August 5, 2020

കാവ്യാശ്രുപൂജ

കാവ്യാശ്രുപൂജ

                                                                                ഡോ.തനുജ ജി

പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതപ്പെട്ട അനുസ്മരണശ്ലോകങ്ങളുടെ സമാഹാരമായ നിവാപാഞ്ജലിയെക്കുറിച്ച്:

കാര്യസ്ഥതയ്ക്കും കവിതയ്ക്കുമൊട്ടു-

പൊരുത്തമില്ലെന്നു ശഠിച്ചിടുന്നോർ

വായിച്ചു നോക്കട്ടെ ഗുരോ, ഭവാന്റെ

ചരിത്രമാം നവ്യപുരാണരത്നം.

………………………………………………………

………………………………………………………

മനീഷിമാർ ചൊൽവു:  ഗുരോ ഭവാന്റെ

നിസ്സീമമധ്യാപന പാടവത്താൽ

പട്ടാമ്പിയിൽസ്സംസ്കൃതമുച്ചരിപ്പൂ

പച്ചക്കിളിക്കുഞ്ഞുങ്ങൾ പോലുമൊന്നായ്  (വിദ്വാൻ,നമ്പ്യാരുവീട്ടിൽ നാരായണമേനോൻ)

     മലബാറിലെ നവോത്ഥാനപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു ഒരു കാലത്ത് പട്ടാമ്പി. ആ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയ മഹദ്വ്യക്തിത്വങ്ങളിൽ ഒരാളാണ് പുന്നശ്ശേരി ശ്രീ നീലകണ്ഠ ശർമ്മ. ബഹുമുഖപ്രതിഭയെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി മറ്റൊന്നു പറയുക സാദ്ധ്യമല്ല. സാഹിത്യരചയിതാവ്, സാമൂഹ്യപ്രവർത്തകൻ,വിദ്യഭ്യാസവിചക്ഷണൻ,പത്രപ്രവർത്തകൻ, ആയുർവ്വേദ ചികിത്സകൻ,സംഘാടകൻ,നവോത്ഥാനനായകൻ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ.അജ്ഞതയുടെ  ഇരുട്ടിനെ അറിവിന്റെ വെളിച്ചം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ച ആ വലിയ മനുഷ്യൻ നടത്തിയ സാംസ്കാരിക പ്രവർത്തനങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടേണ്ടതാണ്.വ്യക്തിജീവിതത്തെ തീർത്തും അപ്രധാനമാക്കിക്കൊണ്ട് മികച്ച ഒരു സാമൂഹിക ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചത് താൻ നേടിയ അറിവിന്റെ പിൻബലമൊന്നുകൊണ്ടു മാത്രമാണ്. സംസ്കൃതഭാഷയെ കൂടുതൽ ജനകീയവും ഉന്മിഷത്തുമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച ‘വിജ്ഞാനചിന്താമണി ‘എന്ന പത്രത്തിലെ മുഖപ്രസംഗങ്ങൾ  സംസ്കൃതഭാഷയെ കൂടുതൽ ജീവസ്സുറ്റതാക്കിത്തീർത്തു.വൈദ്യശാല,പരസ്പര സഹായസഹകരണസഘം, നെയ്ത്തുശാല,ബാങ്ക്,തുടങ്ങി സമൂഹത്തിനുതകുന്നവിധത്തിലുള്ള നിരവധി സംരംഭങ്ങളുടെ അമരക്കാരനായിരുന്നു പുന്നശ്ശേരി നമ്പി. മദിരാശിസർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്ന അദ്ദേഹത്തിന് മഹരാജാക്കന്മാർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും പ്രതിഭാശാലികളുമായ വ്യക്തികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

അദ്ദേഹം തന്റെ നാടിനു വേണ്ടി ചെയ്ത സേവനങ്ങളിൽ ഏറ്റവും മികച്ചതായി      കാണേണ്ടത് സ്വവസതിയിൽ അദ്ദേഹം സ്ഥാപിച്ച ‘സാരസ്വതോദ്യോതിനി’ പാഠശാലയാണ്.സരസ്വതിക്ക് തീണ്ടലില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ദേവഭാഷയെന്നു കേളികേട്ട സംസ്കൃതത്തെ അവർണരെന്നു കരുതിപ്പോന്ന ജനതയ്ക്കു കൂടി പകർന്നു നൽകിയത് അദ്ദേഹം നടത്തിയ വലിയ വിപ്ലവം തന്നെയാണ്. വളരെ പണിപ്പെട്ടാണെങ്കിലും സംസ്കൃത പാഠശാലകൾക്ക് ഗവണ്മെന്റിൽ നിന്ന് ധനസഹായം നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അങ്ങനെ  മലയാള സാഹിത്യചരിത്രത്തിൽ അടയാളപ്പെട്ട നിരവധി പണ്ഡിതന്മാർക്ക് അറിവിന്നുറവിടമായി മാറിയ സാരസ്വതോദ്യോതിനി പാഠശാല 1911-ജൂൺ മൂന്നു മുതൽ കോളേജായി മാറി.ശതാബ്ദങ്ങൾക്കു ശേഷം ആ പാഠശാല ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജ് എന്ന പേരിൽ കേരളത്തിലെ അറിയപ്പെടുന്ന കലാലയങ്ങളിലൊന്നായി മാറിയിരിക്കുന്നു.സംസ്കൃതം സർവ്വ ഭാഷകൾക്കും മാതൃസ്ഥാനം വഹിക്കേണ്ടതാണെന്നു കരുതിയ പുന്നശ്ശേരി ,കേരളത്തിനകത്തും പുറത്തും നടന്ന ശാസ്ത്രസദസ്സുകളിൽ അതീവ ഗഹനങ്ങളായ വിഷയങ്ങളെക്കുറിച്ചു നടത്തിയ  പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.കർമ്മനിരതനും വാഗ്മിയുമായ ആ ഗുരു താൻ ജീവിച്ച എഴുപത്തിയേഴുവർഷത്തിന്റെ മുക്കാൽപങ്കിൽക്കൂടുതലും സംസ്കൃതവിദ്യാഭ്യാസ പ്രചാരണത്തെ ജീവിതലക്ഷ്യമായിക്കണ്ട് മുന്നോട്ടു പോവുകയാണ് ചെയ്തത്.കർമനിരതമായ സ്വജീവിതം ലോകത്തിനു മുന്നിൽ മാതൃകയായി അവശേഷിപ്പിച്ചുകൊണ്ട് 1936-ൽ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ അന്തരിച്ചു. നാനാജാതിമതസ്ഥരായ ശിഷ്യസമ്പത്തിന് തന്റെ കർമ്മമേഖലയെ കൈമാറിക്കൊണ്ടാണ് അദ്ദേഹം കാലത്തിന് വഴിമാറിക്കൊടുത്തത്.

നീലകണ്ഠശർമ്മയുടെ മരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരുമായ പണ്ഡിതലോകത്തെ വല്ലാതെ ഉലച്ചു. അവരുടെ അശ്രുപൂജയാണ് ‘നിവാപാഞ്ജലി’ എന്ന കാവ്യസമാഹാരം.ശർമ്മയുടെ മരണത്തെത്തുടർന്ന് ഇല്ലത്തേയ്ക്കു വന്ന അനുശോചനക്കത്തുകൾക്കിടയിൽ കണ്ട പദ്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രിയശിഷ്യരിലൊരാളായ അച്ചുതത്ത് വാസുദേവൻ മൂസ്സതിനെ പുതിയൊരാശയത്തിലേക്ക് നയിച്ചത്.പദ്യരൂപത്തിലുള്ള അനുശോചന സന്ദേശങ്ങളുടെ സമാഹാരം ഗുരുസ്മരണയ്ക്കായി അർപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് ‘നിവാപാഞ്ജലി’ എന്ന കൃതിയുടെ പിറവി.മലയാളത്തിലെ മാന്യകവികളോട് ചരമപദ്യങ്ങൾ അയച്ചുതരുവാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ പത്രങ്ങളിൽ വിജ്ഞാപനം കൊടുക്കുകയും പലരോടും നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമം ഫലം കണ്ടു.പുന്നശ്ശേരിനമ്പിയുടെ പ്രഭാവം വെളിപ്പെടും മട്ടിൽ നിരവധി പദ്യങ്ങൾ ലഭിച്ചു.കവികളും പണ്ഡിതന്മാരും ഗുരുവിന്റെ ശിഷ്യരും ജ്യോതിഷികളുമൊക്കെ കവിതകൾ അയച്ച കൂട്ടത്തിലുണ്ടായിരുന്നു.ഈ പദ്യങ്ങളൊക്കെ ഒന്നിച്ചു ചേർത്ത്, സ്ഥലപരിമിതിയാൽ ചിലതൊക്കെ ഉപേക്ഷിച്ച്’നിവാപാഞ്ജലി’ എന്ന കാവ്യസമാഹാരം നീലകണ്ഠശർമ്മയുടെ ജീവചരിത്രത്തോടെ പുറത്തിറക്കി. അച്ചുതത്ത് വാസുദേവൻ മൂസ്സത് പ്രസാധകനായ ഈ ഗ്രന്ഥം കൊല്ലവർഷം 1111-ൽ കുന്ദംകുളം പഞ്ചാംഗം പ്രസ്സിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.

നിവാപാഞ്ജലി

ഗുരുശ്രേഷ്ഠനായ പുന്നശ്ശേരി ശ്രീനീലകണ്ഠശർമ്മയ്ക്ക് അദ്ദേഹത്തിന്റെ പ്രിയർ തങ്ങളുടെ കാവ്യസലിലം കൊണ്ട് ഉദകക്രിയ ചെയ്യുകയാണ് ഈ കൃതിയിലൂടെ. ഉള്ളൂർ, വള്ളത്തോൾ തുടങ്ങി മലയാളത്തിന്റെ യശസ്സുയർത്തിയ നിരവധി മഹാകവികൾ തങ്ങളുടെ രചനകളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.എഴുപത്തിരണ്ടു പേജുള്ള ഈ പുസ്തകത്തിൽ എഴുപത്തിയാറു കവികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുണ്ട്. തലക്കെട്ടുകളൊന്നും കൂടാതെയാണ് പദ്യങ്ങൾ അടുക്കിയിരിക്കുന്നത്.

മഹാകവി ഉള്ളൂരിന്റേതാണ് ആദ്യ പദ്യം. ‘പുന്നശ്ശേരി ശ്രീനീലകണ്ഠശർമ്മാ’ എന്ന നാമം പന്ത്രണ്ടക്ഷരങ്ങളുള്ള  മഹാമന്ത്രമാണെന്നദ്ദേഹം സ്തുതിക്കുന്നു.

“ആ “ദേവവാണി”-അമ്മേ!ഭാരതോർവ്വി! നി-

ന്നോമനക്കീർത്തിക്കതിർക്കറ്റയ്ക്കൊരൊറ്റത്തിങ്കൾ-

മൃത്യുപാശത്തിങ്കൽനിന്നാമൃകണ്ഡ്വപത്യത്തെ-

ക്കാത്തതീ നീലകണ്ഠൻ,ഭൂതിഭൂഷൻ,സർവജ്ഞൻ.

മൃതഭാഷയായി പരിണമിച്ചുകൊണ്ടിരുന്ന ദേവവാണിയായ സംസ്കൃതത്തെ മൃത്യുപാശത്തിൽ നിന്നു മോചിപ്പിച്ച മൃത്യുഞ്ജയനാണ് ഗുരുനാഥൻ എന്ന് അദ്ദേഹം സ്മരിക്കുന്നു.ഭസ്മഭൂഷണനും നീലകണ്ഠാഖ്യനുമായ ഗുരുവിനെ പരമേശ്വരനോടുപമിക്കുന്നു ഉള്ളൂർ.ശങ്കരാചാര്യർക്കു ശേഷം ഏറ്റവുമധികം ശിഷ്യ സമ്പത്താർജ്ജിച്ച പുണ്യപുരുഷനായും സാന്ദീപിന്യാശ്രമത്തിൽ കൃഷ്ണനും കുചേലനുമെന്ന പോലെ സർവ്വർക്കും  ഒരുപോലെ വിദ്യപകർന്നു നൽകിയ മഹാനുഭാവനായും  അദ്ദേഹത്തെ സ്മരിക്കുന്ന ഉള്ളൂർ ദേവഭാഷാസൗധം തീർത്ത വിശ്വകർമ്മാവെന്നു വിശേഷിപ്പിച്ചാണ് പദ്യം അവസാനിപ്പിക്കുന്നത്.

തുടർന്നുള്ള പദ്യം മഹാകവി വള്ളത്തോളിന്റേതാണ്.പൂർണ്ണമായും സംസ്കൃതത്തിൽ രചിച്ച ഈ പദ്യത്തിൽ മൃതപ്രായയായ ദേവവാണിയെ ദിവ്യൗഷധത്താൽ രക്ഷിച്ച ഗുരുവിന്റെ കീർത്തി ചിരകാലം അവശേഷിക്കുമെന്ന് പറഞ്ഞ് കവി അദ്ദേഹത്തിന്റെ കാൽക്കൽ പ്രണാമമർപ്പിക്കുന്നു.

നാനാശാസ്ത്രങ്ങളാകുന്ന ജലനിധികളെക്കുടിച്ചുവറ്റിച്ച് വിദ്വാന്മാരുടെ അഹങ്കാരത്തെ തന്റെ പാണ്ഡിത്യം കൊണ്ട് ഇല്ലായ്മ ചെയ്ത, ഒരു നാടിനാകമാനം ആചാര്യസ്ഥാനമലങ്കരിച്ച ശ്രീനീലകണ്ഠശർമ്മാവിന്റെ വേർപാടിൽ ദു:ഖമറിയിക്കുന്നതാണ് വടക്കുംകൂർ രാജരാജവർമ്മയുടെ പദ്യം. കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണി ഗുരുവിന്റെ മഹിമാതിശയത്തെ വാഴ്ത്തുകയും തുടർന്ന് അദ്ദേഹത്തിന് ആത്മശാന്തി നേരുകയും ചെയ്യുന്നു.പുന്നശ്ശേരിയുടെ ദേഹവിയോഗത്തെ ദേവന്മാരൂടെ വിദ്വൽസദസ്സിലെ കുറവു പരിഹരിക്കാനുള്ള കാരണമായി കണ്ടെത്തുന്നു ആർ.ഈശ്വരപിള്ള.

മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ പദ്യം മറ്റുള്ളവരുടേതിൽ നിന്നു ഭിന്നമാണ്.നാനാജാതിമതസ്ഥർ പങ്കെടുക്കുന്ന പൊതുസ്സദസ്സുകളിൽ ഹിന്ദു മതത്തിന്റെ വൈശിഷ്ട്യത്തെപ്പറ്റി വളരെയേറെപ്പറഞ്ഞിരുന്നു പുന്നശ്ശേരി. അന്യ മതസ്ഥർക്ക് അല്പം പോലും പോറലേൽക്കാത്ത വിധമായിരുന്നു അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങൾ എന്നാണ് പുന്നശ്ശേരിയുടെ ജീവചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് ചിലരിലെങ്കിലും  ഉണ്ടാക്കിയിരുന്ന അസ്വസ്ഥതയുടെ വെളിപ്പെടലാണീ വരികൾ.

ഉറച്ച ഹിന്ദുവാകുമീ മനീഷിയെപ്പഴിക്കുവാൻ

കുറച്ചുദിച്ചു കാരണം ചിലർക്കു, ഞാനതല്പവും

മറച്ചിടുന്നതില്ല, തൻ മതത്തിലുള്ള നിഷ്ഠയാ-

പ്പറച്ചിലിൻ നിദാനമായിതേവരും നിനയ്ക്കണം.

ഒരു പക്ഷേ തനിക്കു പോലും അസ്വസ്ഥത ഉണ്ടായിട്ടുണ്ടാകാവുന്ന അദ്ദേഹത്തിന്റെ മതനിഷ്ഠയെപ്പറ്റിയാണ് ചെറിയാൻ മാപ്പിള വാചാലനാകുന്നത്.

വൈദ്യശ്രേഷ്ഠനായ പുന്നശ്ശേരിയുടെ  നൈപുണിയും ശാസ്ത്രജ്ഞാനവും തെളിഞ്ഞ ബുദ്ധിയും വിശാല മനസ്സും,പൊതുജനപ്രീതിയുമൊക്കെ വെളിപ്പെടുത്തുന്ന പദ്യശകലങ്ങളാണ് ഈ കാവ്യത്തിലുൾപ്പെടുന്നത്.അദ്ദേഹത്തിന്റെ വിയോഗം നാട്ടിനു വന്നുചേർന്ന ആപത്തായും ചിലർ കാണുന്നു. അലിവാകുന്ന മരുന്നിനാൽ അസുഖത്തെ നീക്കുന്ന വൈദ്യശ്രേഷ്ഠനായും ജ്യോതിഷിയായും വാഗ്ദേവിയുടെ വിശ്വസ്ത ദാസനായും നമ്പിയെ കവികൾ വാഴ്ത്തുന്നു.വിദ്വൽ സദസ്സുകളിലെ വചോവിലാസത്തേയും മറക്കുന്നില്ല.നാവിന്മേൽ സരസ്വതി വിളങ്ങുന്ന ശർമ്മാവിനു പകരക്കാരില്ലെന്നു  ഒരാൾവിലപിക്കുമ്പോൾ മറ്റൊരാൾ ഇനിയൊരു സംശയനിവാരകനെ  എവിടെക്കണ്ടെത്തുമെന്ന് ഉൽക്കണ്ഠപ്പെടുന്നു.മഹാകവി.ജി.ശങ്കരക്കുറുപ്പ് ഇങ്ങനെ കുറിക്കുന്നു.

‘സാരസ്യം കലരും കലേ,മഹിതമാം

പൗരസ്ത്യ സംസ്കാരമേ,

സാരസ്നേഹമിയന്നൊരു ഗുരുവിനെ

ക്കാണില്ല കാണില്ലിനി!

ധീരം വാക്പ്രസരത്തിനാലപജയം

സംദൃപ്തവർഷാനിളാ-

പൂരത്തിന്നുമണച്ച പുണ്യവദനം

സൗമ്യം മുഴങ്ങില്ലിനി!

മൃതയെന്നു കരുതിയ സംസ്കൃതഭാഷ്യ്ക്കു നൽകിയ പുനരുജ്ജീവനം ഗുരുവിന്റെ മഹിമാതിരേകമായി കാണുന്നു ചിലർ.

മന്നിലെ മണിവിളക്കിന്നലെബ്ഭവാൻ, നാളെ

വിണ്ണിലെത്തെളിതാരമായെങ്ങൾക്കൊളി വീശും- എന്ന്  മന്നിലായാലും വിണ്ണിലായാലും കവി പകർന്നു തരുന്നത് വെളിച്ചത്തിന്റെ മാർഗ്ഗം തന്നെയെന്നുറപ്പിക്കുന്നു ശ്രീ. പള്ളത്തുരാമൻ. വാചസ്പതിക്കും ഗുരുവാകേണ്ട ഗുരുനാഥൻ ശിഷ്യസമ്പത്തിൽ ശങ്കരാചാര്യനെപ്പോലും അസൂയപ്പെടുത്തുന്നുവെന്നും കവികൾ  എഴുതുന്നു.പുന്നശ്ശേരിയുടെ വിയോഗത്തെ സംസ്കൃത ഭാഷയുടെ വൈധവ്യമായും ചിലർ കാണുന്നു.

വൈദ്യൻ,ജ്യോതിഷി,വാഗ്മി,സംസ്കൃതഭാഷയുടെ പുനരുജ്ജീവകൻ എന്നീ നിലകളിൽ തന്റെ ജീവിതകാലത്ത് പുന്നശ്ശേരി എന്തൊക്കെ ആയിരുന്നോ അതൊക്കെത്തന്നെ തങ്ങളുടെ കവിതകളിലൂടെ വരച്ചിടുകയാണ് ഈ എഴുപത്തിയാറു കവികളും.അദ്ദേഹത്തിന്റെ വാസനാവൈഭവം കണ്ടറിഞ്ഞ തങ്ങളുടെ ജീവിതത്തിൽ അവർ ധന്യത കണ്ടെത്തുന്നു. ഒറ്റ ശ്ലോകം മുതൽ ഇരുപതില്പരം ശ്ലോകങ്ങൾ വരെയുള്ള കവിതകൾ  നിവാപാഞ്ജലിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കുളകം, വിശേഷകം,പാന, ചിത്രകാവ്യം എന്നീ പദ്യരചനാരീതികളും ഇതിൽ കാണാം. കേക, മഞ്ജരി തുടങ്ങിയ ഭാഷാവൃത്തങ്ങളും സംസ്കൃത വൃത്തങ്ങളും ഉപയോഗിച്ചിട്ടുള്ള സൃഷ്ടികൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

മലയാളത്തിലെ പ്രശസ്തകവികളോട് താൻ ചരമ പദ്യങ്ങൾ അയച്ചുതരാൻ ആവശ്യപ്പെട്ടുവെന്ന് ആമുഖത്തിൽ പ്രസാധകൻ പറയുന്നു. ജ്യോതിഷികളും വൈദ്യന്മാരും അടങ്ങുന്ന ഈ എഴുപത്താറു പേരിൽ ഇന്നു നമ്മളറിയുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഈ കൃതിയിലെഴുതിയിട്ടുള്ള എഴുപത്തിയാറു കവികളിൽ  രണ്ടു സ്ത്രീകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.നിവാപാഞ്ജലിയിൽ എഴുതിയിട്ടുള്ള ഓരോരുത്തരും സ്വജീവിതത്തെ ഏതെങ്കിലും വിധത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളവരാണ്.ഈ പുസ്തകം ഇന്നു ലഭ്യമല്ല.ഈ ഗ്രന്ഥത്തിലെഴുതിയിട്ടുള്ള കവികളുടെ പട്ടിക പട്ടാമ്പി സംസ്കൃത കോളേജ് ലൈബ്രറിയിൽ അക്ഷരമാലാക്രമത്തിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്.

ഒരു വ്യക്തി താൻ ജീവിച്ചിരുന്ന  കാലത്തിന്റെ പ്രതിനിധിയാവുന്നതെങ്ങനെയെന്നും ചരിത്രമായി അടയാളപ്പെടുന്നതെങ്ങനെയെന്നും ഈ കൃതിയുടെ വായനയിലൂടെ വെളിപ്പെടുന്നു. നീലകണ്ഠശർമ്മ എന്ന മനുഷ്യൻ തന്റെ ജീവിതം കൊണ്ട് എന്തു സാധിച്ചുവോ അതിനെ വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് നിവാപാഞ്ജലിയിൽ. ഇത്തരമൊരു കൃതി വീണ്ടും വെളിച്ചത്തേയ്ക്ക് കൊണ്ടു വരുമ്പോൾ അത് പുന്നശ്ശേരി നീലകണ്ഠശർമ്മ എന്ന പണ്ഡിത കേസരിയുടെ ജീവിതത്തിന്റെയോ ജീവചരിത്രത്തിന്റെയോ കണ്ടെടുക്കൽ മാത്രമല്ല, മറിച്ച് വിസ്മരിക്കപ്പെട്ടുപോയ  കുറേ എഴുത്തുകാരുടേയും അവരുടെ കാലത്തിന്റേയും വീണ്ടെടുക്കൽ കൂടിയാണ്. ആ കവികൾ സ്തുതിച്ചതു പോലെ

നമോസ്തുതേ, സദ്ഗുരുവര്യ, മേലിൽ

മജ്ജീവയാത്രയ്ക്കിരുളേറ്റിടുമ്പോൾ

തൃക്കാൽ നഖച്ചെങ്കതിർ നീളെ വീശി

കെടാവിളക്കായ് വഴികാട്ടിടട്ടേ!

Leave a Reply

Your email address will not be published. Required fields are marked *