August 5, 2020

അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..?

സംവാദം  3

അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..?

മോഡറേറ്റർ: സജയ്  കെ.വി

പ്രവാസം എന്നതിന്റെ ഏറ്റവും ലലിതമായ അർത്ഥം, ഒരാൾ തന്റെ ദേശം വിട്ടുപോകുകയെന്നതാണ്. ഒരാൾ തന്റെ സ്വന്തം ദേശം വിട്ടുപോയി മറ്റൊരു ദേശത്തു നിന്നുകൊണ്ട് ദൂരദർശനത്താൽ കൂടുതൽ ബ്രഹാദാകാരമായി മാറിയ സ്വന്തം ദേശത്തെ നോക്കികാണലും എഴുതലുമാണ് പ്രവാസാവിഷ്കാരം.മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാൽ ദേശപലമയുടെ അനുഭവം-പലദേശങ്ങളുടെ അനുഭവം -അന്യദേശത്തിൽ നിന്നുള്ള അനുഭവം മലയാള കവിതയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ കവി കുമാരനാശാനാണ്. നല്ല ഹൈമവത ഭൂമി തൊട്ട് ഏകാന്ത വിജനമായ മരുഭൂമിയുടെ അനുഭവം വരെ ആശാൻ മലയാള കവിതയിലേക്ക് കൊണ്ടുവന്നു. പ്രാവാസ ജീവിതാനുഭവം എന്നു പറയാനാവില്ലെങ്കിലും മലയാളത്തിലെ ആദ്യത്തെ പ്രവാസിയായ കവി കുമാരനാശാനായിരുന്നു എന്നുതന്നെ പറയാം. ‘പ്രവാസജീവിതകാലത്തെ നാട്ടിലെ ഓർമ്മകൾ’ എന്ന പേരിൽ കുമാരനാശാൻ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്. കഠിന സംസ്കൃത പദനിബിഡമായ ഭാഷയിൽ സംസ്കൃതവൃത്തത്തിൽ എഴുതപ്പെട്ട നാലോ അഞ്ചോ ശ്ലോകങ്ങൾ കൊണ്ട് തീർത്ത ഒന്നാണ് ആ കവിത. ആശാൻ ബംഗാളിലും മറ്റും വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രവാസജീവിതം നയിച്ചിരുന്നു.അക്കാലത്ത് എഴുതപ്പെട്ടതാണ് ആ കവിത. ആ തലകെട്ട് തന്നെ സ്വയം വിശാദീകരിക്കുന്നുണ്ട്. സുഹൃത്തിനെഴുതിയ കത്തിന്റെ രൂപത്തിലുള്ള ഈ കവിതയിൽ വീടിന്റെ തെക്കേപുറത്തുനിന്നിരുന്ന ഏഴിലംപാലപൂത്തുവോ ? തേക്കേവയൽ വിളഞ്ഞുവോ? തുടങ്ങി ഏറ്റവും സൂക്ഷ്മവും എറ്റവും അടുത്തുനിന്നാൽ കാണപ്പെടുന്നവയെ ആണ് ഈ കവിതയിലൂടെ ആശാൻ കാണിച്ചുതരുന്നത്. പ്രവസിയുടെ ലോകത്തുനിന്നുകൊണ്ട് എങ്ങനെയാണ് ലോകത്തെ നോക്കിക്കാണുന്നത്, അപ്പോൾ അകലം എങ്ങനെയാണ് അടുപ്പമായി മാറുന്നത്, താൻ വിട്ടുപിരിഞ്ഞ നാടിനും നാടിന്റെ ഓർമ്മകൾക്കും എങ്ങനെയാണ് അപാരമായ വ്യക്തതയും സൗന്ദര്യവും കൈവരുന്നത് എന്ന് മലയാളിയെ അനുഭവിപ്പിച്ച ആദ്യത്തെ കവിതയാണ് ‘പ്രവാസജീവിതകാലത്തെ നാട്ടിലെ ഓർമ്മകൾ’.

പിന്നീട്,  ‘ഗൾഫ് സ്റ്റേറ്റുകളോട്’-ഉം ‘കേരളത്തിലെ യഹൂദർ ഇസ്രായേലിലേക്ക്’-ഉം  എഴുതിയ സർവ്വോപരി ‘ആസ്സാം പണിക്കാർ’ എന്ന പ്രവാസിയുടെ ആത്മഗാനം എഴുതിയ വൈലോപ്പിള്ളിയാണ് മലയാളകവിതയിൽ ഈ പ്രമേയത്തെ സ്പഷ്ടമായി ആവിഷ്കരിച്ചത്.എന്താണ് ഗൾഫിലെ പ്രവാസം എന്നതിന്റെ പൂർണ നിർവചനമാണ് ‘ഗൾഫ് സ്റ്റേറ്റുകളോട്’ എന്ന കവിത. ഗൾഫിലെ ഒരു പ്രവാസിയുടെ ജീവിതം കേരളീയജീവിതത്തിനെങ്ങനെ ഉപകരിക്കുന്നു, ആ പ്രവാസിയെ കേരളീയർ വലിയ അവഗണന കൊണ്ട് എങ്ങനെ സത്കരിക്കുന്നു എന്നൊക്കെ പറഞ്ഞുതരുന്ന ഒരു കവിതയാണത്.ഗൾഫ് കുടിയേറ്റം എന്നത് മലയാളിയുടെ ശീലമോ സ്വഭാവമോ     ആയി മാറുന്നതിനു മുമ്പ് എഴുതിയ ഒരു കവിതയുടെ തലകെട്ടാണിത്. അതുപോലെ ‘കേരളത്തിലെ യഹൂദർ ഇസ്രായേലിലേക്ക് ’  എന്ന കവിത  ഇസ്രായേലിലേക്ക് മടങ്ങുന്ന യഹൂദർക്ക് ആശംസകളർപ്പിക്കുന്ന രചനയാണ്.എല്ലാ മനുഷ്യരും ഒരിക്കൽ അവരുടെ സ്വദേശത്തേക്ക് തിരിച്ചെത്തണമെന്നും ആ സ്വദേശം എന്നു പറായുന്നത് ഒരു പൊതുദേശമാണെന്നും  മനുഷ്യന്റെ മാതൃഭൂമി എന്നത് ഒന്നണെന്നുമൊക്കെയുള്ള മാനവികതയുടെ വലിയൊരു ദർശനത്തെ ആവിഷ്കരിക്കുന്ന കവിതയാണിത്..ഇതെല്ലാമാണ് മലയാളത്തിലെ പ്രവാസാനുഭവ ആവിഷ്കാരങ്ങളുടെ ഒരു പശ്ചാത്തലം.

പിന്നീട് കക്കാടിനെ പോലുള്ള കവികൾ കോഴിക്കോട് വന്നുനിന്ന് പ്രവാസിയുടെ ദുഃഖം അനുഭവിക്കുന്നതിന്റെ ആവിഷ്കാരങ്ങൾ നമുക്കറിയാം. കക്കാട് കോഴിക്കോട് എത്തിയപ്പോൾ അദ്ദേഹത്തിനു വലിയ പ്രവാസാനുഭവമുണ്ടായതായി അദ്ദേഹത്തിന്റെ കവിതകൾ പറയുന്നു.നമുക്ക് വേണമെങ്കിൽ ഇത് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം. 80കളിലാണ് ഗൾഫ് പ്രവാസം മലയാളത്തിന്റെ ഭാഗമായി വരുന്നത്. അതിനുശേഷം, 90കളിൽ എഴുതപ്പെട്ട കവിതകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.അക്കൂട്ടത്തിൽ നിരഞ്ജന്റെ കവിതകളുണ്ട്. സഞ്ചാര സാഹിത്യകാരനായ വി. മുസഫർ അഹമ്മദിന്റെ കവിതകളുണ്ട്.കുഴൂർ വിത്സന്റെ കവിതകളിലെല്ലാം പ്രവാസം അതിന്റെ വിഭിന്ന ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “തടാകത്തിൽ കാണുന്ന ഈന്തപ്പന നിഴല്പോലെ ഈ കവിതകൾ’’ എന്നാണ് കുഴൂർ വിത്സന്റെ സമാഹാരത്തിന് മേതിൽ അവതാരിക എഴുതിയത്.പ്രവാസാനുഭവത്തെ കവിതയിലേക്ക് സംക്രമിപ്പിക്കാൻ ശ്രമിച്ച ഒറോ കവി സുഹൃത്തും അവരുടെ ആവിഷ്കാരത്തെ പറ്റി, അനുഭൂതിയെ പറ്റി, വൈഷമ്യതകളെ പറ്റി സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ദേശത്തിനു പുറാത്തുനിന്ന് ദേശത്തെ കാണുമ്പോൾ, മലയാളത്തിനു പുറാത്തുള്ള ഭാഷാസാഹചര്യത്തിൽ ജീവിച്ചുകൊണ്ട് മലയാളത്തിൽ കവിതകളെഴുതുമ്പോഴുള്ള അനുഭവമെന്താണ് എന്ന്പരിശോധിക്കുകയാണിവിടെ. കുറച്ചുകൂടി ശക്തമായി മലയാള ചെറുകഥയിലും നോവലിലും ഇതുകാണാം.കവിതയിൽ അത്ര തീവ്രമായിട്ടല്ലെങ്കിലും അത്തരം ആവിഷ്കാരങ്ങൾ മലയാള കവിതയിൽ ഉണ്ടെന്നത യഥാർത്ഥ്യമാണ്.

ദേശം എന്നത് പുതിയ കവിതയുടെ വലിയ സവിശേഷതയാണ്.അടുത്തുള്ള ഒന്നിനെ കാണുക, അടുത്തുള്ളതിനെ ആവിഷ്കരിക്കുക, അടുത്തുള്ളതിനെ കാവ്യ വസ്തുവാക്കുക എന്നത് മലയാള കവിതയുടെ ഒരു സവിശേഷതയായിരിക്കെ തന്നെ ഈ പ്രവാസ ജീവിതാനുഭവവും പുറത്തുനിന്നും ദേശത്തെ കാണുക, അകലെ നിന്നും അടുത്തുള്ളതിനെ കാണുക, അടുത്തായിരുന്നതിനെ കാണുക, ദേശത്തെ കാണുക, സ്വദേശത്തെ കാണുക എന്നതും പ്രധാനമായി മലയാള കവിതയിൽ വരുന്നുണ്ട്.

  

കുഴൂർ വിത്സൻ

കഴിഞ്ഞകുറേകാലമായി മലയാള സാഹിത്യവുമായി പരിചയിച്ചും പിണങ്ങിയും സ്നേഹിച്ചും ഒറ്റപ്പെട്ടും ഞാൻ കൊണ്ടുനടന്ന പ്രാവസാനുഭവം എന്ന എന്റെ സ്വകാര്യത്തിന്, ബെന്യാമിന്റെ ആടുജീവിതം, അത് അനുഭവിച്ച നജീബിനു നൽകി പ്രകാശനം ചെയ്തപ്പോൾ  ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്.

ഇരുപത്തിഅയഞ്ചുവർഷം മുമ്പ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് ആറ്റൂർ പറഞ്ഞു:  “സ്നേഹത്തിനും കരുതലിനും മണിയോർഡറിനുമൊപ്പം മലയാള കവിതയും കേരളത്തിലേക്ക് കയറ്റി അയക്കപ്പെടുന്ന കാലം വരും”

മലയാളത്തിന് പലരീതിയിലും ഭാവത്തിലും ഊർജ്ജം നൽകിയ, പ്രത്യേകിച്ച് കവിതയ്ക്ക് അതിന്റെ ആർജ്ജവം പ്രകടിപ്പിക്കാൻ കഴിഞ്ഞ സംവാദങ്ങളിൽ ആറ്റൂർ പറഞ്ഞ വർത്തമാനമുണ്ടായിരുന്നു.

2000- ന്റെ തുടക്കത്തിൽ മലയാളം നഷ്ടപ്പെട്ടു, മരിച്ചു എന്നൊക്കെ അധ്യാപകരും മറ്റും പേടിച്ചിരിക്കുന്ന സമയത്താണ് പുതിയ മാധ്യമങ്ങളിലൂടെ മലയാളം വീണ്ടും സജീവമാകുന്നത്. അതിനു ശേഷമാണ് പി.പി. രാമചന്ദ്രനും പി രമനും വീരാൻകുട്ടിയും , എസ്.ജോസഫും  അൻവർ അലിയും എല്ലാം കവിതയിൽ പുതിയ ആവിഷ്കാരങ്ങൾ സാധ്യമാക്കുന്നത്. ഇതുവരെ പറഞ്ഞതല്ല ഞങ്ങൾക്ക് പറയാനുള്ളത്, വേറൊരു ഭാഷയിൽ, വേറൊരു മലയാളത്തിൽ ഞങ്ങൾക്ക് ചിലതു പറയാനുണ്ട് എന്നു ഈ കവികൾ പഠിപ്പിച്ച ഒരു ഭാഷയിൽ കേരളത്തിൽ രണ്ടുകാലിൽ ഊന്നിനിന്നുകൊണ്ട് മാത്രമല്ല പറയാൻ കഴിയുന്നതെന്ന് ഞങ്ങൾ പ്രവാസികൾ വിശ്വസിച്ചു.

ബന്യാമിന്റെ ആടുജീവിതം ഒരു മഹത്തായ സഹിത്യകൃതി അല്ലെന്നും സാഹിത്യഭാല്യിൽ ഇതിനു വലിയ പ്രാധാന്യമില്ലെന്നു പറാഞ്ഞു കൊണ്ടു തന്നെ ആ കൃതിയെ വായിച്ചവരാണ് നാം. സാഹിത്യ ഭാഷയല്ല പ്രധാനം എന്ന് ഒരു നോവെലെങ്കിലും  രമണനു ശേഷം തെളിയിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത്ത്.  കേരളത്തെ കഴിഞ്ഞ 35 വർഷത്തിലധികമായി തീറ്റിപോറ്റിയ മോടി- ആഡംഭരം അണിയിച്ച ഒരു വലിയ സമൂഹത്തിന്റെ  ഏറ്റവും ചെറിയ കവിതയായി ആടുജീവിതത്തെ കാണാം. അതിനേക്കാൾ പതിന്മടങ്ങു് കവിതകൾ- പതിന്മടങ്ങ് ജീവിതങ്ങൾ- അവിടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

 

വി.മുസഫർ അഹമ്മദ്

പ്രവാസികളായി ഗൾഫിലേക്കുപോയ മലയാളികളെ സംബന്ധിച്ചടത്തോളം എഴുത്തുമായി ബന്ധപ്പെട്ട പ്രധാന ശബ്ദംടുത്തിടെ ാന്തരിച്ച ബാബു ഭരദ്വാജിന്റേതായിരുന്നു. അദ്ദേഹത്തിന്റെ ‘പ്രവാസിയുടെ കുറിപ്പുകൾ’  വരുന്നതുവരെ വെറും കോമാളിയായി മാത്രമായി ചിത്രീകരിക്കപ്പെട്ടവരായിരുന്നു  പ്രവാസികൾ. എല്ലാ മനുഷ്യരെയും പോലെ, ഒരു പക്ഷെ എല്ലാ മനുഷ്യരേക്കാളും മജ്ജയും മാംസവുമുള്ളവരാണ് പ്രവാസികൾ എന്ന് മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരനാണ് ബാബു ഭരദ്വാജ്. പ്രവാസികളെന്നു കരുതുന്നവരെ കൂടി തങ്ങളെന്താണെന്ന് മനസ്സിലാക്കികൊടുത്ത കൃതിയാണത്.

മലയാളകവിതയിൽ പ്രവാസാനുഭവം ഉണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് ഇവിടെ തർക്കം നിലനിൽക്കുന്നുണ്ട്.അതുകൊണ്ടാണ് പ്രവസികളായ മലയാളികൾക്കിടയിൽ നിന്ന് ‘അവസാനത്തെ ആകാശത്തിനുമപ്പുറാത്തേക്ക് ഈ പറവകൾ എങ്ങോട്ടാണ് പറന്നുപോകുന്നത്’എന്നു പറയുന്ന മമത റിഷിനെപോലെയുള്ള എഴുത്തുകാരെ നമുക്ക് കാണാൻ കഴിയാത്തത്.നമ്മെ സംബന്ധിച്ചടത്തോളം പൊളിറ്റിക്കൽ എക്സ്ചെയ്ഞ്ച് എന്നുപറയുന്നത് ജോലി തേടി എംപ്ലോയ്മെന്റ് വിസയ്ക്ക് ഗൾഫിൽ പോകുന്ന മലയാളിയുടെ മറുനാടൻ ജീവിതത്തെയാണ്. അങ്ങനെയിരിക്കെ തന്നെ നമ്മുടെ നാട്ടിൽ നിന്നും  ജോലി തേടിപ്പോയ, നമ്മുടെ കാവ്യചരിത്രത്തിനും പ്രവാസ സാഹിത്യചരിത്രത്തിനും അപരിചിതരായ രണ്ടുപേരുടെ കവിതകളെ ഉദാഹരണമായെടുത്ത് പ്രവാസാനുഭവം വിശകലനം ചെയ്യാവുന്നതാണ്.

അതിലൊന്ന്  ജോർജ്ജ് പീറ്റർ എന്നു പറയുന്ന ഒരു കവിയാണ്. പ്രവാസ സാഹിത്യം എന്നു നമ്മൾ വിളിക്കുന്ന സാഹിത്യവും നാട്ടിലെ സാഹിത്യമെഴുത്തുപോലെ തന്നെയാണ്.ഒരു മധ്യവർത്തി ജീവിതം നയിക്കുന്നവരാണ് സാഹിത്യകാരന്മാരായി വന്നിട്ടുള്ളത്. അപൂർവ്വം ചിലരെ താഴെക്കിടയിൽ നിന്നും സാഹിത്യകാരന്മാരായി വന്നിട്ടുള്ളു. എന്നാൽ ജോർജ്ജ് പീറ്റർ ഒരു അറബിവീട്ടിലെ വേലക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിതയാണ് അച്ചടിച്ചു വന്നിട്ടുള്ളത്. അവധിയ്ക്കു നാട്ടിൽ പോകുന്ന ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് എന്താണ് വാങ്ങേണ്ടത് എന്നതിനെ കുറിച്ച് നടത്തുന്ന സംഭാഷണരൂപത്തിലാണ് ഈ കവിത രചിച്ചിട്ടുള്ളത്.  എന്താ വങ്ങേണ്ടത് എന്നു ചോദിക്കുമ്പോൾ തീർച്ചയായും വങ്ങേണ്ടത് ‘നത്തോലിക്കണ്ണുള്ള ക്യാമറ’യാണ് എന്നു പറയുന്നുണ്ട്. CCTV ക്യാമറ എന്നു പറയുന്നതിനു പകരമാണ് ജോർജ്ജ് പീറ്റർ നത്തോലിക്കണ്ണുള്ള ക്യാമറ എന്നു പറയുന്നത്. പുറംനാടുകളിൽ മലയാളി ജീവിക്കുമ്പോഴും    പരസ്യമാകാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം എന്തുമാത്രം രഹസ്യാത്മകമാണെന്ന് വീട്ടിലെ രഹസ്യങ്ങളിലേക്കു നോക്കുന്ന  നത്തോലികണ്ണുള്ള ക്യാമറ ആടയാളാപ്പെടുത്തുന്നു.

ഇതാണ് പ്രവാസി മലയാളിയുടെ ജീവിതം. അത്തരം അനുഭവത്തെ കുറിച്ച് ഇന്നെഴുതുമ്പോൾ വളരെ സ്പഷ്ടമായിപ്പോകുന്നു എന്ന് പറയാറുണ്ട്.അതായത് കുഴൂർ വിത്സനൊക്കെ എഴുതുന്ന, വിവർത്തനം ചെയ്തപ്പോൾ തെങ്ങായിരുന്നത് ഈന്തപ്പനയായി മാറി എന്നിങ്ങനെ തികച്ചും സ്പഷ്ടമായ കവിതകൾ ധാരാളം ഉണ്ടാകുന്നുണ്ട്.ഇന്റെർനെറ്റിന്റെ പ്രാധാന്യം ഇക്കാര്യത്തിൽ എടുത്തുപറയേണ്ടതുണ്ട്. അറബ് നാട്ടിൽ വീട്ടുവേലക്കാരനായി ജീവിക്കുന്ന മലയാളിക്ക് സ്വകര്യത ഉണ്ടാവില്ല,. അതാണ് ജോർജ്ജ് പീറ്റർ ഈ കവിതയിലൂടെ പറയുന്നത്.2002ലോ 2003ലോ എഴുതപ്പെട്ട ഈ കവിതയിലെ വീട്ടുജോലി ചെയ്യുന്ന രണ്ടുപേരുടെ സംഭാഷണത്തിലൂടെ പുറാത്തേക്ക് വരുന്ന ലോകമാണ്  മലയാളിയുടെ യഥാർത്ഥ പ്രവാസാനുഭവം എന്നെനിയ്ക്ക് തോന്നുന്നു.നമ്മൾ പലപ്പോഴായി പറഞ്ഞുകൊണ്ടിരിക്കുന്ന, ഇപ്പോഴും പറാഞ്ഞുകൊണ്ടിരിക്കുന്ന ചിലകാര്യങ്ങളല്ലാതെ നമുക്കൊരിക്കലും പറായാൻ കഴിയാത്ത, ഒരിക്കലും ആരോടും പങ്കുവെക്കാൻ കഴിയാത്ത  കുറേകാര്യങ്ങൾ പങ്കുവെക്കുകയും  ആപങ്കുവെക്കലിന്റെ അവസാനത്തിൽ  ആ പങ്കുവെക്കലിനെ പൂർണമയും നിരീക്ഷിച്ചുകൊണ്ട് ഒരു നെത്തോലിക്കണ്ണുള്ള ക്യാമറ വേണം എന്നുപറയുന്ന ജോർജ്ജ് പീറ്ററിന്റെ കവിത ഇന്നത്തെ കവിതയെ പോലും നിർവചിക്കുന്നുണ്ട്.

ഏറ്റവും പുതിയ കവിതയെ കുറിച്ചു പറയുന്ന പ്രധാന പരാതി അതൊന്നും കവിതയല്ല എന്നതാണ്.ഈ പരാതി പറയുന്നവർ ഒരുകാലത്ത് അല്ലെങ്കിൽ ഇക്കാലത്ത് വലിയതോതിൽ ഔട്ട്ഡോർ ജീവിതം നയിച്ചിട്ടുള്ളവരാണ്.കുഞ്ഞിരാമൻ നായരുടെ കവിതയിലെ തുറസ്സ് എന്നുപറയുന്നത് അദ്ദേഹം തന്നെ സഞ്ചരിച്ചിട്ടുള്ള തുറസ്സുകളാണ്. കവിതയെഴുതാനായി ഒരു അടഞ്ഞമുറിക്കകത്ത് ഇരുന്ന ആളല്ല അദ്ദേഹം.കവിതയ്ക്ക് വേണ്ട വിഭവങ്ങൾ തേടി അലഞ്ഞുനടന്ന എഴുത്തുകാരനായിരുന്നു കുഞ്ഞിരാമൻ നായർ. അതുകൊണ്ടാണ് അദ്ദേഹത്തിന് നിളയുടെ തീരത്തിരിക്കുമ്പോൾ നിലാവും ചുണ്ണാമ്പും മാറിപ്പോകുമോ എന്നു തോന്നുന്നത്.

വീട്ടുജോലിക്കാരനായ പ്രവാസി മലയാളിയുടെ ജീവിതം വലിയ തോതിൽ ഇൻഡോർ ജീവിതമായിത്തീർന്നു.അതായത് വീട്ടുജോലിയ്ക്ക് നിൽക്കുന്ന ഒരാൾക്ക് അവിടെ നിന്നും പുറത്തുപോകാനുള്ള യാതൊരു മാർഗ്ഗവുമില്ല. ഗൾഫിലെ കുട്ടികൾക്ക് ചെറിയക്ലാസുകൾ മുതൽ കണ്ണാടകൾ ആവശ്യമായി വരുന്നു. കാരണാം വിദൂരതയിലേക്ക് നോക്കാനുള്ള സാധ്യത അവരെ സംബന്ധിച്ച് ഇല്ല. ഫ്ലാറ്റിലും സ്കൂളിലും അടച്ചിടപ്പെടുന്നവരാണവർ. മലയാളി ഇത്രയുംകാലം അറിയാത്ത ചില നോട്ടങ്ങൾ ഇവയിൽകാണാം.

കയ്യുമ്മക്കുട്ടി എന്ന ഒരെഴുത്തുകാരിയുണ്ട്. അവരും ഗൾഫിലെ ഒരു വീട്ടുജോലിക്കാരിയാണ്. അവർ വീട്ടിനകത്ത് താൻ അരിയുന്ന പച്ചക്കറികളുമായുള്ള സംഭാഷണരൂപത്തിൽ കവിത എഴുതുന്നുണ്ട്. ‘തന്റെ ജീവിതത്തിൽ ആദ്യമായി കണ്ട പച്ചമുളക് ’ ഇങ്ങനെ പറഞ്ഞുകൊണ്ട്  വളരെ ലളിതമായി വായിച്ചുപോകാവുന്ന ഒരു കവിത. അതൊരു കവയത്രിയുടെ അനുഭവം കൂടിയായി മാറുന്നു. ഇതു കേരളീയമായ അനുഭവമാണ്.

പ്രവാസം ചർച്ചചെയ്യപ്പെടുന്ന കവിതകളെ പോലെ തന്നെയാണ്  പ്രാവാസവുമായി ബന്ധപ്പെട്ട കത്തുകൾ. അത് ഗൾഫുമായി ബന്ധപ്പെട്ട മലയാളിയുടെ അനുഭവത്തിനകത്ത് നിൽക്കുന്ന സാഹിത്യരൂപം തന്നെയാണ്. പ്രവാസം കടന്നുവരുന്ന കവിതകളെല്ലാം തന്നെ ഒരു തരത്തിൽ കത്തുകളുടെ രൂപത്തിൽ എഴുതപ്പെട്ടവ തന്നെയാണ്. കത്തുകളുടേ രൂപഘടന പ്രവാസസാഹിത്യത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി പറയാം.അതുപോലെതന്നെയാണ് ഇന്റെർനെറ്റിന്റെ സ്വാധീനം. ഓൺലൈൻ സ്റ്റാറ്റസിന്റെ രൂപത്തിലും ഫെയ്സ്ബുക്ക് പോസ്റ്റുകൾ പോലെയുമുള്ള രണ്ടുവരിയുള്ള പ്രവാസരചനകൾ ധാരാളമായി കണാം. ഇത്തരം സ്റ്റാറ്റസ് രചനകൾ കത്തെഴുത്തിന്റെ രൂപത്തിലുള്ളവയാണ്.

പ്രവാസം വിഷയമാകുന്ന മലയാള കവിത നേരിടുന്ന പ്രധാന പ്രശ്നം പ്രവാസിയുടെ ഇൻഡോർ ഔട്ഡോർ ജീവിതങ്ങൾ തമ്മിലുള്ള സംഘർഷമാണ്.ഒപ്പം അതിന്റെ രൂപത്തെ സംബന്ധിച്ചും. കത്തിന്റെ രൂപത്തിൽ നിന്ന് അതിനു മടങ്ങാൻ     കഴിയുമ്പോഴാകും പ്രവാസി കവിതയ്ക്ക് അതിന്റെ സ്വത്വത്തെ വീണ്ടെടുക്കാനാവുക

  

നിരഞ്ജൻ

ഇവിടെ പറഞ്ഞതിന്റെ തുടർച്ചയായാണ് എന്റെ പ്രവാസാനുഭവം പങ്കു വയ്ക്കാനാവുക.സ്വഭാവം വച്ച് അതൊരു അർദ്ധ പ്രവാസമാണ്.കെ സി പറഞ്ഞ പോലെ  എന്നെ സംബന്ധിച്ചും 1991 ഒരു അടയാള വർഷമാണ്.കഴിഞ്ഞ 25 വർഷമായി ഞാൻ കടലിൽ ജോലി ചെയ്യുന്നു.ഇത് ഒരുതരം അർദ്ധ പ്രവാസമാണ്.25 വർഷത്തിനിടായിൽ പതിനൊന്നര വർഷക്കാലം കടലിൽ കപ്പലിൽ ചെലവഴിച്ചിരുന്നു.ഈ പ്രവാസ ജീവിതത്തെ അടയാളപ്പെടുത്തുന്ന കവിതകൾ വളരെ കുറവാണ്.കടൽ  എന്ന വാക്ക് തന്നെ കുറവാണ്.പ്രവാസി ജീവിതം തുടങ്ങുമ്പോൾ നമ്മൾ കൂടെക്കൊണ്ടുപോകുന്ന ചില സംഗതികൾ അതായത് ഒരു ദേശം,നമ്മുടെ അനുഭവ പരിസരം,അതിൽത്തന്നെയും നമ്മുടെ രാഷ്ട്രീയ നിലപാടുകൾ,പ്രണയം, ഇതൊക്കെ നമ്മെ അടയാളപ്പെടുത്തുന്നവയാണ്.നമ്മൾ നമ്മുടെ കാലത്തെ കൊണ്ടൂ പോകുന്നു.നമ്മൾ സ്വയം അടയാളപ്പെടുത്തുന്ന ഒരു കാലം; അത് കേവലം ഗൃഹാതുരത്വമാർന്ന ഒന്ന് മാത്രമല്ല.സൗഹൃദങ്ങളിൽപ്പോലും ഈ കാലം കടന്നു വരുന്നുണ്ട്. നമ്മെ അടയാളപ്പെടുത്താൻ നാം ഉപയോഗിക്കുന്ന, നാം തന്നെ കണ്ടെത്തുന്ന ഒരു കാലം ഉണ്ടായിരിക്കും.1980കൾ അത്തരത്തിലാണ് എന്നെ സംബന്ധിച്ചിടത്തോളം അനുഭവപ്പെട്ടിട്ടൂള്ള-ത്.ആ ഒരു കാലത്തിൽ നിന്നുകൊണ്ടാണ് ഞാൻ ആ25 വർഷത്തെനോക്കിക്കാണുന്നത്.കരയിൽ നിന്നു കാണുന്ന കടലല്ല കടലിൽ നിന്നു കാണുന്ന കടൽ.കടലിൽ നിന്നു കാണുന്ന കരയ്ക്കും ഈ വ്യത്യാസമുണ്ട്.പുറമേ നിന്നുള്ള നോട്ടം വളരെ പ്രധാനമാണ്. നമ്മൾ കൊണ്ടുപോകുന്ന ഈ പ്രദേശത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രവാസികളായ എല്ലാ എഴുത്തുകാരും എഴുതുന്നത്. താൻ  കൂടെ കൊണ്ടുപോകുന്ന ഒരു കാലം പശ്ചാത്തലമക്കിക്കൊണ്ട് അവന്റെ അനുഭവപരിസരത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു ഭൂഖണ്ഡത്തെയാണ് അവൻ അഭിസംബോധന ചെയ്യുന്നത്.ഈ പുതുക്കലിലും പുതുക്കപ്പെടാതെ പോകുന്നത് അടയാളപ്പെടുത്തിയ കാലമാണ്.പുറമേ നിന്ന് ഈ പ്രദേശത്തെ ഭാഷയെ  നോക്കിക്കാണുമ്പോൾ ചില സവിശേഷതകൾ ഉണ്ട്.അതു തന്നെയാണ് പ്രവാസി ജീവിതം മലയാള ഭാഷക്കു നൽകുന്ന സംഭാവന.പ്രവാസികളെപ്പറ്റി മറ്റുള്ളവർ എഴുതിയ കൃതികളും ഉണ്ടായിടുണ്ട്.ഉദാഹരണത്തിന് ആസ്സാം പണിക്കാർ.കുരീപ്പുഴ ശ്രീകുമാറിന്റെകവിതയിൽ ഖുബ്ബൂസ് പോലുള്ള ചന്ദ്രികയെപ്പറ്റിപറയുന്നുണ്ട്.ഗൾഫിലുള്ള മലയാളിക്കൊരിക്കലും ഖുബ്ബൂസ് ചന്ദ്രികയാവില്ല.സഞ്ചാരികളെപ്പോലെയുള്ളവർ പ്രവാസി ജീവിതത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ട് പ്രവാസികളെക്കുറിച്ചെഴുതാനുള്ള ഉത്തരവാദിത്തം കാണിക്കണം.ഒരു പ്രവാസിയുടെ അനുഭവ പരിസരത്തിന്റെ  ഏഴയലത്തുപോലും ആ എഴുത്തുകൾ വരണമെന്നില്ല. ചുരുക്കത്തിൽ പ്രവാസിജീവിതത്തിന്റെ  പരിപൂർണ്ണതയെക്കാണിക്കുന്ന കവിതകൾ ഇല്ലെന്നു തന്നെ പറയാം.നിശ്ചലമായ ഒരു കാലത്തെ വച്ചുകൊണ്ട്നി രന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകളിലൂടെ വായിച്ചെടുക്കുന്ന ഒരു  ഭാഷയേയും പ്രദേശത്തെയും അഭിസംബോധന ചെയ്ത് എഴുതുന്നു എന്നതാണ് പ്രവാസ കവിതയുടെ സവിശേഷത.

  

 വി.മോഹനകൃഷ്ണൻ

പ്രവാസം എന്നതിനു പകരം പല വാക്കുകൾ ഉപയോഗിക്കാം;കുടിയേറ്റം പലായനം എന്നിങ്ങനെ.പ്രവാസാനുഭവമെന്നു നമ്മൾ പറയുന്ന അവസ്ഥ പാലസ്തീൻ പലായനക്കരെ വച്ചു നോക്കുമ്പോൾ അത്ര തന്നെ തീവ്രമല്ല.നമ്മുടെ പ്രവാസാനുഭവങ്ങളെപ്പോഴും ഗൾഫ് നാടുകളിലേക്ക് ജോലി തേടിപ്പോകുന്ന, ഒരു വർഷമോരൺറ്റു വർഷമോകഴിഞ്ഞ്തിരിച്ചു വരുന്നവരുടെ പ്രശ്നങ്ങളാണ്.

കുടിയേറ്റം എന്ന അനുഭവമാണ്  കേരളത്തിനകത്ത് പ്രവാസമായി പറായാവുന്നത്.മധ്യതിരുവിതാംകൂറിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയവരും അനുഭവിക്കുന്നത് പ്രവാസം തന്നെയാണ്. ഒരുമൂടു കപ്പയും  അവശ്യത്തിനുള്ള തുണിയും മാത്രമായി വയനാട്ടിലേക്ക് കുടിയേറിയവർ അനുഭവിച്ചതിന്റെ വളരെ കുറച്ചുമാത്രമാണ് വിദേശത്തു പോകുന്നവർ അനുഭവിക്കുന്നത്. ജീവിതത്തിൽ മറ്റൊരു ഗതിയില്ലാതെ വഴിമുട്ടി നിൽക്കുന്ന ഒരു സന്ദർഭമാണ് വയനാട്ടിലേക്ക് കുടിയേറിയവർ അഭിമുഖീകരിക്കുന്നത്. ഈ കുടിയേറ്റക്കാരിൽ നിന്നും ഒരിക്കലും സാഹിത്യമോ കവിതയോ ഉണ്ടാായില്ല. എസ്.കെ. പൊറ്റക്കാടിന്റെ ഒരു നോവലിൽ പറയുന്നുണ്ട്, ദരിദ്രനാരായണന്മാരായ അവർക്ക് എഴുത്തിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചും കവിതയെ കുറിച്ചുമൊന്നും ചിന്തിക്കൻ നേരമുണ്ടാായിരുന്നില്ല. ഇതിനു സമാനമാണ് ആദ്യകാലത്ത് ഗൾഫ് പ്രവാസികൾ അനുഭവിച്ചിരുന്നത്. 1970ന്റെ തുടക്കത്തിൽ കടലിൽ ചാടി നീന്തിപ്പോയവർ കൊടിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നു. പിന്നീട് വന്ന വിദ്യാഭ്യാസം നേടിയ തലമുറ ഗൾഫ് ജീവിതത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അങ്ങോട്ടു ചേക്കേറുകയും അവരുടെ എഴുത്തിൽ പ്രവാസജീവിതം കടന്നുവരുകയും ചെയ്യുന്നു. സമകാലിക ജീവിതം ഏറ്റവും വിശദമായി ആവിഷ്കരിച്ചിരിക്കുന്നത് സിനിമയിലാണ്.   പ്രവാസജീവിതം വിഷയമാക്കി സിനിമകൾ ആദ്യകാലത്തുതന്നെ ഇറങ്ങിയിട്ടുണ്ട്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗർഷോം എന്ന സിനിമ പ്രവാസജീവിതം ഗൗരവമായി ഏറ്റെടുക്കുന്നതാണ്.അറബിക്കഥയും ഗദ്ദാമയും  പത്തേമാരിയും പോലുള്ള അടുത്തകാലത്തിറങ്ങിയ സിനിമകളിലും ഗൾഫ് ജീവിതത്തിന്റെ  പ്രശ്നങ്ങളും അനുഭവങ്ങളും ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്.

കവിതയേക്കാൾ നന്നായി പ്രവാസം  ആവിഷ്കരിക്കപ്പെട്ടത് ബെന്യാമിന്റെ ആടുജീവിതത്തിലാണ്.ഗൾഫിലെ പ്രവാസ അനുഭവം എന്നത് വീടിനെയും വീട്ടുകരെയും കുറിച്ചുള്ള ഓർമ്മകളാണ്.

പ്രവാസജീവിതത്തെ കുറിച്ച് കവിതകളോ സിനിമകളൊ വരുന്നതിനു മുന്പ് കത്തുകൾ  കത്തുപാട്ടുകൾ എന്നിവ  പ്രചാരത്തിൽ വന്നിരുന്നു.ഇവ  ഗൾഫ് അനുഭവങ്ങളുടെ സാഹിത്യരൂപം തന്നെയാണ്.

കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക സാഹിത്യ സംഭവങ്ങളുടെ പ്രതിഫലനം പ്രവാസി കവികളിലും കാണാം.

60 കളിലും 70കളിലും സംഘർഷഭരിതമായിരുന്ന കേരളത്തിലെ പുത്തൻ കവിതകളിൽ അത് ഏറെ ഇടപെടുന്നുണ്ട്.80കളിൽ അത് സാമൂഹിക വിമർശനത്തെ കൂടൂതൽ ഉത്തരവാദിത്വത്തോടെ   ഏറ്റെടുക്കുന്നു.

ഈ ഒരു കാര്യത്തിന് കേരളത്തിന്റെ പുറത്ത് നിന്ന് എഴുതിയവരും ഭാഗമാവുകയുണ്ടായി.

ഭാഷാപരമായി  പുതിയ ഇടപെടൽ  നടക്കുമ്പോൾ തന്നെ ഒരു നിസ്സംഗത കവിതയിൽ  കാണാം.കഴിഞ്ഞ 25 കൊല്ലത്തെ കേരളം ഉദാസീനമെന്നോ നിസ്സംഗം എന്നോ പറയാവുന്ന രീതിയിലാണ്.പ്രവാസികളുടെ എഴുത്തിലും  ഇതേ രീതി തന്നെയാണ്  നിലനിൽക്കുന്നത്.

ലോകത്തിന്റെ പലഭാഗങ്ങളിലും സംഘർഷഭരിതമായ ജീവിതയാഥാർത്ഥ്യങ്ങളുമായി  മല്ലിടുന്ന ഒരു ജനതയുടെ കൂടെയാണ്  സഹജീവിതം  എന്നതിനാൽ  അത്തരം  എഴുത്തിന്റെ  രീതികൾ,അല്ലെങ്കിൽ അനുഭവങ്ങൾ പ്രവാസി എഴൂത്തിൽ  പ്രതിഷ്ഠിക്കപ്പെട്ടേക്കാം.നാട്ടുജീവിതത്തിന്റെ  പല ഉദാഹരണങ്ങളും  അവരുടെ  സൃഷ്ടികളിൽ  വരുന്നത് സ്വാഭാവികമാണ്.

ഒരു പക്ഷേ യൂറോപ്പിലേക്ക് കുടിയേറിയവരുടെ  അനുഭവങ്ങളല്ല  ഗൾഫ് പ്രവാസികൾക്ക്.  ദാരുണമായ അനുഭവങ്ങളുടെയും  കഷ്ടപ്പാടിന്റെയും  ദിനങ്ങളൂമാണ്  ഗൾഫ്  പ്രവാസികൾക്ക്.ആയതിനാൽ അവരുടെ  സാഹിത്യത്തിൽ  തീക്ഷ്ണമായ ഈ  അനുഭവങ്ങൾ കടന്നു  വരുന്നത്  സ്വാഭാവികമാണ്.

Leave a Reply

Your email address will not be published. Required fields are marked *