവി എന്നത് ലൈംഗികതയുടെ സംസ്‌കാരവ്യാഖ്യാനമാണ് എന്ന് ജുഡിത്ത് ബട്‌ലർ പറയുന്നു.(ജൂഡിത്ത് ബട്‌ലർ1990:14) ലൈംഗികതയും പദവിയും സാമൂഹ്യനിർമിതിയാണെന്നും ശരീരം നിശ്ശബ്ദഘടകമെന്ന നിലയിൽ പ്രവർത്തിക്കുന്നുവെന്നും സംസ്‌കാരം ശരീരത്തിന്റെ വിധികർത്താവായിരിക്കുന്നുവെന്നും അധികാരം ഇതിൽ നിർണായകപങ്കു വഹിക്കുന്നുവെന്നും തിരിച്ചറിയാൻ കഴിയാതെപോയ സാമൂഹ്യശാസ്ത്രത്തെ വിമർശനവിധേയമാക്കിക്കൊണ്ടാണ് പെൺശരീര പഠനങ്ങൾ മുന്നോട്ടുപോകുന്നത്.(Jyoti Puri 1999:40-86)

ഇന്ത്യൻശരീരപഠനങ്ങളിൽ ശ്രദ്ധയൂന്നിയ അർനോൾഡ് പത്തൊമ്പതാംനൂറ്റാണ്ടിൽ വൈദ്യശാസ്ത്രം ഇന്ത്യൻശരീരങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിവരിക്കുന്നുണ്ട്. പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനായി ശരീരങ്ങളിൽ നടത്തിയ കുത്തിവയ്പുകൾ അധീശത്വപ്രവർത്തനമായി വിലയിരുത്തുന്നു. യൂറോപ്യൻമരുന്നുകളും ചികിത്സയും കോളനിശരീരങ്ങളെ നിർമിച്ചെടുക്കുന്ന പ്രവർത്തനമാണ് നടത്തിയതെന്നാണ് അർനോൾഡിന്റെ വിലയിരുത്തൽ.(1993:32) ഇന്ത്യൻഗുസ്തിക്കാരുടെ ശരീരചരിത്രമാണ് ആൾട്ടർ ജെ വിമർശനവിധേയമാക്കിയത്. ഇന്ത്യൻശരീരമെന്നാൽ ഉത്തരേന്ത്യൻശരീരമെന്ന അർഥത്തിലേക്ക് പരിണമിക്കുന്ന ബോധത്തിന്റെ പ്രത്യയശാസ്ത്രപ്രവർത്തനങ്ങൾ വിശദീകരിക്കാൻ ആൾട്ടറിനു കഴിഞ്ഞു.(2000:124) നരവംശപരമായ പഠനമായതിനാൽ ശരീരരാഷ്ട്രീയ അപനിർമാണപ്രവർത്തികളിലേക്ക് കടന്നിട്ടില്ല. എന്നാൽ ഗാന്ധിജിയുടെ ശരീരം ഇന്ത്യയുടെ ദേശീയഉപകരണമായി മാറുന്നതിനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനം ശരീരപഠനങ്ങളിൽ വേറിട്ടു നിൽക്കുന്നു. തദ്ദേശീയമായ ഉപാദാനമാതൃകകൾ അന്വേഷിക്കുകയാണ് ഈ രംഗത്തെ പുതുപുത്തൻ പ്രവണത.

ഓണത്തല്ല്

ഓണത്തോടനുബന്ധിച്ച് നടത്തുന്ന കായികാചാരമാണ് ഓണത്തല്ല്. കയ്യാങ്കളി, ഓണപ്പട എന്നീ പേരുകളിലും അറിയപ്പെടുന്നു. നാട്ടുപ്രദേശങ്ങളിൽ ഓണക്കാലത്തെ ഒരു പതിവു പരിപാടിയായതിനാൽ ഇതിനെ ഓണത്തല്ല് എന്നു വിളിച്ചിരുന്നു. പെരുമാക്കൾമാരുടെ കാലത്തോ അതിനു മുമ്പോ ഏർപ്പെടുത്തിയ ആചാരമായിരിക്കാം ഇത്. കർക്കിടകമാസത്തിൽ കളരിയഭ്യാസം കഴിഞ്ഞ് ചിങ്ങത്തിൽ പ്രായോഗികവൈദഗ്ദ്ധ്യം കാണിക്കാനുള്ള ഒരവസരമാണ് ഓണത്തല്ല്. നാടുവാഴികൾ ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. കളരിപ്പയറ്റിലെ ‘വെറും കൈ’ എന്ന മുറയ്ക്കാണ് ഓണത്തല്ലിന്റെ കാരണവസ്ഥാനം നൽകേണ്ടത്.

ഓണത്തല്ലിന്റെ ചരിത്രം

പണ്ടുകാലത്ത് സമർത്ഥരായ നായർപട്ടാളക്കാർ യുദ്ധപ്രകടനം നടത്തിയിരുന്നതിന്റെ ജീർണ്ണിച്ചു നശിക്കാറായ അവശേഷമാണ് ഓണത്തല്ല്. മാങ്കുടി മരുതനാരുടെ ‘മധുരൈകാഞ്ചി’യിൽ ഓണത്തല്ലിന്റെ വർണനയുണ്ട്. കായങ്കുളത്തുവച്ച് ഓണപ്പട  കണ്ടതായി കാന്റർ വിഷർ 1720ൽ പ്രസ്താവിച്ചു കാണുന്നു. ‘പൗരസ്ത്യസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ ഫോർബ്ലഡും ഓണപ്പടയെപ്പറ്റി വിവരിച്ചിട്ടുണ്ട്. തിരുവിതാംകൂറിലും ഇതരപ്രദേശങ്ങളിലുമുണ്ടായിരുന്ന ഓണപ്പട  ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വന്നതോടെ നിലച്ചു. എന്നിരുന്നാലും അതിന്റെ പൂർവ്വകാലസ്മരണകൾ നിലനിർത്തുന്നതിനുവേണ്ടി ഇന്നു കാണുന്ന തരത്തിലുള്ള കയ്യാങ്കളിയുടെ രൂപത്തിലാക്കപ്പെട്ടു. (ബിജുഗോപിനാഥ് 2006:27-28)

തിരുവോണനാളിലെ ഓണത്തല്ല്

തല്ലിൽ വിദഗ്ദ്ധൻമാരായ ആളുകൾ പണ്ടുണ്ടായിരുന്നു അവരെ ചിലവും കൊടുത്തു സ്വന്തം പേരിൽ തല്ലു നടത്തിക്കുന്നവരുമുണ്ടായിരുന്നു. പണ്ടു ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തുടർച്ചയായി പത്തു ദിവസവും തല്ലു നടത്തിയിരുന്നു. ഓരോ ദിവസവും ജയിക്കുന്നവർ പിറ്റേദിവസത്തെ തല്ലിൽ പങ്കെടുക്കും. അങ്ങനെ തിരുവോണദിവസം ഏറ്റവും മികച്ച പ്രകടനമാവും നടക്കുക. അതിന്റെ തുടർച്ചയായ അവിട്ടത്തല്ലാകട്ടെ കൂടുതൽ ആവേശഭരിതവുമായിരുന്നു. ക്രമേണ തിരുവോണം മുതൽ രണ്ടോ മൂന്നോ ദിവസത്തെ തല്ലു മാത്രമായിത്തീർന്നു. (കർത്താ പി.സി 1991:44-45)

രണ്ടാംഘട്ടം

ഇരു ചേരിയിൽ നിന്നും ഓരോരുത്തർ മുന്നോട്ടുവരും. അതോടെ ഓണത്തല്ലിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. അവർ അഭിമുഖമായി നിന്നു കൊണ്ടു കൈകോർത്തു പിടിക്കുകയും പിന്നീട് പിടി വിടിവിച്ചു രണ്ടു ചുവടു പിന്നോക്കം മാറി തല്ലു തുടങ്ങുകയും ചെയ്യുന്നു. തല്ലെന്നു വച്ചാൽ കൈ മലർത്തിയുള്ള തല്ല്. അല്ലാതെ കൈ ചുരുട്ടി ഇടിക്കുകയോ കടിക്കുകയോ ഒന്നും പാടില്ല. അങ്ങനെ ചെയ്താൽ ചേതൻമാർ അവരെ പുറത്താക്കും. അടി തടുത്തുകൊണ്ട് എതിരാളി ഒഴിയാൻ ശ്രമിക്കുകയും തിരിച്ചടിക്കാൻ നോക്കുകയും ചെയ്യും. അടി കൊള്ളാതെ മറുകക്ഷിയുടെ വശത്തു കയറിപ്പറ്റലാണ് ലക്ഷ്യം.

അതിനുശേഷം ഇരു ചേരികളിൽ നിന്നും ഒന്നിലധികം തല്ലുകാർ രംഗപ്രവേശംചെയ്യും. തല്ലുകയും വരുന്ന തല്ല് തടുക്കുകയുമാണവരുടെ പ്രവർത്തി. അതിനുവേണ്ടി ചാടിമറിച്ചിൽ, പൊങ്ങിപ്പറക്കൽ, കരണംമറിച്ചിൽ തുടങ്ങിയവയുമുണ്ടാവും. സ്വന്തം ചേരിയിലുള്ള തല്ലുകാരെ പുറത്തു നിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തല്ലുകാരിലാർക്കെങ്കിലും തല്ലേറ്റാൽ അവരെ പുറത്താക്കും. പകരം അതേ ചേരിയിലുള്ള ആരെങ്കിലും കളത്തിലെത്തുകയും ചെയ്യും. അങ്ങിനെ കുറേ നേരം കഴിയുമ്പോൾ പ്രധാന തല്ലുകാർ കളത്തിലേക്കു വരും. വളരെയധികം വൈദഗ്ദ്യം സമ്പാദിച്ച് ഇക്കൂട്ടർ രണ്ടു ചേരിയിൽ നിന്നു മണിക്കൂറുകൾ പൊരുതിയാലും ആർക്കും തല്ലേൽക്കാതിരിക്കുന്നത് അപൂർവ്വമല്ല. നേരം സന്ധ്യയായാൽ അന്നത്തെ കളി തീർന്നതായി ദേശാധിപൻ പ്രഖ്യാപിക്കുകയും ആളുകൾ പിരിഞ്ഞുപോവുകയും ചെയ്യും. കളി പിറ്റേ ദിവസം തുടരും. തല്ലിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനം നൽകലുമുണ്ട്. (ശങ്കരൻ നമ്പൂതിരിപ്പാട് കാണിപ്പയ്യൂർ 1963:140)

ഓണത്തല്ലിനെക്കുറിച്ച് എഴുത്തുപാഠങ്ങൾ അതിന്റെ ഭാഗികവിവരണം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. എന്നു മാത്രമല്ല ഇവിടെ പഠനവിഷയമാകുന്ന പല്ലശ്ശേനയിലെ ഓണത്തല്ലിന് മേൽവിവരിച്ച എഴുത്തുപാഠങ്ങൾ നൽകുന്നതിൽനിന്ന് വ്യത്യസ്തമായ രീതിഭേദം പ്രകടമായിത്തന്നെ കാണാനുണ്ട്. അതിനാലാണ് പല്ലശ്ശേനയിലെ ഓണത്തല്ലിൽ പങ്കെടുക്കുന്നവരും പരിസരവാസികളുമായ ആളുകളിൽനിന്ന് വിവരം ശേഖരിച്ചത്. ഓണത്തല്ല് നടക്കുന്ന വേളയിൽ നിരീക്ഷിച്ച വസ്തുതകളും പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചരിത്രപരമായ വ്യക്തതയ്ക്ക് ചില ചരിത്രഗ്രന്ഥങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രാമാണികത സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയല്ല. ശരീരകേന്ദ്രിതമായ ഇത്തരമൊരു പഠനം അതല്ല ആവശ്യപ്പെടുന്നത് എന്നതുതന്നെ കാരണം.

പല്ലശ്ശേനയിലെ ഓണത്തല്ല്

പാലക്കാട്ജില്ലയിലെ ചിറ്റൂർ താലൂക്കിലെ പല്ലശ്ശേനയിൽ നടത്തപ്പെടുന്ന ഓണത്തല്ല്  ഒരു അനുഷ്ഠാനാത്മക കായിക പ്രകടനമാണ്. പാലക്കാട് ടൗണിൽനിന്ന് 25 കിമീ   മാറിയുള്ള ഗ്രാമമാണ് പല്ലശ്ശേന. ‘പല്ലവസേന’ എന്ന പദം പിന്നീട് പല്ലശ്ശേന എന്നായി മാറുകയായിരുന്നുവത്രെ. കേരളം തമിഴകത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഇവിടം ഭരിച്ചവരായിരുന്നു പല്ലവൻമാർ. പുരാതന തെക്കേഇന്ത്യ എഡി നാലാം നൂറ്റാണ്ടുമുതൽ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചവരാണിവർ. നടുവട്ടംപ്രദേശത്തിന്റെ ഭാഗമായിരുന്നു പല്ലശ്ശേനയെന്നും ഇവിടം കണ്യാർകളിയുടെ പ്രധാനകേന്ദ്രമായിരുന്നെന്നും വി വി കെ വാലത്ത് എഴുതുന്നു.(1986:80).

ഇപ്പോൾ ഓണക്കാലത്ത് തിരുവോണത്തിനും അവിട്ടത്തിനുമാണ് ഓണത്തല്ല് നടത്തുന്നത്. പല്ലശ്ശേന വേട്ടക്കരുമൻ ക്ഷേത്രപരിസരത്തും തല്ലുമന്ദത്തുമായി നടക്കുന്ന ഓണത്തല്ല് നാട്ടുരാജാക്കൻമാർ തമ്മിൽ നടന്ന യുദ്ധത്തിന്റെ സ്മരണ നിലനിർത്തുന്നു.

പാഠഭേദങ്ങളുടെ പ്രതിനിധാനകേന്ദ്രം

ഐതിഹ്യങ്ങളുടെ പാഠഭേദങ്ങൾ നിരീക്ഷിച്ചാൽ തെളിയുന്ന വസ്തുത അവയുടെ ശരീരപരതയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. സമൂഹം ശരീരത്തിനകത്താണ് എന്ന് നോബർട്ട് ഏലിയാസ് പറയുന്നുണ്ട്.(1982:86). കോഴിക്കോട് സാമൂതിരിയുടെ സാമന്തഭരണകാലത്ത് പല്ലശ്ശേന പോലുള്ള പ്രദേശങ്ങളിൽ നിലനിന്ന  സാമൂഹിക അസുരക്ഷിതത്വം വലുതായിരുന്നു. നാടുവാഴികൾ തമ്മിലുള്ള കിടമത്സരങ്ങൾ യുദ്ധങ്ങൾ അനിവാര്യമാക്കി. എം ജിഎസ് ഉൾപ്പെടെയുള്ള ചരിത്രകാരൻമാർ ഇത് ശരിവക്കുന്നു. സാമൂതിരിയുടെ സൈന്യം മാത്രമാണ് ഭാരതപ്പുഴയുടെ പടിഞ്ഞാറൻ തീരം കടന്ന് കിഴക്കൻ മേഖലയിലേക്ക് പടനയിച്ച് നൂറ്റാണ്ടുകളോളം ഈ പ്രദേശത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. ഒടുവിൽ നാടുവാഴികൾ തമ്മിലുള്ള ഗൂഡവൃത്തികളുടെ ഫലമായി സാമൂതിരിക്കെതിരെ വരെ ആക്രമണം ഉണ്ടാകുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.(കൃഷ്ണയ്യർ1938:27-34, എംജിഎസ്1996:56) നാടുവാഴിഭരണം നിലനിന്ന യുദ്ധകാലത്തെ പ്രതീകവത്കരിക്കുകയാണ് ഓണത്തല്ലെന്ന് സാമാന്യമായി പറയാം. മൃതദേഹം വിട്ടുകിട്ടാൻ വേണ്ടി നടത്തിയ യുദ്ധം പര്യവസാനിക്കുന്നത് ദൈവിക ഭൗതിക ചിഹ്നത്തിന്റെ കൈമാറ്റത്തിലൂടെയാണ്. അങ്ങനെ രാഷ്ട്രീയശരീരം ആത്മീയശരീരമയി മാറുന്നു. ദേശത്തെ മുഴുവൻ രക്ഷിക്കുന്ന രക്ഷകബിംബം അതോടെ യുദ്ധങ്ങളില്ലാത്ത നാളുകൾ വരുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നു. യുദ്ധം സർവനാശത്തിനാണ് എന്ന സന്ദേശവും ഓണത്തല്ല് ഉൾക്കൊള്ളുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനുവേണ്ടിയാണ് ഓണത്തല്ല് ആചരിക്കുന്നതെന്ന് പങ്കെടുക്കുന്ന ആവേദകർ ഉറച്ചു വിശ്വസിക്കുന്നു. നാലാം ഐതിഹ്യത്തിൽ നരബലിപോലും ആത്മീയാർഥത്തിൽ സാധൂകരിക്കപ്പെടുന്നു. ലഭ്യമായ ഐതിഹ്യങ്ങളുടെ പ്രതിനിധാനകേന്ദ്രം ശരീരമാകുന്നു. ഭൗതികതയുടേയും ആത്മീയതയുടേയും സമന്വയം ഈ പ്രതിനിധാനത്തെ ബഹുതലങ്ങളിലേക്ക് ഉയർത്തുന്നു.

വേട്ടയ്ക്ക് പോകുന്ന ശരീരം

പല്ലശ്ശേന പുത്തൻ കാവ് ക്ഷേത്ര പരിസരത്താണ് ഓണത്തല്ല് നടത്തുന്നത്. വേട്ടക്കരുമൻ എന്നാൽ വേട്ടക്ക് പോകുന്ന ശിവൻ. വേട്ടക്കു പോകുന്ന ഉഗ്രശരീരിയെ തൊഴുതാണ് തല്ലുകാർ ഊർജം ആർജിക്കുന്നത്. സാമൂതിരി ഒരിക്കൽ സ്വകാര്യമായി പുജിച്ചതാണ് ഇവിടത്തെ വിഗ്രഹമെന്ന് കരുതുന്നു. ചരിത്രപരമായ തെളിവില്ലെങ്കിലും ബാലുശ്ശേരി കോട്ടയിലായിരുന്ന വിഗ്രഹം സാമൂതിരി ഇങ്ങോട്ടേക്ക് എത്തിക്കുകയായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ആരാധനാമൂർത്തി ആന്തരികമായും ബാഹ്യലക്ഷണത്തിലും ദൃഢതയെ ഉൾക്കൊള്ളുന്നു. സാമൂതിരിയുടെ,അധികാരിയുടെ ഊർജപ്രഭവത്തെ തന്നെ നൽകിക്കൊണ്ടാണ് പല്ലശ്ശേനയിൽ സമാധാനം പുലർന്നത്. വേട്ടക്കരുമൻ ക്ഷേത്രത്തിനടുത്തുള്ള ഭഗവതീക്ഷേത്രത്തിൽ തല്ലുകാർ തൊഴാൻ പോകുന്നുണ്ടെങ്കിലും ഉഗ്രശരീരിക്കു തന്നെയാണ് തല്ലുകാർ പ്രാധാന്യം നൽകുന്നത്.

ചടങ്ങുകൾ

ഉടുത്തൊരുങ്ങി കച്ചകെട്ടി

തല്ലു നടക്കുന്ന ദിവസം ഉച്ചക്ക് മൂന്ന് മൂന്നരമണിയോടെ ആളുകൾ തറവാട് ക്ഷേത്രത്തിലോ ദേശക്കാവിലോ ഒത്തുകൂടുന്നു. അവിടെ വച്ചാണ് കച്ചകെട്ടൽ നടത്തുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന ഭടന്റെ രീതിയിലുള്ള വസ്ത്രധാരണമാണ് കച്ചകെട്ടൽ. കച്ച എന്നാൽ വസ്ത്രം. പരസ്പരം സഹായിച്ചുകൊണ്ടാണ് കച്ചകെട്ടൽ നടക്കുക. കച്ച കെട്ടിയ ശേഷം എല്ലാവരും ദേഹം മുഴുവൻ ഭസ്മം അണിയുന്നു. പടച്ചട്ട അണിയുന്ന രീതിയിലാണ് ഭസ്മം പൂശുന്നത്. കൈകളിലും ഭസ്മം കുഴമ്പുരൂപത്തിലാക്കി അണിയുന്നു. കച്ച കെട്ടലും ഭസ്മം അണിയലും പൂർത്തിയായാൽ പ്രദർശിത ശരീരങ്ങളായി അവർ മാറുന്നു. കച്ചകെട്ടിയ തല്ലുകാർ വരിവരിയായി അമ്പലത്തിൽനിന്ന് തൊഴുതിറങ്ങുന്നു. ആദ്യം വളരെ നിശ്ശബ്ദമായും അച്ചടക്കത്തോടെയുമാണ് നടക്കുക. എന്നാൽ തല്ല് നടക്കുന്ന സ്ഥലത്തേക്ക് എത്തുന്തോറും കാലടികൾ വേഗത്തിലാവും. തല്ലുകാർ ദൂയ്..ദൂയ് എന്ന അലറിവിളിയോടെ തല്ലു നടക്കുന്ന ഇടത്തേക്ക് ആക്രോശിച്ചെത്തുന്നു. ദേശത്തിന്റെ രണ്ടോ മൂന്നോ ഇടങ്ങളിൽ നിന്ന് തല്ലുകാർ തല്ലിനായി എത്തുന്നു. പൊന്തി എന്ന അരളികൊണ്ട് നിർമിച്ച രണ്ടര അടി നീളത്തിലുള്ള വടി വലതുകൈയാൽ പൊക്കിപ്പിടിച്ചു നടക്കുന്ന ദേശക്കാരണവരുടെ പിന്നിലായാണ് തല്ലുകാർ എത്തുന്നത്. പൊന്തി ദേശാധികാരത്തിന്റെ ചിഹ്നമാണ്. ശരീരപ്രദർശനത്തിന്റെ വ്യത്യസ്തമായൊരു തലം ഇവിടെ വ്യക്തമാവുന്നു. യുദ്ധത്തിന്റെ കായികത പ്രകടനപരതയിലേക്ക് ദിശമാറുന്നു. അനുഷ്ഠാനാത്മക സംവാഹകത്വം വഴിയാണിതു സാധിക്കുന്നത്.

നിരയോട്ടം

തല്ലുനടക്കുന്ന സ്ഥലത്തെത്തിയാൽ തല്ലുകാർ ദൂയ്..ദൂയ് എന്ന് ആർപ്പുവിളിച്ച് മൈതാനത്തിൽ നിരയായി ഓടുന്നു. ഇതാണ് നിരയോട്ടം.

ഇരിക്കൽ,ആട്ടിത്തിരിക്കൽ

കാരണവരും നടത്തിപ്പുകാരും തല്ലുകാരോട് ഇരിക്കാൻ ആവശ്യപ്പെടുന്നു.തല്ലുകാർ ഇരിക്കുന്നു. സമപ്രായക്കാർ ‘ദൂയ് ദൂയ്’ എന്നു വിളിച്ച് എഴുനേറ്റെത്തുന്നു. പ്രായത്തിനനുസരിച്ച ജോടികൾ തമ്മിലാണ് അടി നടക്കുക. ഒന്നോ രണ്ടോ കാരണവൻമാർ തല്ലുകാരനെ പിടിച്ച് കൊടുക്കുന്നു. നെഞ്ചത്തും മുഖത്തും പിടിച്ച് പ്രത്യേകരീതിയിൽ തല താഴോട്ടാക്കിയാണ് തല്ലിനു തയ്യാറാക്കി നിർത്തുന്നത്. തല്ലു കൊള്ളുന്നയാളുടെ കൈ ഉയർത്തുകയും രണ്ടു കൈയും കാരണവർ ചേർത്ത്പിടിച്ച് നിർത്തുകയും ചെയ്യുന്നു. ഈ ശരീരഭാഷയിൽ നരബലിയുടേയോ വധശിക്ഷയുടേയോ രീതി കണ്ടേത്താം. രാജഭരണകാലത്ത് നിലവിലിരുന്ന നരബലിയുമായി ഓണത്തല്ലിനു ബന്ധമുണ്ടെന്നു പറയുന്നത് ഈ ചടങ്ങിന്റെ അടിസ്ഥാനത്തിലാണ്.

തല്ല്

കാരണവൻമാർ പിടിച്ചുനിർത്തിയ ഒരു തല്ലുകാരന്റെ പുറത്തേക്ക് അടുത്തയാൾ വലത്തേകൈകൊണ്ട് അടിക്കുന്നു. ഉള്ളംകൈ ഉപയോഗിച്ചുള്ള അടിയാണ് നൽകുന്നത്. അടികൊണ്ടയുടൻ രണ്ടുപേരും ദൂയ് ദൂയ് എന്ന് ആക്രോശിക്കുന്നു. (ദൂയ് വിളിയുടെ അർത്ഥമെന്താണെന്ന് ഒരു തല്ലുകാർക്കും കൃത്യമായി അറിയില്ല. യുദ്ധപ്പടയുടെ ശബ്ദമായിരിക്കാമെന്നവർ ഊഹിക്കുന്നു). പടനായകരുടെ യുദ്ധഭാഷയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തല്ലുകൊണ്ടയാൾ അപരനെ മേൽപറഞ്ഞ ചിട്ടകളോടെ തിരികെ അടി കൊടുക്കുകയും ദൂയ് എന്നുവിളിച്ച്  മറ്റുള്ളവരോടൊപ്പം വന്നിരിക്കുകയും ചെയ്യുന്നു. പലരും ശക്തമായ അടിയാണ് നൽകുന്നത്. അടിയുടെ ശബ്ദം തല്ലുകാരുടെ ആരവത്തിനിടയിലും കേൾക്കാം. അടികൊള്ളുന്ന പലരും കണ്ണടച്ചു പിടിച്ചാണ് അടി സഹിക്കുന്നത്. അടികൊടുക്കുന്നവരാകട്ടെ അടിയുടെ ശക്തികൂട്ടാനായി ശരീരം വളച്ചുകൊണ്ടാണ് അടിക്കുന്നത്. പലരുടേയും മുതുകിൽ അഞ്ചുവിരൽ പതിഞ്ഞ പാട് കാണാം. ചിലതിൽ ചോര പൊടിഞ്ഞു നിൽക്കുന്നു.അടികൊണ്ട് ഇരിക്കുന്നവരുടെ മുഖത്ത് തികഞ്ഞ സംതൃപ്തി പ്രകടം. അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ഇതിനു സാക്ഷിയായി നിൽക്കുന്നുണ്ട്. പല്ലശ്ശേനയിലെ ദേശവാസികൾ മാത്രമല്ല ദൂരെനിന്ന് തല്ലുകാണാൻ വരുന്നവരും മാധ്യമപ്രവർത്തകരും ഇതിലുൾപ്പെടുന്നു.

വള്ളി ഇരുത്തം

രണ്ടാം നിരയോട്ടത്തിനുശേഷം തല്ലുകാർ വള്ളിപോലെ നിരയായി ഇരിക്കുന്നു. വള്ളിയിരുത്തമെന്നും കുമ്പളവള്ളി ഇരുത്തമെന്നും ഇത് അറിയുന്നു. പൊന്തിപിടിച്ചവർ മനുഷ്യശരീരവള്ളിയെ വലം വെക്കുന്നു. വെളുത്തമുണ്ടു മാത്രമുടുത്ത് കുന്തിച്ചിരിക്കുകയാണ് എന്നതിനാൽ ശരീരങ്ങൾ വള്ളികോർത്തതായിത്തന്നെയാണ് തോന്നുക. വലംവെക്കുന്ന സംഘം വള്ളിയുടെ അറ്റത്തെത്തുമ്പോൾ ‘കാവൽനായൻമാരേ’ എന്ന് ഉറക്കെ വിളിക്കുന്നു. സാമൂതിരിയുടെ കാലത്തെ നായർപടയെത്തന്നെയാണിത് ഉദ്ദേശിക്കുന്നത്.

വള്ളിചാട്ടം

വള്ളിചാട്ടം യുദ്ധമുറയെ പ്രതീകവൽക്കരിക്കുന്നു. വള്ളിയായി ഇരുന്ന തല്ലുകാർ രണ്ടുപേരായി എഴുനേറ്റ് അരയിലെ തോർത്തഴിച്ച് വാളുപോലെ ചുരുട്ടി മറ്റേയാളെ ആക്രമിക്കുന്നതുപോലെ വീശുന്നു. അടികൊള്ളാതെ അപരൻ ചാടിമാറുന്നു. ഇതാണ് വള്ളിചാട്ടം. പലരും വലിയ ഉയരത്തിൽ ചാടിക്കൊണ്ട് കായികശേഷി പ്രദർശിപ്പിക്കുന്നു. പിന്നീട് തല്ലുകാർ കൈകോർത്ത് ആർപ്പുവിളിച്ച് ഒറ്റവളിയായി ഒരറ്റം മുതൽ മറ്റേഅറ്റംവരെ ഓടുന്നു. രൂപക്കാഴ്ചയിൽ ശരീരികരണത്തിന്റെ ആവിഷ്‌കരണമായി വള്ളി മാറുന്നു.

കൈയടിച്ച് പിരിയൽ

ഒടുവിൽ എല്ലാ തല്ലുകാരും ഒരുമിച്ച്കൂടി കൈയടിച്ച് പിരിയുന്നു. അതിനുശേഷംക്ഷേത്രത്തിനടുത്തുള്ള കുളത്തിലേക്ക് എടുത്തുചാടി കുളിച്ച് ശയനപ്രദക്ഷിണവും നടത്തി തേങ്ങ ഉടച്ച് വീണ്ടും കുളിച്ച് മാത്രമേ തല്ലുകാർ വീടുകളിലേക്ക് മടങ്ങാറുള്ളൂ.

ശരീരത്തിന്റെ പദവിവ്യതിയാനവും പൈതൃകവഴിയും

ഭൗതികശരീരം അഥവാ ജീവൽശരീരം സാമൂഹ്യസന്ദർഭങ്ങളിലിടപെട്ടുകൊണ്ട് അതിന്റെ പദവി പരിഷ്‌കരിക്കാൻ ശ്രമിക്കുന്നു. ഓണത്തല്ലിൽ പങ്കെടുക്കുന്ന തല്ലുകാരന്റെ ജീവൽശരീരം ഭൗതികപദവി ഉപേക്ഷിക്കാൻ തയ്യാറാവുകയാണ്. നാടിന്റെ സുരക്ഷ, സ്വത്വബോധം, ദേശീയത, ബലിദാനം തുടങ്ങിയ പൈതൃകബന്ധങ്ങൾ എളുപ്പത്തിൽ ജീവൽശരീരത്തിനു ആത്മീയശരീരത്തിന്റെ ധനാത്മകപരിവേഷം നൽകുന്നു. സമൂഹത്തിലെ ജാതി ഉൾപ്പെടെയുള്ള അടിസ്ഥാനഘടനയെ ഒരുതരത്തിലും വെല്ലുവിളിക്കാതെയാണ്  ആധുനികസമൂഹത്തിൽ ഈ ആചാരം നിലനിൽക്കുന്നത്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും നിലനിൽക്കുന്ന പൈതൃകഭാവനയുടെ പ്രവർത്തനങ്ങൾ ജീവൽശരീരത്തിന്റെ പദവിമാറ്റത്തിൽ കർതൃത്വമേറ്റെടുക്കുന്നു. എന്നാൽ പദവിമാറ്റത്തിന്റെ സംചാലകമാധ്യമമായിപ്രവർത്തിക്കുന്നത് പ്രകടിതശരീര(പ്രദർശനശരീരം)ങ്ങളാണന്ന് മനസ്സിലാക്കാൻ കഴിയും. കച്ചകെട്ടി പല്ലശ്ശേനയിലെ തല്ലിൽ പങ്കെടുക്കുന്ന, ഭസ്മമണിഞ്ഞ് തിളങ്ങുന്ന, ആക്രോശിക്കുന്ന തല്ലുകാരന്റെ ശരീരം വെറും മാധ്യമമായി മാറുകയും പൈതൃകബന്ധങ്ങളുടെ ജാലികാപ്രവർത്തനത്തിലൂടെ അതീതശരീരത്തിന്റെ അനുഭൂതി ഏറ്റുവാങ്ങുകയുമാണ്.തല്ല് കൊടുക്കുന്നത് വീരത്വമായും തല്ല് ഏറ്റുവാങ്ങുന്നത് ദേശസുരക്ഷക്കുവേണ്ടിയുള്ളതായും അങ്കനപ്പെടുന്ന പൈതൃകഭാവനയുടെ സങ്കൽപനോർജം അന്വേഷിക്കുന്നത്, ഭൗതികവാദ പ്രാതിഭാസിക വിജ്ഞാനീയത്തിന്റെ ഭാഗമായി വളർന്നുതുടങ്ങിയ ശരീരപഠനങ്ങളിന്ന് അതിന്റെ പരിമിതമായ വിശദീകരണയുക്തിയെ മറികടക്കുന്നതിന്റെ സൂചനയാണ്. ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാവനാസ്ഥലികളിൽ നിന്നുകൊണ്ട് ഒട്ടേറെ വ്യാഖ്യാനങ്ങൾക്കുള്ള അവസരം ഇവിടെ തെളിഞ്ഞൂവരുന്നു.

എഴുത്തുപാഠങ്ങളുടെ പരിമിതി

കെ പി പത്മനാഭമേനോൻ, ബിജുഗോപിനാഥ്, കർത്താ പിസി, കാണിപ്പയ്യൂർ എന്നിവർ വിവരിക്കുന്നതിൽനിന്ന് തുലോംഭിന്നമാണ് പല്ലശ്ശേനയിലെ ഓണത്തല്ല്. ഒരുപക്ഷേ മേൽസൂചിപ്പിച്ചവരാരും പല്ലശ്ശേനയിലെ ഓണത്തല്ല് കണ്ടിട്ടില്ലെന്നു കരുതണം. തിരുവിതാംകൂറിലും മധ്യകേരളത്തിലും നിലനിന്ന ഓണത്തല്ലിനെയാണ് ഇവരൊക്കെയും അടിസ്ഥാനമാക്കുന്നത്. അതിന്റെ പ്രാദേശികപാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുമില്ല. പല്ലശ്ശേനയിലേതുപോലെ നാടുവാഴിഭരണകാലത്തിന്റെ അവശിഷ്ടങ്ങൾ പരതിയാൽ ഓണത്തല്ലിനു സമാനമായ ആചാരങ്ങൾ കിട്ടുമായിരിക്കും. അത്തരം പൈതൃകപഠന അന്വേഷണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.

ഉപസംഹാരം

നാടുവാഴിത്തസമൂഹത്തിലെ ആന്തരികസമ്മർദങ്ങളും ആന്തരികവൈരുദ്ധ്യങ്ങളും തന്നെയാണ് പല്ലശ്ശേനയിലെ ഓണത്തല്ലിൽ നിറഞ്ഞുനിൽക്കുന്നത്. ഓണത്തല്ലിനെ ശരീരസംബന്ധിയായി ഇനിയും സൂക്ഷ്മമായി അപഗ്രഥിച്ചാൽ ചരിത്ര-സാമൂഹിക അന്ത:സംഘർഷങ്ങളുടെ രൂപരേഖ കൃത്യമായി നിർണയിക്കാൻ കഴിയും.


ആവേദകർ

ഗോവിന്ദ്(24),കോളേജ് വിദ്യാർത്ഥി,തല്ലുകാരൻ

ചന്ദ്രശേഖരൻ(62),പരിസരവാസി,പല്ലശ്ശേന

നാരായണൻ കുട്ടി(55),സ്വകാര്യസ്ഥാപനത്തിൽ ജോലി,പരിസരവാസി,പല്ലശ്ശേന

മാധവൻ(55) തല്ലുകാരൻ,പല്ലശ്ശേന

രാമൻ(70)നായരേതര സമുദായങ്ങളുടെ തല്ലിൽ പങ്കെടുത്തിരുന്നു,പല്ലശ്ശേന

വാസു(60),പുലയസമുദായം,തല്ലുകാരൻ,പല്ലശ്ശേന

ശ്രീക്കുട്ടൻ(43),പരിസരവാസി,പല്ലശ്ശേന

തെരെഞ്ഞെടുത്ത ഗ്രന്ഥസൂചി

അജിത്കുമാർ എൻ. 2004 കേരളസംസ്‌കാരം, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ.

കർത്താ പിസി 1991 ഓണവിജ്ഞാനകോശം, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ

ഗോപാലകൃഷ്ണൻ, പി.കെ. 1987 (1974) കേരളത്തിന്റെ സാംസ്‌കാരികചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

നാരായണൻ എംജിഎസ്, 2000 കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, ലിപി കോഴിക്കോട്

പത്മനാഭമേനോൻ കെപി 1996 കൊച്ചിരാജ്യചരിത്രം,മാതൃഭൂമി,കോഴിക്കോട്

പത്മനാഭപിള്ള ശ്രീകണ്‌ഠേശ്വരം,1983 ശബ്ദതാരാവലി,നാഷനൽ ബുക്സ്റ്റാൾ,കോട്ടയം

ബിജു, ഗോപിനാഥ് 2006 ‘ദേശപ്പഴമയുടെ നഷ്ടസംസ്‌കൃതി’ ജനപഥം സെപ്. പേ: 27-28.

രാമചന്ദ്രൻ പുതുശ്ശേരി,2007 കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

വാലത്ത് വിവികെ, 1986 കേരളത്തിലെ സ്ഥലചരിത്രങ്ങൾ, , കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ

ശങ്കരൻനമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ 1963 എന്റെ സ്മരണകൾ രണ്ടാംഭാഗം, പഞ്ചാഗംപുസ്തകശാല, കുന്നംകുളം.

Leave a Reply

Your email address will not be published. Required fields are marked *