August 5, 2020

പുതിയ കേരളം, പുതിയ കേരളീയത-പ്രാദേശിക സുസ്ഥിര വികസനം മാതൃഭാഷയിലൂടെ

കേരളീയതയെ സംബന്ധിച്ച ചർച്ചകൾക്ക് പല തലങ്ങളുണ്ട്. ചരിത്രത്തിലൂടെ വികസിച്ചുവന്ന ഒരു ആത്മബോധമാണത് എന്നു കരുതുകയാണെങ്കിൽ കേരളീയത പഴയ കാലത്തിൽ നിന്ന് പുതിയ കാലത്തേക്ക് നീളുന്ന ഒരു ലക്ഷ്യോന്മുഖ പ്രവർത്തനമാണ്. സാഹിത്യകൃതികളെയോ ചരിത്രകൃതികളെയോ മുൻനിർത്തി നാം ഇത്തരം വാദങ്ങൾ ഉയർത്താറുണ്ട്.
മധ്യകാലത്തിന് ശേഷം അച്ചടി മേൽക്കൈ നേടിയതോടെയും പത്രവും പുസ്തകങ്ങളും വ്യാപകമായതോടെയും പുതിയ ഒരു ദേശീയ സമൂഹം രൂപപ്പെട്ടുവെന്ന് വാദിക്കാറുണ്ട്. അച്ചടിയിലൂടെ പരസ്പരം വിനിമയം ചെയ്യുന്ന പുതിയ സമൂഹം പഴയ ജാതി,മത,പ്രാദേശിക ഭേദങ്ങൾക്കപ്പുറത്ത് ഒരു ഭാഷാസമൂഹത്തെ നിർമിച്ചു    എന്നാണ് ബെനഡിക്ട്    ആൻഡേഴ്‌സനെപ്പോലുള്ളവർ മുന്നോട്ടുവെക്കുന്ന ഈ വാദത്തിന്റെ താത്പര്യം. ആ നിലയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അച്ചടി വ്യാപകമാവുകയും പത്രമാസികകളും നോവൽ പോലുള്ള ആധുനിക സാഹിത്യരൂപങ്ങളും രംഗപ്രവേശം ചെയ്യുകയും ചെയ്തപ്പോൾ ഒരു പുതിയസമൂഹം രൂപപ്പെട്ടു എന്നു വാദിക്കാം. അങ്ങനെ ഒരേ അറിവുകൾ പങ്കിട്ടും ഒരേ കൃതികൾ വായിച്ചും വിഭാവനം ചെയ്യപ്പെട്ട കേരളം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഭാവനാമണ്ഡലത്തിൽ സ്ഥാപിക്കപ്പെട്ടു എന്നും പഠിതാക്കൾ പറയും. മലയാളി മെമ്മോറിയലും എസ്.എൻ.ഡി.പിയും അയ്യൻകാളിയും വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം ഇങ്ങനെയുള്ള ഒരു സമൂഹത്തിന്റെ രൂപീകരണത്തിൽ സംഭാവന ചെയ്യുകയും ചെയ്തു.
വേറിട്ടതായി മനസ്സിലാക്കാറുള്ള നാലു സങ്കല്പനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്:
1. ഐക്യകേരളം എന്ന സങ്കല്പം
2. കേരള മാതൃക
3. കേരള ദേശീയത
4. കാഴ്ചപ്പാട് 2030 എന്ന പേരിൽ ഇപ്പോൾ കേരള സർക്കാർ മുന്നോട്ടുവെച്ച രേഖ.കേരള കാഴ്ചപ്പാട് പദ്ധതി 2030 ( കേരള പെർസ്പക്‌റ്‌റീവ് പ്ലാൻ 2030, ഇനി മുതൽ ‘കാഴ്ചപ്പാട് 2030’ എന്നു ചുരുക്കപ്പേരാണ് ഈ പ്രബന്ധത്തിൽ ഉപയോഗിക്കുക) എന്ന പേരിലാണ്    അറിയപ്പെടുന്നത്.
ഐക്യകേരളം, കേരള മാതൃക, കേരളദേശീയത, കേരളീയത, കാഴ്ചപ്പാട് 2030
നവോത്ഥാന കാലത്ത് രൂപപ്പെട്ട ഐക്യ കേരള സങ്കല്പം രാഷ്ട്രീയ യാഥാർഥ്യമാകുന്നത് 1956 ലാണല്ലോ. സംസ്ഥാന രൂപീകരണത്തോടെ ഐക്യകേരള കാലത്ത് ഉന്നയിക്കപ്പെട്ടതും മലയാളഭാഷയുമായി ബന്ധപ്പെട്ടതുമായ അടിസ്ഥാന പ്രശ്‌നങ്ങൾ അതോടെ പരിഹരിച്ചതായാണ് പൊതുവെ ധരിച്ചുപോരുന്നത്. എന്നാൽ ഐക്യകേരളഘട്ടത്തിലെ സ്വപ്നം കേരള സംസ്ഥാന രൂപീകരണം എന്ന ഭരണനടപടി മാത്രമായിരുന്നില്ലെന്ന് വ്യക്തമാണ്. ജാതി, ജന്മി, നാടുവാഴിത്ത, പുരുഷാധിപത്യ മൂല്യങ്ങളെ തകർത്ത് ജനാധിപത്യ കേരളം രൂപീകരിക്കലാണത്. സമൂഹത്തിനകത്തെ അടിസ്ഥാനപരമായ ഈ മാറ്റങ്ങൾക്കൊപ്പം തന്നെ ആഭ്യന്തര ഉല്പാദനശക്തികളിലൂന്നിയ സാംസ്‌കാരികവും ഭാഷാപരവുമായി ഇണക്കപ്പെട്ട ഒരു ജനതയായി നിലനിർത്തുന്നതിനുള്ള വലിയൊരു ദർശനം ഐക്യകേരളമെന്ന സങ്കല്പത്തിലുണ്ടായിരുന്നു. വ്യക്തിയെ സമൂഹവ്യക്തിയാക്കുന്ന പ്രക്രിയയാണത്. എന്നാൽ ഒടുവിൽ പറഞ്ഞ ഈ ദൗത്യമേറ്റെടുക്കാൻ ഭരണനടപടിയെന്നതിനപ്പുറത്ത് രാഷ്ട്രീയമായ കാഴ്ചപ്പാടായി അതിനെ മുന്നോട്ടുവെക്കാൻ കേരളത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത.
മലയാള ഭാഷയുമായി ബന്ധപ്പെട്ടു വന്ന ഭരണ നടപടികളുടെ കാര്യം മാത്രം നോക്കുക. 1958 ൽ മലയാളംഭരണഭാഷയാക്കുന്നതിനുള്ള കോമാട്ടിൽ അച്യുതമേനോന്റെ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നു. 1969 ൽ മലയാളമോ ഇംഗ്ലീഷോ എന്നും 1973 ൽ മലയാളവും ഇംഗ്ലീഷും എന്നുമുള്ള ‘കേരള ഔദ്യോഗിക ഭാഷകൾ ആക്റ്റ്’ വന്നു. 1973 ൽ തന്നെ ജില്ലാ കോടതി വരെ മലയാളത്തിലും വിധി പറയാവുന്നതാണ് എന്ന വിജ്ഞാപനം വന്നു. 1987 ൽ കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് വന്നു. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ രണ്ടുവർഷത്തിനകം പൂർത്തീകരിക്കാനാണ് അതിൽ പറഞ്ഞത്. എന്നാൽ എല്ലാവർക്കുമറിയാവുന്നതുപോലെ ഭരണഭാഷ ഇപ്പോഴും പല നിലയിലും ഇംഗ്ലീഷായി തുടരുന്നു. കോടതി ഭാഷയുടെ കാര്യത്തിലും ഒരു നടപടിയുമുണ്ടായില്ല. യഥാർഥത്തിൽ തിരു-കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതിയിൽ മലയാളം ഉപയോഗിക്കാനുള്ള ഉത്തരവ് അന്നത്തെ സർക്കാർ നേടിയെടുത്തിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതോടെയാണ് ഇതിൽ പിന്നോട്ടടിയുണ്ടായത്. നവോത്ഥാന കാലത്ത് ഉന്നയിക്കപ്പെട്ട ഈ ആവശ്യം കേരളത്തിലെ രണ്ടു മുന്നണികളിലെ രാഷ്ട്രീയ പാർട്ടികളുടെയും രാഷ്ട്രീയ പരിപാടിയിലോ പ്രകടന പത്രികയിലോ സ്ഥാനം പിടിച്ചില്ല.
വിദ്യാഭ്യാസ മേഖലയും വ്യത്യസ്തമല്ല. 1948 ൽ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലാക്കണമെന്ന ഡോ.എസ്.രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നു. 1964-66 കാലത്ത് കോത്താരി കമ്മിഷൻ റിപ്പോർട്ടും. തുടർന്ന് സർവകലാശാലാ വിദ്യാഭ്യാസം മാതൃഭാഷയിലാക്കുന്നതിന് മുന്നോടിയായി#ി സർവകലാശാലാ നിലവാരത്തിൽ സർക്കാർ തലത്തിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപന( 1968) വും നിലവിൽ വന്നു. അവരുടെ കൂടി ശ്രമമായി 1975 ൽ പ്രീഡിഗ്രി തലത്തിലും 1976 ൽ ബിരുദതലത്തിലും മലയാള മാധ്യമത്തിൽ പരീക്ഷയെഴുതാമെന്ന തീരുമാനവും സർവകലാശാലകൾ എടുത്തു. ഇക്കാര്യത്തിലും രാഷ്ട്രീയ കക്ഷികൾ ആ നിലയിൽ ഇടപെടുകയോ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയോ ഉണ്ടായില്ല. അത് ഉദ്യോഗസ്ഥ തലത്തിലെ ~ഒരു കാര്യമായി നീക്കി വെക്കുകയാണ് ചെയ്ത്.
ഭാഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനത്തേക്ക് നീക്കിവെച്ചുകൊണ്ട്ച നമുക്ക് കേരളീയ ഉല്പാദനത്തെയും വികസനത്തെയും സംബന്ധിച്ച പൊതുവായ ചർച്ചകളിലേക്ക് കടക്കാം.

കേരളീയത, കേരള ദേശീയത, കേരള മാതൃകാ ചർച്ചകൾ
ഐക്യകേരള പ്രസ്ഥാനകാലത്തും കർഷക സമരഘട്ടത്തിലും ഉയർന്നുവന്ന കേരളം ,കേരളീയത തുടങ്ങിയ ചർച്ചകൾ നെഹ്‌റുവിയൻ ദേശീയതയുടെ കേന്ദ്രീകൃത വികാസനത്തിന്റെ ഘട്ടത്തിൽ മുങ്ങിപ്പോയിരുന്നു. നെഹ്‌റുവിയൻ ദേശീയതയുടെ പ്രതിസന്ധിയും തകർച്ചയുമെന്ന് പറയാവുന്ന അടിയന്തിരാവസ്ഥയോടെയും അതിനെ തുടർന്നുവന്ന 1977 ലെ തെരഞ്ഞെടുപ്പിനു ശേഷവുമുള്ള ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിലുമാണ് കേരളവും കേരളീയതയും പുതിയ തലത്തിൽ ചർച്ചയിലേക്ക് കടന്നുവരുന്നത്. കേരളത്തിന്റേതായി തനതായി എന്തുണ്ട് എന്ന അന്വേഷണവും ഈ ഘട്ടത്തിലാണുണ്ടാവുന്നത്.

കേരളീയതയെ സംബന്ധിച്ച രാഷ്ട്രീയചർച്ചകൾ എൺപതുകളുടെ ഒടുവിൽ സജീവമായിരുന്നു. തലശ്ശേരിയിലും തൃശ്ശൂരിലും 1980-90കളിൽ ഇത്തരം സെമിനാറുകൾ നടന്നിരുന്നു.  കവിതയിലെ കേരളീയതയെ സംബന്ധിച്ച് സച്ചിദാനന്ദന്റെയും മറ്റും പഠനങ്ങളും ഇക്കാലത്താണുണ്ടാവുന്നത്. ആധുനികതാവാദത്തിന്റെ പാശ്ചാത്യവും മൂന്നാംലോകവുമായ ഘട്ടങ്ങൾ കഴിഞ്ഞ് ഇടശ്ശേരിയും പി.കുഞ്ഞിരാമൻനായരുമെല്ലാം ഇക്കാലത്ത് കൗതുക പൂർവം കൊണ്ടാടപ്പെടുന്നുണ്ട്. കെ.ജി.ശങ്കരപിള്ള എഡിറ്റു ചെയ്ത കേരളപഠനങ്ങൾ എന്ന പത്രിക ഈ ഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എം.ആർ.രാഘവ വാരിയരുടെ ‘കേരളീയതയുടെ ചരിത്രമാനങ്ങൾ’  എന്ന പഠനവും ലീലാതിലക കാലത്തു തന്നെ കേരളം  എന്ന അവബോധം രൂപപ്പെടുന്നതിനെ സംബന്ധിച്ചുള്ള പഠനങ്ങളും ഇക്കാലത്തു വന്നു.
1970-80 കളിൽ മുന്നോട്ടു വെച്ച കേരളീയത യഥാർഥത്തിൽ നവേത്ഥാനം മുതൽ ആരംഭിച്ചതും കർഷക സമരങ്ങളുടെ നിർമിതിയുമായിരുന്നുവെന്നു കാണാം. ജന്മി- കുടിയാൻ ബന്ധങ്ങളെയും ബ്രാഹ്മണാധിപത്യപരമായ ഭൂബന്ധങ്ങളെയും സാംസ്‌കാരിക രൂപങ്ങളെയും ചോദ്യ#ം ചെയ്യുന്നതായിരുന്നു അത്. ഇന്ത്യൻ ദേശീയതയുടെ സാംസ്‌കാരികമായ രക്ഷാധികാരമുള്ള മധ്യവർഗവും പ്രാദേശിക  അടിത്തറയുള്ളതും അധ്വാനത്തിലൂന്നുന്നതുമായ പിന്നോക്ക, കർഷക തൊഴിലാളി വിഭാഗവും തമ്മിലുള്ളതായിരുന്നു ഈ ഘട്ടത്തിലെ പ്രാഥമിക സംഘർഷം. ഈ നിലയിൽ ഉയർന്നുവരുന്ന ഒരു കേരളത്തിന്റെ രൂപമാണ് ചരിത്രപരമായി ഇ.എം.എസ് കേരളം- മലയാളികളുടെ മാതൃഭൂമിയിൽ മുമ്പ് രൂപപ്പെടുത്താൻ ശ്രമിച്ചത്.

കേരളീയത എന്നു പറയുമ്പോൾ പലപ്പോഴും സാംസ്‌കാരികതലത്തെ കുറിച്ച് മാത്രമാണ് നാം കണക്കിലെടുക്കാറ്.  സംസ്‌കാരത്തെ കേവലം ആചാരവും അനുഷ്ഠാനവും മാത്രമായി കാണുമ്പോൾ കേരളീയത ഒരു ഭൂതകാല ക്രിയയായി സങ്കല്പിക്കപ്പെടുന്നു. എന്നാൽ സംസ്‌കാരമെന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ കൂടി ഉൾപ്പെടുന്നതാണ് എന്നും അത് ഒരു സമൂഹത്തിന്റെ ബോധപൂർവമായ പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തുന്ന സ്വപ്നം കൂടിയയാണ് എന്നും വരുമ്പോൾ കേരളീയത ഇനിയും പൂർത്തീകരിക്കപ്പെടാത്ത സ്വപ്നമാണെന്നു വരുന്നു. അത് മേൽപ്പറഞ്ഞ രീതിയിൽ ഭൂതകാലത്തിലൂടെ നാമറിയാതെ നിർമിക്കപ്പെടുന്ന ഒരു യാഥാർഥ്യമല്ല, ബോധപൂർവം നാം സങ്കല്പിച്ച് രൂപപ്പെടുേത്തേണ്ട ഒരു ഉത്തരവാദിത്തമാണെന്നു വരുന്നു. അതിൽ സാമ്പത്തികമേഖലയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കടന്നുവരികയും ചെയ്യുന്നു. ആധുനിക ജനാധിപത്യഘട്ടത്തിൽ ജനങ്ങൾക്ക് സമൂഹത്തെ നിർമ്മിക്കാൻ സാധ്യമാകുമ്പോഴാണ് ഈ പ്രമേയം ഉയർന്നു വരുന്നത്.
ഒരു സമൂഹമാതൃക എന്ന നിലിയിൽ നാം ലോകത്തിന്റെ മുമ്പിൽ വെച്ചിരുന്ന കേരളമാതൃകയെ ഈ അർത്ഥത്തിലുള്ള ഒരു കേരളീയതയായി സങ്കല്പിക്കാം. സ്വയം സൃഷ്ടിക്കുന്ന സമൂഹരൂപമെന്ന നിലയിലും ജീവിത രീതിയെന്ന നിലയിലും സാമൂഹ്യക്ഷേമം എന്ന നിലയിലുമെല്ലാം കേരള മാതൃക ഈ നിലയിൽ അർത്ഥം നേടുന്നുണ്ട്.
1970 കളിലാണ് കേരള മാതൃകയെ കുറിച്ചുളള്ള ചർച്ച രൂപപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ഡോ.ക.എൻ.രാജിന്റെ നേതൃത്വത്തിൽ നടന്ന ഒരു പഠനത്തിന്റെ ഫലങ്ങളാണ് കേരളമാതൃക എന്ന പേരിൽ പിന്നീട് അറിയപ്പെട്ട സങ്കല്പത്തിലേക്ക് നയിച്ചത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന പദ്ധതി  എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പഠനം തുടർ ചർച്ചകൾക്ക് വഴി വെച്ചു. എൻ.കൃഷ്ണാജി, ടി.എൻ.കൃഷ്ണൻ, ഐ.എസ്.ഗുലാത്തി, പി.കെ.ജി പണിക്കർ, എ.വി.ജോസ്, പി.ആർ.ഗോപിനാഥൻ നായർ തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് പഠനത്തിൽ പങ്കാളിയായത്.

കേരള മാതൃകയുടെ സവിശേഷതകൾ

എന്താണ് കേരള മാതൃക എന്നതു കൊണ്ട് ഉദ്ദേശിച്ചത്? സാമ്പത്തിക ശാസ്ത്രമാനദണ്ഡപ്രകാരമുള്ള ആളോഹരി വരുമാനം വളരെ താഴ്ന്ന നിലയിലായിട്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം
ചെയ്യുമ്പോഴും യൂറോപ്പിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ
പോലും കേരളം ഉയർന്ന ജീവിത നിലവാരം പുലർത്തുന്നു എന്നതാണ് കേരളമാതൃക  എന്നു പറയുന്നതിന്റെ രത്‌നച്ചുരുക്കം. സാക്ഷരത, ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, ജനനനിരക്ക് എന്നീ ഘടകങ്ങളെടുത്തു പരിശോധിച്ചാൽ കേരളം വികസിത രാജ്യങ്ങൾക്കൊപ്പം നില്ക്കുന്നു. റിച്ചാർഡ്  ഫ്രാങ്കി മുതൽ  അമർത്യസെന്നും ഷാങ് ദ്രേസും വരെയുള്ള പഠിതാക്കൾ കേരളമാതൃകയെ ലോകത്തിന്റെ മുമ്പിൽ ഉയർത്തിക്കാട്ടി. ‘സാമൂഹികവും വിദ്യാഭ്യാസപരവും പൊതുജനാരോഗ്യപരവുമായ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സാമ്പത്തിക വളർച്ചയുടെ ഫലമായിട്ടൊന്നുമായിരുന്നില്ല. 1997ലെ അമേരിക്കയുടെ ആളോഹരി വരുമാനം 29,080 ഡോളർ ആയിരുന്നു. എന്നാൽ കേരളത്തിന്റേത് വെറും 300 ഡോളറും. പക്ഷേ അമേരിക്കയുടെയും കേരളത്തിന്റെയും ശരാശരി ആയുർദൈർഘ്യം യഥാക്രമം 77 ഉം 76 ഉം ആണ്. കേരളത്തിൽ സ്ത്രീകളുടെ ആയുർദൈർഘ്യം അനതിവിദൂരഭാവിയിൽ 80 കവിയുമെന്നാണ് മതിപ്പ്.’ (ഉമ്മൻ 2003: 110 )
കേരള മാതൃകയെ സംബന്ധിച്ച ചർച്ചകളുടെ നാൾവഴി ഇങ്ങനെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
‘1975 ൽ കേരളത്തെക്കുറിച്ചുള്ള സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റ്ഡീസിന്റെ യു.എൻ.പഠനം പുറത്തുവന്നു. 1976 ൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. തുടർന്ന് പഞ്ചാബ് മുതലായ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരുന്ന ദേശീയ സമരങ്ങളുടെ അനുരണനങ്ങൾ കേരളത്തിലുമുണ്ടായി. കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് കുറെക്കൂടി തീക്ഷ്ണമായ രാഷ്ട്രീയ മുഖം കൈവന്നു. 1980കളിൽ അക്കാദമിക് തലത്തിലും രാഷ്ട്രീയ വേദികളിലും കേരളമാതൃകയും അതിന്റെ സാധ്യതകളും പരിമിതികളും രാഷ്ട്രീയ ഉള്ളടക്കവുമെല്ലാം പുനർവിചിന്തനം ചെയ്യപ്പെടുന്നുണ്ട്. 1990 ൽ ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലി കേരളം ഇനിയെങ്ങോട്ട് എന്ന സിമ്പോസിയവും 1991 ൽ അമേരിക്കയിൽ നിന്നിറങ്ങുന്ന ഇടതുപക്ഷാഭിമുഖ്യമുള്ള മന്ത്‌ലി റിവ്യു കേരളം വിപ്ലവപരിഷ്‌കാരങ്ങളിലുടെ വികസനം എന്ന ചർച്ചയും പ്രസിദ്ധീകരിച്ചു’ (ടി.ടി.ശ്രീകുമാർ, എസ്. സഞ്ജീവ് 2003) സമീർ അമീൻ, പ്രഭാത് പട്‌നായിക് തുടങ്ങിയ പ്രാമാണികർ തന്നെ അതിനെ പിന്തുണച്ചു. കേരളത്തിന്റെ വികസന നേട്ടങ്ങൾ  എടുത്തു കാട്ടിയ കെ.എൻ.രാജ് വികസനത്തിന്റെ കേരളമാതൃക  എന്ന് അതിനെ വിളിച്ചിരുന്നില്ല. പിൽക്കാലത്ത് അതിന്റെ ആഗോള വക്താവായി രംഗത്തു വന്ന അമർത്യസെൻ കേരള മാതൃക എന്നുവിളിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുക തന്നെ ചെയ്തിട്ടുണ്ട്.  എങ്കിലും ഈ പ്രബന്ധത്തിൽ കേരളീയ മാതൃക എന്ന വാക്കു തന്നെ  ഉപയോഗിക്കുന്നു. ലോകത്തിന് കേരളം മാതൃകയാണ് എന്ന അർത്ഥത്തിലല്ല, ഒരു പ്രത്യേക കാലഘട്ടത്തിൽ കേരളം കൈവരിച്ച വികാസം കേരളീയർക്ക് തന്നെ എങ്ങിനെ മാതൃകയാവുന്നു എന്ന അർത്ഥത്തിലാണ് ഈ പ്രബന്ധത്തിൽ കേരള മാതൃക എന്ന പദം ഉപയോഗിക്കുന്നത്. ജനായത്തത്തിന്റെ നമ്മുടേതായ ഒരു  അനുഭവ പാഠം എന്ന അർത്ഥത്തിൽ.

ബഹുജന ഇടപെടൽ (Public Action) എന്ന സിദ്ധാന്തം

വർധിച്ച  ആളോഹരി വരുമാനവും വ്യവസായ വളർച്ചയുമില്ലാതെ കേരളം എങ്ങിനെ ഈ നേട്ടം കൈവരിച്ചു? അതിന്  അമർത്യസെന്നും ഷാങ് ദ്രേസും കൊടുക്കുന്ന വിശദീകരണം ബഹുജന ഇടപെടൽ എന്നതാണ്. പട്ടിണിയും ബഹുജന   ഇടപെടലും (Hunger and Public Action)   എന്ന പേരിൽത്തന്നെ അമർത്യ സെന്നും ഷാങ് ദ്രേസും ചേർന്ന് ഒരു കൃതി രചിച്ചിട്ടുണ്ട്. ബഹുജന   ഇടപെടലുമായി ബന്ധപ്പെട്ട ആശയം എം.എ. ഉമ്മൻ ഇങ്ങനെ വിശദീകരിക്കുന്നു.-‘മാനവിക വികസനത്തിൽ പൊതു പ്രവർത്തനത്തിന്റെ പങ്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതാണ്. സാമൂഹിക മാർഗങ്ങൾ ഉപയോഗിച്ച് ഇല്ലായ്മകൾ ഇല്ലാതാക്കുക. സാമൂഹിക മാർഗങ്ങൾ പലവിധത്തിലുണ്ട്. ദുർബല വിഭാഗങ്ങളുടെ മാനുഷിക ശേഷികൾ നേരിട്ടുയർത്തുക മുതൽ സാമ്പത്തിക വികസനം വർധിപ്പിച്ച് സ്വകാര്യ വരുമാനവും പാവങ്ങൾക്ക്  വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ഭദ്രത തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുക വരെയുള്ള കാര്യങ്ങൾ അതിൽ അന്തർഭവിച്ചിരിക്കുന്നു.  ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയുടെയും നയപരിപാടികളുടെയും ഉരകല്ല് അവ ജനങ്ങൾക്ക് സുഭദ്രവും അർത്ഥവത്തുമായ ജീവിതം നയിക്കാനുള്ള പ്രാപ്തി എത്രത്തോളം വർധിപ്പിച്ചുവെന്നതാണ്. ഇവിടെ ഭരണകൂടത്തിന്റെ പ്രവർത്തനം വളരെ മർമ്മ പ്രധാനമാണ്. എന്നാൽ കൂടുതൽ നിർണായകം പൊതുജനങ്ങൾ അവർക്കുവേണ്ടി എന്തു ചെയ്യുന്നുവെന്നതാണ്- അതായത് പൊതു പ്രവർത്തനം. ഇതിൽ സാമൂഹിക പ്രസ്ഥാനങ്ങൾ, സന്നദ്ധസംഘടനകൾ,സമ്മർദ്ദഗ്രൂപ്പുകൾ, രാഷ്ട്രീയ പ്രവർത്തനം, പ്രതിപക്ഷ രാഷ്ട്രീയം, മാധ്യമങ്ങൾ തുടങ്ങിയ  സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഇവ ഉൾപ്പെടുന്നു. ജനക്ഷേമം വർധിപ്പിക്കുന്നതിനായി  ഭരണകൂടത്തെ സ്വാധീനിക്കുന്ന ധർമമാണ് ഈ പ്രവർത്തനങ്ങളിലൂടെ നിർവഹിക്കുക.’ (ഉമ്മൻ 2003: 107-108 ) . വികസനത്തിന്റെ അപ്പക്കഷണങ്ങൾ പെറുക്കുന്നവരല്ല പകരം അതിന് നേതൃത്വം നൽകുന്നവരും അതിൽ ഇടപെടുന്നവരുമാണ് ജനത. ഇതിൽ   ഉമ്മൻ കൊടുത്ത പൊതുപ്രവർത്തന സിദ്ധാന്തം എന്ന  മലയാള വിവർത്തനത്തിനും അതിന്റെ വിശദീകരണത്തിനും നേരെ ഇടതുപക്ഷത്തു നിന്ന് ഉയർത്തിയ വിമർശനത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

സാമ്പത്തിക വളർച്ച കുറഞ്ഞാലും ബഹുജനങ്ങളുടെ സംഘടിതമായ ഇടപെടലിലൂടെ സാമൂഹ്യവികാസം സാധ്യമാക്കാം എന്നതാണ് കേരളമാതൃക എന്ന് ഒരു വാക്യത്തിൽ പറയാം.

കേരള മാതൃക- പരിമിതിയും വിമർശനവും

കേരള മാതൃക എന്ന സങ്കല്പത്തെ മാത്രമല്ല,കേരളത്തിന്റെ വികസന മികവ് തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തികത്തെ രാഷ്ട്രീയ ചർച്ചകളിലും രാഷ്ട്രീയ പ്രയേഗത്തിലും കേരളത്തെ മാതൃകാപരമായ ഒരു സംസ്ഥാനമായി ഉയർത്തിക്കാട്ടിയിരുന്നില്ല. 1980 ൽ കാലിക്കറ്റ് സർവകലാശാലായൂണിയൻ പുറത്തിറക്കിയ കേരളത്തിന്റെ ആധുനീകരണം എന്ന സെമിനാർ ലേഖന സമാഹാരത്തിൽ ഇത്തരം വിമർശനം പ്രകടമാണ്.  കേരളീയ സമൂഹത്തിൽ രൂപപ്പെടുന്ന യാഥാസ്ഥിതിക പ്രവണതകളെയും എൻ.ഇ.ബാലറാം   ഈ പുസ്തകത്തിലെ തന്റെ ലേഖനത്തിൽ എടുത്തുകാട്ടുന്നുണ്ട്.  ഇതേ വാദം തന്നെ തൊട്ടുപിന്നാലെ പുറത്തിറങ്ങിയ രവീന്ദ്രൻ എഡിറ്റു ചെയ്ത കലാവിമർശനം:മാർക്‌സിസ്റ്റ് മാനദണ്ഡം (1983)  എന്ന പുസ്തകത്തിലെ ചില ലേഖകരും എടുത്തുകാട്ടുന്നു. മന്ത്‌ലി റിവ്യുവിൽ തന്നെ കേരള മാതൃക.യുടെ ചർച്ചയുടെ തുടർച്ചയായി കെ.ടി.  റാംമോഹൻ സമീർ അമീൻ ഉൾപ്പെടെയുള്ളവരുടെ അവകാശ വാദങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. പാർലമെന്ററി   ഇടതുപക്ഷത്തിന് പുറത്തു നിന്ന് കേരളമാതൃക ചോദ്യം ചെയ്യപ്പെട്ടത് സ്വാഭാവികമാണ്. കേരള മാതൃകയെ സംബന്ധിച്ച ചർച്ച കേരളം ഇനിയെങ്ങോട്ട് എന്നിടത്തേക്ക് വികസിക്കുന്നു.

സ്വകാര്യവൽക്കരണത്തിലൂടെയാണോ കേരളത്തിന്റെ മുന്നോട്ടുള്ള ഗതി അതോ അടിത്തട്ടിൽനിന്ന് ഉയർന്നുവരുന്ന വികസനത്തിലൂടെയോ   എന്ന ചർച്ച 1990 കളിൽ നടക്കുന്നു.

രണ്ടു വിമർശനങ്ങൾ

കേരള മാതൃകയുടെ നേരെ ഉയർന്ന രണ്ടു വിമർശനങ്ങൾ മുഖ്യമായും ഇവയാണെന്നു പറയാം. ഒന്നിനെ ഇടതുപക്ഷേതര വിമർശനമെന്നും മറ്റതിനെ  ഇടതുപക്ഷ വിമർശനവും എന്നു വിളിക്കാം.

1.സേവന മേഖലയും പൊതുമേഖലയും ബാധ്യതയാണ്

 1. ആശ്രിതത്വമാണ് ബാധ്യത

ഇതിലോരോന്നും വെവ്വേറെ പരിശോധിക്കാം.

സേവന മേഖല എന്ന ബാധ്യത -ശമ്പളക്കാരും പെൻഷൻകാരും   വികസനത്തിന്റെ ശത്രുക്കളാണ് എന്ന നിലപാടാണ് ഇതിൽ മുഖ്യമായും ഉന്നയിക്കപ്പെട്ടത്. കൊച്ചിൻ സർവകലാശാലയുടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഡയറക്ടറായിരുന്ന കെ.കെ.ജോർജ്ജ് കേരള വികസനമാതൃകയും സംസ്ഥാനം നേരിടുന്ന ധനകാര്യ കമ്മിയെയും മുൻനിർത്തിയാണ് കേരള മാതൃകയുടെ പരിമിതികൾ   എന്ന തന്റെ പഠനം നിർവഹിച്ചത്. 1974 മുതൽ 1998 വരെയുള്ള 24 വർഷത്തെ മുൻനിർത്തി നടത്തിയ പഠനമാണിത്. 1980 കളിൽ രൂക്ഷമായ ധനകാര്യപ്രതിസന്ധി, ഓവർ ഡ്രാഫ്റ്റ്, ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ട   അവസ്ഥ വന്നത് ഇവയെല്ലാമാണ് ഈ പഠനത്തിന്റെ പശ്ചാത്തലം. കേരളത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് മുമ്പ് എഴുപതുകളിൽ തന്നെ ധനകാര്യ പ്രതിസന്ധി രൂപപ്പെട്ടു എന്ന കാര്യം ഉന്നയിച്ചു കൊണ്ട് അദ്ദേഹം ചില ദീർഘകാല പ്രത്യാഘാതങ്ങളുളവാക്കുന്ന പ്രശ്‌നങ്ങൾ എടുത്തിടുന്നു. സേവന മേഖലയിൽ കേരളം ചിലവാക്കുന്ന പണത്തെ കുറിച്ചുള്ളതാണ്    അതിലെ മുഖ്യവിമർശനം. കെ.കെ.ജോർജ്ജും മറ്റു ചില പഠിതാക്കളും എടുത്തുകാട്ടിയ ഭാരം ശമ്പള ഇനത്തിലും പെൻഷൻ ഇനത്തിലും ചെലവാകുന്ന വലിയ തുകയാണ്.

വാർധക്യം കേരളത്തിന് താങ്ങാൻ കഴിയുമോ എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. ‘സർവീസ് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷിതത്വ നടപടികളുടെ ഉയർന്ന ഡിമാന്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് അത് നടപ്പാക്കി വരുന്ന പെൻഷൻ പദ്ധതികളുടെ മാതൃകയിലും ഭരണപരമായ കാര്യങ്ങളിലും മാറ്റം വരുത്തുന്ന കാര്യം  ഗൗരവമായി ആലോചിക്കേണ്ടി വരും. റവന്യൂ ബജറ്റിൽ നിന്ന് പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിനു പകരം ഉദ്യോഗസ്ഥരിൽ നിന്നും ഉദ്യോഗം നൽകുന്നവരിൽ നിന്നും വിഹിതം ശേഖരിച്ചുകൊണ്ട് ഒരു സാമൂഹ്യസുരക്ഷിതത്വ ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. ആ ട്രസ്റ്റ് ഫണ്ടിൽ കാര്യമായി മുതൽമുടക്കാൻ കഴിയുമെങ്കിൽ അത് ഖജനാവിനു മേൽ വെല്ലുവിളിയുയർത്തുകയില്ല. മൂലധന സ്റ്റോക്ക് വർധിപ്പിക്കുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കുകയാണെങ്കിൽ ഭാവതലമുറ പെൻഷന്റെ മുഴുവൻ ഭാരവും താങ്ങേണ്ടി വരില്ല’ (ജോർജ്ജ് 113-114).

 1. കേരളത്തിന്റെ ആരോഗ്യസ്ഥിതി നിലനിർത്താൻ കഴിയുമോ എന്ന ചോദ്യവും ജോർജ്ജ് ഉന്നയിക്കുന്നു. ആരോഗ്യമേഖലയിൽ സ്വകാര്യ മേഖല വികസിക്കുന്ന കാര്യം എടുത്തുകാട്ടുന്നു. . ‘ആരോഗ്യ പരിപാലനത്തിന്റെ ശരാശരി ചെലവ് വർധിക്കാൻ ഇത് ഇടയാക്കുന്നു. അത്തരം ചെലവ് ഇന്ന് പ്രതിശീർഷ വരുമാനത്തിന്റെ 7 ശതമാനം വരും.’ (ജോർജ്ജ് 115)

നിലവിലുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ സ്വഭാവ പ്രകാരം സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം കൂടി ധനക്കമ്മിയിൽ പങ്കു വഹിക്കുന്നു    എന്നും ജോർജ്ജ് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അത് പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത കാര്യമായതിനാൽ ആദ്യം പറഞ്ഞ പരിഹാരമാർഗങ്ങളാണ് ആരായേണ്ടത് എന്ന് അദ്ദേഹം വാദിക്കുന്നു.

കേരള മാതൃകയുടെ ആശ്രിതത്വ ബന്ധങ്ങൾ

ആശ്രിതത്വത്തിൽ നിന്നുള്ള മോചനമാണ് കേരളം നേടേണ്ടത് എന്നതാണ് മറുപക്ഷത്തുനിന്നു വന്ന വിമർശനം. യഥാർഥത്തിൽ കേരള മാതൃക സ്വതന്ത്രമായ അസ്തിത്വമല്ലെന്നും ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള ആശ്രിതത്വബന്ധങ്ങളിലാണ് അത് നിലനില്ക്കുന്നത്    എന്നുമാണ് ആ വിമർശനം. ജോസഫ് താരമംഗലം    ഇത് വിശദീകരിക്കുന്നുണ്ട്. ‘അരിക്കും ജോലികൾക്കും കൂലിപ്പണികൾക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും നാണ്യവിളകൾക്കുള്ള വിപണിക്കു വേണ്ടിയും ഉപഭോഗ വസ്തുക്കൾക്കും ഭൗതികവും അല്ലാത്തതുമായ മറ്റു പല വസ്തുക്കൾക്കും വേണ്ടി കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥ (കേരള മാതൃക) അതിനെ ഉൾക്കൊള്ളുന്ന വിശാലമായ സാമ്പത്തിക സാംസ്‌കാരിക ലോകത്തെ  നിർണായകമായി ആശ്രയിച്ചിരിക്കുന്നു എന്നതാണ് സത്യം. ഈ വിശാലമായ പുറംലോകമാകട്ടെ ചില നിയമങ്ങളാൽ നിയന്ത്രിതമാണ്. പ്രത്യേകിച്ചും വിപണിയുടെ നിയമങ്ങളാൽ. ഇതിന്റെ വിഭവങ്ങളും കഴിവുകളും ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ട് അപകടങ്ങൾ കുറച്ച് ഉദാരവൽക്കരണത്തെയും ആഗോളവൽക്കരണത്തെയും എങ്ങിനെ നിർമാണാത്മകമായും ക്രിയാത്മകമായും നേരിടാൻ കഴിയും, കഴിയണം എന്നതാണ് ചർച്ചാവിഷയം.’ ( ജോസഫ് താരമംഗലം 2003:  101-102  ).

രണ്ടാംകേരളമാതൃക- വികേന്ദ്രീകരണവും ഭാഷാപരമായ ജനാധിപത്യവും

അധികാര വികേന്ദ്രീകരണവും ജില്ലാ കൗൺസിലുകളിലേക്കുള്ള അധികാര കൈമാറ്റവും മറ്റും രണ്ടാം ഘട്ടത്തിൽ നടന്നു. ഇതു മുൻനിർത്തി എ.കെ.ജി സെന്ററിൽ കേരളവികസന സമ്മേളനങ്ങൾ നടക്കുന്നത് 1990 കളുടെ തുടക്കത്തിലാണ്. കേരള മാതൃകാ ചർച്ചകളുടെ തുടർച്ചയായാണ് കേരളത്തിൽ ജനകീയാസൂത്രണ ചർച്ചകളും    അതിന്റെ പ്രയോഗവും നടന്നത്.

വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് പിന്നീട് ഉയർന്നു വന്ന ചർച്ചകളെയും അതിന്റെ പ്രയോഗങ്ങളെയും രണ്ടാം കേരളമാതൃക    എന്ന്  പിന്നീട് ചിലർ വിളിച്ചിട്ടുണ്ട്. വികേന്ദ്രീകരണവും ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഈ ചർച്ചകൾ പിന്നീട് ഇടതുപക്ഷത്തു തന്നെ വലിയ വിവാദങ്ങൾക്കും കാരണമായി.

1993 ൽ വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി നിലവിൽ വന്നു. സംസ്ഥാനത്തും നിയമ നിർമാണം നടത്തേണ്ട ആവശ്യം വന്നു. പ്രാഥമിക കരടിൽ വികേന്ദ്രീകരണത്തിന് വിരുദ്ധമായ വകുപ്പുകൾ ഉണ്ടായിരുന്നു. ഇതു തിരുത്താനായി  ഡോ.കെ.എൻ.രാജിന്റെ നേതൃത്വത്തിൽ വികസനരംഗത്ത് പ്രവർത്തിക്കുന്ന ബുദ്ധിജീവികൾ  സെലക്ട് കമ്മിറ്റിക്കു മുമ്പാകെ മെമ്മോറാണ്ടം നൽകുകയും സെക്രട്ടറിയേറ്റിൽ ധർണ നടത്തുകയും ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബദൽ രേഖയുണ്ടാക്കി.  ഈ ഘട്ടങ്ങളെല്ലാം പിന്നിട്ട ബില്ലാണ് നിയമസഭയിൽ അവതരിപ്പിച്ച് അംഗീകരിച്ചത്.

കേരളീയതാ ചർച്ചകളുടെ രാഷ്ട്രീയ പ്രതിസന്ധി- സ്വാശ്രിതത്വത്തിലൂന്നുന്ന ആത്മവിശ്വാസത്തിന്റെ നഷ്ടം

എൺപതുകളിൽ ഉയർന്നുവന്ന കേരളീയതയെയും കേരളത്തിന്റെ സ്വാശ്രിതത്വത്തെയും സംബന്ധിച്ചുള്ള ചർച്ചകളെല്ലാം തൊണ്ണൂറുകൾ പിന്നിട്ടതോടുകൂടി പിന്തള്ളപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തു. സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും സാംസ്‌കാരിക മേഖലയിലും ഇതു സംഭവിച്ചു. ഈ പിന്തള്ളലിനും അട്ടിമറിക്കും പിന്നിൽ  രണ്ടു മൂന്നു കാര്യങ്ങളുണ്ട്.

ഒന്ന് സോവ്യറ്റ് യൂനിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ച. അതോടെ ഇടതുപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെടുകയും ആസൂത്രണമേ സാധ്യമല്ലാത്ത പുതിയ ലോകം വരുന്നതായി സങ്കല്പിക്കുകയും ചെയ്തു.

രണ്ട് : 1990 കളിൽ    ആരംഭിച്ച    ആഗോളവൽക്കരണ, ഉദാരവൽക്കരണ,സ്വകാര്യവൽക്കരണ നയങ്ങളുടെ കുത്തൊഴുക്കും അതിനു നേരെയുള്ള തൊഴിലാളി സംഘടനകളുടെ ചെറുത്തുനില്പുകളുടെ പരാജയവും രാഷ്ട്രീയ ഇച്ഛാശക്തിയിലുള്ള വിശ്വാസത്തെ തന്നെ കാര്യമായി ബാധിച്ചു.

മൂന്ന്:  സാംസ്‌കാരിക മേഖലയിൽ കേരളത്തിലൂന്നിയ വികസന ചർച്ചകളുടെ സ്ഥാനത്ത് ഉത്തരാധുനിക ചർച്ചകൾ രംഗപ്രവേശം ചെയ്തു. കേരളവുമായി ബന്ധമില്ലാത്ത യൂറോകേന്ദ്രിത ഭാവുകത്വത്തിലൂന്നിയുള്ള ചർച്ചയായിരുന്നു അത് പലപ്പോഴും.

കേരളമാതൃകയ്ക്കു നേരെയുള്ള സാംസ്‌കാരിക വിമർശനം

കേരള മാതൃകയെ കുറിച്ച് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.പി.കണ്ണൻ പറയുന്നത് ശ്രദ്ധേയമാണ്. കേരള മാതൃകയുടെ നേട്ടങ്ങളെന്നപോലെ അതിന്റെ പരിമിതികളെയും കണ്ണൻ എടുത്തുകാട്ടുന്നു.

‘ഇത്തരം വികസനം ഒരു ഉയർന്ന സാമൂഹിക സാംസ്‌കാരിക അവബോധത്തിലേക്ക് സ്വയം നീങ്ങുെമന്ന് ആരും പ്രതീക്ഷിക്കരുത്. ഇതാണ് വികസിത രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുന്നത്. ഇങ്ങനെ കൈവരിക്കണമെങ്കിൽ അതിന് സാമൂഹ്യ പരിവർത്തനം നയിച്ച ശക്തികളേതിനു

തുല്യമായ പ്രസ്ഥാനങ്ങൾ ഉയർന്നു വരണം. കാര്യമായ നവോത്ഥാനം നടക്കാനിരിക്കുന്നതേയുള്ളൂ’. ( കെ.പി.കണ്ണൻ:  71-72)

കുറവുകളായി കണ്ണൻ പറയുന്നത് ഇക്കാര്യങ്ങളാണ്:

 1. സ്ത്രീപദവിയും വികസന നേട്ടങ്ങളും തമ്മിലുള്ള അനുപാതമില്ലായ്മ

സ്ത്രീപുരുഷബന്ധത്തിന്റെ കാര്യത്തിൽ വിക്‌ടോറിയൻ സദാചാരവും ഹിപോക്രസിയും തുടരുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തിൽ മതസ്ഥാപനങ്ങളും ആചാര്യന്മാരും കടന്നു കയറുന്നത്.

 1. സാംസ്‌കാരിക സമന്വയിത്തിനു നേരെയുള്ള ആക്രമണം.

 

രാജ്യത്തിനു പുറത്തും രാജ്യത്തിലുമുണ്ടായ ചലനങ്ങളാണ് പുരോഗന പ്രസ്ഥാനങ്ങൾക്ക് ഇവിടെ ഒരു ഇടവേളയിൽ പടർന്നു പന്തലിക്കാൻ അവസരം നൽകിയത്. ഇതിന് വിരുദ്ധമായ ഒരു സാഹചര്യമാണ് പുറത്തു വളർന്നു വരുന്നത്. ഇതിനെ ചെറുക്കാനുള്ള ആന്തരികമായ സാമൂഹ്യശക്തി കേരളം കൈവരിച്ചിട്ടില്ല എന്നു മനസ്സിലാക്കണം എന്നും കണ്ണൻ പറയുന്നു. കണ്ണൻ സൂചിപ്പിച്ച ആന്തരിക സാമൂഹ്യശക്തി ഉയർന്നുവരേണ്ടത് കേരളത്തിനകത്തു നിന്നാണെന്ന കാര്യത്തിൽ സംശയമില്ല. അതാകട്ടെ ആശ്രിതത്വവ്യവസ്ഥയിൽ സാധ്യവുമല്ല.

കേരള മാതൃകാവിമർശനത്തിൽ നിന്ന്    ഉദാരവൽക്കരണയുക്തിയിലേക്ക്

കേരള മാതൃകയുടെ വിമർശനം രണ്ടു പക്ഷത്തു നിന്നും സംഭവിച്ചിട്ടുണ്ടെന്നാണ് മേൽക്കൊടുത്ത ചർച്ചകൾ വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തുനിന്നും തീവ്ര ഇടതുപക്ഷത്തു നിന്നും പ്രാന്ത ജനവിഭാഗങ്ങളുടെ പക്ഷത്തു നിന്നുമുള്ള വിമർശനമാണ് ഒരു ഭാഗത്തെങ്കിൽ മറുവശത്ത്    ഉദാരവൽക്കരണത്തെ ന്യായീകരിക്കുന്ന വിമർശനങ്ങളാണ് ഉയർന്നു വന്നത്. രണ്ടാമതു പറഞ്ഞ ദിശയിലേക്കുള്ള സമഗ്രവിമർശനം മുന്നോട്ടുവെക്കുന്നത് നേരത്തെ കണ്ടതുപോലെ കെ.കെ. ജോർജ്ജിന്റെ കേരള വികസന മാതൃകയുടെ പരിമിതികൾ എന്ന പുസ്തകമാണ്.

കേരളമാതൃകയുടെയും കേരളവികസനത്തിന്റെയും കേരളീയ ആധുനികതയുടെയും പരിമിതിയായി കെ.കെ.ജോർജ്ജ് ഉൾപ്പെടെയുളളവർ ചൂണ്ടിക്കാണിച്ച വിമർശനവും വ്യവസായവൽക്കരണത്തിന് വേണ്ടിയുള്ള വാദങ്ങളുമെല്ലാം നിലനില്ക്കുമ്പോഴാണ് 2003 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ കൊച്ചിയിൽ ജിം എന്ന പേരിൽ 5 കോടി രൂപ ചെലവിൽ ഒരു വികസനസംഗമം നടന്നത്. വികസനത്തിലേക്കുള്ള അവസാന ബസ്സാണ് ജിം    എന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞു.  5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപവും 15,000 പേർക്കും തൊഴിലും ലഭിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 3000 കോടി രൂപയ്ക്ക് മറ്റു കമ്പനികളുമായി ധാരണാപത്രം ഒപ്പിടലും ഇതിന്റെ ഭാഗമായിരുന്നു. പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയ് 10,000 കോടി രൂപ നിക്ഷേപ വാഗ്ദാനം ചെയ്തു. 26,000 കോടിയുടെ നിക്ഷേപം വരും എന്നു പറഞ്ഞു. വന്നത് 120 കോടി രൂപയ്ക്കുള്ള പദ്ധികളാണെന്ന് പറയുന്നു. ജിം ആരോഗ്യ വിദ്യാഭ്യാസ മേഖല സ്വകാര്യമേഖലയ്ക്ക് തുറക്കക്കനുള്ള വേദിയാക്കി. ബിഒടി, ടോൾപിരിവ് എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾ മുന്നോട്ടുവെക്കപ്പെട്ടു.

2012 ലാണ് ഏമേർജിംഗ് കേരള എന്ന പേരിൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ ഘട്ടത്തിൽ അടുത്ത വികസനസംഗമം നടക്കുന്നത്. ഈ സമ്മേളനത്തിലാണ് കൃഷി ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് കേന്ദ്രകൃഷി മന്ത്രി മൊണ്ടേക്‌സിംഗ് അലുവാലിയ പ്രഖ്യാപിച്ചത്. കൃഷിയെ കോർപ്പേററ്റ്‌വൽക്കരണത്തിലേക്കെത്തിക്കുന്ന സമീപനമാണ് മന്ത്രി മുന്നോട്ടുവെച്ചത്. വ്യവസായ പാട്ടക്കാലാവധി കുറയ്ക്കരുത് എന്നും    അത് കുറച്ചാൽ മുതൽ മുടക്ക് തിരികെ ലഭിക്കുകയില്ലെന്നും വ്യവസായികൾ പറഞ്ഞത് ഈ ഘട്ടത്തിലാണ്. സമ്പാദിക്കുന്ന സമൂഹത്തിൽ നിന്ന് സംരംഭക സമൂഹത്തിലേക്കുള്ള മാറ്റം എന്ന ആശയവും ഈ ഘട്ട

ത്തിൽ മുന്നോട്ടുവെക്കപ്പെട്ടു. മലപ്പുറത്ത് എജു സിറ്റി, കൊച്ചിയിൽ പെട്രോകെമിക്കൽ ഹബ് തുടങ്ങി പലതും ഇതിൽ മുന്നോട്ടുവെച്ചു.

 

പുതിയ കണക്ക് 2011

ഇതിനിടയിൽ 2011 ലെ കണക്കു കൂടി നോക്കാം.കേരളവുമായി ബന്ധപ്പെട്ട 2011 ലെ പുതിയ മാനവവികസന സൂചിക കേരളത്തെ ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനമാക്കിയിരിക്കുന്നു. ജനന നിരക്ക് ഇന്ത്യയിലാകെ 1000 ന് 22.8 ആയിരിക്കുമ്പോൾ കേരളത്തിൽ    അത് 14.6 ആണ്. മരണനിരക്ക് 1000 ന് ഇന്ത്യയിൽ 7.4 ആയിരിക്കെ കേരളത്തിൽ അത് 6.6 ആണ്.  ശിശുമരണ നിരക്ക് ഇന്ത്യയിൽ 53.0 ആയിരിക്കെ കേരളത്തിൽ 12.0 വും ബാലമരണനിരക്ക് ഇന്ത്യയിൽ 1000 ന് 17.0 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 3.0 ആണ്. മാതൃമരണനിരക്ക് ലക്ഷത്തിന് ഇന്ത്യയിൽ 20.7 ആണ്. അത് കേരളത്തിൽ 4.9 ആണ്. പ്രതീക്ഷിത ആയുസ്സ് ഇന്ത്യയിൽ 64.7 ആയിരിക്കെ കേരളത്തിൽ 74 ആണ്. സാക്ഷരത ഇന്ത്യയിൽ 74 ശതമാനവും കേരളത്തിൽ 94 ശതമാനവും ആണ്. സ്ത്രീപുരുഷ    അനുപാതം ഇന്ത്യയിൽ 1000 ന് 940 ആയിരിക്കെ കേരളത്തിൽ 1084 ആണ്. 60 വയസ്സിനു മേലുള്ള വൃദ്ധരുടെ ശതമാനം ഇന്ത്യയിൽ 7.5 ആയിരിക്കെ കേരളത്തിൽ 10.5 ആണ്. കുട്ടികൾ    ഇന്ത്യയിൽ 35 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ 26 ശതമാനമാണ്.

മാനവവികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 1999 ൽ 0.677 ആയിരുന്നു കേരളത്തിന്റെ മാനവ വികസന സൂചിക. ഇപ്പോൾ    അത് 0.790 ആണ്.

മനുഷ്യമൂലധനവും വിജ്ഞാന മൂലധനവും

കെ.കെ.ജോർജ്ജിന്റെ കേരളമാതൃകയുടെ പരിമിതിയെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മനുഷ്യമൂലധനം എന്ന സങ്കല്പമുണ്ടായിരുന്നു.സാമൂഹ്യക്ഷേമം എന്ന രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്ന് മനുഷ്യമൂലധനം എന്ന സാമ്പത്തിക കാഴ്ചപ്പാടിലേക്ക് അദ്ദേഹം ചർച്ചയെ നയിക്കുന്നു. ‘കേരളത്തിന്റെ ധനകാര്യവികസന പ്രതിസന്ധികളെക്കുറിച്ചുള്ള ഇന്നത്തെ ചർച്ചകളിൽ സാമൂഹിക സേവനങ്ങൾക്കോ സാമ്പത്തിക വികസനത്തിനോ ചെലവഴിക്കേണ്ടത് എന്ന വിഷയം ഉയർന്നുവരുന്നു. പക്ഷെ ഇത് തെറ്റായ ദിശയിലുള്ള ചർച്ചയാണ്. മനുഷ്യ മൂലധനം, മൂലധനത്തിന്റെ ഏറ്റവും പ്രധാനരൂപമായ ഇന്നത്തെ ലോകത്തിൽ സാമ്പത്തിക വികസനവും സാമൂഹ്യവികസനവും ഒന്നിനു പകരമാകണം എന്നില്ല. സമ്പദ് വ്യവസ്ഥകൾ ഇന്ന് വിജ്ഞാനത്താൽ നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു മേൽ  സംസ്ഥാനംനടത്തുന്ന ചെലവുകൾ സമൂഹികക്ഷേമചെലവുകൾ എന്ന നിലയിൽ മാത്രമാവാതെ ആ ചെലവുകൾ  മനുഷ്യമൂലധനത്തിനുള്ള ചെലവാക്കി മാറ്റാൻ സംസ്ഥാനത്തിന് കഴിയണം. സാമുഹിക സേവനം, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന് മുൻകാലങ്ങളിൽ നടത്തിയ ചെലവിന്റെ നേട്ടങ്ങൾ കൊയ്യാൻ സംസ്ഥാനത്തിന് കഴിയണമെങ്കിൽ മനുഷ്യവിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ വികസന തന്ത്രം ആവിഷ്‌കരിക്കാൻ നമുക്കു കഴിയണം. സംസ്ഥാനത്തെ മുൻകാല വികസനമാർഗം വളർച്ചാവിരുദ്ധം എന്ന് ശപിക്കുകയും പരിമിതമായ അസംസ്‌കൃത വസ്തുക്കളും ഇന്ധനവിഭവങ്ങളും മാത്രമുള്ള മറ്റു സംസ്ഥാനങ്ങളുടെ വികസനമാർഗം പകർത്താൻ ശ്രമിക്കുന്നതിനും പകരം സംസ്ഥാനത്തെ വിദ്യാഭ്യാസ യോഗ്യതയുള്ള മനുഷ്യവിഭവത്തെ ഉപയോഗിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. നൂതന വ്യവസായങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഒപ്പം എത്താൻ ശ്രമിക്കുന്നതിനു പകരം വിജ്ഞാനകേന്ദ്രിതമായ ‘ആധുനികാനന്തര’ വ്യവസായങ്ങളുടെ കാര്യത്തിൽ മുൻകൈ നേടാൻ ശ്രമിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. മനുഷ്യവിഭവ വികാസത്തിന്റെ മേഖലയിൽ കുറവുണ്ടാക്കാനല്ല മറിച്ച് വർധന ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ് ഇത്തരം ഒരു വികസന തന്ത്രം സൂചിപ്പിക്കുന്നത്. കയറ്റുമതിക്കായും സംസ്ഥാത്തിന്റെ തനതായ തൊഴിൽ വിപണിക്കുവേണ്ടിയും ഇത്തരം ഒരു തന്ത്രം ആവിഷ്‌കരിക്കാവുന്നതാണ്. ഖജനാവിന് ഒട്ടേറെ ചെലവു വരുത്തി സാമൂഹിക സേവന മേഖല

യിൽ കൈവരിച്ച നേട്ടങ്ങൾ സാമ്പത്തിക വികസനത്തിനായുള്ള സംസ്ഥാനത്തിന്റെ ഭാവി പരിപാടികളുമായി സംയോജിപ്പിക്കാനുള്ള ഒരു മാർഗം ഇതു മാത്രമാണ്. സാമ്പത്തിക വളർച്ചയ്ക്കായി ഒരു പുതിയ വികസന മാതൃക ഉരുത്തിരിയണം എന്നാണ് ഇതിന്റെ അർത്ഥം’ (ജോർജ്ജ് 120-121).

അടുത്ത സങ്കല്പം വിജ്ഞാനമൂലധനവും വിജ്ഞാന സമ്പദ് വ്യവസ്ഥയുമാണ്.

വിജ്ഞാന സമ്പദ് വ്യവസ്ഥ

സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി്യുഫല പ്രദമായ രീതിയിൽ വിജ്ഞാനം ആർജ്ജിക്കുകയും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സമ്പദ് വ്യവസ്ഥയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ. വിജ്ഞാനമൂലധനം സാമ്പത്തിക വളർച്ചയുടെ അകക്കാമ്പായി നില്ക്കുന്നു. അത് വളർച്ചയെ പ്രത്യക്ഷമായും പരോക്ഷമായും സംഭാവന നൽകുന്നു.  ഉല്പാദനമേഖലയിലെ ഭൗതിക മൂലധനത്തെയും അധ്വാനത്തെയും വിശാലമാക്കിക്കൊണ്ട് അത് വളർച്ചയ്ക്ക് സംഭാവന നൽകുന്നു എന്നാണ് വാദം. തൊഴിൽ ശക്തിയെ സംബന്ധിച്ച വിജ്ഞാനം, പുതിയ ആശയങ്ങൾ, പ്രൊഫഷണൽ ശേഷി, ബൗദ്ധിക സ്വത്തവകാശം, സംരംഭകത്വം, ഐടി എന്നിവയെല്ലാം ചേരുന്നതാണിത്.

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള വിജയകരമായ പരിവർത്തനം താഴെ പറയുന്നവ ഉൾക്കൊള്ളുന്നു.

 1. വിദ്യാഭ്യാസത്തിലും മാനവ വികസനത്തിലുമുള്ള ദീർഘകാലികമായ നിക്ഷേപം
 2. പുതു ശേഷികൾ വകസിപ്പിക്കൽ
 3. വിവര വിനിമയ പശ്ചാത്തല സൗകര്യങ്ങളുടെ ആധുനീകീകരണം
 4. സമ്പദ് ഘടനയുടെ ഘടനാപരമായ മാറ്റം, സാമ്പത്തിക വികസനത്തിന് ഉതകുന്ന സാഹചര്യം

ഏതു രാജ്യത്തെയും സാമ്പത്തിക ഉല്പാദനത്തിന്  ലഭ്യമായ വിജ്ഞാനത്തിന്റെ അളവിലും ഗുണത്തിലുമുള്ള വളർച്ച ആവശ്യമാണ്    എന്നും  ഇതിന് മേൽപ്പറഞ്ഞ 4 കാര്യങ്ങൾ വേണം എന്നും വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ വക്താക്കൾ പറയുന്നു.

വിജ്ഞാനാധിഷ്ഠിത മൂലധനത്തിലേക്കുള്ള പരിവർത്തനത്തെ അളക്കാൻ അറിവ് വിലയിരുത്താനുള്ള ഒരു രീതിശാസ്ത്രം ( KAM))  ലോകബാങ്ക് വികസിപ്പിച്ചിട്ടുണ്ട്.    എന്നാൽ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് പരിമിതകളുണ്ടെന്ന് അവർ സമ്മതിക്കുന്നു..വിജ്ഞാന സമ്പദ് വ്യവസ്ഥ വ്യക്തികൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും സമൂഹവിഭാഗങ്ങൾ തമ്മിലുമുള്ള അസമത്വത്തെ സംബന്ധിച്ചും ലിംഗസമത്വത്തെ സംബന്ധിച്ചും അവസര സമത്വത്തെ സംബന്ധിച്ചും  ഹിതകരമല്ലാത്ത ഫലങ്ങൾ ഉളവാക്കാം എന്ന് പറഞ്ഞുവെക്കുന്നുണ്ട്. അതിനർത്ഥം പരിമിത വളർച്ചയ്ക്കുള്ളിൽ സാധ്യമാകുന്നിടത്തോളം സാമൂഹ്യ നീതി എന്ന കേരളമാതൃകയുടെ നേരെ വിരുദ്ധമായ ഒരു സമീപനമാണ് ഇവർ മുന്നോട്ടുവെക്കുന്നത് എന്നാണ്.

കാഴ്ചപ്പാട്ട് 2030

കേരള മാതൃകാചർച്ച തുടങ്ങി കഴിഞ്ഞ് അഞ്ചാം ദശകത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് കേരള സർക്കാർ  ‘കാഴ്ചപ്പാട് 2030’ മുന്നോട്ടുവെച്ചിട്ടുള്ളത്.

വിദ്യഭ്യാസ രംഗവും ആരോഗ്യരംഗവും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്ന നിർദ്ദേശങ്ങൾ ജിം , എമേർജിംഗ് കേരള എന്നീ പേരുകളിലുള്ള രണ്ടു  വികസനസംഗമങ്ങളിലും രൂപപ്പെട്ടിരുന്നല്ലോ., എമേർജിംഗ് കേരള വ്യക്തമായും ഈ ദിശയിൽ ചില

നിർദ്ദേശങ്ങൾ തന്നെ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ന്യായീകരണം കൂടിയാണ് ‘കാഴ്ചപ്പാട് 2030’ ൽ    ഉള്ളത്. കെ.കെ.ജോർജ്ജ് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച കേരള മാതൃകയുടെ വിമർശനവും ജിമ്മിലും എമേർജിംഗ് കേരളയിലും വന്ന പ്രായോഗിക നിർദ്ദേശങ്ങളും ചേർത്തുവെക്കുന്ന പഠനമാണ് യഥാർഥത്തിൽ ‘കാഴ്ചപ്പാട് 2030’.

കേരളമാതൃകയെ വിമർശനാത്മകമായി കണ്ട് അടുത്ത സമഗ്ര പദ്ധതി മുന്നോട്ടുവെച്ചു എന്ന മേന്മ കേരളം 2030 ന് അവകാശപ്പെടാം. എന്നാൽ എന്തു തരം കേരളത്തെയാണ് അത് മുന്നോട്ടുവെക്കുന്നത്?

സാമൂഹ്യതയിലൂന്നിയ വളർച്ചാ സങ്കല്പത്തിൽനിന്നും വ്യത്യസ്തമായ പുതിയ മാനദണ്ഡങ്ങൾ വികസനത്തെ മുൻനിർത്തി അപ്പോഴേക്കും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മനുഷ്യമൂലധനം, വിജ്ഞാന മൂലധനം തുടങ്ങിയ ഈ പുതിയ സങ്കല്പങ്ങളിലാണ് കേരള മാതൃകയിൽ നിന്ന് വ്യത്യസ്തമായി കാഴ്ചപ്പാട് 2030 നങ്കൂരമിടുന്നത്. ഇതിന്റെ  സ്രോതസ്സ് കെ.കെ.ജോർജ്ജിന്റെ വിമർശനത്തിൽ തന്നെയുണ്ടായിരുന്നു.

‘കാഴ്ചപ്പാട് 2030’ ൽ മനുഷ്യമൂലധനം, വിജ്ഞാന മൂലധനം, വിജ്ഞാന സമ്പദ് വ്യവസ്ഥ എന്നിവ കൂടടാതെ  വേറെയും ചില പുതിയ പദങ്ങളും സങ്കല്പനങ്ങളും രൂപപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തെ സംബന്ധിച്ച സങ്കല്പങ്ങളെ തന്നെ മാറ്റിയെഴുതുന്നതാണിത്. സാമ്പത്തിക സ്വാതന്ത്ര്യം ( ഇക്കണോ

മിക് ഫ്രീഡം 727), കച്ചവട സ്വാതന്ത്ര്യം ( ബിസിനസ് ഫ്രീഡം 730) എന്നിവയാണിവയിൽ ചിലത്. ഇക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് റിപ്പോർട്ട് ( ഇ.എഫ്. ഡബ്ല്യു , 727) എടുത്ത് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.

ഈ സങ്കല്പം എങ്ങിനെയാണ് ‘കാഴ്ചപ്പാട് 2030’ ന്റെ അടിസ്ഥാനമാകുന്നത്?

കേരളം 2030 ഓടെ നോളജ് ഇക്കണോമിയാകും എന്ന പ്രഖ്യാപനമാണത്(പു729). സംരഭകത്വവും സാമ്പത്തിക മൂല്യമുള്ള അറിവുല്പാദിപ്പിക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത് നഗരവൽക്കരണത്തെയും പൂർവദർശനം ചെയ്യുന്നു. 2040 ക ളോടെ 80 ശതമാനം കേരളീയരും നഗരവാസികളായിരിക്കും എന്നാണ് ‘കാഴ്ചപ്പാട് 2030′ പറയുന്നത്.

 

കേരളത്തിന്റെ നേട്ടങ്ങൾ പറഞ്ഞ ശേഷം ഇത് സുസ്ഥിരമാക്കാൻ കഴിയുമോ എന്ന് ചോദിച്ച് അത് സാധ്യമാണ് എന്നും അതിന് ചില പദ്ധതികൾ വേണമെന്നും’കാഴ്ചപ്പാട് 2030’ പറയുന്നു. സാമ്പത്തിക രംഗത്തെ അത്തരം ആസൂത്രണമാണ് രേഖ മുന്നോട്ടുവെക്കുന്നത്.

കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ മുരടിപ്പ്, പരിമിത വളർച്ച, വേഗവളർച്ച എന്നിങ്ങനെ തരംതിരിക്കുന്നു. 1970 കളിൽ കൃഷിയിലും വ്യവസായത്തിലും തകർച്ച അനുഭവപ്പെട്ടു.

വളർച്ച മുരടിച്ചു.കഴിഞ്ഞ രണ്ടര ദശകമായി(1987-88— 2009-10) കേരളത്തിന്റെ വളർച്ചാ നിരക്ക് 6.3 ആണ്.

1980-81 — 1986-87കാലത്ത് കേരളത്തിന്റെ വളർച്ച .044 ഉം ഇന്ത്യയുടേത് 4.71 ഉം ആണ്.

പരിമിതി വളർച്ചയുടെ കാലമാണ് 1987-88—2002. വേഗ വളർച്ചയാണ് 2002-2003—2014 കാലത്തേതെന്നും ‘കാഴ്ചപ്പാട് 2030’പറയുന്നു.

കേരളം എന്താണ് ലക്ഷ്യമാക്കേണ്ടത് എന്ന് ‘കാഴ്ചപ്പാട് 2030’ നിർദ്ദേശിക്കുന്നു. 7.5 ശതമാനം

ജിഎസ്ഡിപി 20 കൊല്ലത്തിനുള്ളിൽ ഉണ്ടാക്കണം.

ആളോഹരി വരുമാനം 4,763 ഡോളറിൽനിന്ന് 19,000 ഡോളറിലേക്ക് മാറണം.

2040 ആകുമ്പോഴേക്ക് ഉണ്ടാകുന്ന വളർച്ച താഴെ പറയുന്നതാണ്:

കാർഷിക രംഗത്ത് 2 ശതമാനം അധിക വളർച്ച

ഉല്പാദനരംഗത്ത് 9 ശതമാനം

നിർമാണ മേഖലയിൽ 9 ശതമാനം

കമ്മ്യൂണിക്കേഷനിൽ 9 ശതമാനം

വിദ്യാഭ്യാസം, ആരോഗ്യം 10 ശതമാനം

കേരളത്തെ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ആഗോളമായ ഹബ്ബാക്കുക,കൊച്ചിയെ ആഗോളനഗരമാക്കുക.വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലൂടെയുള്ള സേവന വ്യാപാരം വികസിപ്പിക്കുക    എന്നിവ ലക്ഷ്യമാക്കുന്നു.  കേരളത്തിൽ ഈ വികസനത്തിന്റെ ഭാഗമായി 5 ആഗോള നഗരങ്ങൾ സങ്കല്പിക്കുന്നു. ( പു71).വിജ്ഞാന പശ്ചാത്തലമുള്ള ഘടനയ്ക്കു ചുറ്റും ലോക നിലവാരത്തിലൂള്ള നഗര കേന്ദ്രങ്ങൾ. ഉയർന്നുവരണം ( പു.72)

സ്വകാര്യമേഖലയായിരിക്കും വിജ്ഞാന കേന്ദ്രിത സമ്പദ് വ്യവസ്ഥയുടെ എഞ്ചിൻ (പു75).  വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ സർക്കാർ  സ്വകാര്യമേഖലയിലെ കാറ്റലിസ്റ്റ് മാത്രമായിരിക്കും.

ഫിൻലന്റ്, നോർവേ, ഡൻമാർക്ക്, സ്വീഡൻ- കേരളത്തെ നോർഡിക് രാജ്യങ്ങളുമായി തുല്യതയിലെത്തിക്കലാണ് ‘കാഴ്ചപ്പാട് 2030’ ലക്ഷ്യമാക്കുന്നത്.

അതിനുള്ള മേഖലകൾ ഇവയാണ്:

 1. സാമ്പത്തികം- ആളോഹരി വരുമാനം വർധിപ്പിക്കൽ
 2. മാനവിക മേഖല- ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം
 3. സാമൂഹ്യപുരോഗതി- ലിംഗം, മതം. ജാതി, വംശവ്യത്യാസമില്ലാത്ത പുരോഗതി
 4. ഹരിത പ്രോസ്പരിറ്റി.(ഗ്രീൻ പ്രോസ്പരിറ്റി)

ചുരുക്കത്തിൽ കേരള മാതൃകയിൽ നിന്ന് നോർഡിക് മാതൃകയിലേക്കുള്ള മാറ്റമാണിത്.

വിവിധ മേഖലകളെ നായക മേഖലയും നീത മേഖലയും എന്നു വിഭജിക്കുന്നു.  (ഡ്രൈവർ, ഡ്രിവൻ )ആരോഗ്യം, വിദ്യാഭ്യാസം മുഖ്യകച്ചവട മേഖലകൾ ((Promote service trade in eduacation and health) (പു. 70)

ഡബ്ല്യൂ.ടി. ഒ പ്രകാരം വാണിജ്യത്തിലൂടെയും നിക്ഷേപത്തിലൂടെയും ഉണ്ടാകേണ്ട ഡ്രൈവർ സെക്ടറുകളുടെ തിരിച്ചറിവിന്റെയും പ്രോത്സാഹനത്തിന്റെയും ആവശ്യകതയാണ് ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും മുൻനിർത്തി ആഗോള നഗരങ്ങൾ രൂപപ്പെടുത്തലാണ് പദ്ധതി വഴിയുദ്ദേശിക്കുന്നത്.

നോളജ് ഹബിൽ ഉണ്ടാവുക- സർവകലാശാലകൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഗവേഷണ ഏജൻസികൾ സവിശേഷ മേഖലയിലെ അറിവുകേന്ദ്രിത സ്ഥാപനങ്ങൾ എന്നിവയാകും.

ഏറണാകുളം ബിസിനസ് കേന്ദ്രമായതിനാൽ അവിടെ ബിസിനസ് സ്റ്റഡീസും വ്യവസായ ഗവേഷണവും വികസനവും സംബന്ധിച്ച കേന്ദ്രം വേണമെന്നാണ് നിർദ്ദേശം. കൊച്ചി ടെക്‌നോളജി സോൺ ആയിരിക്കും.

ആലപ്പുഴ ആയുർവേദ കേന്ദ്രം തുടങ്ങിയ സാധ്യതകൾ ‘കാഴ്ചപ്പാട് 2030’ മുന്നോട്ടുവെക്കുന്നു.

ഇതിന്റെ ധർമങ്ങൾ ഇവയായിരിക്കും:

1.വിജ്ഞാനോല്പാദനം,വിദഗ്ധ തൊഴിലാളികളുടെ നിർമിക്കൽ

 1. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വികസ്വര രാജ്യങ്ങളിൽനിന്നും യൂവാക്കളെ ആകർഷിക്കൽ.
 2. മറ്റു രാജ്യങ്ങളിലേക്ക് വേണ്ട തൊഴിൽ ശക്തി നിർമിക്കൽ
 3. പ്രാദേശിക മേഖലകളിലേക്ക് വിജ്ഞാനം വിതരണം ചെയ്യുക
 4. വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും മറ്റുള്ളവർക്ക് വിജ്ഞാനവിതരണം നടത്തുക.

എല്ലാ ജില്ലകളിലും വിജ്ഞാന ക്ലസ്റ്ററുകൾ ഉണ്ടാക്കുക ( പു 72). യുവാക്കൾക്ക് കൃഷി-ഐടിമേഖലയിൽ സംരംഭകത്വം.  സ്വയം തൊഴിൽ അനുപാതം വർധിപ്പിക്കൽ എന്നിവ ലക്ഷ്യമാക്കുന്നു.

ബഹുജന ഇടപെടൽ

കേരള മാതൃകയുടെ സവിശേഷതയായി അമർത്യസെന്നും ദ്രേസും പറഞ്ഞത് ബഹുജന ഇടപെടലാണല്ലോ. ബഹുജന ഇടപടെലിന്റെ പ്രാധാന്യം ‘കാഴ്ചപ്പാട് 2030’ ലും എടുത്തുപറയുന്നു (പു 14). പബ്ലിക് ആക്ഷൻ പൊളിറ്റിക്‌സ്    എന്നു വിളിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ രാഷ്ട്രീയം പൂർണ്ണമായും ചോർത്തിക്കളയുകയും 2030 വെച്ച പദ്ധതികൾ തന്നെ ബഹുജന ഇടപെടലിന് വിരുദ്ധമായിരിക്കും എന്നുള്ളത് മൂടിവെക്കുകയും ചെയ്യുകയാണ് യഥാർഥത്തിൽ ഈ രേഖ. വിവിധ കാലഘട്ടങ്ങളെ മുൻനിർത്തി സെക്ടറൽ ഷെയറുകളെ ഇങ്ങിനെ രേഖയിൽ പട്ടികപ്പെടുത്തുന്നുണ്ട്:

 

പട്ടിക

സെക്ടറൽ  ഷേയറുകൾ

മേഖല              2012-16                         2017-21                         2022-26            2027-31

കൃഷി                            3.0                               3.0                   2.5                    1.8

മൈനിംഗ് ക്വാറിയിംഗ് 6.0                                5.0                   4.0                   3.0

മാനുഫാക്ചറിംഗ്          8.0                              10.0                  9.5                   8.5

നിർമാണം                    8.0                               10.0                  9.5                   8.5

കമ്മ്യൂണിക്കേഷൻ         9.0                               8.0                   7.0                    6.0

ബാങ്കിംഗ് ഇൻഷ്വറൻസ്            8.0                   9.0                   9.0                   8.0

പബ്ലിക് അഡ്മിനിസ്‌ട്രേഷൻ 8.0                        7.0                    6.0                   5.0

മറ്റു സർവീസുകൾ                       11.0                   11.0                   9.0                   9.0

 

 

 

വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുന്നു

കാഴ്ചപ്പാട് 2030 ൽ പറയുന്ന, 80 ശതമാനം നഗരവാസികളുള്ള ഈ സാങ്കല്പിക ഇടത്തിലെ അധികാര വികേന്ദ്രീകരണം എന്തായിരിക്കും? അസംഖ്യം ഗ്രാമപഞ്ചായത്തുകൾ വഴിയല്ല, പകരം പരിമിതമായ പ്രദേശിക രൂപങ്ങൾ വഴിയായിരിക്കും പ്രദേശികഭരണത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുക എന്ന് കാഴ്ചപ്പാട് 2030 പറയുന്നു.

നഗരത്തിലെ പ്രാദേശിക അധികാര രൂപങ്ങളും അവയുടെ വികേന്ദ്രീകൃത അധികാരവും സ്വയംഭരണവും അവരെടുക്കുന്ന തീരുമാനങ്ങളും ഫലത്തിൽ അതിനു പുറത്തുള്ള ഗ്രാമങ്ങളിലെ അവികസിത പ്രദേശങ്ങളിലെ ജനതകൾക്ക് ഭീഷണിയായിരിക്കുമെന്നതിൽ സംശയമില്ല. ഇത് കേരളമാതൃകയെ മാത്രമല്ല വികേന്ദ്രീകരണത്തിലൂന്നിയ രണ്ടാം കേരളമാതൃകയെയും പരിഹാസ്യമാക്കുന്നു. വികേന്ദ്രീകരണമല്ല, കേന്ദ്രീകരണമാണ് ഇവിടെ സംഭവിക്കുക. വിഭവ വിതരണം വിവിധ സ്ഥലങ്ങൾ തമ്മിൽ വിപരീതാനുപാതത്തിലാകുമ്പോൾ അവിടെ വികേന്ദ്രീകരണവും പ്രാദേശിക സ്വയംഭരണവും ജനാധിപത്യവിരുദ്ധമാകുന്നു എന്ന് ഇത് കാണിക്കുന്നു.

 

ഭരണത്തിന് മാതൃകയായി മുന്നോട്ടുവെക്കുന്നത് ഗുജറാത്ത്, ബീഹാർ, ഒഡിഷ എന്നിവയെയാണ്. രാഷ്ട്രീയ നേതൃത്വത്തിന് വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്ന ഉദാഹരണമാണവയെന്നു പറയുന്നു(പു.912)

 

പുതിയ കേരളീയത- ബഹുജന ഇടപെടൽ- രണ്ടാം ( മൂന്നാം ?) കേരള മാതൃകയിലേക്ക്

ശമ്പളത്തെയും പെൻഷനെയും മറ്റും മുൻനിർത്തി കേരളവികസനമാതൃകയ്ക്കു നേരെ ഉയർന്ന എൺപതുകളിലെയും തൊണ്ണൂറുകളിലെയും വിമർശനങ്ങളെ കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ. ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തുനിന്നും പിന്നീടുവന്ന എല്ലാ പരിഷ്‌കരണത്തിനും അടിസ്ഥാനമായത് ഈ തിരിച്ചറിവുകളാണെന്നത് ശ്രദ്ധേയമാണ്. പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ചും സ്വാശ്രയത്വത്തെ കുറിച്ചുള്ള പുതിയ ചർച്ചകൾക്കെന്നപോലെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ വെട്ടിക്കുറക്കൽ പോലുള്ള കാര്യങ്ങൾ വരെ സ്ഥാപിക്കാൻ മുന്നോട്ടുവെച്ച കാരണങ്ങൾ ഇതൊക്കെ തന്നെയായിരുന്നു. ആഗോളവൽക്കരണവുമായി ബന്ധപ്പെട്ട് പുതിയ കാലഘട്ടത്തിൽ കേരളമാതൃകയുടെ പരിമിതിയെ സംബന്ധിച്ച ഈ കണക്കുകളെ തന്നെയാണ് ‘കാഴ്ചപ്പാട് 2030’ ഉം ആശ്രയിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സമവികാസമാണ് കേരളമാതൃക. കേരള മാതൃക 1970-80 കളിൽ മുന്നോട്ടുവെച്ചതെങ്കിൽ    അസമവികാസമാണ് ‘കാഴ്ചപ്പാട് 2030’ മുന്നോട്ടുവെക്കുന്നത്.  വികേന്ദ്രീകരണം ഫലത്തിൽ അസമ വികാസത്തിന് അനുകൂലമാകുന്നു. പ്രത്യേക സാമ്പത്തികമേഖലകൾ    ഉൾപ്പെടെയുള്ള വിശേഷ മേഖലകളും അസമത്വത്തെ വികസിപ്പിക്കുന്നതിനുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട പുതിയ ഒരു വർഗം രൂപപ്പെടുത്തുന്ന മുന്നണിയായിരിക്കും ഇനി ഈ പദ്ധതിയെ പിന്തുണച്ചു രംഗത്തത്തുക. കരാറുകാർ, കൺസൾട്ടൻസികൾ, സാങ്കേതിക വിദഗ്ധർ, ഉദ്യോഗസ്ഥർ, ഭൂമാഫിയകൾ എല്ലാം ചേർന്ന ഒരു പുതിയ വർഗത്തെയായിരിക്കും കേരളത്തിനു മേൽ ‘കാഴ്ചപ്പാട് 2030’ ഉണ്ടാക്കാൻ പോകുന്നത്.   ഈ നഗരങ്ങളുണ്ടാക്കാൻ വേണ്ടി പൊട്ടിക്കേണ്ടി വരുന്ന പാറകളുടെയും എടുക്കുന്ന മണലിന്റെയും  നശിക്കുന്ന പ്രകൃതിയുടെയും കണക്കെത്രയായിരിക്കും? ഇവ പുറത്തുവിടുന്ന സുസ്ഥിര മാലിന്യമെത്രയായിരിക്കും? ഈ പുതിയ വർഗത്തിന്റെ സമ്മർദ്ദത്തെ ഇരുമുന്നണികളും എങ്ങനെ ചെറുക്കുന്നു, എത്രത്തോളം വഴിപ്പെടുന്നു എന്നതായിരിക്കും കേരളത്തിന്റെ ഭാവിയെ നിശ്ചയിക്കാൻ പോകുന്നത്.

 

ഭൂപരിഷ്‌കരണത്തിന്റെ ബാക്കി പത്രം

ഭൂപരിഷ്‌കരണം ജന്മി-കുടിയാൻ ബന്ധങ്ങളിൽ മാറ്റം വരുത്തിയെങ്കിലും കുടിയാൻ-അടിയാൻ ബന്ധങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടാക്കിയില്ല. ഇന്ന് ദളിതവിഭാഗം അനുഭവിക്കുന്ന സാമ്പത്തികമേഖലയിലുൾപ്പെടെയുള്ള വിഭവ ദാരിദ്ര്യത്തിന്റെ അടിസ്ഥാനം ഈ പരിമിതിയാണ്. അതുപോലെ തന്നെ തോട്ടം മേഖലകളെ ഒഴിവാക്കിക്കൊണ്ടാണ് ഭുപരിഷ്‌കരണം വന്നത്. അവിടത്തെ കൊളോണിയൽ ബന്ധങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും തുടരുന്നതിന്റെ തെളിവാണ് മൂന്നാറിലും മറ്റും ഇപ്പോൾ നടക്കുന്ന സമരം. ഭൂപരിഷ്‌കരണം സ്ത്രീകളുടെ ഭൂവുടമസ്ഥതയെ കണക്കിലെടുത്തില്ല എന്നും അത് പുരുഷകേന്ദ്രിതമായ ഭൂവുടമസ്ഥതയിലേക്ക് മാറിയെന്നുമുള്ള വിമർശനവും ഉണ്ട്. ഇന്ന് ഇത് പരിഹരിക്കേണ്ടതാണെന്ന അവബോധം വികസിച്ചുവന്നിട്ടുമുണ്ട്. കുടുംബശ്രീപോലുള്ള ഉദ്യമങ്ങൾ ഈ മേഖലയിൽ പുതിയ ബന്ധങ്ങൾ സാധ്യമാകുമോ എന്ന പരീക്ഷണം കൂടിയാണ്.

 

പ്രതിരോധ പ്രസ്ഥാനങ്ങളുടെ പുതിയ കേരളീയതയും കേരളമാതൃകയും   

1980 കളിൽ വിഭാവനം ചെയ്യപ്പെട്ട കേരളത്തിൽ നിന്നും 2015 ലെ കേരളം മാറിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. പൊതുജന ഇടപെടൽ എന്ന സങ്കല്പം ഗുണപരമായ പരിവർത്തനത്തിന് ഇതിനിടയിൽ വിധേയമായി. ദളിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും പരിസ്ഥിതി പ്രശ്‌നങ്ങളും സ്ത്രീകൾക്കുന

നേരെ നടക്കുന്ന അക്രമങ്ങളും അന്നില്ലാത്ത മട്ടിൽ പുതിയ തിരിച്ചറിവകളുടെ രാഷ്ട്രീയത്തെ ഇന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ അതുവരെ വിഭാവനം ചെയ്തിരുന്ന മധ്യവർഗ കാഴ്ചപ്പാടിന് ഏറ്റ കനത്ത ആഘാതമായിരുന്നു മുത്തങ്ങ സമരത്തോടെ വന്ന പുതിയ ആദിവാസി അവബോധം. കേരളത്തെ സംബന്ധിച്ച സർവ അഹങ്കാരങ്ങളെയും അസ്ഥിരപ്പെടുത്താൻ പോന്നതായിരുന്നു ആ സമരവും തുടർന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളും. ആദിവാസികളുടെ സാംസ്‌കാരികവും ഭാഷാപരവുമായ നിലനില്പിന് സഹായകരമായ സമീപനങ്ങൾ ഭരണകൂടത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഇനി ആവശ്യമാണ്. ശിശു വിദ്യാഭ്യാസത്തിനായി ആദിവാസിഭാഷ ഉപയോഗിക്കാനുള്ള തീരുമാനം അട്ടപ്പാടിയിൽ ഇക്കഴിഞ്ഞ വർഷമാണ് സ്വീകരിച്ചത്.

കേരളത്തിന്റെ കാർഷികമേഖലയിലെ വിശേഷിച്ച് ഭക്ഷ്യവിളകളുടെ രംഗത്തുള്ള ആശ്രിതത്വത്തെക്കുറിച്ചുള്ള തിരിച്ചറിവും അതിൽനിന്ന് രക്ഷപ്പെടാനുള്ള പ്രായോഗിക പ്രവർത്തനങ്ങളെ കുറിച്ചുള്ള ചിന്തകളും അത്തരം പ്രവർത്തനങ്ങളുമാണ് മറ്റൊരു തലം. ജൈവ കൃഷിയിലേക്കുള്ള തിരിച്ചുപോക്കിനുള്ള ശ്രമമാണ് ഇതിൽ പ്രധാനം. കീടനാശിനികളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആധി മധ്യവർഗത്തിലേക്ക് പടർന്നതോടെയാണ് ജൈവകൃഷിയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് കേരളത്തിൽ ആധികാരികത ലഭിച്ചത്. സർക്കാറിന്റെ ഭാഗത്തുനിന്നു തന്നെ അത്തരമൊരു ശ്രമമുണ്ടായി. വരുന്ന വർഷങ്ങളോടെ കേരളം സമ്പൂർണ്ണമായ ജൈവകൃഷി സംസ്ഥാനമാകുമെന്ന പ്രഖ്യാപനവും ഉണ്ടായിരിക്കുന്നു.കൃഷിയുടെ കോർപ്പറേറ്റ് വൽക്കരണത്തെ ചെറുക്കുക എന്നതും പകരം പ്രാദേശിക അടിത്തറയുളള്ള ജൈവ കാർഷിക കൂട്ടായ്മകൾ വികസിപ്പിക്കുക എന്നതും പ്രധാനമാണെന്നു വരുന്നു. ഇതിലെ ജൈവവിത്തുകൾ മുതൽ ജൈവവളം വരെയുള്ള കാര്യത്തിൽ ഇതെല്ലാം ശരിക്ക് എത്രത്തോളം ജൈവമാണ് എന്ന ചോദ്യം ഒരു വശത്ത് ഉയരുന്നുണ്ടെങ്കിലും ജൈവികമായ ഒരവബോധവും അതിലൂന്നിയ പ്രവർത്തനങ്ങളും വ്യാപകമായി ആരംഭിച്ചിട്ടുണ്ട് എന്നത് അംഗീകരിച്ചേ ഒക്കൂ. ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിടെ ടെറസ്സ് കൃഷി സങ്കല്പം

വയലും ഭൂമിയുമില്ലെങ്കിലും നരഗകേന്ദ്രിത വികസനമായാലും സാരമില്ല കൃഷിനടത്താം എന്ന അബോധപാഠം മധ്യവർഗം സ്വാംശീകരിച്ച ജൈവകൃഷിബോധത്തിന്റെ പരിമിതികളിലേക്ക് വെളിച്ചം വീശുന്നുണ്ട്.

ജിമ്മിൽനിന്നും എമേർജിംഗ് കേരളയിൽ നിന്നും ‘കാഴ്ചപ്പാട് 2030’ ൽ നിന്നും വ്യത്യസ്തമായ പ്രതിരോധ പ്രസ്ഥാനങ്ങളുടെ മുൻകയ്യിൽ ഒരു കേരളീയത    ഇന്ന്    ഉയർന്നുവരുന്നുണ്ട്. വിവിധ ജനകീയ കൂട്ടായ്മകളാണ് ഈ രംഗത്ത് പ്രവർത്തിക്കുകയും പുതിയ കേരളത്തെ മുന്നോട്ടുവെക്കുകയും ചെയ്യുന്നത്. ചുരുക്തത്തിൽ ബഹുജന ഇടപെടലിന്റെ പുതിയ മേഖലകൾ ഇപ്പോൾ വികസിച്ചു വന്നിരിക്കുന്നു.

 1. ജൈവ കർഷക കൂട്ടായ്മ- പാരിസ്ഥിതികാവബോധവും നാണ്യവിളകളിൽനിന്ന് ഭക്ഷ്യവിളകളിലേക്കുള്ള മാറ്റം
 2. ആദിവാസി മേഖലയിലെ ഭൂസമരങ്ങളും പ്രത്യാഘാതങ്ങളും

3.സ്ത്രീ അവകാശങ്ങളും ഇടപെടലുകളും

4.ദളിത് അവബോധം.

ഇതിനൊപ്പം ലൈംഗിക ന്യൂനപക്ഷത്തെക്കുറിച്ചുള്ള അവബോധവും ഇപ്പോൾ വികസിച്ചു വന്നു.

‘കാഴ്ചപ്പാട് 2030’  മുന്നോട്ടുവെക്കുന്ന വികസന സങ്കല്പം ആശ്രിതത്വവികസനമമാണ്. വിദേശ കമ്പനികൾക്കു

പറ്റുന്ന തൊഴിലാളികളെ ഉല്പാദിപ്പിക്കൽ മാത്രമാണ് ലക്ഷ്യമെങ്കിൽ അത് ആശ്രിതത്വം തന്നെ. പ്രത്യേക സാമ്പത്തികമേഖലകളിലൂടെ വികസിപ്പിച്ചെടുക്കുന്ന തൊഴിൽ സംസ്‌കാരം ജനാധിപത്യാവകാശങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളും ഇല്ലാതാക്കുമെന്നതിൽ സംശയമില്ല.

2003 ൽ പുറത്തിറങ്ങിയ കഥ ഇതുവരെ-കേരള വികസന സംവാദങ്ങൾ എന്ന സമാഹാരം അതുവരെയുള്ള വിമർശനങ്ങൾ സമാഹരിക്കുന്നു. അതിനുശേഷം ഇറങ്ങിയ രണ്ടു പ്രധാന വിമർശനങ്ങൾ ഗോവിന്ദൻ പാറയിൽ എഡിറ്റു ചെയ്ത കേരളവികസാനുഭവവും രവിരാമൻ എഡിറ്റു ചെയ്ത വികസനം, ജനാധിപത്യം, ഭരണകൂടം ( 2010)  എന്ന കൃതിയുമാണ്.

കേരളമാതൃകയെ ആദർശാത്മകമായി കാണുന്നതിനെ വിമർശിക്കുകയും അതേ സമയം അതിന്റെ നേട്ടങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന കൂടുതൽ സന്തുലിതമായ പഠനങ്ങൾ ഈ അടുത്ത കാലത്ത് വന്നിട്ടുണ്ട്. കേരള മാതൃക പൗരസ്ത്യവാദപരമായ ഭ്രമക്കാഴ്ചയാണോ എന്ന ചോദ്യം രവിരാമൻ ഉന്നയിക്കുന്നുണ്ട്. അധീശ,കീഴാള വിഭാഗങ്ങൾ തമ്മിൽ നടന്ന സംവാദവും പ്രതിരോധവും ഒത്തുതീർപ്പും വഴി രൂപപ്പെട്ടതാണ് കേരള മാതൃക എന്ന് രവിരാമൻ പറയുന്നുണ്ട്. കേരള മാതൃകയെ കുറിച്ചുളള ഓറിയന്റലിസ്റ്റ് വ്യാഖ്യാനം നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് നയപരമായ പരാജയങ്ങളിൽ നിന്ന് സംസ്ഥാനം സ്വതന്ത്രമാണ്    എന്ന കാര്യമാണെന്ന് രവിരാമൻ ഓർപ്പിക്കുന്നുണ്ട്. അതേ സമയം ആദിവാസികളുൾപ്പെടെയുള്ളവരുടെ ദാരിദ്ര്യത്തെയും മരണനിരക്കിനെയും കണക്കിലെടുക്കുന്നില്ലെന്ന വിമർശനവും സ്ത്രീപദവിയുടെ കാര്യത്തിലുള്ള പിന്നോക്കാവസ്ഥയും മറ്റും ഈ പുസ്‌കത്തിൽ വിവിധ ലേഖകർ വിമർശിക്കുന്നുണ്ട്.    എഡിബി വായ്പ എടുക്കാനുള്ള തീരുമാനം സ്വാശ്രിതത കേരളമാതൃകയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്നു രവിരാമനും ചൂണ്ടിക്കാട്ടുന്നു.

ജപ്പാനിലെ യുനൈറ്റഡ് നാഷൻസ് സർവകലാശാലയിലെ ഗോവിന്ദൻ പാറയിൽ സമാഹരിച്ച  കേരളവികസനാനുഭവം എന്ന നേരത്തെയുള്ള കൃതിയിൽ യൂറോകേന്ദ്രിത വികസനസങ്കല്പത്തിനകത്തു നില്ക്കുമ്പോഴുള്ള അമ്പരപ്പാണ് കേരളമാതൃകയെക്കുറിച്ചുള്ളതെന്നും യഥാർഥത്തിൽ കേരള മാതൃക മൂന്നാംലോകത്തിന്റെ വികസനപാതയ്ക്ക് ഇണങ്ങുന്നതാണെന്നും പറയുന്നു. വികസന ശാസ്ത്രം പ്രയോഗിക്കേണ്ടതിന്റെ ഒരേയൊരു വഴി നിയോക്ലാസിക്കലായ സാമ്പത്തിക സിദ്ധാന്തങ്ങൾ സ്വീകരിക്കുകയാണെന്ന മിക്ക ആധുനിക സമ്പദ്ശാസ്ത്രജ്ഞരുടെയും അഭിപ്രായം മാതൃകയാക്കുന്നത് ന്യൂട്ടോണിയൻ ബല തന്ത്രത്തെയാണ് എന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. യൂറോപ്പിനെയും വടക്കെ അമേരിക്കൻ ഉല്പാദത്തെയും മുൻനിർത്തിയുള്ളതാണിത്. മൂന്നാംലോകത്തിന്റെ യഥാർഥ വികസനവും പരിവർത്തനവും നടക്കണമെങ്കിൽ ഈ സമീപനം പുനപരിശോധിക്കണം. നിയോക്ലാസിക്കൽ സമ്പദ് ശാസ്ത്ര സങ്കല്പത്തിൽ ഉൾച്ചേർന്ന നിലപാട് കയ്യൊഴിയണം. അതായത് ആധുനികീകരണത്തിലേക്ക് ഒരു വഴി മാത്രമേയുള്ളൂ  എന്ന സമീപനം    ഉപേക്ഷിക്കണം. ഗോവിന്ദൻ പാറയിൽ സൂചിപ്പിച്ച പോലെ യൂറോകേന്ദ്രിത വികസന സങ്കല്പത്തിൽ നിന്ന് ഈ നിലയിൽ പുറത്തു കടന്നാൽ മാത്രമേ ഉല്പാദന കേന്ദ്രിതവും സ്വാശ്രയത്വത്തിന് ഊന്നലുള്ളതും രാഷ്ട്രീയ ഇച്ഛാശക്തിയുള്ളതുമായ കേരളം ഉയർന്നുവരികയുള്ളൂ.

മാതൃഭാഷയും ഉല്പാദന ഭാവനയും

യാന്ത്രികഭൗതികവാദം കണക്കിലെടുക്കാതെ പോയത് മനുഷ്യന്റെ ആത്മനിഷ്ഠ  ശക്തികളെയാണ്. സാർവലൗകിക ഈഗോവിനെ മുൻനിർത്തി ഭാഷാഭേദങ്ങളെയോ പ്രദേശ ഭേദങ്ങളെയോ അത് കണക്കിലെടുത്തിരുന്നില്ല.  മറ്റൊന്ന് ഭാഷ വെറും ഒരുപകരണം മാത്രമാണെന്ന സങ്കല്പമാണ്.എന്നാൽ ഭാഷ ഒരുപകരണ മാത്രമല്ല, അത് ആശയമുൾപ്പെടെ എല്ലാറ്റിന്റെയും ഉല്പാദനത്തിനുള്ള ശക്തിതന്നെയാണ്.     ഈ നിലയിൽ യൂറോകേന്ദ്രിത വികസന സങ്കല്പത്തിൽലും കടന്നു വരാത്ത പ്രമേയങ്ങളിലൊന്ന് ഭാഷയാണ്. വികസനത്തിന് ഭാഷയുമായുള്ള ബന്ധം പടിഞ്ഞാറിന് ചർച്ച ചെയ്യേണ്ടി വന്നില്ല. കാരണം അവിടെ മാതൃഭാഷയാണ് വിദ്യാഭ്യാസത്തിന്റെയും ഉല്പാദനമേഖലകളുടെയും ഭാഷ.  മാതൃഭാഷയിൽ വിദ്യാഭ്യാസവും ഭരണവും കോടതിയും പ്രവർത്തിക്കുന്ന യൂറോപ്യൻ ഭാഷകൾക്ക് അവസാനത്തെ ആളെയും വികസന പ്രക്രിയയിൽ പങ്കാളിയാക്കാൻ കഴിയും. മൂന്നു മാസം മാത്രം സ്‌കൂളിൽ പോയ തോമസ് ആൽവാ എഡിസന് ആയിരത്തിലധികം പേറ്റന്റു സമ്പാദിക്കാൻ കഴിഞ്ഞതിന് കാരണം  ഔപചാരിക വിദ്യാഭ്യാസത്തിന്റെയും അനൗപചാരിക വിദ്യാഭ്യാസത്തിന്റെയും ഭാഷ ഒന്നായതാണ്. സർവകലാശാലകളിലെ പിഎച്ച്.ഡി പ്രബന്ധങ്ങളിലേക്ക്  സ്‌കൂൾ അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും മുതൽ കർഷകർക്ക് വരെ മാതൃഭാഷയിലൂടെ തുറവി ലഭിക്കുന്നു. ഈ നിലയിൽ യൂറോപ്പിലോ അമേരിക്കയിലോ ഉള്ള വികസന ചർച്ചകളിൽ കടന്നുവരാത്ത ഒരു വിഷയം, അവർക്ക് പരിഗണിക്കേണ്ടതില്ലാത്ത ഒരു വിഷയം, ഭാഷ എന്ന വിഷയം നമ്മുടെ വികസന ചർച്ചകളിൽ കടന്നുവരേണ്ടിയിരിക്കുന്നു. ശൂന്യതയിൽ നോക്കി നില്ക്കുന്ന ഏകാകിയായി മനുഷ്യനെ കാണുന്ന സാർവലൗകികതയിലൂന്നിയ ആധുനികത്വത്തിന് ഈ തിരിച്ചറിവ് സ്വയം ഉണ്ടാകുകയില്ല. കേരളീയതാ ചർച്ചകളും ആ നിലയിൽ പരിമിതപ്പെട്ടു. നവോത്ഥാന കാലത്തെ വിശാലമായ പരിപ്രേക്ഷ്യം നഷ്ടപ്പെട്ട്  കേരളീയതാ ചർച്ച കേവലം സാഹിത്യകേന്ദ്രിതവും കേരള ദേശീയതാ ചർച്ച കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ മുൻനിർത്തിയുള്ള അടവുമായി ഒതുങ്ങി. ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും  വികസനത്തിന്റെയും തലത്തിൽ മലയാളഭാഷയുടെ ജനായത്ത പ്രയോഗത്തെ മുൻനിർത്തി അത് വികസിക്കുകയുണ്ടായില്ല. കേരള മാതൃകാ ചർച്ചകളിൽ നിന്നും മലയാളഭാഷ സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളിലെ ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒരു വശത്ത് ഉദ്യോഗസ്ഥവൽക്കരിക്കപ്പെട്ട ഭാഷാപ്രശ്‌നമായും മറുവശത്ത് അക്കാദമിക രംഗത്തെ ഭാഷാശാസ്ത്ര പ്രശ്‌നമായും മാത്രം മലയാളഭാഷയുടെ പ്രശ്‌നം ഒതുക്കപ്പെട്ടു. കേരളത്തിൽ മാതൃഭാഷയ്ക്കു വേണ്ടി ഇടതുപക്ഷത്തുനിന്നല്ലാതെയുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അച്യുതമേനോൻ സർക്കാറിന്റെ കാലത്തും ആന്റണിയുടെ കാലത്തുമുണ്ടായ ഭരണഭാഷാ നപടികൾ ഉദ്യോഗസ്ഥ ഭരണത്തിനപ്പുറത്തേക്ക് പോയില്ല. ഗാന്ധിയൻ സമീപനവും ഇടതുസമീപനവും തമ്മിൽ ഭാഷയുടെ കാര്യത്തിൽ അപകോളനീകരണ യുക്തിയിലൂടെയുള്ള ഒരു ഐക്യം സാധ്യമായിരുന്നു. പാർടികൾക്കകത്തല്ലെങ്കിൽ പുറത്തെങ്കിലും. അതുണ്ടായില്ല.

ഒരു ജനതയുടെ തങ്ങളുടെ പ്രദേശത്തിലൂന്നിയ ആത്മബോധത്തിന്റെയും സാമൂഹ്യബന്ധത്തിന്റെയും ആഭ്യന്തര യുക്തിയായ മാതൃഭാഷ ഇവിടെ നിർണായമായ പങ്കുവഹിക്കുന്നു എന്ന കാര്യമാണ് മുൻപറഞ്ഞ ചർച്ചകളെല്ലാം വിട്ടുകളയുന്ന കാര്യങ്ങളിലൊന്ന്. ഈ വശം മനസ്സിലാക്കിക്കൊണ്ട് ഈയടുത്ത കാലത്ത് കെ.സേതുരാമൻ എഴുതിയ മലയാളത്തിന്റെ ഭാവി എന്ന പുസ്‌കത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തത്കാലം മാതൃഭാഷയും കേരള വികസനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചില നിരീക്ഷങ്ങളിൽ ഈ ചർച്ച അവസാനിപ്പിക്കാം.

മൂന്നൂ കാര്യങ്ങളിൽ ഈ നിലയിൽ ഉല്പാദനവും വികസനവും തമ്മിൽ ഭാഷ ബന്ധപ്പെടുന്നുണ്ടെന്ന് പ്രാഥമികമായി പറയാം:

 1. മലയാള മാധ്യമത്തിലുള്ള പഠനവും അതിന് കേരളീയ ഉല്പാദന മേഖലയുമായുള്ള ബന്ധവും അഥവാ ഇംഗ്ലീഷ് മാധ്യമ പഠനവും അതിന് കേരളീയ ഉല്പാദനമേഖലയുമായും കേരളീയാനുഭവങ്ങളിലെ ദൈനംദിനസാമൂഹ്യബോധവുമായുള്ള അന്യത്വവും.
 2. അക്കാദമികവും അല്ലാത്തതുമായ പാഠ്യപദ്ധതികളെ കേരളവികസനത്തിന് മുൻഗണന കൊടുക്കുന്ന മട്ടിൽ അപകോളനീകരിക്കൽ
 3. വിദഗ്ധരുടെ ഭാഷാ, സ്ഥലബോധത്തെയും ഉല്പാദന കർത്തൃത്വത്തെയും രാഷ്ട്രീയ കർത്തൃത്വത്തെയും അപകോളനീകരിക്കൽ
 4. ഭാഷ ഒരുപകരണം മാത്രമല്ല, ഭാഷ തന്നെ ഒരുല്പാദനശക്തിയാണ് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ഭാഷയുമായി ബന്ധപ്പെട്ട ഉല്പാദനമേഖലകളുടെ പ്രാധാന്യം തിരിച്ചറിയൽ. സാംസ്‌കാരിക ഉല്പാദനം നേരിട്ടു തന്നെ ഇതിൽ വരുന്നു.
 5. ഭാഷ വ്യക്തിയുടെ സാമൂഹ്യകർത്തൃത്വത്തിന്റെയും ഉല്പാദനഭാവനയുടെയും നിർമാണസാമഗ്രിയെന്ന നിലയിൽ സാമ്പത്തികോല്പാദനത്തെയും പ്രദേശികതയിലുള്ള ആത്മനിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു എന്ന കാര്യത്തിന്റെ തിരിച്ചറിവ്. വികസന പ്രക്രിയയെ അടിത്തട്ടിൽനിന്നുള്ള നോക്കിക്കാണൽ സാധ്യമാകുന്നത് അപ്പോഴാണ്.

‘കാഴ്ചപ്പാട് 2030’ പ്രകടമായും ഇംഗ്ലീഷ് മാധ്യമപഠനത്തിന്റെ ലോകവീക്ഷണത്തിന്റെ തുടർച്ചയിലാണ് സ്വയം സ്ഥാനപ്പെടുത്തുന്നത്. കേരളത്തെ ഒരു ഉല്പാദന മേഖലയെന്ന നിലയിൽ സ്വീകരിക്കാതെ പുറത്തേക്കു വേണ്ട മനുഷ്യവിഭാവമൊരുക്കുന്ന ~ഒരു പ്രദേശം മാത്രമായാണത് കാണുന്നത്. ഇംഗ്ലീഷാണ് വിജ്ഞാനോല്പാദനത്തിന്റെ മാധ്യമമെന്നു വന്നാൽ ഈ നിലയിലേ ചിന്തിക്കാൻ കഴിയൂ. തെങ്ങുകയറ്റത്തൊഴിലിനുള്ള യന്ത്രമുണ്ടാക്കുകയാണോ പ്രധാനം , ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥയ്ക്കിണങ്ങുന്ന വിദ്യാഭ്യാസം നമ്മുടെ ചെറുപ്പക്കാർക്ക് നൽകി അവരെ അവിടേക്ക് കയറ്റിയയക്കുകയാണോ വേണ്ടത്    എന്ന ചോദ്യത്തിൽ ഭാഷയും ഉല്പാദനഭാവനയും തമ്മിലുള്ള ബന്ധമുണ്ട്. നിലവിൽ ഇംഗ്ലീഷിലുള്ള വിജ്ഞാനലോകത്തിന് സ്വാശ്രയ കേരളത്തെ വിഭാവനം ചെയ്യാനാവില്ല.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും മാധ്യമം മലയാളമാകുന്നതോടെ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിലേക്കു സ്വാഭാവികമായ ശ്രദ്ധ വരും എന്ന് ഇതിനർത്ഥമില്ല. ഭാഷയാണ് വികസനത്തിന്റെ അടിസ്ഥാനപരമായ ഘടകം എന്ന ഭാഷാകേന്ദ്രിതവാദവും ഇവിടെ ഉന്നയിക്കുന്നില്ല. മാതൃഭാഷ തന്നെ മാധ്യമമായ പ്രദേശങ്ങൾ ആഗോളവൽക്കരണത്തിന്റെ ഭാഗമായി ആഭ്യന്തരശേഷികൾ ഇല്ലാതെ ആശ്രിതത്വത്തിലേക്ക് നീങ്ങിയിട്ടുണ്ട്    എന്നത് യാഥാർഥ്യമാണ്. എന്നാൽ സാക്ഷരവർഗവും അടിസ്ഥാന ജീവിത ഘടകങ്ങളും തമ്മിലുള്ള അകലം ഏതവസ്ഥയിലായാലും അന്യഭാഷ മാധ്യമമാകുന്നതോടെ സാർവത്രികമാകുന്നു എന്ന കാര്യത്തിൽ സംശയമില്ല. സ്വാശ്രിതത്വത്തെയും വികസനത്തെയും സംബന്ധിച്ച ചർച്ചകളിൽ ഭാഷ ഒരു ഘടകമായി പരിഗണിക്കപ്പെടണം എന്നു മാത്രമാണ് ഇപ്പറഞ്ഞതിന്റെ അർത്ഥം.  ഉല്പാദനത്തിനും വികസനത്തിനും ഒരു ആത്മനിഷ്ഠ തലം കൂടിയുണ്ടെന്നും അതിൽ പ്രധാനമാണ് മാതൃഭാഷയും അതിലൂന്നിയ പ്രദേശ ബോധവും സാമൂഹ്യബന്ധങ്ങളും എന്നു പറയുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

മാതൃഭാഷയിലൂടെ സമൂഹവുമായി നേടേണ്ട ബന്ധത്തെ നിരാകരിച്ച് വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുകയും ധ്യാനാത്മകമായ ഒരാഗോളതയെ സ്വപ്നം കാണാനുമാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളും ഇംഗ്ലീഷ് മാധ്യമ ക്ലാസുകളും ശ്രമിക്കുന്നത്. ഉല്പാദനമുൾപ്പെടെ എല്ലാ രംഗത്തും സാമൂഹ്യതയുടെ നിരാകരണമാണിവിടെ സംഭവിക്കുന്നത്.

 

ഇവിടെ ജോലി ചെയ്യുന്നത് ഗതി കേടു കൊണ്ട് മാത്രമാണ് എന്നു ചിന്തിക്കുന്ന യുവതലമുറ സ്വന്തം പ്രദേശവുമായുള്ള ബന്ധത്തിൽ ഉല്പാദന ഭാവനയുടെ കാര്യത്തിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. അത് അവരുടെ രാഷ്ട്രീയ ബോധത്തെയും പ്രാദേശിക ബന്ധങ്ങളെയും കൂടി അന്യവൽക്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് മാധ്യമ പഠനത്തിന് ഈ അന്യവൽക്കരണത്തിൽ വലിയ പങ്കുണ്ട്.

വയലുകളിൽ കൃഷി ചെയ്യാമെന്ന ആത്മവിശ്വാസമാണോ അതിനെ പ്രത്യേക സാമ്പത്തിക മേഖലയും എജു സിറ്റിയുമായി പരിഗണിച്ച് നികത്തുന്ന വിധേയത്വബോധമാണോ കാണിക്കേണ്ടത് എന്ന കാര്യത്തിൽ രണ്ടു തരം ഉല്പാദനഭാവനയും വികസനഭാവനയുമാണ് പ്രവർത്തിക്കുന്നത്.

 

പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകളുടെ മാധ്യമം ഇംഗ്ലീഷായി തുടരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യമായ കയറ്റത്തെ തടയുന്നുണ്ട്. നിലവിലുള്ള അധീശ വിഭാഗങ്ങൾക്ക് അവരുടെ മേൽക്കൈ ഈ മേഖലയിൽ തുടരാനാകുന്നതിന് ഒരു കാരണം ഭരണ തലത്തിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിൽ  ഇംഗ്ലീഷിന്റെ ഇപ്പോഴുമുള്ള കോയ്മാണ്.

അച്ചടിയും പത്രവും പുസ്തകവുമുൾപ്പെടുന്ന സാംസ്‌കാരിക ഉല്പാദന മേഖലയെ ഒരു സാമ്പത്തിക ശക്തിയായി നാം കണ്ടാൽ അത് ഭാവിയിൽ ഇംഗ്ലീഷിലേക്ക് മാറുമ്പോൾ സംഭവിക്കുന് നഷ്ടം കണക്കാക്കാൻ കഴിയും. ഇന്റർനെറ്റുമായി ബന്ധപ്പെട്ടു വരുന്ന ഉത്തരാധുനികമെന്ന് വിളിക്കാവുന്ന ഉല്പാദന മേഖലയുടെ കാര്യത്തിലും ഇതു ബാധകമാണ്.

 

മാതൃഭാഷയും കേരള വികസനവും 

 

ആധുനിക വിദ്യാഭ്യാസം നൽകിയ സാർവലൗകികവും യാന്ത്രികവും സാമ്പത്തിക കേന്ദ്രിതവുമായ ആസൂത്രണ സങ്കല്പമാണ് കേരളീയ ഇടതുപക്ഷത്തെയും നയിച്ചത്. സാർവലൗകിക മനുഷ്യന്റെ  ആഗോള മാതൃകയെ കേരളത്തിൽ പറിച്ചു നടുക എന്ന ഭരണകൂട ആസൂത്രണത്തിന്റെ യുക്തി.ജനീകയ ദേശീയത എന്ന നിലയിൽ ജനങ്ങളെ ബന്ധിപ്പിക്കുന്ന മാതൃഭാഷയും അതിന്റെ രാഷ്ട്രീയവും ഒഴിവാക്കപ്പെട്ടു. സാമൂഹ്യജീവിതത്തിന്റെ ആത്മനിഷ്ഠ ഘടകങ്ങൾ പിന്തള്ളപ്പെട്ടു. സാമ്പത്തികമായ അതിനിർണയനങ്ങളെ കുറിച്ചുള്ള ധാരണയല്ലാതെ, ഭാഷാപരവും സാംസ്‌കാരികവുമായ കീഴ് നിർണയനങ്ങളെ ( കീഴ് നിർണയനം എന്നത് സാമ്പത്തികവാദപരമായ അതിനിർണയനത്തെ സമർപ്പിച്ച് സമീർ അമീൻ മുന്നോട്ടുവെച്ചതാണ്). ആത്മനിഷ്ഠ ശക്തികളെയും ആഭ്യന്തര ശക്തികളെയും ജൈവികമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് തടസ്സമായി. ആദിവാസി പ്രശ്‌നത്തിലുൾപ്പെട്ട ഭാഷാ പ്രശ്‌നം പോലും തിരിച്ചറിയപ്പെടുന്നില്ല. തങ്ങളുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവരുടെ അവകാശം വകവെക്കപ്പെടുന്നില്ല. 2015 ൽ മുന്നാറിൽ തമിഴ് തോട്ടം തൊഴിലാളി സ്ത്രീകളോട് വിവിധ തൊഴിലാളി സംഘടനകൾ എടുത്ത സമീപനം ഈ സംസ്‌കാരിക ഘടകത്തെ സംബന്ധിച്ച അജ്ഞത കൂടി കാണിക്കുന്നതാണ്. കേരളത്തിൽ മാതൃഭാഷയല്ലാത്ത അറബിയും ഹിന്ദിയും സംസ്‌കൃതവുമായി മലയാളത്തെ താരതമ്യം ചെയ്ത് സ്ഥാനപ്പെടുത്തേണ്ട ഒരു  കാര്യവുമില്ല. പകരം കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെയും ഗോത്രജനതയുടെയും ഭാഷാപരമായ അവകാശങ്ങളെ മലയാളം ഹനിക്കുന്നുണ്ടോ എന്നും അവരുടെ ഭാഷകളുടെ നിലനില്പിന് ഭീഷണിയാകുന്നുണ്ടോ എന്നുമാണ് നോക്കേണ്ടത്. കേരളമാതൃകയുടെ സാംസ്‌കാരിക വിമർശനം കേരളത്തിലെ മലയാളം മാതൃഭാഷയല്ലാത്ത ജനതകളുടെ അവകാശങ്ങളെ കുടി സംബന്ധിച്ചുള്ളതാണ്. ആദിവാസി വിഷയത്തിലും തോട്ടം തൊഴിലാളി വിഷയത്തിലും അറിയാതെ ഇത് ചേർന്ന് കിടക്കുന്നു. അവരുടെ വിദ്യാഭ്യാസവും വികസനവും അവരുടെ മാതൃഭാഷയുമായും ബന്ധപ്പെട്ടിരിക്കുന്നു.

അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പോലും മാതൃഭാഷയും വികേന്ദ്രീകരണവുമായുള്ള ബന്ധം മനസ്സിലാക്കിയിട്ടില്ല.   വിജ്ഞാന മൂലധനം എന്നാൽ ആഗോളമാണെന്നും അതിന്റെ ഭാഷ ഇംഗ്ലീഷാണെന്നും കാണുന്ന ‘കാഴ്ചപ്പാട് 2030’ ലെ സമീപനം ജനാധികാര രാഷ്ട്രീയത്തെ എവിടേക്കാണ് ഇപ്പോൾ തന്നെ നയിച്ചിട്ടുള്ളത് എന്ന് ഇതിനോടൊപ്പം പരിശോധിക്കുന്നത് നന്നായിരിക്കും. കമ്പ്യുട്ടർവൽക്കരണവും കരാർ ജോലിയും പ്രകാരം സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട മാതൃഭാഷയിൽക്കൂടിയുള്ള പരിമിതമായ  അറിവു സാധ്യത പോലും നഷ്ടപ്പെടുകയാണുണ്ടായിട്ടുള്ളത്. അക്ഷയകേന്ദ്രങ്ങൾ വഴി ഇംഗ്ലീഷിൽ അപേക്ഷ നൽകാൻ സാധാരണക്കാർ വിധിക്കപ്പെട്ടു. ഇംഗ്ലീഷിൽ അച്ചടിച്ചു കൊടുത്താൽ പ്രശ്‌നമില്ല, അവർക്കൊരു പരാതിയുമില്ല, മലയാളത്തിലാെണെങ്കിൽ    അവർ തിരുത്തുണ്ടെന്നു പറയും എന്നാണ് അക്ഷ.യ കേന്ദ്രത്തിന്റെ ഒരു നടത്തിപ്പുകാരൻ പറഞ്ഞത്. ഇത് കേരളമാതൃകയിലെ അധികാര വികേന്ദ്രീകരണത്തെയും 1969 മുതലുള്ള ഭരണഭാഷാഉത്തരവുകളെയും അട്ടിമറിക്കലാണ്. പ്രദേശവുമായി ഇന്ദ്രിയാത്മക ബന്ധങ്ങളൊന്നും സൂക്ഷിക്കാതെ    അമൂർത്തമായ ഒരു കേവലതയിലേക്ക് തുറന്നുവെച്ചിരിക്കുന്ന ബോധങ്ങളായാണ് ഈ മാതൃക മനുഷ്യനെ കാണുന്നത്.വികേന്ദ്രീകരണവുമായി  ബന്ധപ്പെട്ടാണ് ‘കില’യും ഇൻഫർമേഷൻ കേരള മിഷനും നിലനില്ക്കുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമാണ് കില പരിശീലനം നൽകുന്നതെങ്കിൽ ഇൻഫർമേഷൻ കേരള മിഷൻ പഞ്ചായത്തുകളെ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനുള്ളതാണ്.

വികേന്ദ്രീകരണം ഇപ്പോഴും മാതൃഭാഷയിലായിട്ടില്ലെന്നു മാത്രമല്ല, പഞ്ചായത്ത്    അംഗങ്ങൾക്ക് ഇംഗ്ലീഷിൽ പരിശീലനം നൽകാനാണ് ഒരു ഘട്ടത്തിൽ കില ശ്രമിച്ചത്. പഞ്ചായത്തുകളിലെ കമ്പ്യൂട്ടർവൽക്കരണവും മലയാളവൽക്കരിക്കപ്പെട്ടിട്ടില്ല. അധികാരം ജനങ്ങൾക്ക് അടിത്തട്ടിൽനിന്നുള്ള വികസനം എന്നെല്ലാം പറയുമ്പോഴും ഭാഷ വരേണ്യമായിരിക്കുമ്പോൾ അത് മേലെ നിന്ന് താഴെക്കുള്ള അധികാര പ്രയോഗം മാത്രമായി    അവശേഷിക്കും. പഞ്ചായത്ത് അംഗത്വം പോലും സാധാരണക്കാർക്ക്    അപ്രാപ്യമാകും. പാലക്കാട് ജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ അംഗമായ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളയാളും ജനങ്ങൾക്കിടയിൽ നല്ല പ്രതിനിധിയെന്ന പേരുള്ളയാളുമായ അസൈനാർക്ക പറഞ്ഞത് ഇംഗ്ലീഷിൽ തന്ന ഉത്തരവ് താൻ തന്ന അധികാരികളുടെ മുമ്പിൽ വെച്ചു തന്നെ കീറിക്കളഞ്ഞുവെന്നാണ് ( 2014 നവംബറിൽ കരിമ്പുഴ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന മാതൃഭാഷാ ചർച്ചയിൽ പറഞ്ഞത്).

 

മനുഷ്യ മൂലധനം, വിജ്ഞാന മൂലധനം തുടങ്ങിയ പദങ്ങളെയും സങ്കല്പങ്ങളെയും അംഗീകരിച്ചാൽത്തന്നെ ഈ മൂലധനങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത് അതിന്റെ മുൻഗണനകൾ എന്താണ് എന്നീ കാര്യങ്ങൾ മുന്നിൽവരുന്നുണ്ട്. മനുഷ്യാധ്വാനവും അറിവുല്പാദനവും ആദ്യമായി നാടിനു വേണ്ടിയാണെങ്കിൽ അത് മാതൃഭാഷയിലാകണം.

കേരളത്തിൽ സ്ഥാപിക്കപ്പെടുന്ന എജു സിറ്റി എന്താണെന്ന് ഇപ്പോൾ നമുക്ക് സങ്കല്പിക്കാം. ജാതിമത മൂലധന ശക്തികളുടെ പ്രത്യയശാസ്ത്രവും ഇംഗ്ലീഷ് മാധ്യമവും ചേർന്ന ഒന്നായിരിക്കുമത്. കേരളത്തെ ജാതീയമായും മതപരമായും വിഭജിക്കുന്ന ഒരു യുവതലമുറയുടെ സൃഷ്ടി കേരള മാതൃകയുടെ അന്ത്യത്തെയാണ് കുറിക്കുക. ഇന്ത്യയിലിന്ന് ശക്തിപ്പെടുന്ന ഭുരിപക്ഷ വർഗീതയുടെ ഇരുപുറത്തുമായി അണിനിരക്കാൻ ബാധ്യതപ്പെടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെയാണ് ഈ ഇംഗ്ലീഷ് മാധ്യമ സ്ഥാപനങ്ങൾക്ക് സൃഷ്ടിക്കാനാവുകയുള്ളൂ. പൊതുവിദ്യാഭ്യാസം എന്ന കേരള മാതൃകയുടെ അന്ത്യവും പൊതുബബോധം എന്നും പൊതുമണ്ഡലം എന്നും നാം വിവരിച്ച ആധുനികീകരണത്തെ പുറകോട്ട് തള്ളുന്നതയുമായിരിക്കും അത്. കേരളത്തിനു വേണ്ടി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം പൂർണമായും കയ്യൊഴിയുന്ന അവസ്ഥയിലേക്കാണത് നയിക്കുകയും ചെയ്യുക.

ഇംഗ്ലീഷ് പഠനവും ഇംഗ്ലീഷിലുള്ള പഠനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയുള്ള ഓട്ടം എന്തു തരം ആശ്രിതത്വത്തിലേക്കാണ് നയിക്കുക എന്ന് നാം ചർച്ച ചെയ്തിട്ടില്ല. കേരളത്തിൽ നിന്ന് പുറത്തേക്കു പോകുന്നതിന്റെ കണക്കാണ് ഇതിന് കാരണമായി പറയാറുള്ളത്. എന്നാൽ കഴിഞ്ഞ തലമുറ മലയാള മാധ്യമത്തിൽ പഠിച്ചുകൊണ്ടു തന്നെയാണ് ലോകത്തിലെ  വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് എന്നത് മനസ്സിലാക്കുന്നില്ല. കേരളത്തിൽ ആഭ്യന്തര കുടിയേറ്റത്തിന്റെ ഭാഗമായി വന്നിട്ടുള്ള 30 ലക്ഷത്തോളം ഉത്തരേന്ത്യക്കാർ മലയാളം മാധ്യമത്തിലോ മലയാളഭാഷ തന്നെയോ പഠിച്ചട്ടല്ല ഇവിടെ ജോലി ചെയ്യുന്നത് എന്ന കാര്യം ആരും ആ ഘട്ടത്തിൽ എടുത്തുപറയാറില്ല. വിദേശ മലയാളികൾ 70,000 കോടി രൂപ ഇവിടേക്ക് കൊണ്ടുവരുമ്പോൾ 17,000 കോടി രൂപ കേരളത്തിൽ നിന്ന് ആഭ്യന്തര കുടിയേറ്റം വഴി പുറത്തേക്ക് പോകുന്നുണ്ടെന്നകാര്യവും നാം ശ്രദ്ധിക്കാറില്ല.

അടിസ്ഥാന തൊഴിലുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായതോടെ കേരളത്തിലെ മലയാളി സമൂഹം പൊതുവെ മധ്യവർഗവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന രാഷ്ട്രീയവൈരുദ്ധ്യവും സാമ്പത്തിക വൈരുദ്ധ്യവും സമീകരിക്കപ്പെട്ട് കേരളത്തിലെ രണ്ടു മുന്നണികളും തമ്മിലും അതിന്റെ പ്രവർത്തകർ തമ്മിലുമുള്ള വ്യത്യാസം മാഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഈ മധ്യവർഗ താത്പര്യത്തിനപ്പുറത്തേക്ക് പോകണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ വർഗബന്ധങ്ങളെ സംബോധന ചെയ്യേണ്ടിവരും.

ഇന്ത്യയിലെ വികസന പ്രക്രിയയെ ആകെ പ്രശ്‌നവൽക്കരിച്ചുകൊണ്ട് വികസനം നടന്നുവെന്ന് പറയുന്ന ജില്ലകളിൽ തന്നെയാണ് ഏറ്റവും ജീവിതസാഹചര്യങ്ങൾ നഷ്ടപ്പെട്ട ജനങ്ങളും അധിവസിക്കുന്നത്    എന്നു കാണിക്കുന്നപഠനം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ 640 ജില്ലകളെയും 5955 ഉപജില്ലകളെയും മുൻനിർത്തി സഞ്ചിത ബക്ഷിയും  ആരുനിഷ് ചൗളയും മിഹിർഷായും നടത്തിയ പഠനത്തിലാണിത് വ്യക്തമാക്കുന്നത് ( ദ ഹിന്ദു ഫെബ്രു2, 2015) . വികസന പ്രക്രിയ ആകെ ഉടച്ചു വാർക്കേണ്ടതിലേക്കാണിത് വിരൽചൂണ്ടുന്നത്.

ഇന്ത്യയിൽ ഉല്പാദിപ്പിക്കുക ( മേക്ക് ഇൻ ഇന്ത്യ) എന്ന മോഡിയുടെ കാഴ്ചപ്പാടിനെ തിരുത്തിക്കൊണ്ട് റിസർവ് ബാങ്ക് ഗവർണർ രഘുരാംരാജൻ ഇന്ത്യയ്ക്കു വേണ്ടി ഉല്പാദിപ്പിക്കുക ( മേയ്ക്ക് ഫോർ ഇന്ത്യ) എന്ന കാഴ്ചപ്പാട് ഈയടുത്താണ് മുന്നോട്ടുവെച്ചത്. പുറത്തെ കമ്പോളത്തെയല്ല, ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തെയാണ് നാം പ്രാഥമികമായും ലക്ഷ്യമാക്കേണ്ടത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

കേരളത്തിന് വേണ്ടി മാത്രമല്ല, ഇന്ത്യക്കും വേണ്ടിയും ഉല്പാദിപ്പിക്കേണ്ടി വരുമ്പോൾ അതിനുപയോഗിക്കേണ്ട ഭാഷ മാതൃഭാഷയായിരിക്കും. മലയാളത്തിലൂടെയും കേരളത്തിലെ ആദിവാസിഭാഷകളിലൂടെയും ന്യൂനപക്ഷ ഭാഷകളിലൂടെയും പ്രാദേശികതലത്തിൽ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന കേരളമാണ് ജനാധിപത്യപരമായിരിക്കുക. സ്വാശ്രയ കേരളത്തെ ആദിവാസികളിലേക്കും ഭാഷാന്യൂനപക്ഷങ്ങളിലേക്കും ഇതര സംസ്ഥാനത്തൊഴിലാളികളിലേക്കും കൂടി വികസിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ അവരവർക്കുവേണ്ടിയും ഇന്ത്യക്കു വേണ്ടി പൊതുവായും ഉല്പാദിപ്പിക്കുകക, അതു കഴിഞ്ഞു മാത്രം വിദേശകമ്പോളത്തെ കാണുക, ഗ്രാമങ്ങൾ മുതൽ രാജ്യം വരെ നീളുന്ന ഇത്തരമൊരു    ഉല്പാദന വിതരണ ബദലിലേക്കാണത് ലക്ഷ്യം വെക്കേണ്ടത്. ഇന്ത്യയിലെ മാതൃഭാഷകൾക്കു മേലുള്ള ഇംഗ്ലീഷിന്റെ ആധിപത്യമല്ല, അതിനുള്ള വഴി, ഇന്ത്യയിലെ മാതൃഭാഷകൾ തമ്മിൽ പരസ്പരം പുലർത്തേണ്ട വിനിമയ ബന്ധമാണ് ആവശ്യം. കേരളത്തിൽ ഇനി ഇന്ത്യൻ ഭാഷകൾക്കുള്ള പഠനവകുപ്പുകളാണ് അതിന് ആരംഭിക്കേണ്ടത്.

പുതിയ കേരളീയത രൂപപ്പെടുന്നത് അപകോളനീകരണത്തിനു വേണ്ടിയുള്ള സമരത്തിൽനിന്നാണ്.  ഭാഷാരംഗത്തും കാർഷിക രംഗത്തും പരിസ്ഥിതിരംഗത്തും  സാങ്കേതിക രംഗത്തുമെല്ലാം ഇതു നടക്കുന്നുണ്ട്. ഗുരു കണ്ടെത്തിയ കേരളം ആദ്യത്തെ അപകോളനീകരണത്തിന്റെ സന്ദർഭമാണ്. അതും രൂപപ്പെട്ടത് ഒരു സമരത്തിൽനിന്നാണ്. ജാതിമേധാവിത്തത്തിനെതിരെയുള്ള സമരമായിരുന്നു അത്. ഇപ്പോഴത്തേതാകട്ടെ സർവതോമുഖമായ എല്ലാതരം കീഴാളരുടെയും ആത്മസ്ഥാപനത്തിനും ആധിപത്യത്തിൽനിന്നുള്ള വിടുതിക്കും വേണ്ടിയുള്ള സമരത്തിൽനിന്നു രൂപപ്പെടുന്നതാണ്.

സംസ്‌കാരം മാത്രമല്ല, സ്വത്വവും സമരത്തിലൂടെ രൂപപ്പെടുന്നതാണ്. സമരത്തിലൂടെ രൂപപ്പെടുന്ന ഒരു സാങ്കല്പിക സമൂഹമുണ്ട്. സമരപോരാളികൾ തമ്മിലും പങ്കാളികൾ തമ്മിലുമുള്ള ബന്ധത്തിൽനിന്ന് രൂപപ്പെടുന്ന , യഥാർഥ ശരീരങ്ങൾ ഉൾക്കൊള്ളുന്ന പരസ്പരമായ അറിവലൂടെ രൂപപ്പെടുന്ന സമൂഹമാണത്. അത് യഥാർഥത്തിൽ കേവലം വിഭാവിത സമൂഹമല്ല, അച്ചടിയിലൂടെ വരുന്ന സാങ്കല്പിക സമൂഹത്തെക്കാൾ ആഴത്തിലുള്ളതാണത്. സ്വത്വസ്ഥാപനത്തിനും ആത്മപ്രകാശനത്തിനുമുള്ള സമരങ്ങളിലൂടെ നേടിയെടുക്കുന്ന ഐക്യമാണത്. ജാതി വിരുദ്ധ സമരകാലത്തും ദേശീയ സമരകാലത്തും കർഷക സമരകാലത്തും നാം ഇത്തരമൊരു ഐക്യം രൂപപ്പെടുത്തിയിരുന്നു. ആ അർത്ഥത്തിൽ അത് ഭാവനാത്മകമായ സമൂഹമല്ല, യഥാർഥ സമൂഹമാണ്. പ്രാഥമിക തലത്തിൽ തന്നെയുള്ള മനുഷൈ്യക്യമാണത്.

കേരളീയ മാതൃകയെ സംബന്ധിച്ച് തുടക്കത്തിൽ നാം മുന്നോട്ടു വെച്ച  നിഷേധാത്മക ഘടകങ്ങൾ മാറ്റിവെച്ചാൽ അതിൽ നന്ന് സിദ്ധിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ബഹുജന സമരമാതൃക എന്നതാണ് ഒന്ന്. കേരളീയ മാതൃകയുടെ അടിസ്ഥാനമാണത്. ഇനി വരാനിരിക്കുന്ന കേരളത്തെ രൂപീകരിക്കുന്നതിൽ ആധുനിക ഘട്ടത്തിൽ രൂപപ്പെട്ട പ്രസ്ഥാനങ്ങൾക്കു മാത്രമല്ല, പുതിയ പ്രസ്ഥാനങ്ങൾക്കും പങ്കുണ്ടാകും. നവോത്ഥാന കേരളീയതയിൽ നിന്ന് മുന്നോട്ടുപോകുന്ന പുതിയ കേരളീയതയുടെ സൃഷ്ടിയായിരിക്കും അത്.

കേരളത്തിലെ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം    അപകോളനീകരിക്കുന്നതിന്റെ യുക്തിയിൽ പുന:സംവിധാനം ചെയ്യുന്നതിന്റെ ആദ്യപടി അവയുടെ മാധ്യമം മാതൃഭാഷയാകുക എന്നതാണ്. തങ്ങൾ ജനങ്ങളിൽനിന്ന് വന്നവരാണെന്നും ജനങ്ങൾക്കു വേണ്ടിയുള്ളവരാണെന്നുമുള്ള ബോധം ഈ നിലയിലേ അവർക്കുണ്ടാവുകയുള്ളൂ. അന്യസ്ഥലത്തേക്ക് ഒരുക്കപ്പെട്ടവരാണ് തങ്ങൾ എന്നത് സാമൂഹ്യബോധമല്ല, വ്യക്തിപരമായ അതിജീവനേബോധം മാത്രമാണ്. മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ കാഴ്ചപ്പാട് കേരളത്തിലൂന്നിയാകുന്നതാണ് അടുത്ത ലക്ഷ്യമായി വരേണ്ടത്. ഇത്തരത്തിലൊന്ന് സംഭവിക്കുമ്പോഴേ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീരിക്കപ്പെടുകയുള്ളൂ.

സമരത്തിലൂടെ രൂപപ്പെടുന്ന ചിഹ്നങ്ങൾ, പാരമ്പര്യ ചിഹ്നങ്ങളെ സമരോത്സുകവും സാമാന്യവും ജനീകവുമായ ചിഹ്നങ്ങളുമാക്കുന്നു. ജാതി മതപരിധികൾ ലംഘിക്കുന്നു. പൊതു സൗന്ദര്യചിഹ്നങ്ങളായി അത് മാറുന്നു. അത് സാങ്കല്പിക സമൂഹമല്ല, പ്രവൃത്യുന്മുഖവും സമരോത്സുകവുമായ ഒരുജീവസമൂഹമാണ്. കർമോന്മുഖ സമൂഹമാണ്.    അതിലൂടെയാണ് നാം വ്യക്തികളുടെ കൂട്ടായ്മകൾക്കപ്പുറത്തേക്ക് ഒരു സമൂഹവും സമുദായവുമായി തീരുന്നത്. പ്രവൃത്തിതന്നെ വിഭാവനയാകുന്ന സമൂഹം. കലയും സാഹിത്യവുമടക്കമുള്ള സന്ദര്യാത്മക ഘടകങ്ങളാൽ കൂടി ബന്ധിതമായ സമൂഹമാണത്. ഇതിനെയാണ് പുതിയ കേരളവും പുതിയ കേരളീയതയുമായി നാം തിരിച്ചറിയേണ്ട്.


ഗ്രന്ഥസൂചി:

അച്യുതമേനോൻ സി. 1985  കേരളം ഒരു ദ്ങ്മാത്ര ദർശനം കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

അമർത്യസെൻ 2000  സംസ്‌കാരം യുക്തി സമൂഹം -തെരഞ്ഞെടുത്ത ലേഖനനങ്ങൾ വിവ. പി.ബി.തോമസ് നിമി ജോർജ്ജ് മധു ഇറവങ്കര, ഡിസി ബുക്‌സ്,കോട്ടയം.

അമർത്യ സെൻ 2004 വികസനം തന്നെ സ്വാതന്ത്ര്യം, വിവ. ഇഗ്നേഷ്യസ് കാക്കനാടൻ, എം.പി.സദാശിവൻ,

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

അമർത്യ സെൻ, ഴാങ് ദ്രേസ് ( എഡി.) ഇന്ത്യൻ വികസനം-തെരഞ്ഞെടുത്ത മേഖലാ പരിപ്രേക്ഷ്യങ്ങൾ, കേര

ളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം

ആർതർ ടി മോഷർ 1973  കാർഷികാഭിവൃദ്ധി കൈവരിക്കാൻ, തർജ്ജമ രവിവർമ. കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

ഡോ.എം.എ. ഉമ്മൻ 1972  ഭുപരിഷ്‌കരണങ്ങളും സാമൂഹ്യസാമ്പത്തിക പരിവർത്തനവും കേരളത്തിൽ- ഒരു പ്രാഥമിക പഠനം കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

ഉമ്മൻ എം.എ 2003 ‘പൊതുപ്രവർത്തന സിദ്ധാന്തവും കേരളത്തിന്റെ വികസനാനുഭവവും’,  കഥ ഇതുവരെ കേരള വികസന സംവാദങ്ങൾ, എഡി.ടി.ടി.ശ്രീകുമാർ, എസ് .സഞ്ജീവ്, ഡിസി ബുക്‌സ്, കോട്ടയം.

ഒരു സംഘം ലേഖകർ 1972  കേരളത്തിന്റെ വികസന പ്രശ്‌നങ്ങൾ, ചിന്ത പബ്ലിേഷേഴ്‌സ് തിരുവനന്തപുരം

കണ്ണൻ ഡോ.കെ.പി  2011 കേരള വികസന പ്രയാണം- ശ്രദ്ധേയമായ നേട്ടങ്ങളും ശ്രദ്ധിക്കേണ്ട കോട്ടങ്ങളും,

കേരള ശാസ്ത്രസാഹിത്യപരിഷത്ത്

കമാലുദ്ദീൻ ടി.   എ. 1972 കേരളത്തിന്റെ സാമ്പത്തിക വികാസം, കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

കുഞ്ഞിക്കണ്ണൻ ടി.പി.   2010 അർത്ഥശാസ്ത്ര ലോചന, സി.കെ.ജി സ്മാരക ഗവ.കോളേജ് പേരാമ്പ്ര

കുഞ്ഞിക്കണ്ണൻ ടി.പി. 2011   വേണം മറ്റൊരു കേരളം, കേ.ശാ,.സാ.പരിഷത്ത്

കൃഷ്ണയ്യർ എസ്. 1975 -കേരളത്തിന്റെ സമ്പദ് വ്യവസ്ഥ,   കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

കേശവൻ വെളുത്താട്ട്, എൻ.പി. ചെക്കുട്ടി 1980 കേരളത്തിന്റെ ആധുനീകരണം- ചരിത്രപരമായ പ്രശ്‌നങ്ങൾ, കോഴിക്കോട് സർവ്വകലാശാലാ യൂണിയൻ,

ചന്ദ്രശേഖരൻ നായർ ഇ. 2003  കേരളവികസന മാതൃക- പ്രതിസന്ധിയും പരിഹാര മാർഗങ്ങളും, പ്രഭാത് ബുക് ഹൗസ് തിരുവനന്തപുരം

ജോർജ്ജ് ഡോ.കെ.കെ. 2001 കേരളമാതൃകയുടെ പരിമിതികൾ ,വിവ. കെ.എം.ഷാജഹാൻ കേരള ഭഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

ജോസഫ് താരമംഗലം 2003  ‘കേരളം പ്രതിസന്ധികളും സാധ്യകളും’ , കഥ ഇതുവരെ കേരള വികസന

സംവാദങ്ങൾ, ”ടി.ടി,ശ്രീകുമാർ, എസ് സഞ്ജീവ് ( എചി) ഡിസി ബുക്‌സ്,കോട്ടയം

താമസ് ഐസക് ടി.എം.ഡോ. ഭൂപരിഷ്‌കരണം- ഇനി    എന്ത്? 2006 ചിന്ത പബ്ലിേഷേഴ്‌സ്)

മാത്യുകുര്യൻ കെ.,പി.എൻ.വറുഗീസ് കേന്ദ്രസംസ്ഥാന ബന്ധങ്ങൾ വിവ. വിശ്വനാഥ് ചേതന പബ്ലിക്കേഷൻസ് തിരുവനന്തപുരം

മുരളി നായർ റാൾഫ് ബ്രോഡി ആന്റണി പാലക്കൽ 2006 അടിസ്ഥാന വികനസത്തിന് ഒരു കേരള മാതൃക- അയൽക്കൂട്ട പ്രസ്ഥാനവും ചെറുകിട സംരംഭങ്ങളും,  Southern Books |Star Publications , thiruvananthapuram

ശാന്തകുമാർ വി  നവലിബറലിസത്തെ ഭയക്കുന്നതെന്തിന്? ഡിസി ബുക്‌സ് കോട്ടയം

ശ്യാമസുന്ദരൻ നായർ കെ.എൻ. , എം.പി.പരമേശ്വരൻ 1976 കേരളത്തിന്റെ സമ്പത്ത്,  കേ.ശാ.സാഹിത്യപരിഷത്ത്

ശ്രീകുമാർ ‘ടി.ടി , എസ് സഞ്ജീവ് ( എഡി.) 2003  കഥ ഇതുവരെ കേരള വികസന സംവാദങ്ങൾ, ഡിസി ബുക്‌സ്,കോട്ടയം

സേതുരാമൻ കെ. 2011 മലയാളത്തിന്റെ ഭാവി, മാതൃഭൂമി ബുക്‌സ് , കോഴിക്കോട്

Centre for Development Studies , Trivandrum 1975  Poverty, Unemployment and Development                                                                            Policy- A Case Study of Selected Issues with Reference to                                                                              Kerala, Department of Economic and Social Affairs,                                                                                   United Nations,New York. Orient Longman

Govindan Parayil (ed) 2000  Kerala : The Development Experience- Reflections on Sustainability                                                                                     and Replicability, Zed Books, London <new York.

RaviRaman K. (ed) 2010 Development, Democracy and the State- Critiquing the Kerala Model of                                                                                   Development, Routledge, London,New York

Ram Mohan.K.T ‘Understanding Keralam’, Monthly Review, Vol 43, No.17 Dec, 1991

The Kerala Perspective Plan 2030 ( website)

പത്രറിപ്പോർട്ടുകൾ:

Better to Make for India: Rajan’, The Hindu, Dec13, 2014

‘Desparity Divides Districts: Study’,  The Hindu, 2015 Feb2

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *