August 5, 2020

നവമാധ്യമങ്ങൾ മലയാളകവിതയെ നവീകരിച്ചിട്ടുണ്ടോ..?

സംവാദം: രണ്ട്

മോഡറേറ്റർ   : അബ്ദുൾ ഹക്കീം

കവിതയെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കാഴ്ച്ചപ്പടുകളെ എല്ലാം മാറ്റിമറിച്ച സാങ്കേതികവിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോടെ മറ്റു മേഖലകളിൽ എന്നപോലെ കവിതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി.കവിതയുടെ  ആഖ്യാനത്തിൽ, ഘടനയിൽ  സംവേദനത്തിൽ എല്ലാം ഉണ്ടായ മാറ്റങ്ങൾ നാം പലതരത്തിൽ വിലയിരുത്താറുണ്ട്. ഇന്ന് കവിത കൂടുതൽ എഴുതപ്പെടുന്നു. കൂടുതൽ വായിക്കപ്പെടുന്നു. വായിക്കുക എന്ന പ്രാഥമിക തലത്തിനപ്പുറം അതിനെ മറ്റുതലങ്ങളുമായി ബന്ധിപ്പിക്കുക വഴി കവിതയുടെ ആസ്വാദനതലം വർദ്ധിക്കുന്നു.

സൈബർസ്പെയ്സിൽ ഒരു കവിത എത്തുമ്പോൾ അതിന്റെ വിന്യാസക്രമങ്ങളിലെല്ലാം പുതുമകൾ വരുന്നു. പരമ്പരാഗത കവിതാവയനയേയും പഠനരീതികളേയും  ആസ്വാദനരീതിയേയും ഇതു മാറ്റി മറിക്കുന്നു. ഏതുസമയത്തും കവിത കാണാനും വായിക്കാനും കേൾക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിക്കുന്നു. കവിത എന്ന വലിയ ദാർശനിക സമസ്യയെ ആ തലം വിട്ട് പലപ്പോഴും ചെറിയ തത്തിലേക്ക് , ലഘുത്വത്തിലേക്ക് ചുരുക്കി കൊണ്ടുപോകുന്നു എന്ന വിമർശനവും ശ്രദ്ധേയമാണ്.

 തോമസ്
കുട്ടി

90കൾക്ക് ശേഷം  ഗാട്ട്കരറിനു ശേഷം ഇന്ത്യൻ കാലവസ്ഥ മാറുകയും അതിനേക്കാളധികം സാങ്കേതികവിദ്യ അപ്പാടെ മാറുകയും ചെയ്തു.ലോകം മുഴുവൻ പുതിയൊരു നെറ്റ് വർക്കിലേക്ക് വന്നു. ആഗോളവത്കരണം യാഥാർത്ഥ്യമായി. കേരളത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉണ്ടായത്  ISRO യിലെ ശാസ്ത്രജ്ഞർക്കിടയിലായിരുന്നു. റഷ്യയുമായി സഹകരിച്ചായിരുന്നു നമ്മുടേ നിരീക്ഷണപ്രവർത്തനങ്ങൾ നടന്നത്.സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 90കളിൽ പഴയത്പോലെ ചേർന്നുപോവാൻ പറ്റാതെ വരികയും നമ്മുടെ ഗവേഷണപ്രവർത്തങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്തു. ശാസ്ത്രജ്ഞന്മാരുടെ പുതിയൊരു വിങ്ങ് ഉണ്ടാക്കിയാണ് ഇന്ത്യ ഈ പ്രതിസന്ധിയെ തരണം ചെയ്തത്. ഇത്തരം മാറ്റങ്ങൾ എല്ലാമേഖലയിലുമുണ്ടായി. ശാസ്ത്രജ്ഞരുടേതായ പുതിയൊരു വിങ്ങ് ഉണ്ടാക്കിയാണ് ഈ പ്രതിസന്ധിയെ മറികടന്നത്.

ഇതിൽ ഒത്തുചേർന്നു പോയപ്പോഴാണ് നമ്മുടെ കവിതയുടെ ഡിക്ഷനും താല്പര്യവും പെരുമാറ്റങ്ങളും രാഷ്ട്രീയവും അതിന്റെ പ്രയോഗവിധികളും എല്ലാം വ്യത്യസ്തമായത്. കൃത്യമായി ഹൈടെക്ക് ആയിട്ടുള്ള കാലം വരുമ്പോൾ അതുവരെ ഉണ്ടായിരുന്ന എടുത്തുപെരുമാറിയിരുന്ന പദങ്ങളുടെ ഘടനയോ രീതിയോ ആയിരുന്നില്ല പുതിയ വാക്കുകൾ കടന്നുവന്നു. കൂടുതൽ ഇൻഫൊർമേഷനുകളുള്ള ഡിജിറ്റൽ ഫോമുകൾ പ്രയോഗത്തിൽ വരുന്ന കാലഘട്ടത്തിൽ ഭാഷയിലും അത് സാധ്യമായി.പുതിയ തരത്തിലുള്ള ചിഹ്നങ്ങളൊക്കെ പ്രയോഗത്തിൽ വരികയും ചെയ്തു. പുതിയൊരു ചിഹ്നവ്യവസ്ഥ തന്നെ ഭാഷയിൽ നിലവിൽ വന്നു.അടുത്തുതന്നെ കവിത smily കളെ  മാത്രംവെച്ച് എഴുതിക്കൂടെന്നില്ല.

വാക്കുകൾ  ഫണ്ടമെന്റലിസം ആവുകയും പദവും പദത്തിന്റെ അർത്ഥവും തമ്മിലുള്ള ബന്ധം പൊളിഞ്ഞുപോയത് തിരിച്ചറിയുകയും ചെയ്യുമ്പോൾ അതിനേക്കാൾ ഹൈടെക്ക് ആയ ഡിവൈസുകൾ കൊണ്ടുവന്നിട്ട് സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ബോധം പൂർണമായും മാറ്റിമറിച്ചിട്ട് പുതിയൊരു അവസ്ഥയുണ്ടാകുന്നു.പരമ്പരാഗതമായി വസ്തുനിഷ്ഠത/ യാഥാർത്യം/ സത്യം  എന്നിവ പ്രധാനമായും രണ്ടു ഘടകങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത്-  സ്ഥലം, കാലം എന്നിവയെ.എന്നാൽ ഹൈടെക് ആയതോടെ സ്ഥലകാലങ്ങൾ വെല്ലുവിളിക്കപ്പെട്ടു. കാരണം ഇവിടെയിരുന്ന് ഇവിടെയിരിക്കുന്നവരൊടല്ല നിങ്ങൾ സംസാരിക്കുന്നത്, എവിടെയോ ഇരിക്കുന്നവരോടാണ്.സ്ഥലവും കാലവും മാറുന്നു.സ്ഥലവും കാലവും വെല്ലുവിളിക്കപ്പെടുമ്പോൾ വാക്കിന്റെ സംവൃതമായ നിറഞ്ഞ അർത്ഥം എന്നത് ആകപ്പാടെ വ്യവസ്ഥ ഇല്ലാതാകുന്നു.ഇങ്ങനെ ഒരേസമയം വെർച്വെലും അതേസമയം റിയാലുമായിരിക്കുകയും ചെയ്യുന്ന  വാക്കിന്റെ അർത്ഥം എന്നത്  പുതിയ തലമുറ നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ്. ഇവിടെ പുതിയ ഒരു ഭാഷാനടനക്രിയ മാത്രമല്ല, ഭാഷയുടെ, സൂക്ഷ്മതയെ മറ്റൊരു തലത്തിലേക്ക് വെച്ച് പ്രയോഗിക്കേണ്ടതുണ്ട്.

 


പി.രാമൻ

ഒരു അപരിഷ്കൃതനയ ആൾ എന്തു വിചാരിക്കുന്നു എന്ന നിലയിലാണ്  സൈബർലോകത്ത് ജീവിക്കാത്ത എന്റെ അഭിപ്രായങ്ങൾ.

ബ്ലോഗ്, ഫെയ്സ്ബുക്ക്, വാട്ട്സപ്പ് എന്നിങ്ങനെ സാങ്കേതിക വിദ്യകൾ  മാറിവരുന്നു.എന്നാൽ ഇനി ബ്ലോഗിലേക്കു തന്നെ ഒരുപക്ഷെ തിരിച്ചു പോകേണ്ടിവരും എന്നു തോന്നുന്നു. ബ്ലോഗുകൾ സജീവമായിരുന്ന കാലത്തെ ശ്രദ്ധ ഇപ്പോൾ  ഇപ്പോൾ പുതുകവിതയ്ക്ക് കിട്ടുന്നില്ല. ഫെയ്സ്ബുക്കിനു വല്ലാത്തൊരുതരം ചലനാത്മകത ഉണ്ട്. വേഗത കൂടുന്നു. അത് പുതിയ ഭാവുകത്വങ്ങളെ അടയാളപ്പെടുത്താൻ, ദൃഢീകരിക്കാൻ വിസമ്മതിക്കുന്നു.

കവിതകൾ നീണ്ടുപോകുന്നതായിട്ട് നിരീക്ഷിച്ചിട്ടുണ്ട്, കവിതകളേക്കാൾ കഥകൾക്ക് നീണ്ടുപോകുന്ന സ്വഭാവം കാണുന്നു. ഇത് കൃത്രിമമല്ല, വളരെ സ്വാഭാവികമായി സംഭവിക്കുന്ന മാധ്യമത്തിന്റെ പ്രത്യേകതയാണ് ചില  സാമ്പ്രദായികമായ രീതികൾക്ക് എതിരാണെങ്കിലും ഇവയ്ക്ക് ചില ഗുണങ്ങളുണ്ട്.മലയാളം കവിത പൊതുവെ Narration  തിരിച്ചുപിടിക്കുന്ന കാലമാണിത്. നീണ്ടു നീണ്ടു പോവുന്ന ഈ ആഖ്യാന പാരമ്പര്യം -പഴയരീതിയെ തിരിച്ചു പിടിച്ചതാണ്.

 


വിജു നായരങ്ങാടി

നവമാധ്യമങ്ങൾ മലയാളകവിതയെ കൃത്യമായി നവീകരിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ  സവാദത്തിലെ ആധുനികതയ്ക്കും  ആധുനികാനന്തരതയ്ക്കുമിടയിൽ  വിച്ഛേദനം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ ലിങ്ക് ചെയ്യേണ്ടതുണ്ട്. പി.പി. രാമചന്ദ്രന്റെ കവിതയുടെ കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചില്ല എന്നതാണ് ആ സംവാദത്തിന്റെ ഒരു പരിമിതി.ആധുനികതയുടെ വിച്ഛേദത്തിൽ നിന്നാണ് കൃത്യമായി നവീകരണം സംഭവിക്കുന്നത്. ആരൊക്കെ അതിലിടപെട്ടു പ്രവർത്തിക്കുന്നു എന്നു നോക്കുമ്പോൾ ഒരുപാടുപേരുടെ പേരുകൾ വരുന്നു. എം.ആർ.വിഷ്ണു പ്രസാദ്, കുഴൂർ വിത്സൻ,   ഇതിൽ പ്രവർത്തിച്ച് നൂറോ നൂറ്റമ്പതോ പേരുടെ പേരു പറയാൻ സാധിക്കും. ഇവരെല്ലാം നവമാധ്യമത്തിലൂടെ കവിതയിൽ പ്രവർത്തിക്കുകയും കവിതയെ അടയാളാപ്പെട്ഉത്തുകയും  കവിത, ജീവിതത്തിൽ- ഭാഷയിൽ-പ്രമേയത്തിൽ-ആവിഷ്കരത്തിൽ- വളരെ കൃത്യമായി – അതുവരെ മലയാളകവിത കൊണ്ടുനടന്ന അനശ്വരതാബോധത്തെ വെടിഞ്ഞു.എന്തിനു എഴുതുന്നു എന്ന ചോദ്യതന്തിനു കിട്ടുന്ന ഉത്തരം കല്ലിൽ കൊത്തിയപോലെ കാലംകടന്ന് പ്രവർത്തിക്കേണ്ടതുണ്ട് എന്ന അടിസ്ഥാനപരമായബോധത്തെ മറികടന്നു എന്നതാണ്.

രാമൻ നേരത്തെ പറാഞ്ഞപോലെ പുതിയ കവിതകൾ നീണ്ടു പോവുന്നത് എന്തുകൊണ്ടെന്നാൽ, നിലനിൽക്കണമെന്ന് യാതൊരു നിർബന്ധവും അതിനില്ല.ഇതുതന്നെയാണ് അടിസ്ഥാനപരമായി ഈ നവീകരണ പ്രക്രിയയുടെ ബോധം. എന്നാൽ ബ്ലോഗ്, ഫെയ്സ്ബുക്ക് കവിതകൾ പുസ്തകരൂപത്തിൽ അച്ചടിച്ചുവരുമ്പോൾ അത് അനശ്വരതബോധം വീണ്ടും കവികൾക്കുള്ളിൽ പ്രവർത്തിപ്പിക്കുന്നു. അത്, ജീനിന്റെ പ്രശ്നമാണ്.കവി എന്ന നിലയിൽ ഞാനിവിടെ നിലനിൽക്കേണ്ടതാണ് എന്ന ബോധം. അത് എന്നുമുതൽ നമ്മുടെ കവികൾ വെടിയുന്നുവോ അന്ന് മലയാളകവിത അതിന്റെ പൂർണ്ണതയിലെത്തും.

ഭാവുകത്വരൂപീകരണം എന്ന പ്രശ്നം ഇനി മലയാളകവിത നേരിടേണ്ടിവരുമെന്ന് തോന്നുന്നില്ല.സുസ്ഥിരമായ ഒരു ഭാവുകത്വം മലയാളകവിതയിൽ നിന്ന് പ്രതീക്ഷിക്കേണ്ട.അങ്ങനെ സംഭവിക്കണമെങ്കിൽ ഈ പറയുന്ന പുതിയ മാധ്യമങ്ങളെല്ലാം  ഒരൊറ്റനിമിഷം കൊണ്ട് കടലെടുത്ത് പോവേണ്ടിവരും.

 


കെ.എം. പ്രമോദ്

നവമാധ്യമങ്ങളെ സംബന്ധിച്ച് വായനക്കാരുടെ ഇടപെടലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവിടെ വായനക്കരന് നേരിട്ടു ഇടപെടാൻ സാധിക്കുന്നു.കത്തെഴുതുന്നതിനേക്കൾ അച്ചടി മാധ്യമങ്ങളേക്കാൾ വായനക്കാരന് ഇടപെടാനുള്ള സ്പെയ്സ് ഇവിടെയുണ്ട്. കവിത എഴുതാൻ ആഗ്രഹമുള്ള ആർക്കും കവിയാകാനുള്ള ജനാധിപത്യം നവമാധ്യമങ്ങൾ നൽകുന്നുണ്ട്.

ഭാഷയെ കുറിച്ചു ചിന്തിക്കുന്ന ഒരാളാണ് കവിയായി മാറുക. ഇന്ന് പ്രവാസികൾ കൂടുതൽ കവിത എഴുതാനുള്ള കാര്യവും ഇതു തന്നെയാണ്. അയാൾ പിരിഞ്ഞിരിക്കുന്നത് കുടുംബത്തെ, നാട്ടുകാരെ- കൂട്ടുകാരെ മാത്രമല്ല, ഭാഷയെ കൂടിയാണ്. അയാൾ അവിടെയിരുന്ന് നിരന്തരം ഭാഷയെ കുറിച്ചുകൂടിയാണ് ഓർമ്മിക്കുന്നത്. ഭാഷയെ കുറിച്ച് ഓർമ്മിക്കുന്ന ഒരാൾക്ക് കവിയാകാതിരിക്കാനാവില്ല. കൂടുതൽ ചിന്തിക്കുന്നവർ കുറച്ചെഴുതുന്നു. അങ്ങനെയാണത് കവിതയാകുന്നത്. പി.എൻ.ഗോപീകൃഷ്ണന്റെ ‘മടിയരുടെ മാനിഫെസ്റ്റോ’യുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു:  “മടിയിൽ നിന്നും വിരിയിച്ചെടുത്താണീ കവിതകൾ”  മടി എന്നൽ ചിന്തയും  ആലോചനയും എല്ലാം ആണ്.

ഒരു കവിയെ കുറിച്ച് ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് മറ്റൊരു കവിയായിരിക്കും. കവിത വായിച്ച്  വായിച്ച് കവികളായവർ അല്ലെങ്കിൽ കമന്റുകൾ കുറിച്ച് കുറിച്ച് ഇതിനേക്കാൾ നല്ല കവിതകൾ എഴുതാൻ തനിക്കും കഴിയുമല്ലൊ എന്നറിഞ്ഞ് കവികളായവർ. അവർക്കാണ് കവികളെ കൂടുതൽ അടുത്തറിയാൻ കഴിയുക. ഇങ്ങനെ ഇഷ്ടം പോലെ കമന്റുകൾ എഴുതാനും കവിത എഴുതാനും ചർച്ചകൾ തുറാക്കാനും പുതിയ മാധ്യമങ്ങൾ വലിയ അവസരം തന്നെ തരുന്നു.ഇങ്ങനെ  നവമാധ്യമങ്ങൾ പുതു കവിതയെ വലിയ തോതിൽ നവീകരിച്ചിട്ടുണ്ട്

 


 

ശൈലൻ

കവിതയ്ക്ക് മാത്രമാണ് ഒരു കാർണിവൽ സാധ്യമാകുന്നത്. ഏതുകാലത്തും കവിതയ്ക്ക് നിലനിൽക്കാൻ സാധിക്കുന്നു.നവമാധ്യമങ്ങൾ കവിതയെ പുതുക്കുന്നു. ബ്ലോഗുകൾ കവിതയുടെ കുലീനതയെ നിലനിർത്തി. എന്നാൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വന്നതോടെ ബ്ലോഗുകളുടെ കുലീനത നഷ്ടപ്പെട്ടു എന്നത് കവികളുടെ ഒരു വേവലാതിയാണ്.കവിത എഴുതാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളല്ല ഞാൻ, എന്നാൽ കവിതയെ മാർക്കറ്റ് ചെയ്യാൻ നവമാധ്യമങ്ങളെ ഉപയോഗിക്കാറുണ്ട്.

മുമ്പ് എഴുതിയിരുന്ന കവികളെ, നവമാധ്യമങ്ങൾ എഴുതുന്നതിനുമുമ്പ് രണ്ടുവട്ടം ചിന്തിപ്പിക്കുന്നുണ്ട്. അവരുടെ കവിതയെ നവീകരിക്കാൻ ഈ മാധ്യമങ്ങൾക്ക് കഴിയുന്നു. വായനക്കാരനുണ്ട് എന്നതിനുള്ള തെളിവ് മാധ്യമങ്ങൾ നൽകുന്നു. അതുകവിതയെ നവീകരിക്കാൻ കാരണമാകുന്നു. അച്ചടി മാധ്യമങ്ങൾ ഇത്തരമൊരു നവീകരണ സാധ്യത തുറന്നു തന്നിരുന്നില്ല. ഇന്നു ഫെയ്സ്ബുക്കിലും മറ്റും ഒരു കവിത പോസ്റ്റ് ചെയ്താൽ അതിനു കൃത്യമായ പ്രതികരണം ലഭിക്കുന്നുണ്ട്. അതിനാൽ നവമാധ്യമങ്ങൾ കവിതയ്ക്ക് ഗുണകരമാണ്, ഒരു പരിധിവരെ കവിതയെ നവീകരിക്കുന്നുണ്ട്.

  


വി.അബ്ദുൽ ലത്തീഫ്

നവമാധ്യമങ്ങളിലൂടെ കവിത വളരുകയും കവിതയ്ക്ക് വല്ലാത്തൊരു സാധാരണത്വം സഭവിച്ചു. ഈ സാധാരണത്വത്തെ മറികടക്കുവാൻ കവികൾ നടത്തിയിട്ടുള്ള ശ്രമങ്ങൾ തന്നെയാണ് ഏതുരീതിയിൽ നവമാധ്യമങ്ങൾ കവിതയെ സ്വാധീനിച്ചു എന്ന അന്വേഷണത്തിൽ ചെന്നുനിൽക്കുന്നത്. ബ്ലോഗിലും ഫെയ്സ്ബുക്കിലുമായി മലയാള കവിത വളരെ സജീവമാകാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് 10 വർഷമേ അയിട്ടുള്ളു. ഈ പത്തുവർഷത്തിനിപ്പുറം കവിതയെ സോഷ്യൽ മീഡിയ എങ്ങനെ സ്വാധീനിച്ചു എന്നല്ല പരിശോധിക്കേൺറ്റത്. അതിനൊക്കെ കുറച്ചപ്പുറം എന്തു സ്വാധീനമാണ് മാധ്യമങ്ങൾ ചെലുത്തിയത് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്.

കവിത എല്ലാവർക്കും എഴുതാം എന്ന സാധാരണത്വം കവിതയ്ക്കുള്ളിൽ സൗന്ദര്യാത്മകമായ ഒരു പ്രതിസന്ധി ഉണ്ടാക്കിവെച്ചിട്ടുണ്ട്.ആർക്കും കവിത എഴുതാം എന്ന് നിലപാട് വന്ന സമയത്ത്, എന്താണ് യഥാർത്ഥ കവിത?, ആരാണ് കവി? എന്നീ ചോദ്യങ്ങൾ ഉദിച്ചുവന്നു. എല്ലാ മനുഷ്യർക്കും ചില കാലത്ത് കവികളാകാൻ കഴിയും. പ്രണയമോ വിപ്ലവമോ ഒക്കെ ഏതു മനുഷ്യനേയും കവികളാക്കും. അത് കൂടാതെ കവികുലം എന്ന ഒന്നു തന്നെയുണ്ട്. അത് ആദികവിയിൽ നിന്നു പുറപ്പെട്ട് ഇങ്ങേതലം വരെ എത്തിനിൽക്കുന്നു.ഈ കവികുലത്തിന്റെ സവിശേഷത അവരുടെ ജീവിതം, അവരുടെ ശ്വാസം, രാഷ്ട്രീയ പ്രവർത്തനം , സൗന്ദര്യാസ്വാദനംഎല്ലാം തന്നെ കവിത എന്ന മാധ്യമത്തിലൂടെ നിറവേറ്റുന്നവരായിരുന്നു.അത്തരം ആളുകളെ സംബന്ധിച്ച് ഈ നവമാധ്യമങ്ങളിലൂടെയുള്ള ഒഴുക്ക്, കവിതയിൽ സൗന്ദര്യാത്മക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.         ഇത് രണ്ടു തരത്തിലാണ് കാണാൻ കഴിയുന്നത്.   അതിലൊന്ന് ആധുനികമായ നഗര പ്രതിസന്ധികളുടെ സൗന്ദര്യാത്മകമായ പ്രശ്നമാണ്. ഒരുപാട് കാഴ്ചകളും നിറങ്ങളും ബഹളങ്ങളും നിറഞ്ഞ ഒരു ലോകത്ത് എങ്ങനെയാണ് വാക്കുകൾ കൊണ്ട് ചലനങ്ങളും നിറങ്ങളും സൃഷ്ടിക്കുക എന്ന് ഒരു പ്രതിസന്ധി പുതിയ കാലത്ത് കവിത എഴുതുന്ന എല്ലവരും നേരിടുന്നുണ്ട്.

മറ്റൊന്ന് സാങ്കേതികമായ പ്രതിസന്ധിയാണ്. പുതിയകാലത്ത് കവിത എന്നത് സാങ്കേതികം  കൂടിയാണ്. സാങ്കേതികത എന്നതിൽ കവിതയിൽ നിന്നും കണ്ടെടുക്കാവുന്ന മൾട്ടീമീഡിയയുടെ ഒരുതലമാണ്.ഏത് അക്ഷരം സ്വീകരിക്കണം, ഏതു നിറം സ്വീകരിക്കണം, എന്റെ കവിതയുടെ കൂടെ ഏതു ചിത്രം / ചലചിത്രം സന്നിവേശിപ്പിക്കണം, ഇതിലേക്ക് എന്തു ഹൈപ്പർലിങ്ക് കൊണ്ടുവരണം എന്നൊക്കെയുള്ളഈ കാലത്ത് – ഈ ഹൈപ്പർലിങ്കു് കവിതകളുടേയും പുതിയ പദ സന്നിവേശത്തിന്റെ അച്ചുനിരത്തലിന്റെയും -കാലത്ത് – ചലചിത്രങ്ങളുടേയും ശബ്ദങ്ങളുടേയും ബഹളത്തിനകത്ത് കവിത എഴുതുന്നവർ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്.ഇതിനെ മറികടക്കാൻ മലയാളത്തിലെ കവികൾ ശ്രമിക്കുന്നുണ്ട്.രക്തത്തിൽ തന്നെ കവിതയുള്ള ആളുകൾ ഈ പ്രതിസന്ധിയെ സൗന്ദര്യാത്മകമായി മറികടക്കുന്നത് കാണാം. കുഴൂർ വിത്സന്റേയും പി.രാമന്റെ ചില കവിതകളിൽ ഇതു കാണാൻ കഴിയുന്നു.

പുതുകവികൾ നേരിടുന്ന ഇത്ത്രം സൗന്ദര്യാത്മകമായ പ്രതിസന്ധിയെ കുറിച്ചുള്ള അന്വേഷണത്തിന് വലിയ സാധ്യത നിലനിൽക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *