August 5, 2020

ജ്ഞാനപ്പാന: കാലവും കവിതയും

മദ്ധ്യകാല മലയാളസാഹിത്യത്തിലെ നിത്യവിസ്മയമായ ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചോ കാവ്യജീവിതത്തെപറ്റിയോ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം  കാര്യമായ ധാരണകൾ രൂപീകരിക്കാൻ നമ്മുടെ സാഹിത്യഗവേഷകന്മാർക്കായിട്ടില്ല. ലഭ്യമായ ചരിത്രവസ്തുതകളുടെയും ആന്തരികസൂചനകളുടെയും പിൻബലത്തിൽ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചും ജ്ഞാനപ്പാനയുടെ കാവ്യസൗന്ദര്യത്തെക്കുറിച്ചും നടത്തുന്ന ഈ സമഗ്രമായ അന്വേഷണം നമ്മുടെ സാഹിത്യചരിത്രവിജ്ഞാനീയത്തിന് ഒരു പുതിയ ദിശാബോധം നൽകും.


1.പൂന്താനം: വ്യക്തിയും കാലവും

ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞതാണ് പൂന്താനത്തിന്റെ ജീവചരിത്രം. ആ ജീവചരിത്രം പരമാവധി കൃത്യതയോടെ രചിക്കാൻ സഹായകമായ ചരിത്ര രേഖകളാവട്ടെ  തീരെ ലഭ്യമല്ല താനും.

മലയാള സാഹിത്യത്തിന്റെ പ്രാചീനമധ്യകാലഘട്ടത്തിൽ ഇത് പൂന്താനത്തെ സംബന്ധിച്ചുമാത്രം പ്രസക്തമായ കാര്യവുമല്ല. താളിയോലപ്പകർപ്പുകളിലൂടെ കാവ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിനിടയിൽ കവികളുടെ ജീവചരിത്രരചന അക്കാലത്ത് ആരും ആലോചിച്ചതുപോലുമില്ല. ആലോചനയുടെ സമയമാകുമ്പോഴേക്കും രേഖകൾ ബാക്കിയുണ്ടായതുമില്ല. കേട്ടുകേൾവി മാത്രമാണ് ജീവചരിത്രരചനയുടെ അടിസ്ഥാനം എന്നു വരുന്നത് ഭാഷാഗവേഷണത്തിൽ അത്ര നല്ല നിലപാടല്ല. സാഹിത്യകൃതികൾ ഒഴികെ മറ്റൊരു ഉപാധിയും സുലഭ്യമല്ലെന്നു വരുമ്പോൾ കേട്ടുകേൾവികളെ തള്ളിക്കളയാനുമാവില്ല.

പൂന്താനം നമ്പൂതിരി  എന്ന പേരിൽ അറിയപ്പെടുന്ന കവിയുടെ യഥാർഥ നാമധേയം എന്താണെന്ന് ഇനിയും നിശ്ചയമില്ല. ബ്രഹ്മദത്തൻ, ശങ്കരനാരായണൻ എന്നീ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ശരിയാണെന്നോ തെറ്റാണെന്നോ പറയാൻ തെളിവുകളില്ല. പൂന്താനം എന്നത് ഇല്ലപ്പേരാണ്.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത കീഴാറ്റൂരിൽ പൂന്താനം ഇല്ലം ഇപ്പോഴുമുണ്ട്. പൂന്താനം കൊല്ലവർഷം എട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, കൃത്യമായ ജീവിതകാലം അണുവിട തെറ്റില്ലാതെ രേഖപ്പെടുത്തുക സാഹസം തന്നെയാണ്. പൂന്താനത്തിന്റെ ജീവിതകാലം സംബന്ധിച്ച് നൂറുശതമാനവും ആധികാരികമായ കണ്ടെത്തലുകൾ ഉണ്ടായതായി പറയാനാവില്ല.

മത്തനെപ്പോലെ നൃത്തം

ഇനിയുള്ളത് ഐതിഹ്യങ്ങളാണ്.

മരണസമയത്ത് പൂന്താനത്തിനു മുമ്പിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടു, പൂന്താനത്തിന്റെ മലയാളകവിതയെ അപഹസിച്ച മേൽപത്തൂരിന് ശ്രീകൃഷ്ണന്റെ അപ്രീതി നിമിത്തം വാതരോഗം പിടിപെട്ടു, കൊള്ളക്കാരുടെ മുമ്പിൽ അകപ്പെട്ടുപോയ പൂന്താനത്തെ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ രൂപത്തിൽ വന്ന് ശ്രീകൃഷ്ണൻ രക്ഷപ്പെടുത്തി എന്നുതുടങ്ങി മക്കളുണ്ടാകാത്ത ദു:ഖത്തിലാണ് പൂന്താനം സന്താനഗോപാലം പാന രചിച്ചത്, പൂന്താനത്തിന്റെ മകൻ ചോറൂണു ദിവസം മരിച്ചുപോയതിന്റെ സങ്കടത്തിലാണ് ജ്ഞാനപ്പാന രചിച്ചത്,  വാർദ്ധക്യകാലത്തെ ഒറ്റപ്പെടലിലാണ് ശ്രീകൃഷ്ണകർണ്ണാമൃതം രചിച്ചത് എന്നിങ്ങനെ നീളുന്ന അനേകം ഐതിഹ്യങ്ങളുണ്ട്.

ഐതിഹ്യങ്ങളുടെ പൊതുസ്വഭാവം ഇങ്ങനെയാണ്:

 1. പൂന്താനം ഒരു അസാമാന്യ കൃഷ്ണഭക്തനായിരുന്നു.
 2. തലയുയർത്തുന്ന പാണ്ഡിത്യത്തിനല്ല തലകുനിയ്ക്കുന്ന ഭക്തിയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.
 3. ദൈവദർശനം സാധ്യമാകുംവിധം തീവ്രമായിരുന്നു ആ ഭക്തി.

‘ഭക്തിതന്നിൽ  മുഴുകിച്ചമഞ്ഞിട്ട്

മത്തനെപ്പോലെ നൃത്തം കുതിക്കണം’

എന്ന് ജ്ഞാനപ്പാനയിൽ തുളുമ്പുന്ന മനോഭാവത്തിന്റെ ശോഭ ആ ഐതിഹ്യങ്ങൾക്കുമുണ്ട്.

ഭക്തനും പണ്ഡിതനും

പൂന്താനവും മേൽപത്തൂരും ഒരുമിച്ചു പ്രവേശിക്കുന്ന കഥകളിലെല്ലാം പൂന്താനം സാത്വികനായ ഭക്തനും മേൽപത്തൂർ വിവേകം കാണിക്കാത്ത പണ്ഡിതനും ആയി പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്? അവരെക്കുറിച്ച് ലഭ്യമായ വല്ല തെളിവുകളുടെയും അടിസ്ഥാനത്തിലാണോ അത്?

പൂന്താനവും മേൽപത്തൂരും ഒരേ കാലയളവിൽ ജീവിച്ചിരുന്നവരായിരുന്നു എന്നു തെളിയിക്കുന്ന ചരിത്രരേഖകൾ കണ്ടുകിട്ടിയിട്ടില്ല. അങ്ങനെ തറപ്പിച്ചു പറയാനാവുന്ന മറ്റു തെളിവുകളും ഇല്ല. എങ്കിലും, അങ്ങനെ വിചാരിക്കാൻ പ്രേരിപ്പിക്കുന്ന വിധം ശക്തമാണ്  അവരെ  ബന്ധിപ്പിക്കുന്ന ഐതിഹ്യങ്ങളുടെ സ്വാധീനം.

ഒന്ന്: വിഷ്ണുസഹസ്രനാമം വായിച്ചുകൊണ്ടിരുന്ന പൂന്താനം ‘പദ്മനാഭോ മരപ്രഭു’ എന്ന് ചൊല്ലുകയുണ്ടായി. ‘അമരപ്രഭു’ എന്നത് ഉച്ചാരണത്തിൽ ‘മരപ്രഭു’വായപ്പോൾ മേൽപത്തൂർ പരിഹാസപൂർവം തിരുത്തിക്കൊടുത്തു: ‘മരപ്രഭുവല്ല, അമരപ്രഭുവാണ്.’ സദസ്യരുടെ മുമ്പിൽവെച്ചുള്ള പരിഹാസം കേട്ടപ്പോൾ പൂന്താനത്തിന് വല്ലായ്മ തോന്നി. പൂന്താനത്തിന്റെ സങ്കടത്തിൽ മനമലിഞ്ഞ ഗുരുവായൂരപ്പൻ അപ്പോൾ അശരീരിയായി മൊഴിഞ്ഞു: ‘ഞാൻ മരപ്രഭുവും അമരപ്രഭുവുമാണ്.’

രണ്ട്: ‘ഗുരുവായൂരപ്പനെ ധ്യാനിക്കേണ്ടത് ഏതു രൂപത്തിലാണ്?’, പൂന്താനം ഒരിക്കൽ മേൽപത്തൂരിനോട് സംശയം ചോദിച്ചു. ശുദ്ധഗതിക്കാരനായ പൂന്താനത്തിന്റെ ചോദ്യം മേൽപത്തൂരിന് കാര്യമായി തോന്നിയതേയില്ല. കുറച്ചല്ലാത്ത പരിഹാസം പൂന്താനത്തിനുനേരെ തോന്നുകയും ചെയ്തു. ‘എരുമയുടെ രൂപത്തിലായിക്കോട്ടെ’, മേൽപത്തൂർ മറുപടി പറഞ്ഞു. മറുപടിയിലെ പരിഹാസം പൂന്താനത്തിനു മനസ്സിലായില്ല. അദ്ദേഹം ഗുരുവായൂരപ്പനെ എരുമയുടെ രൂപത്തിൽ സദാ ധ്യാനിക്കാൻ തുടങ്ങി. മനസ്സും ശരീരവുമർപ്പിച്ചുകൊണ്ടുള്ള ആ ധ്യാനത്തിനൊടുവിൽ എരുമയുടെ രൂപത്തിൽതന്നെ ഗുരുവായൂരപ്പൻ പൂന്താനത്തിനുമുമ്പിൽ പ്രത്യക്ഷപ്പെട്ടു.

മൂന്ന്: താൻ എഴുതിയ മലയാളകൃതി പരിശോധിച്ചു തിരുത്തിത്തരാൻ പൂന്താനം മേൽപത്തൂരിനോട് അപേക്ഷിച്ചു. മേൽപത്തൂർ ആ അപേക്ഷ നിരസിക്കുകയാണൂണ്ടായത്. അതു കേട്ടപ്പോൾ പൂന്താനത്തിനു വലിയ സങ്കടമായി.  വാതരോഗിയായ മേൽപത്തൂരിനു അന്നു രാത്രി രോഗം മൂർച്ഛിച്ചു. ഗുരുവായൂരപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മേൽപത്തൂരിന്റെ പാണ്ഡിത്യത്തെക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടം എന്ന് അരുളിച്ചെയ്തു. പശ്ചാത്താപവിവശനായ മേൽപത്തൂർ വൈകാതെ തന്നെ പൂന്താനത്തിന്റെ കൃതി തിരുത്തിക്കൊടുത്തു.

മൂന്ന് ഐതിഹ്യങ്ങളിലും പൊതുവായി കാണുന്ന ചില ഘടകങ്ങളുണ്ട്. പൂന്താനത്തിന് പാണ്ഡിത്യമില്ല, പൂന്താനം ഒരു ശുദ്ധഹൃദയനാണ്, പൂന്താനം ഗുരുവായൂരപ്പന് ഏറെ വേണ്ടപ്പെട്ടയാളാണ് എന്നിവയാണവ.

മേൽപത്തൂർ ഒരു പണ്ഡിതനാണ്, മേൽപത്തൂർ ഒരു ശുദ്ധഹൃദയനല്ല, മേൽപത്തൂരിന്റെ സ്ഥാനം ഗുരുവായൂരപ്പന്റെ മുമ്പിൽ പൂന്താനത്തെ കഴിഞ്ഞേയുള്ളൂ എന്നാണ് അവയുടെ മറ്റൊരർത്ഥം.

മനുഷ്യപ്പറ്റില്ലാത്ത പാണ്ഡിത്യം

ഭക്തനായ പൂന്താനത്തെ ഉയർത്തിക്കാണിക്കാനും ഈശ്വരോന്മുഖമായ മറ്റേതു വ്യവഹാരരൂപത്തെക്കാളും ഉജ്ജ്വലമാണ് കറകളഞ്ഞ ഭക്തി എന്നു പ്രഖ്യാപിക്കാനും നിർമിച്ചവയാണ് ഈ ഐതിഹ്യങ്ങൾ. അതിനു യോജിച്ച വിധം രൂപപ്പെടുത്തിയ പശ്ചാത്തലമാണ് ഈ ഐതിഹ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മേൽപത്തൂർ എന്ന പണ്ഡിതൻ. മനുഷ്യപ്പറ്റില്ലാത്ത പാണ്ഡിത്യം എന്ന് അതിനെ ചുരുക്കിയെഴുതാം.

ഭക്തിയിലും ഭക്തിയെ ചുറ്റിയുള്ള സാമൂഹ്യസംവിധാനത്തിലും പിടിമുറുക്കുന്ന പാണ്ഡിത്യത്തിന്റെ നേർക്ക് പണ്ഡിതരല്ലാത്ത ഒരു ജനത കാണിച്ച പ്രതിഷേധംനിറഞ്ഞ മാനസികഭാവത്തെ സർവവിധത്തിലും പ്രതിഫലിപ്പിക്കുന്നുണ്ട് ഈ ഫോക്‌ലോറുകൾ. വരേണ്യസംസ്‌കാരത്തിന്റെ കൊമ്പും കുലചിഹ്നവുമായി സ്വീകരിക്കപ്പെട്ടുപോന്ന സംസ്‌കൃതഭാഷയ്ക്കു  നേരെയുള്ള സാംസ്‌കാരികമായ ജനകീയ പ്രതിരോധം കൂടിയാണ് അവ. അവയിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുകവഴി മേൽപത്തൂർ ജനകീയമല്ലാത്ത സംസ്‌കൃത പാണ്ഡിത്യത്തെ കുറിക്കാൻ ലഭ്യമായ ഏറ്റവും മികച്ച ദൃഷ്ടാന്തമായി.

പൂന്താനത്തിനെയും മേൽപത്തൂരിനെയും ചേർത്തുവെയ്ക്കുന്ന ഐതിഹ്യങ്ങളെ പിന്തുടർന്നു ചെന്നാൽ എത്തിച്ചേരാവുന്ന നിഗമനങ്ങളുടെ ആകെത്തുകയാണ് പൂന്താനത്തെക്കുറിച്ച് ഇതുവരെയുള്ള പഠനങ്ങളുടെ ആകെത്തുക. ഐതിഹ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പൂന്താനമാണ് സാഹിത്യചരിത്രത്തിലെയും പൂന്താനം.  മേൽപത്തൂരിനെ സംബന്ധിച്ചാണെങ്കിൽ, അദ്ദേഹത്തിന്റെ കൃതികളിലെ ചില പരാമർശങ്ങൾ അടിസ്ഥാനമായെടുത്താൽ,  ജീവിതകാലം നിർണ്ണയിക്കാൻ സഹായിക്കുന്ന ചില സൂചനകൾ അദ്ദേഹത്തിന്റെ  കൃതികളിലുണ്ട് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സൂചനകൾ ദുർബലമാണ് എന്നുവന്നാൽതന്നെയും, അങ്ങനെ ചിലതുണ്ട് എന്നും ആ വഴിക്ക് യുക്തിസഹമായ ചില ഊഹങ്ങൾ അവതരിപ്പിക്കാമെന്നുമുള്ള മെച്ചമുണ്ട്.

ആയുരാരോഗ്യസൗഖ്യം

പ്രക്രിയാസർവസ്വത്തിലും നാരായണീയത്തിലും ഉണ്ട് എന്ന് പറയപ്പെടുന്ന കലിദിന സൂചനകളാണ് ഒന്ന്. അതു ശരിയാണെങ്കിൽ പ്രക്രിയാസർവസ്വത്തിന്റെ രചന കൊല്ലവർഷം 791 (ഏ.ഡി. 1616) മകരം 2ാം തീയതി തുടങ്ങുകയും 60 ദിവസം കഴിഞ്ഞ്, അതായത് മീനം 3ാം തീയതി, പൂർത്തിയാക്കുകയും ചെയ്തു. നാരായണീയത്തിലെ ‘ആയുരാരോഗ്യസൗഖ്യം’ എന്ന പ്രയോഗത്തിലെ കലിദിനസൂചന കൊല്ലവർഷം 762 അഥവാ അതിനു തുല്യമായ എ. ഡി. 1588 ആണ്.

അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെക്കുറിച്ചുള്ള പരാമർശങ്ങളാണ് മറ്റൊന്ന്. അത് അടിസ്ഥാനമാക്കിയെടുത്തും മേൽപത്തൂരിന്റെ ജീവിതകാലം നിർണ്ണയിച്ചിട്ടുണ്ട്. കാര്യങ്ങൾ ആ വഴിക്ക് മുന്നോട്ടുപോയ്‌ക്കൊള്ളും കരുതിയാലും മേൽപത്തൂരിന്റെ ജനനവും മരണവും ഏതേതു വർഷങ്ങളിലായിരുന്നു എന്നു സങ്കൽപിക്കാൻ പിന്നെയും വേണ്ടി വരും കനത്ത ചില ഊഹങ്ങൾ. അവ സംബന്ധിച്ച് യാതൊരു തെളിവൂം ലഭ്യമല്ലെങ്കിലും എ.ഡി.1560 മുതൽ 1646 വരെയാണ് മേൽപത്തൂരിന്റെ ജീവിതകാലം എന്ന് സാഹിത്യചരിത്ര ഗ്രന്ഥങ്ങൾ ഊഹിക്കുന്നു. ഊഹിക്കുന്നു എന്ന പദത്തിന് ഒരു അടിവരയുടെ ആവശ്യമുണ്ട് എന്നതു പറയേണ്ടതില്ലല്ലോ.

മേൽപത്തൂരിന്റെ ജീവിതകാലം മാത്രമാണ് പൂന്താനത്തിന്റെ ജീവിതകാലം സങ്കൽപിക്കാനുള്ള ഒരേയൊരു വഴി. അതുകൊണ്ടുതന്നെ, പൂന്താനവും മേൽപത്തൂരും ഒന്നിച്ചുവരുന്ന ഐതിഹ്യങ്ങൾക്ക് പൊന്നും വിലയുണ്ട്. ഐതിഹ്യങ്ങളിൽ വിശ്വസിക്കാത്തിടത്തോളം പൂന്താനത്തിന്റെ ജീവിതകാലം സങ്കൽപിക്കാനാവില്ല.

ചരിത്രം വേറെ, ഐതിഹ്യം വേറെ എന്നു വാശിപിടിച്ചു നടന്നാൽ ഇന്നത്തെ പെരിന്തൽമണ്ണയ്ക്കടുത്ത് പണ്ട് പൂന്താനം എന്നൊരു കവിയുണ്ടായിരുന്നു എന്നല്ലാതെ ഏതു കാലത്ത് ജീവിച്ചിരുന്നു എന്നു പറയാനാവില്ല. സാഹിത്യചരിത്ര ഗവേഷകർക്ക് ഇവിടെ മറ്റൊന്നും ചെയ്യാനില്ല എന്നതാണ് പരമാർഥം.

കെ.വി.എം

ഐതിഹ്യങ്ങൾ തീർത്ത വഴിയിലൂടെ നടന്ന് പൂന്താനത്തെയും മേൽപത്തൂരിനെയും കണ്ടെത്തുന്ന ഹ്രസ്വമായ ഒരു ലേഖനം കെ.വി.എം എഴുതിയിട്ടുണ്ട്. പൂന്താനത്തിനെയും മേൽപത്തൂരിനെയും കുറിച്ച് മലയാളസാഹിത്യപഠനം ആർജ്ജിച്ച അറിവുകളുടെ പൊതുസ്വഭാവത്തിന് നല്ലൊരു മാതൃകയാണ് ആ ലേഖനം.

‘ഗുരുവായൂരപ്പനെ വശീകരിച്ച കവിയാണ് പൂന്താനം. ഗുരുവായൂരപ്പൻ വശീകരിച്ച കവിയാണ് മേപ്പത്തൂർ. പൂന്താനത്തിന്റെ മുമ്പിൽ ഓടിപ്പാടി ആടിക്കുഴഞ്ഞു കുണുങ്ങിക്കുണുങ്ങി നടക്കുന്ന ഓമനപ്പൈതലാണ് ഭഗവാൻ, മേപ്പത്തൂരാകട്ടെ അകലെനിന്നു കാണുകയാണ്.

പൂന്താനത്തിന്റെ ഭക്തി ശ്രവണകീർത്തനാദി ഒമ്പതുതരം ഭക്തിമാർഗങ്ങളുള്ളതിൽ ആത്മനിവേദനാത്മകമാണ്. പണ്ഡിതവര്യനായ മേപ്പത്തൂരിന്റെ ഭക്തി ശാസ്ത്രീയമാണ്. മേപ്പത്തൂരും ഭഗവാനും തമ്മിൽ വടംവലിതന്നെ നടക്കുന്നുണ്ട്. മേപ്പത്തൂർ ഭഗവാനെ സംബോധന ചെയ്തുകൊണ്ട് രചിച്ച നാരായണീയത്തിൽ പരോക്ഷത്തിൽ മാത്രം പ്രയോഗിക്കാറുളള്ള ‘ല്ട്ടാ’ണധികം പ്രയോഗിയ്ക്കാറ്. ഒടുവിലത്തെ പത്തിലാണ് അഗ്രേ ‘പശ്യാമി’ എന്ന ലട്ട് പ്രയോഗം കാണുന്നത്. അതുകൊണ്ടു ഭഗവാനെ പ്രത്യക്ഷത്തിൽ കാണുന്നത് ഒടുവിലാണെന്നും അതും അകലെയാണെന്നും തെളിയുന്നു.

പരോപകാരാർത്ഥം ജീവിക്കുന്നവനാണ് മഹാൻ. ഈ രണ്ടുപേരും തങ്ങളുടെ നിസ്വാർത്ഥ ഭക്തികൊണ്ട് ജനങ്ങളെക്കൂടി ഭക്തരാക്കിത്തീർത്തു. രണ്ടാളും സമകാലികരായിരുന്നു. മേപ്പത്തൂർ മഹാപണ്ഡിതനും വൈയാകരണനും അനേകശാസ്ത്രജ്ഞനുമായിരുന്നു. മേപ്പത്തൂരിന്റെ പ്രക്രിയാസർവ്വസ്വമെന്ന വ്യാകരണഗ്രന്ഥത്തിന്റെ പ്രശസ്തി കേട്ട സിദ്ധാന്തകൗമുദീകാരനായ ഭട്ടോജിദീക്ഷിതർ അദ്ദേഹത്തെക്കാണാൻ പുറപ്പെട്ട ചരിത്രം പ്രസിദ്ധമാണ്. മേപ്പത്തൂർ പാണിനിയുടെ ചവുട്ടടിയിൽ നിന്നിരുന്നില്ലെന്നു ദുർലഭപദപ്രയോഗം ഉദാഹരിച്ചു തെളിയിച്ച ശങ്കരാചാര്യരുടെ കവിത കഴിഞ്ഞാൽ മേപ്പത്തൂരിന്റെ കവിതയ്ക്കാണു സ്ഥാനം.

പൂന്താനത്തിന്നു പഠിപ്പില്ല. കവിതയെന്ന അഹങ്കാരമില്ല, എന്നാൽ ലളിതമലയാളം ഈ ഭാഷയിൽ കോരിത്തരിപ്പിക്കുന്ന മട്ടിൽ അതിന്റെ ഭക്തിയെ സംവേദനം ചെയ്യുന്നതിൽ അദ്ദേഹം കുശലനാണ്: ജനൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ജനങ്ങൾക്കുവേണ്ടി കവിത നിർമ്മാണം ചെയ്ത പൂന്താനം ജനകീയകവിയായിരുന്നു. സാഹിത്യപ്രൗഢിയോ അലങ്കാരപ്രൗഢിയോ അദ്ദേഹത്തിന്റെ കവിതയിൽ കാണുന്നില്ല. സ്വയമേവ ഉദിച്ച സംഗതികളെ ഭക്തിയോടുകൂടി പ്രകടിപ്പിക്കുകയാണദ്ദേഹത്തിന്റെ രീതി.

പൂന്താനം പദമില്ലാത്ത നമ്പൂതിരിയായിരുന്നു. മേപ്പത്തൂരും ചെറുപ്പത്തിൽ ഓത്തു പഠിച്ചിരുന്നില്ല. മുളകുന്നത്തുകാവിൽ ക്ഷേത്രത്തിൽ വാരമിരിക്കാൻ വിളിച്ചപ്പോൾ മുഖം മൂടിയിരുന്നു അത്ഭുതാവഹമായ രീതിയിൽ മൂന്നുവേദവും ചൊല്ലിയെന്ന് ഐതിഹ്യമുണ്ട്.

രണ്ടുപേരും ഗുരുവായൂരിൽനിന്നു ശ്രേയസ്സ് നേടിയവരാണ്. തങ്ങൾ നേടിയ മഹത്വത്തെ ഗ്രന്ഥരൂപേണ ജനങ്ങൾക്കു നല്കിയവരാണ്. അവരുടെ പാരായണത്തിൽ നാം അഭിമാനം കൊള്ളണം. ഓരോരുത്തരും നന്നായാൽ ലോകം നന്നായി. ഭക്തിയെ സംബന്ധിച്ചിടത്തോളം ഉൽഗ്രഥനരീതിയിൽ പോയാലേ ഗുണമുള്ളൂ. അപഗ്രഥനരീതിയിൽ പോകരുത്.” 1

കെ. വി. കൃഷ്ണയ്യർ

പൂന്താനത്തിന്റെ ജീവിതകാലം ഏ.ഡി.1547 മുതൽ 1640 വരെ എന്ന കാലഗണനയാണ് പരക്കെ സ്വീകരിച്ചുകാണുന്നത്. കെ. വി. കൃഷ്ണയ്യർ 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളിലായി എഴുതിയ പൂന്താനം എന്ന ലേഖനത്തിലാണ് ആദ്യമായി പൂന്താനത്തിന്റെ ജീവിതകാലം മേൽപ്പറഞ്ഞതാണെന്നു അഭിപ്രായപ്പെട്ടത്.

എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ല, വെറും ഊഹത്തിന്റെ ബലത്തിലാണ് കൃഷ്ണയ്യരുടെ അഭിപ്രായപ്രകടനം എന്നത് പിൽക്കാലത്ത് വിസ്മൃതമാവുകയും അതിന് ചോദ്യം ചെയ്യപ്പെടാത്ത ആധികാരികത കൈവരികയും ചെയ്തു.

രണ്ടുവർഷം കഴിഞ്ഞ്, 1958ൽ, ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൈരളിയുടെ കഥയിൽ പൂന്താനത്തിന്റെ ജീവിതകാലം 1547 മുതൽ 1640 വരെ എന്ന് എൻ.കൃഷ്ണപിള്ള എഴുതുന്നത് പ്രസ്തുത അഭിപ്രായത്തിന്റെ ബലത്തിലാണ്.

പക്ഷേ, അക്കാര്യമോ കാലഗണനയ്ക്ക് ഉപയോഗിച്ച മറ്റെന്തെങ്കിലും പ്രമാണമോ അദ്ദേഹം സൂചിപ്പിക്കുകപോലും ചെയ്യുന്നില്ല. പൂന്താനത്തിന്റെ ജീവിതകാലം സംബന്ധിച്ച സംവാദത്തിൽ കൃഷ്ണപിള്ളയുടെ അംഗീകാരം കൂടിയായപ്പോൾ കൃഷ്ണയ്യരുടെ നിഗമനത്തിന് സ്വീകാര്യത ലഭിച്ചു.

ഈ സാഹചര്യത്തിൽ കെ. വി. കൃഷ്ണയ്യർ തന്റെ നിഗമനത്തിന് ആധാരമാക്കിയ വസ്തുതകൾ എന്തെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ ലേഖനത്തിന്റെ ഒടുവിലാണ് പൂന്താനത്തിന്റെ ജീവിതകാലം ചർച്ചാവിഷയമാകുന്നത്.

ആ ഭാഗം ഇങ്ങനെയാണ്:

”പൂന്താനത്തിന്റെ കാലം നിർണ്ണയിക്കുവാൻ അല്പം വിഷമമുണ്ട്. അദ്ദേഹത്തിന്റെ ജനനദിനമോ ചരമദിനമോ ആർക്കും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ സ്‌തോത്രങ്ങളിൽ യാതൊന്നിലും തന്നിർമ്മാണത്തിന്റെ കലിദിനസംഖ്യ പറഞ്ഞു കാണുന്നില്ല. എങ്കിലും സാമാന്യേന അദ്ദേഹത്തിന്റെ കാലം നിശ്ചയിക്കാവുന്നതാണ്. 2

ത്വന്നാമസങ്കീർത്തനമെണ്ണിയെണ്ണി

തൊണ്ണൂറടുത്തു പരിവത്സരം മേ (കൃഷ്ണകർണ്ണാമൃതം, 148)

എന്ന വരികളിൽ നിന്ന് അദ്ദേഹം ഏതാണ്ട് തൊണ്ണൂറാം വയസ്സിലാണ് ശ്രീകൃഷ്ണകർണ്ണാമൃതം രചിച്ചതെന്നു വെളിവാകുന്നു. അതിന്നു ശേഷം തിട്ടമായി എത്രകൊല്ലം ജീവിച്ചിരുന്നു എന്നു പറയുവാൻ സാധിയ്ക്കുകയില്ല. ‘ഇന്നിക്കണ്ട തടിയ്ക്കു വിനാശവുമിന്ന നേരമെന്നതുമറിഞ്ഞീല’ എന്നാണെങ്കിലും കൃഷ്ണകർണ്ണാമൃതത്തിന്റെ ആശയഗൗരവവും ശബ്ദഭംഗിയും വാർദ്ധക്യം കൊണ്ടു പൂന്താനത്തിന്റെ ബുദ്ധിശക്തിയ്ക്കു യാതൊരു ഇടിച്ചിലും തട്ടിയിട്ടില്ല എന്നു തെളിയിക്കുന്നു. അതുകൊണ്ട് അദ്ദേഹം മൂന്നു വയസ്സു  കൂടി ജീവിച്ചിരുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടാവുകയില്ല. ആനന്ദനൃത്തത്തെപ്പറ്റിയുള്ള കഥ വാസ്തവമാണെങ്കിൽ ജീവിതം പോലെ അദ്ദേഹത്തിന്റെ മരണവും വളരെ ശ്ലാഘനീയമായിരുന്നുവെന്നൂഹിയ്ക്കാം.

പങ്കജനേത്രൻ ചരിതം ശുഭമിതു

ചിന്തിക്ക കേൾക്കയും ചെയ്യും ജനത്തിനു

സന്താനസൗഖ്യസർവ്വാർത്ഥലാഭം വരും

എന്ന് എഴുത്തച്ഛൻ ചൊല്ലിയിരിക്കുന്ന ഫലശ്രുതി ഭാഗവതം ‘ദശമസ്‌കന്ധ’ത്തിനെ ഒട്ടാകെ അപേക്ഷിച്ചിട്ടുള്ളതാണ്. ഹരണം കഴിഞ്ഞിട്ടാണല്ലോ ആഹരണം. ഈ സ്ഥിതിയ്ക്ക് സന്താനാർത്ഥം ‘സന്താനഗോപാലം’ മാത്രമായിട്ട് പാരായണം ചെയ്യുന്നതിന്നു ശാസ്ത്രം അനുവദിക്കുന്നുണ്ടോ എന്നു സംശയമാണ്. അതുകൊണ്ട് സന്താനലാഭത്തിന്നു വേണ്ടിയാണ് പൂന്താനം ‘സന്താനഗോപാലം’ ഉണ്ടാക്കിയത് എന്നു വാദിയ്ക്കുന്നത് ശരിയല്ല. പൂന്താനത്തിന്റെ കാലത്ത് സാധാരണ ഒരു മുപ്പതു വയസ്സോടു കൂടിയാണ് വിവാഹം പതിവ്. അഞ്ചാറു സംവത്സരം സന്തതിയില്ലാതെ ഇരുന്നാൽ സന്താനലാഭത്തിന്നായി ഓരോ ശാന്തികളും ഹോമങ്ങളും ഭജനങ്ങളും ദൈവജ്ഞന്മാർ വിധിച്ച പ്രകാരം ചെയ്തു തുടങ്ങും. വളരെക്കാലം പൂന്താനത്തിന്നു പുത്രഭാഗ്യമുണ്ടായില്ലെന്നും ഗുരുവായൂരപ്പനെ ഭജിച്ച് ഭഗവൽപ്രസാദത്താൽ അന്തർജനം ഗർഭം ധരിച്ച് ഒരു പുത്രൻ ജനിച്ചുവെന്നും ആണല്ലോ ഐതിഹ്യം. അന്നപ്രാശന ദിവസം ഈ ശിശു മരിയ്ക്കുകയും ദു:ഖം സഹിയ്ക്ക വയ്യാതെ പൂന്താനം ഗുരുവായൂർക്കു പോയി ഭജനം തുടങ്ങി ‘കുമാരാഹരണം’ പാനയും, ‘ജ്ഞാനപ്പാന’യും ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് മുപ്പതാം വയസ്സിൽ പൂന്താനത്തിന്നു വിവാഹം നടന്നുവെന്നും പത്തുകൊല്ലം കഴിഞ്ഞു പുത്രൻ ഉണ്ടായി എന്നും വിചാരിയ്ക്കാം.

ഭഗവാൻ പ്രത്യക്ഷനായാൽ അഹങ്കാരം തീരെ നശിയ്ക്കുമല്ലൊ. അതുകൊണ്ട് അതിന്നു മുമ്പെയായിരിക്കണം മേൽപ്പുത്തൂർ പൂന്താനത്തോടു ഭഗവാനെ പോത്തിന്റെ രൂപത്തിൽ ധ്യാനിയ്ക്കുവാൻ പരഞ്ഞതും  പത്മനാഭനെ മരപ്രഭുവാക്കിയതിന്നു പൂന്താനത്തെ അപഹസിച്ചതും പൂന്താനത്തിന്റെ ഭാഷാകൃതിയെ പുച്ഛമായി നിരാകരിച്ചതും. മേൽപ്പുത്തൂരിന്നു ഭഗവാൻ പ്രത്യക്ഷമായ ദിവസത്തിന്റെ കലിസംഖ്യയായ ‘ആയുരാരോഗ്യസൗഖ്യത്തിന്ന്’ ശരിയായ മലയാളവർഷം 765 വൃശ്ചികം 28ാനു ക്രൈസ്തവവർഷം 1586 ഡിസംബർ 13ാംനുയും ആണ്.

മേലുദ്ധരിച്ച കാരണങ്ങൾ കൊണ്ട് പൂന്താനത്തിന്റെ ജനനം ക്രി. പി. 1547 ലും വിവാഹം 1576ലും സന്താനലാഭവും തന്നാശവും മേൽപ്പുത്തൂരിനോടു കൂട്ടിമുട്ടലും 1586ലും സ്വർഗ്ഗാരോഹണം 1640ലും ആയിരുന്നു എന്ന് ഊഹിയ്ക്കാം.”

മരുന്നിനു പോലും യുക്തിയോ തെളിവോ ഇല്ലാത്തതും സ്വന്തം ഭാവനാവിലാസത്തിന്റെ പരകോടിയിൽ പടുത്തുയർത്തിയതുമായ ഈ കാലഗണനയാണ് ഭാഷാഗവേഷകർ ആധികാരിക വസ്തുതയായി അവതരിപ്പിക്കുന്നത്.

തിരശ്ശീലയ്ക്കപ്പുറത്ത്

പൂന്താനത്തെക്കുറിച്ചുള്ള മറ്റുചില ഐതിഹ്യങ്ങളിലേക്ക് പ്രവേശിച്ചാൽ അവയിൽ തളംകെട്ടിക്കിടക്കുന്ന ജനവിശ്വാസത്തെ നേർക്കുനേർ കാണാനാവും. 3 അവയെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്: ദരിദ്ര ബ്രാഹ്മണനായിരുന്ന പൂന്താനം ഓത്തില്ലാത്ത ഇല്ലത്തെ അംഗമായിരുന്നു. അദ്ദേഹത്തിന് ഉയർന്ന വിധത്തിലുള്ള പഠിപ്പോ പാണ്ഡിത്യമോ ഉണ്ടായിരുന്നില്ല. തന്മൂലം പണ്ഡിതരായ ബ്രാഹ്മണന്മാർ അദ്ദേഹത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. ഭാഗവത പാരായണത്തിൽ പ്രശസ്തനായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും അദ്ദേഹം പ്രത്യുത്തരമായി വിചാരിച്ചത് തന്റെ ഭക്തിയെ ആണ്.

രണ്ട്: തനിക്ക് മക്കളുണ്ടാകാതിരുന്നതിൽ മനം നൊന്ത് എഴുതിയ കൃതിയാണ് സന്താന ഗോപാലം. തന്റെ മകൻ ചോറൂണു ദിവസം മരണമടഞ്ഞതിന്റെ സങ്കടത്തിൽ രചിച്ച കൃതിയാണ് ജ്ഞാനപ്പാന.  വസൂരി രോഗബാധിതനായി കിടക്കുമ്പോൾ രചിച്ച കൃതിയാണ് ഘനസംഘം. ഗുരുവായൂരപ്പനെ നേരിൽക്കണ്ടതിന്റെ ആനന്ദത്തിൽ രചിച്ച കൃതിയാണ് ആനന്ദനൃത്തം.

പെരിന്തൽമണ്ണയ്ക്കടുത്ത് പൂന്താനം എന്ന പേരിൽ ഒരു നമ്പൂതിരിഗൃഹം ഉണ്ട് എന്നതുമാത്രമാണ് ആകെ ഹാജരാക്കാവുന്ന ഒരേയൊരു തെളിവ്.

മറ്റുള്ളതെല്ലാം കേവലം ഊഹങ്ങൾ! ഐതിഹ്യങ്ങൾക്കകത്തു പൊതിഞ്ഞ ജനവിശ്വാസങ്ങൾ.

പൂന്താനം എന്ന ഗൃഹനാമത്തിനു പിറകിലെ യഥാർത്ഥ വ്യക്തിനാമം എന്താണെന്നോ എതു കാലയളവിൽ ജീവിച്ചുവെന്നോ ഇതുവരെയ്ക്കും വ്യക്തമല്ല. ആകെക്കൂടി നോക്കുമ്പോൾ, ഒരു തിരശ്ശീലയ്ക്കപ്പുറത്തു നിൽക്കുകയാണ് അദ്ദേഹം. ഒരു സമാധാനമുള്ളത്, ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള മലയാള സാഹിത്യത്തിന്റെ കഥ മിക്കവാറും ഈ തിരശ്ശീലയുടെ കഥയാണ്.

നായകബിംബം

ഗുരുവായൂരപ്പനെ പൂന്താനം നേരിട്ടുകണ്ടു, പൂന്താനം ഉടലോടെ സ്വർഗത്തിലേക്കു പോയി എന്നിങ്ങനെയുള്ള ഐതിഹ്യങ്ങൾ പരിശോധിക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളത്തിലെ മറ്റൊരു സാഹിത്യകാരനെക്കുറിച്ചും ‘അദ്ദേഹം ഉടലോടെ സ്വർഗത്തിൽ പോയി’ എന്നൊരു കഥ പരന്നിട്ടില്ല. ദൈവത്തെ നേരിട്ടുകാണാൻ കഴിഞ്ഞു എന്ന ചൊല്ലുപോലും ഭാരതത്തിൽ അധികം പേരെക്കുറിച്ചില്ല.

ആണ്ടാൾ, കാരയ്ക്കലമ്മയാർ, മാണിക്കവാചകർ, സംബന്ധർ, അക്കാമഹാദേവി തുടങ്ങിയവരുടെ ശ്രേണിയിലേക്ക് പൂന്താനത്തെ ഉയർത്തുകയാണ് ഈ കഥകൾ. ദൈവത്തെ കണ്ട ഒരാൾ ഞങ്ങൾക്കിടയിലുണ്ട് എന്ന് അതുവഴി ഒരു സമൂഹം മറ്റൊരു സമൂഹത്തോടു പറയുകയാണ്. ഭാഗവതത്തെ കേന്ദ്രീകരിച്ചു പ്രചരിച്ച കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വലിയ നായകബിംബമായി, ആ കഥകളിലൂടെ പൂന്താനം.

പൂന്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളെ പി. ഗോവിന്ദപ്പിള്ള വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘പാണ്ഡിത്യഗർവ്വിനോടുള്ള പുച്ഛം, സാധാരണക്കാരന്റെ ജീവിതത്തോടും എളിമയോടും ഉള്ള ആഭിമുഖ്യം, ഉന്നത കുലജാതരായ പണ്ഡിതമ്മന്യരുടെ സംസ്‌കൃതാഭിമുഖ്യത്തിന്റെ സ്ഥാനത്ത് എളിയവരിൽ എളിയവരായ മലയാളികളുടെ ഭാഷയോടും വിശ്വാസങ്ങളോടും അഭിലാഷങ്ങളോടും ഉള്ള അദമ്യമായ വാത്സല്യപ്രകർഷം പൂന്താനത്തിൽ സാധാരണക്കാർ കാണുന്ന ഈ ഗുണവിശേഷങ്ങളുടെ നാടോടിശൈലിയിലുള്ള ആവിഷ്‌കരണമാണ്  ഈ ഐതിഹ്യങ്ങളെല്ലാം.’ 4

ധർമപ്രബോധനം

ഏതു തരത്തിലുള്ള പ്രവർത്തനമാണ് പൂന്താനം അദ്ദേഹത്തിന്റെ സമൂഹത്തിൽ നടത്തിയിരുന്നത് എന്നത് വ്യക്തമല്ല. ഭാഗവത പാരായണത്തെക്കുറിച്ചും വിഷ്ണുസഹസ്രനാമ പാരായണത്തെക്കുറിച്ചുമുള്ള  ഐതിഹ്യങ്ങൾക്ക് ഇവിടെ എത്തിനോക്കാതിരിക്കാൻ കഴിയില്ല. പൂന്താനം സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന പ്രബോധനങ്ങളുടെ കാവ്യോചിതമായ രേഖപ്പെടുത്തൽ ആണ് ജ്ഞാനപ്പാനയുടെ ഉള്ളടക്കം എങ്കിൽ പൂന്താനത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു നഖചിത്രം ലഭിക്കാൻ വിഷമമില്ല. ഭക്തിയുടെ ആവിഷ്‌കാരമായി നാമജപത്തെ ഉപയോഗിക്കുക എന്നതാണത്.

വ്യക്തിപരമായ ഏതെങ്കിലും കൊടുംദു:ഖത്തിൽനിന്നും താൽകാലിക ശമനം ലഭിക്കുക എന്ന ഉദ്ദേശ്യമേ ജ്ഞാനപ്പാനയുടെ രചനയ്ക്കുപിന്നിലുള്ളൂ  എങ്കിൽ പൂന്താനത്തിന് ഒരു ധർമപ്രബോധകന്റെ അധിക ഉത്തരവാദിത്തം നൽകേണ്ടതുമില്ല.

പക്ഷേ, ദൈവത്തെ കണ്ടയാളാണ് പൂന്താനം എന്ന കേട്ടുകേൾവിയുടെ നിർമിതി പൂന്താനത്തിന്റെ ജീവിതത്തിലേക്ക് എന്തോ ഒന്ന് കൂട്ടിച്ചേർക്കുന്നുണ്ട്. ദരിദ്രനായിരുന്നു, പണ്ഡിതനായിരുന്നില്ല, ആഢ്യബ്രാഹ്മണരുടെ പിന്തുണ ഉണ്ടായിരുന്നില്ല തുടങ്ങിയ കേട്ടുകേൾവികളും ചിലതു പറയാൻ ശ്രമിക്കുന്നുണ്ട്. ബ്രാഹ്മണർക്കിടയിലെ കീഴാളൻ എന്നോ, ഉപരിഘടനയിലെ റിബൽ എന്നോ  വിചാരിക്കാനാവുന്ന വിധത്തിലാണ് ഐതിഹ്യങ്ങളുടെ പെരുമാറ്റം.

സഹസ്രനാമം തെറ്റുകൂടാതെ വായിക്കാൻ പോലുമാകാത്തയാൾ എന്നാണോ നേരത്തെക്കണ്ട ആ മരപ്രഭുക്കഥയുടെ ആദ്യ പകുതിയിലെ പരിഹാസം? അതിനെതിരെയുള്ള പ്രതിരോധമാണോ രണ്ടാം പകുതിയിലെ  അശരീരിയുടെ നിർമാണം? അങ്ങനെയെങ്കിൽ അത്തരമൊരു പരിഹാസം പൂന്താനത്തെ തേടിവരുംവിധം സമൂഹത്തിന്റെ ഉപരിഘടനയെ അസ്വസ്ഥമാക്കുമാറ് എന്തു പ്രവർത്തനമാണ് പൂന്താനം നടത്തിയിരുന്നത്?

പൂജ, വഴിപാട്, യാഗം തുടങ്ങിയവയെ വിമർശിക്കുകയും അവയ്ക്കു മുകളിൽ ഭക്തിയെയും നാമജപത്തെയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്, ജ്ഞാനപ്പാന. ജാതിക്കകത്തു നിലനിൽക്കുന്നതോ പ്രാദേശികമായി ആരാധിക്കപ്പെടുന്നതോ ആയ അനവധി ദൈവസങ്കൽപങ്ങളുടെ സ്ഥാനത്ത്, വിഷ്ണു എന്ന ഏകദൈവസങ്കൽപം അവതരിപ്പിക്കുന്നുണ്ട്.

ബ്രാഹ്മണർക്കുമാത്രമായി ഒരു മഹത്വവും ഇല്ലെന്ന് എടുത്തുപറയുന്നുണ്ട്.

ദൈവത്തിലേക്കെത്താൻ ജാതി ഒരു തടസ്സമല്ല എന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ആകെക്കൂടി നോക്കുമ്പോൾ, ഭക്തിയുടെ മേഖലയിലെ ചിന്തയിലും പ്രവൃത്തിയിലും സമഗ്രമായ ഒരു പരിവർത്തനത്തിനുള്ള ആഹ്വാനം ജ്ഞാനപ്പാനയിലുണ്ട്. ദൈവാരാധനയുടെ കാര്യത്തിൽ പ്രത്യേകാവകാശമുള്ളവരാണ്  ബ്രാഹ്മണർ എന്ന, ഇന്നും നിലനിന്നു പോരുന്ന വിശ്വാസത്തിനു നേരെയുള്ള ആക്രമണവുമുണ്ട്.

നാട്ടുഭാഷയെ ഭക്തിസാഹിത്യത്തിന്റെ ഭാഷയായി ഉപയോഗിക്കുന്ന കാവ്യരീതിയുടെ തുടർച്ചയുണ്ട് ജ്ഞാനപ്പാനയിൽ. ഹരിനാമകീർത്തനത്തിലെ ഭാഷയും ആഖ്യാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യം വേഗം തെളിഞ്ഞുകിട്ടും.

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട

നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ

ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നുതത്വമതിൽ

മേവുന്ന നാഥ ഹരിനാരായണായ നമ:

എന്നിങ്ങനെ വേദാന്തം ഗഹനമായി ആവിഷ്‌കരിക്കുന്ന ഹരിനാമകീർത്തനത്തിലെ രീതി ജ്ഞാനപ്പാനയിലില്ല. ഹരിനാമകീർത്തനത്തിൽ അവിടവിടെയായി കാണുന്ന ‘ണത്താരിൽമാനിനിമണാളൻ’, ‘ണത്വാപരം പരിചു കർമവ്യപായമിഹ’,’ഥല്ലിന്നുമീതെ പരമില്ല’, ‘ളത്വം കലർന്നിതു ലകാരം’ തുടങ്ങിയ പണ്ഡിതോചിതമായ പ്രയോഗങ്ങൾ ജ്ഞാനപ്പാനയിൽ മഷിയിട്ടുനോക്കിയാൽപോലും കാണാനില്ല.

അക്കാര്യത്തിൽ കൃഷ്ണഗാഥയുടെ വഴിയാണ് ജ്ഞാനപ്പാനയ്ക്കും. വായനാസമൂഹത്തെക്കുറിച്ചുള്ള അധികഉത്തരവാദിത്തം ഭാഷാശൈലിയുടെ തെരഞ്ഞെടുപ്പിലുണ്ട്. ഹരിനാമകീർത്തനം പഠിച്ചുപാടാനുള്ളതാണെങ്കിൽ ജ്ഞാനപ്പാന ലയിച്ചുപാടാനുള്ളതാണ്.

ഭക്തിയെ മാനവികതയുമായി ചേർത്തു വെച്ചതിനുള്ള കൃതജ്ഞതയായി പൂന്താനത്തെ ധാർമികനും ഭക്തനും പരിശുദ്ധനും സാത്വികനും മോക്ഷപ്രാപ്തനുമായ ഒരാളുടെ രൂപത്തിൽ സമൂഹം പിൽക്കാലത്ത് പുനസ്സൃഷ്ടിക്കുകയായിരുന്നു. ഒരാളെ ഉയർത്തിക്കാണിക്കാവുന്നതിന്റെ പാരമ്യമാണ് അത്. അങ്ങനെ പുനസ്സൃഷ്ടിയ്ക്കപ്പെട്ട പൂന്താനമാണ് നാം ഇന്ന് അറിയുന്ന പൂന്താനം. പൂന്താനത്തെ സംബന്ധിക്കുന്ന യാഥാർഥ്യമായി ആ കേട്ടുകേൾവികൾ പരിണമിച്ചുകഴിഞ്ഞു.

 1. ഭക്തി, സമൂഹം, പരിവർത്തനം

ആരെയാണോ ആരാധിക്കുന്നത് അവരിലുള്ള ഇഷ്ടമാണ് ഭക്തി.5 ഭക്തി എന്ന സങ്കൽപത്തിന് ഇന്ത്യയിൽ വേദകാലത്തോളം പഴക്കമുണ്ട്. ഋഗ്വേദത്തിലെ ആദ്യ സൂക്തത്തിൽ തന്നെ അഗ്നിയോട് ദൃഢബന്ധം പുലർത്താനുള്ള അഭിവാഞ്ച കാണാം.6

ജ്ഞാനത്തിനും കർമത്തിനും പകരംനിൽക്കുന്ന സമൂർത്തമായ ഒരു ആശയമായി ഭക്തി രൂപപ്പെടുന്നത് ശാണ്ഡില്യന്റെ ഭക്തിസൂത്രങ്ങൾ എഴുതപ്പെടുന്നതോടെയാണ്. ശാണ്ഡില്യന്റെ ജീവിതകാലത്തെക്കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകൾ ഒന്നുമില്ല. ഉപനിഷത്തുക്കളുടെ കാലം എന്നും അതിൽപിന്നീട് എന്നും തരംപോലെ അഭിപ്രായങ്ങളുണ്ട്.

ശാണ്ഡില്യസൂത്രങ്ങളെ ഡോ. ഗ്രിയേഴ്‌സൺ സംക്ഷേപിക്കുന്നത് ഇങ്ങനെയാണ്: ”ഭക്തിയിൽ ജ്ഞാനം കലർന്നിരിക്കുമെങ്കിലും ഭക്തി എന്നത് ജ്ഞാനമല്ല. ഏതെങ്കിലും വ്യവസ്ഥയിൽ വിശ്വാസപ്രമാണം കണ്ടെത്തലുമല്ല. ഒരാളിൽ സമർപ്പിക്കപ്പെടുന്ന കേവലമായ പ്രതിപത്തിയാണത്. ഭക്തി അനശ്വരത വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗ്രഹം സ്വാർഥതയാണ്, പ്രതിപത്തി നിസ്വാർഥമാണ്. അത് ഒരു കർമമല്ല, ഇച്ഛയെ ആശ്രയിച്ചു നിൽക്കുന്നതുമല്ല. കർമത്തിന്റെ ഫലം ക്ഷണികമാണ്. ഭക്തിയുടെ ഫലം ശാശ്വതമായ ജീവിതമാണ്. കർമം ശുദ്ധമാണെങ്കിൽ ഭക്തിയിലേക്കുള്ള മാർഗമാകുന്നു. അങ്ങനെ ശുദ്ധമാകണമെങ്കിൽ അത് ദൈവത്തിനു കീഴ്‌പെട്ടു നിൽക്കണം. അതായത്, ‘ഞാൻ ഇച്ഛാനുസാരിയായോ അല്ലാതെയോ ചെയ്യുന്നതെല്ലാം നിനക്കു കീഴ്‌പ്പെട്ടു നിൽക്കുന്നു, നിന്റെ പ്രേരണയാലാണ് ഞാൻ ഇതു ചെയ്യുന്നത്’ എന്നു ഭക്തനു പറയാനാവണം. ഭാവിയിൽ സദ്ഫലം കിട്ടാൻ ചെയ്യുന്ന സദ്കർമങ്ങൾ  ഭക്തിയല്ല, ബന്ധനം മാത്രമാണ് .’‘7

ഭക്തി എന്ന ആശയത്തിന് പ്രസിദ്ധിയും പ്രചാരവും ജനപിന്തുണയും ഉണ്ടാക്കുന്നതിൽ ഭാഗവതപുരാണം പ്രധാനപ്പെട്ട പങ്കാണു വഹിച്ചത്. ഭാഗവതത്തിന്റെ രചനാകാലം സംബന്ധിച്ചും ഏകാഭിപ്രായമില്ല. എ.ഡി. 10ാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിലുണ്ടായ കൃതിയാണ് ഭാഗവതം എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു.

തമിഴകവും ഭക്തിയും

പിൽക്കാല ഭക്തിപ്രസ്ഥാനത്തിന്റെ പൂർവഗാമിയായി സങ്കൽപിക്കാവുന്ന ഒന്ന് തമിഴകത്തിന്റെ സാസ്‌കാരിക ജീവിതത്തിൽ എ.ഡി. ആറാം നൂറ്റാണ്ടുമുതൽ കാണാം.

ശിവഭക്തന്മാരായ നായനാർമാരുടെയും വിഷ്ണുഭക്തന്മാരായ ആഴ്‌വാന്മാരുമാരുടെയും നേതൃത്വത്തിലായിരുന്നു അത്. 63 നായനാർമാരും 12 ആഴ്‌വാന്മാരുമാണുണ്ടായിരുന്നത്.

തമിഴകത്ത് ഭക്തിപ്രസ്ഥാനം ഉയർന്നുവന്നതിനു പിറകിൽ ചില കാരണങ്ങളുണ്ട്. എ.ഡി. 3ാം നൂറ്റാണ്ടു മുതൽ 7ാം നൂറ്റാണ്ടുവരെയുള്ള കാലം തെക്കേ ഇന്ത്യയിൽ കാവേരിപട്ടണം ആസ്ഥാനമാക്കി കളഭ്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. കളഭ്ര രാജവംശത്തിന്റെ കാലത്ത്, തമിഴകത്തു മുഴുവൻ, ബുദ്ധജൈനമത സംന്യാസികൾക്ക് രാജകീയ രക്ഷാകർതൃത്വം ലഭിച്ചു പോന്നു. ബ്രാഹ്മണവിരുദ്ധമായ നടപടികളായിരുന്നു അക്കാലത്തെ രാജകീയ നടപടികൾ.

ബുദ്ധമതവും ജൈനമതവും അക്കാലത്ത് അഭിവൃദ്ധി കൈവരിച്ചു. ബ്രാഹ്മണരെ സംബന്ധിച്ച് മൂന്നു നൂറ്റാണ്ടുകാലം പീഡനത്തിന്റെയും വേട്ടയാടലിന്റെയും കാലമായിരുന്നു. പാണ്ഡ്യരും പല്ലവരും ചാലൂക്യരും കളഭ്ര രാജാക്കന്മാരെ തോൽപ്പിക്കുന്നതോടെയാണ് അത് അവസാനിക്കുന്നത്.

വൈദികാചാരങ്ങൾ, പ്രാദേശിക ദൈവസങ്കൽപങ്ങൾ, ബുദ്ധമതം, ജൈന മതം എന്നിങ്ങനെ വിവിധ പാരമ്പര്യങ്ങൾ നിറഞ്ഞതായിരുന്നു എ.ഡി. 5ാം നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും തെക്കേ ഇന്ത്യയുടെ സാമൂഹിക ജീവിതം.

ബുദ്ധ ജൈനമതങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കുകയും ജാതിഭേദത്തിനതീതമായി മാനവികത ഉയർത്തിക്കാട്ടുകയും ശക്തമായ ഏകദൈവസങ്കൽപം അവതരിപ്പിക്കുകയും ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള വഴി ഭക്തിയുടേതാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് തമിഴകത്തെ ഭക്തി പ്രസ്ഥാനം എ.ഡി. 6ാം നൂറ്റാണ്ടിൽ അതിന്റെ കുതിപ്പ് ആരംഭിച്ചത്.

എ.ഡി. 7ാം നൂറ്റാണ്ട് ആകുമ്പോഴേക്കും സിംഹവിഷ്ണുവിന്റെ പരമ്പരയിൽപെട്ട പല്ലവരും കടുംകോന്റെ പരമ്പരയിൽപെട്ട പാണ്ഡ്യരും അവരവരുടെ രാജ്യങ്ങളിൽ മേൽക്കോയ്മ നേടാനും ജനജീവിതവും സാമൂഹികസാമ്പത്തിക വ്യവസ്ഥിതിയും നിയന്ത്രിക്കാനും തമിഴ്‌നാട്ടിൽ അന്നുവരെ കാണാത്ത നിലയിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അവർക്ക് സ്ഥാപിക്കേണ്ടിയിരുന്ന ശക്തമായ അധികാരത്തിന് ജൈനമതക്കാരുടെയും ബുദ്ധമതക്കാരുടെയും വിഹാരങ്ങൾ വെല്ലുവിളി ഉയർത്തി. ജൈനമതത്തിനും ബുദ്ധമതത്തിനും നേരെ കടുത്ത എതിർപ്പ് സൂക്ഷിച്ച ഭക്തിപ്രസ്ഥാനം പല്ലവർക്കും പാണ്ഡ്യർക്കും അവരരവരുടെ രാജ്യങ്ങളിൽ പരമാധികാരം ഉറപ്പുവരുത്തുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്.

ശൈവമതവും വൈഷ്ണവ മതവും തമ്മിൽ നല്ല ബന്ധം നിലനിർത്തുന്നതിൽ അന്നത്തെ എല്ലാ ജാതികളും ഉൾക്കൊള്ളുന്ന ഭക്തി പ്രസ്ഥാനത്തിന് കഴിഞ്ഞു. ശൈവരും വൈഷ്ണവരും തമ്മിലുള്ള വൈരം ആദ്യകാലത്ത് ഉണ്ടായിരുന്നില്ല എന്ന് തമിഴ് സാഹിത്യപഠിതാക്കൾ വെളിപ്പെടുത്തുന്നുണ്ട്. ചിദംബരത്തിലെ നടരാജന്റെ മുമ്പിൽ ഗോവിന്ദസ്വാമി പ്രണമിക്കുന്നതായി മാണിക്കവാചകർ (എ.ഡി. 9ാം നൂറ്റാണ്ട്) എഴുതുന്നതാണ് ശൈവ വൈഷ്ണവ വൈരത്തിന്റെ ആദ്യസൂചനകളിലൊന്ന് എന്നു വിശ്വസിക്കുന്നു.  8

ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് കെ. ദാമോദരൻ എഴുതുന്നു:

‘ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന് വൈക്ലിഫ്, ലൂതർ, തോമസ് മുൻസർ മുതലായവർ നയിച്ച മതപരിഷ്‌കരണപ്രസ്ഥാനങ്ങളുമായി പല സാദൃശ്യങ്ങളും കാണാം. വിഷ്ണുവിന്റെ അവതാരങ്ങളായി കരുതപ്പെട്ട ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരോടൂള്ള ഭക്തിയാണ് ഈ പ്രസ്ഥാനത്തിന്റെ കാതൽ. പക്ഷേ, അത് വെറുമൊരു മതപ്രസ്ഥാനമായിരുന്നില്ല. വൈഷ്ണവസിദ്ധാന്തങ്ങൾ, ആത്യന്തിക വിശകലനത്തിൽ, ആ കാലഘട്ടത്തിന്റെ സാമൂഹ്യസാമ്പത്തികയാഥാർത്ഥ്യങ്ങളുടെ ആത്മീയപ്രകടനങ്ങളായിരുന്നു. എന്നാൽ, സാംസ്‌കാരികരംഗത്ത് അത് ഒരു ദേശീയനവോത്ഥാനത്തെയാണ് പ്രതിഫലിപ്പിച്ചത്. സാമൂഹ്യമായ ഉള്ളടക്കമാകട്ടെ, ജാതിമേധാവിത്വത്തിനും ജാതിവ്യവസ്ഥയുടെ അനീതികൾക്കും എതിരായ കലാപത്തെയാണ് പ്രതിനിധാനം ചെയ്തത്. അത് ഇന്ത്യയിൽ വിവിധ ദേശീയ ജനവിഭാഗങ്ങളുടെ വളർച്ചയ്ക്കും ദേശീയ ഭാഷകളുടെയും ദേശീയ സാഹിത്യങ്ങളുടെയും വികാസത്തിനും ഒരു പുതിയ ഉത്തേജനം നൽകി. ഈ പ്രസ്ഥാനമാണ് നാടുവാഴിത്തമർദ്ദനങ്ങൾക്കെതിരായി ഉറച്ചുനിൽക്കാൻ കച്ചവടക്കാർക്കും കൈവേലക്കാർക്കും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങൾക്കും ധൈര്യം നൽകിയത്. ഉയർന്ന ജാതിയിൽ ജനിച്ചവരായാലും ശരി, താണ ജാതിയിൽ ജനിച്ചവരായാലും ശരി, ദൈവത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും സമന്മാരാണെന്ന സിദ്ധാന്തമാണ് ഭക്തിപ്രസ്ഥാനത്തിന്റെ കാതൽ. പൗരോഹിത്യത്തിനും ജാതിമർദ്ദനത്തിനും എതിരായി പോരാടുന്നതിന് ജനങ്ങളെ ആവേശം കൊള്ളിച്ച് അണിനിരത്തിയ ഒരു സിദ്ധാന്തമായിരുന്നു അത്. മധ്യയുഗത്തിലെ വ്യത്യസ്തഭാഷകളോടും വ്യത്യസ്തജാതികളോടും വ്യത്യസ്ത മതങ്ങളോടും കൂടിയ വിവിധ ജനവിഭാഗങ്ങളെ യോജിപ്പിച്ചണിനിരത്തിയ മഹത്തായ ഈ പ്രസ്ഥാനം ഒരു സങ്കരസംസ്‌കാരത്തിന്റെ വികാസത്തെ സഹായിക്കുകയും നാടുവാഴിത്ത മർദ്ദനത്തിനെതിരായ യോജിച്ച സമരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.’9

ഭക്തിപ്രസ്ഥാനം ഭാഷാപരമായ ദേശീയതയുടെ രൂപവത്കരണം സാധ്യമാക്കി എന്ന് മാർക്‌സിസ്റ്റ് സൈദ്ധാന്തികരിൽ ചിലർ അഭിപ്രായപ്പെടുന്നു. ഭാഷാപരമായ ദേശീയത കോളോണിയൽ കാലഘട്ടത്തിൽ  സംഭവിച്ച ഒന്നാണെന്നും സംസ്‌കാരത്തിന്റെ പ്രാദേശിക സമൂഹരൂപവത്കരണമാണ് ഭക്തിപ്രസ്ഥാനം സാധ്യമാക്കിയതെന്നും മറ്റുചിലർ വാദിക്കുന്നു. ‘ഇന്ത്യയിലെ ബൂർഷ്വാവിപ്ലവം’ എന്നാണ് സോവിയറ്റ് പണ്ഡിതന്മാരിൽ ചിലർ ഭക്തിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ വിളിച്ചത്.10 ആചാരാനുഷ്ഠാനങ്ങളിൽനിന്നും ഭക്തിയിലേക്കുള്ള മാറ്റത്തെ ‘പിൽക്കാല ഹിന്ദുയിസത്തിന്റെ ചലനാത്കവും വീര്യവത്തുമായ രൂപം’ എന്നാണ് റൊമീളാ ഥാപ്പർ വിശേഷിപ്പിക്കുന്നത്. 11

ഭക്തിയും സാഹിത്യവും

എ.ഡി.പതിനാറാം നൂറ്റാണ്ടിലെ മലയാളസാഹിത്യം മതപരമായ പാഠങ്ങൾ, മതേതരമായ പാഠങ്ങൾ എന്നിങ്ങനെ തുല്യപ്രാധാന്യമുള്ള രണ്ടു ചാലുകളിലൂടെയാണ് ഒഴുകിയിരുന്നത്. പാട്ടുപ്രസ്ഥാനത്തിലും അതിന്റെ ഭാഷാപരമോ ഉള്ളടക്കപരമോ ആയ തുടർച്ചയിലുംപെട്ട കൃതികളും കീർത്തനസാഹിത്യവുമായിരുന്നു മതപരമായ പാഠങ്ങളിൽ പ്രധാനപ്പെട്ടവ. നാടോടിസാഹിത്യവും നായികാപ്രാധാന്യമുള്ള മണിപ്രവാളകൃതികളുമായിരുന്നു മതേതരമായ പാഠങ്ങളിൽ മുഖ്യമായവ. മതപരം എന്നാൽ ഏതാണ്ട് പൂർണ്ണമായും ഹിന്ദു പുരാണേതിഹാസങ്ങളെ ഉപജീവിച്ചവ എന്നാണർഥം.12

തെക്കെ ഇന്ത്യയിലെ സഞ്ചാരികളായ സംന്യാസിമാർ എ.ഡി. ആറാം നൂറ്റാണ്ടോടെ രൂപപ്പെടുത്തിയ ശൈവവും വൈഷ്ണവവുമായ ധാരകൾ സംസ്‌കൃതത്തിനു പകരം അതതു പ്രദേശികഭാഷകളിലാണ് കീർത്തനങ്ങൾ വിരചിച്ചിരുന്നത്. തമിഴ്‌നാട്ടിൽ ആണ്ടാളുടെ (എ.ഡി. 9ാം നൂറ്റാണ്ട്) തിരുപ്പാവൈയും നാച്ചിയാർതിരുമൊഴിയും കർണ്ണാടകത്തിൽ അക്കാമഹാദേവി(എ.ഡി.12ാം നൂറ്റാണ്ട്)യുടെ വചനസാഹിത്യവും പോലെ അനേകം കൃതികൾ രചിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തുപോന്നു. സംസ്‌കൃത പാരമ്പര്യം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച ഹൈന്ദവ ഉപാസനാ രീതികളെപ്പോലും അവരിൽ ചിലർ ഉപേക്ഷിച്ചു. ബസവണ്ണ (1106–1167) യുടെ നേതൃത്വത്തിൽ കർണ്ണാടകത്തിൽ രൂപം കൊണ്ട വീരശൈവപ്രസ്ഥാനം ഉദാഹരണം.

മതപരമായ വിഷയങ്ങളുടെ പ്രാദേശികമായ ആഖ്യാനങ്ങളുടെ വിസ്തൃതമായ ഒരു പരിസരം സ്വാഭാവികമായും മലയാളത്തെയും പ്രചോദിപ്പിച്ചുതുടങ്ങിയതായി രാമചരിതം മുതലുള്ള കൃതികളുടെ ചരിത്രം തെളിവുനൽകുന്നുണ്ട്.

എ.ഡി. പത്താം നൂറ്റാണ്ടിൽ തമിഴിൽ കമ്പരാമായണം തുറന്ന പുതുവഴി, സംസ്‌കൃതത്തിലെ പുരാണേതിഹാസങ്ങളെ ഉപജീവിക്കുക എന്ന വഴി, പകർന്ന ഊർജ്ജം മലയാളത്തിൽ കനപ്പെട്ടു വരുന്നതിന്റെ ചിത്രം പതിനാറാം നൂറ്റാണ്ടാകുമ്പോഴേക്കും തെളിഞ്ഞുവരുന്നുണ്ട്. രാമനും കൃഷ്ണനും ശിവനും കേന്ദ്ര കഥാപാത്രങ്ങളായി ആഖ്യാനങ്ങൾ അതിനോടകം പ്രത്യക്ഷപ്പെട്ടു.

എ.ഡി.പതിനാലാം നൂറ്റാണ്ട് ആകുമ്പോഴേക്കും രാമായണത്തിനും മഹാഭാരതത്തിനും ഭാഗവതത്തിനും മലയാളത്തിൽ വിവർത്തനമുണ്ടായി. മതപരമായ പാഠങ്ങളുടെ നൈരന്തര്യം ദൃശ്യമായ സാഹിതീയ മണ്ഡലത്തിലേക്കാണ് പൂന്താനത്തിന്റെ കൃതികളുടെ വരവ്.

 

ഭാഗവതം

ജ്ഞാനപ്പാനയുടെ ആഖ്യാനത്തെ പ്രചോദിപ്പിച്ച കൃതികളിൽ മുഖ്യമായത് ഭാഗവതമാണ്. പൂന്താനത്തിനുമുമ്പ് ഭാഗവതത്തെ ആസ്പദമാക്കി ചില കൃതികൾ മലയാളത്തിൽ രചിക്കപ്പെട്ടിരുന്നു. രണ്ട് സമ്പൂർണ്ണ വിവർത്തനങ്ങളും ഒരു അപൂർണ്ണ വിവർത്തനവും ഒരു അനുകല്പനവും ഉൾപ്പെടെ നാലു കൃതികൾ നമ്മുടെ മുമ്പിലുണ്ട്.

എ.ഡി. 14ാം നൂറ്റാണ്ടിൽ ജീവിച്ച നിരണത്ത് രാമപ്പണിക്കർ രചിച്ചുവെന്ന് വിശ്വസിക്കുന്ന കണ്ണശ്ശഭാഗവതം ആണ് അറിഞ്ഞിടത്തോളം ആ വഴിയിലെ ആദ്യ കൃതി. ഭാഷാരീതിയും പദശൈലിയും നോക്കുമ്പോൾ നിരണം കവികളുടേത് എന്ന് നിസ്സംശയം പറയാവുന്നതാണ് ആ കൃതി. ചില്ലറ വ്യതിയാനങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഭാഗവതത്തിന്റെ സമ്പൂർണ്ണ വിവർത്തനമാണ് കണ്ണശ്ശഭാഗവതം.

അപൂർണ്ണമായ നിലയിൽ കണ്ടുകിട്ടിയതും കംസവധം വരെ മാത്രം പ്രതിപാദിക്കുന്നതുമായ ഭാഗവതം പാട്ടാണ് മലയാളത്തിലെ മറ്റൊരു ആദ്യകാല ഭാഗവതാഖ്യാനം. പാട്ടു പ്രസ്ഥാനത്തിന്റെ സ്വഭാവമായ എതുകയും മോനയും അന്താദിപ്രാസവും ഉണ്ടെങ്കിലും നിരണം കൃതികളുടെയത്ര പഴക്കം ഇതിന്റെ ഭാഷയ്ക്കില്ല 13

എ.ഡി.15ാം നൂറ്റാണ്ടിൽ രചിച്ച കൃഷ്ണഗാഥയാണ് അനുകല്പനത്തിനുവേണ്ടി ഭാഗവതത്തെ ഉപജീവിച്ച ആദ്യകാല കൃതി. ഭാഗവതത്തിന്റെ സമ്പൂർണ്ണവിവർത്തനം കൃഷ്ണഗാഥയുടെ ഉദ്ദേശ്യമേയല്ല. ശ്രീകൃഷ്ണന്റെ കഥ പറയുന്ന ദശമസ്‌കന്ധമാണ് അതിന്റെ അടിസ്ഥാനം.

മറ്റൊന്ന്, സാധാരണ പറഞ്ഞു പോരുന്നതനുസരിച്ച്, ഭാഗവതം കിളിപ്പാട്ട് ആണ്. തുഞ്ചത്ത് എഴുത്തച്ഛന്റെതാണ് ഈ കൃതിയെന്ന് ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ളയും കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂരും രേഖപ്പെടുത്തുന്നുണ്ട്. എന്തെങ്കിലും സുശക്തമായ തെളിവുകൾ നിരത്തിയല്ല പി.ഗോവിന്ദപ്പിള്ളയുടെ വാദം. ഉള്ളൂർ, പക്ഷേ, ചില തെളിവുകൾ നല്കുന്നുണ്ട്. ‘സർവലോകേശനായ ഭഗവദ്യശസ്സോടു’, ‘ഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങൾ’, ‘ഉളനായ ചേൽക്കണ്ണിയാൾ’, ‘തേൻപോരും’, ‘പോകയിൽ’, ‘ചെല്ലത്തുടങ്ങിനാൾ’, ‘ചോരിവാവേരി’, ‘മകളർ’ എന്നീ പദങ്ങൾ കാണിച്ചാണ് ഭാഗവതം കിളിപ്പാട്ട് കൊല്ലം എട്ടാം നൂറ്റാണ്ടിലെ കൃതിയാണെന്ന് ഉള്ളൂർ ഉറപ്പിക്കുന്നത്.

കൊല്ലം എട്ടാം നൂറ്റാണ്ട് എന്ന അഭിപ്രായത്തെ സാധൂകരിക്കാൻ ഇത്രയും തെളിവുകൾ മതിയാവുമോ എന്നു സംശയമുണ്ടെങ്കിലും അതിനെ നിരസിക്കാൻ പഴുതു കാണുന്നില്ല. അങ്ങനെ സംശയത്തിന്റെ ആനുകൂല്യത്തിൽ ആ കൃതി കൊല്ലം എട്ടാം ശതകത്തിലേതെന്ന് അനുമാനിക്കാം. പക്ഷേ, അതിന്റെ കർത്താവ് എഴുത്തച്ഛനാണെന്നതിന് എന്തു തെളിവാണുള്ളത്?

പ്രസ്തുത കൃതി എഴുത്തച്ഛന്റെതാണ് എന്നത് മൂന്നു കാര്യങ്ങൾ നിരത്തിയാണ് ഉള്ളൂർ സമർഥിക്കാൻ ശ്രമിക്കുന്നത്.

ഒന്ന്: ചിറ്റൂർ ഗുരുമഠത്തിൽ ഭാഗവതം വെച്ചു പൂജിച്ചിരുന്നത് 1041ൽ ബർണ്ണൽ സായ്പ് കണ്ടിട്ടുണ്ട്.

രണ്ട്: ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്ന് രൂഢമൂലമായ ജനവിശ്വാസമുണ്ട്.

മൂന്ന്: മനോഹരങ്ങളായ പല ഭാഗങ്ങൾ ഭാഗവതം കിളിപ്പാട്ടിലുണ്ട്.

ഭാഗവതം കിളിപ്പാട്ട് എഴുത്തച്ഛന്റെതെന്നു സമർഥിക്കാനാവും വിധം ശക്തമോ പഴുതടഞ്ഞതോ അല്ല ഈ മൂന്നു കാര്യങ്ങളും. ദശമസ്‌കന്ധത്തിലെ കാളിയമർദ്ദനത്തിനു ശേഷമുള്ള ഭാഗം ‘ഭീമങ്ങളായ അഭംഗികൾ’ മുൻനിർത്തി എഴുത്തച്ഛന്റേതാവാൻ വഴിയില്ലെന്ന് ഉള്ളൂർ തുടർന്നെഴുതുന്നു. 14

രചനയിലെ സ്ഖലിതങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രസ്തുത കൃതി എഴുത്തച്ഛന്റേതാവാൻ വഴിയില്ലെന്നാണ് പി. കെ. നാരായണപിള്ളയുടെ അഭിപ്രായം. എഴുത്തച്ഛന്റെതെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും ദശമസ്‌കന്ധം വരെ മാത്രമേ അങ്ങനെ കരുതാനാവൂ എന്ന് അദ്ദേഹവും അഭിപ്രായപ്പെടുന്നു. 15

 

അധിനിവേശം

എ.ഡി.1498ൽ പോർച്ചുഗീസുകാർ കേരളത്തിലെത്തി. ഒന്നോ രണ്ടോ ദശകം കഴിയുമ്പോഴേക്കും  സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ അവരുടെ സാന്നിധ്യം കേരളത്തിൽ പ്രകടമായിത്തുടങ്ങിയിരുന്നു. പൂന്താനം ജ്ഞാനപ്പാന എഴുതുന്ന കാലത്ത് പോർച്ചുഗീസുകാരുടെ പിടിമുറുക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. അക്കാലത്തെ സാമൂഹികജീവിതത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന പോർട്ടുഗീസ് കോയ്മയുടെ ചിത്രം തുഹ്ഫത്തുൽ മുജാഹിദീൻ എന്ന കൃതിയിൽ തെളിഞ്ഞുകാണാനുണ്ട്. 16 അക്കാലത്തെ സാമൂഹികരാഷ്ട്രീയജീവിതത്തെ തുഹ്ഫത്തുൽ മുജാഹിദീൻ ഇങ്ങനെ വിശദമാക്കുന്നു:

‘സാമൂതിരിയും അദ്ദേഹത്തിന്റെ പ്രജകളും പോർത്തുഗീസുകാരുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നു. ധാരാളം ധനം സാമൂതിരിക്ക് ഇതിനു വേണ്ടി ചെലവഴിക്കേണ്ടിവന്നു. അങ്ങനെ അദ്ദേഹത്തിന്റെയും പ്രജകളുടെയും ശക്തി ക്ഷയിച്ചു.’ 17

1663 ജനുവരി 7നാണ് മലബാറിൽ പോർട്ടുഗീസുകാരുടെ അധികാരത്തിന് അവസാനമുണ്ടാകുന്നത്. 1498 മുതൽ 1663 വരെയുള്ള  165 വർഷം മലബാറിൽ സാമാന്യമായും പൂന്താനത്തിന്റെ നാട്ടുരാജ്യത്തിൽ വിശേഷിച്ചും സംഘർഷത്തിന്റെയും പോരാട്ടത്തിന്റെയും കാലമായിരുന്നു. രാഷ്ട്രീയമായ പിടിമുറുക്കത്തിന്റെ എന്നതുപോലെത്തന്നെ മതപരമായ പിടിമുറുക്കത്തിന്റെ സൂചനകളും പുറപ്പാടറിയിച്ചിരുന്ന ആ കാലം പൂന്താനത്തിന്റെ കൃതികളുടെ ആഖ്യാനത്തെ നിയന്ത്രിച്ച സൂക്ഷ്മഘടകങ്ങളിലൊന്നാണ് എന്നതിനു സംശയമുണ്ടാകാനിടയില്ല.

പാഠഭേദങ്ങൾ

താളിയോലകളിൽ എഴുതപ്പെട്ട മറ്റെല്ലാ കൃതികളെയുംപോലെ ജ്ഞാനപ്പാനയ്ക്കും ഒട്ടേറെ പാഠഭേദങ്ങളുണ്ട്. 18

ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്മാവും ഇപ്പിദൂർവ്വാ എന്നു ചിലർ

എന്ന് ഗുണ്ടർട്ടിൽ നിഘണ്ടുവിൽ കാണുന്നത് മറ്റൊരിടത്തും കാണാനില്ല. ഇപ്പിദൂർവ്വാ എന്നതിന്റെ അർഥവും വ്യക്തമല്ല. (ഗുണ്ടർട്ട് നിഘണ്ടുവിൽ കുന്തിക്ക എന്ന പദം കാണുക.)

കാലിക്കറ്റ് സർവകലാശാലയിലെ താളിയോലഗ്രന്ഥപ്പുരയിൽ 993 നമ്പർ ആയി സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥത്തിൽ കാവ്യാവസാനം ഇങ്ങനെയാണ്:

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

ആമെന്നുള്ളവർ ചൊല്ലുവിൻ നാമത്തെ

ഇത്രയീതെ പറയാവതെന്തിനി

മതിയുണ്ടെങ്കിലാമതിയുണ്ടിത

തിരുനാമമാഹാത്മ്യം പറഞ്ഞത

തിരുവുള്ളമാകെന്റെ ഭഗവാനെ

വഴിയാകിലും വഴികേടാകിലും

നാരായണന്നു സമർപ്പിച്ചുകൊണ്ടനുദിനെ

ഗ്രന്ഥത്തിന്റെ ഒടുവിൽ ഇതി ജ്ഞാനപ്രബന്ധം കഥാസമാപ്തം എന്നെഴുതിയിരിക്കുന്നു. ജ്ഞാനപ്പാന എന്നല്ല ജ്ഞാനപ്രബന്ധം എന്നാണ് പേരു നൽകിയിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക.

കാലിക്കറ്റ് സർവകലാശാലയിലെ താളിയോലഗ്രന്ഥപ്പുരയിൽ 2579ഇ നമ്പർ ആയി സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥത്തിൽ മുദ്രിതപതിപ്പുകളിൽനിന്നും വ്യത്യസ്തമായി ഗണപതിവന്ദനവും ഇഷ്ടദേവതാസ്തുതിയുമുണ്ട്.

പരമീശനൊരാനതൻ വേഷമായ്

പരമേശ്വരീ നല്ലപിടിയുമായ്

കാനനത്തിൽ കളിച്ചുനടക്കുമ്പോൾ

കരിതൻ മുഖവൻ പിറന്നീടിനാൻ

അച്ചടിച്ച ചില പതിപ്പുകളിൽ  ഈരടികളുടെ  എണ്ണത്തിൽപോലും സാരമായ വ്യത്യാസമുണ്ട്. ഈരടികളിൽ ഓരോവരിയിലെയും രണ്ടാമത്തെ അക്ഷരം സമാനമായിക്കാണുന്ന വിധത്തിലാണ് ജ്ഞാനപ്പാനയുടെ രചന. പൂന്താനത്തിന്റെ മറ്റുകൃതികളിലും സാമാന്യമായി ഈ ശബ്ദസൗന്ദര്യം കാണാനുണ്ട്. പക്ഷേ, അങ്ങനെ കാണാത്ത ചില ഈരടികളും ജ്ഞാനപ്പാനയുടെ താളിയോലപ്പതിപ്പുകളിലും മുദ്രിതപാഠങ്ങളിലും കാണാനുണ്ട്. ജ്ഞാനപ്പാനയുടെ വർണ്ണവിന്യാസപരമായ പ്രത്യേകത നോക്കുമ്പോൾ അവ പ്രക്ഷിപ്തങ്ങളായിരിക്കാനാണ് സാധ്യത. അതല്ലെങ്കിൽ പകർത്തിയെഴുതിയ ആളുകൾക്കു പറ്റിയ കൈയബദ്ധങ്ങളാകാം. പക്ഷേ, പാടിപ്പതിഞ്ഞുപോയ ആ വരികളെ ഒഴിവാക്കി ജ്ഞാനപ്പാനയെക്കുറിച്ച് ചിന്തിക്കാനാവില്ല. ശാസ്ത്രീയമായ ഒരു സംശോധിതസംസ്‌കരണം നടക്കുന്നതുവരെ പ്രക്ഷിപ്തങ്ങളെക്കു റിച്ചോ വിട്ടുപോകലിനെക്കുറിച്ചോ ആധികാരികമായി സംസാരിക്കാനാവില്ല.

വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഭഗവദ്ഗീത, ഭാഗവതം എന്നിവയിലെ ദൈവദർശനങ്ങളുടെ സംക്ഷിപ്തവും കാര്യമാത്രപ്രസക്തവും കാലികപ്രധാനവുമായ ആഖ്യാനമാണ് ജ്ഞാനപ്പാന. ശ്രീധരൻ, ബാദരായണൻ എന്നീ ആചാര്യന്മാരോടുള്ള കടപ്പാട് ജ്ഞാനപ്പാനയിൽ കവിതന്നെ എടുത്തു പറയുന്നുണ്ട്. ശങ്കരന്റെയും  രാമാനുജന്റെയും സ്വാധീനവും അവിടവിടെ ദൃശ്യമാണ്. ജ്ഞാനപ്പാനയിലെ ദർശനികപദ്ധതിയുടെ പൊതുസ്വഭാവം ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം സ്വീകരിച്ച മതപരമായ പാഠങ്ങളിൽ അതിനോടകം സുലഭമായിക്കഴിഞ്ഞതാണ്. പക്ഷേ, ആ പദ്ധതി അവതരിപ്പിക്കാൻ ജ്ഞാനപ്പാന സ്വീകരിച്ച സംവിധാനക്രമവും ആഖ്യാനസവിശേഷതയും അന്യൂനം എന്നുതന്നെ വിളിക്കാവുന്നതാണ്. അത് പ്രയോഗത്തിൽവരുത്താൻ ഉപയോഗിച്ച പദക്രമവും ഭാഷാശൈലിയും മലയാളത്തിന്റെ ഇന്നത്തെ അളവുകോലുവെച്ചു നോക്കിയാൽപോലും പുതുമ മാറാത്തതാണ്.

ആനന്ദം എന്ന രസാനുഭവം ബ്രഹ്മത്തിനു സമാനമാണ് എന്നു വേദാന്തം പറയുന്നുണ്ടല്ലോ. ബ്രഹ്മസമാനമായ ആനന്ദം കൃഷ്ണഭക്തിയിലൂടെ നേടാം എന്നാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട്. കൃഷ്ണനെ വീരനായ യോദ്ധാവായും മനംകവരുന്ന കാമുകനായും ലോകരക്ഷകനായ പിതൃരൂപമായും  വാത്സല്യം തോന്നിപ്പിക്കുന്ന ശിശുരൂപമായും മറ്റും മറ്റും വൈഷ്ണവർ കരുതിപ്പോരുന്നു. ലോകരക്ഷകനായ പിതൃരൂപം എന്ന കൃഷ്ണസങ്കൽപത്തിനാണ് ജ്ഞാനപ്പാനയിൽ പ്രാമുഖ്യം.

തത്വശാസ്ത്രം

പൂന്താനത്തിന്റെ തത്വശാസ്ത്രം വളരെ ലളിതമാണ്: മോക്ഷം ലഭിക്കാൻ ഈശ്വരനാമജപം മാത്രം മതി. അത്ര ലളിതമായ ഒരു ആസ്തികപരിഹാരം അതിനുമുമ്പ് മലയാളത്തിലുണ്ടായിട്ടില്ല. അത്ര ഋജുവായി വേദാന്തം ആരും പറഞ്ഞിട്ടുമില്ല. 19

ഏകദൈവത്തിലുള്ള വിശ്വാസം, ദൈവത്തെ ആരാധിക്കാൻ ആചാരക്രമത്തിന്റെയോ വിഗ്രഹത്തിന്റെയോ ആവശ്യമില്ല എന്ന തിരിച്ചറിവ്, എല്ലാ ജാതികൾക്കും ആരാധനയിൽ സമത്വമുണ്ടെന്ന വാദം, മൂല്യങ്ങളുടെ സംസ്ഥാപനമാണ് ഭക്തി എന്ന കാഴ്ചപ്പാട്, ഗാർഹസ്ഥ്യത്തെ തള്ളിപ്പറയാതിരിക്കൽ, സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയും ആഖ്യാനവും എന്നിങ്ങനെ മധ്യകാലത്ത് ഇന്ത്യയിൽ നിലനിന്ന ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യമായ ആദർശങ്ങളെല്ലാം ജ്ഞാനപ്പാനയിലുണ്ട്.

ഇതിഹാസങ്ങളുടെ പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും നിർവഹിക്കുമ്പോൾ തരംകിട്ടിയാൽ തത്വശാസ്ത്രം പറയുക എന്ന മലയാളത്തിന്റെ അന്നുവരെയുള്ള പതിവുരീതിവിട്ട് തത്വശാസ്ത്രാഖ്യാനത്തിനുമാത്രമായി ഒരു കൃതി എന്ന മട്ടിലാണ് ജ്ഞാനപ്പാനയുടെ വരവ്. ഏതു ജാതിയിൽപ്പെട്ടയാൾക്കും ദൈവത്തിലെത്തിച്ചേരാം എന്നു പറയാൻകൂടിയാണ് പൂന്താനം ജ്ഞാനപ്പാന എഴുതിയത്. ഭക്തിയുടെ വഴിയിൽ ബ്രാഹ്മണന് പ്രത്യേകാധികാരമൊന്നുമില്ല, ശൂദ്രന് പ്രത്യേകപരിമിതികളുമില്ല. എത്ര അവഗണിച്ചാലും ശ്രദ്ധിക്കാതിരിക്കാനാകാത്ത ഒരു വെളിച്ചം ആ ദർശനത്തിലുണ്ട്. 20

ഭക്തിയും മാനവികതയും കെട്ടുപിണഞ്ഞു കിടക്കുന്ന സന്ദർഭമാണത്.

ദൈവാർച്ചനയായ ശാന്തിപ്പണി കൂലിവാങ്ങി നിർവഹിക്കുന്ന ചിലരെക്കുറിച്ച് ജ്ഞാനപ്പാന സങ്കടപ്പെടുന്നുണ്ട്. ആ സങ്കടം ഇന്നാർക്കും ഉണ്ടാവാനിടയില്ല. അതാണ് പൂന്താനത്തിന്റെ ഭക്തിയുടെ വ്യത്യാസങ്ങളിലൊന്ന്. കോവിലകങ്ങളിൽ, അതായത് അന്നത്തെ  അധികാര സ്ഥാനങ്ങളിൽ സേവകരായി നടക്കുന്നവരെക്കുറിച്ചും പൂന്താനം സങ്കടപ്പെടുന്നുണ്ട്. ആ സങ്കടവും ഇന്നാർക്കും ഉണ്ടാവാനിടയില്ല. അതാണ് പൂന്താനത്തിന്റെ ഭക്തിയുടെ മറ്റൊരു വ്യത്യാസം. ഭക്തർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ പൂന്താനം ചില ചോദ്യങ്ങൾകൊണ്ട് പരീക്ഷിക്കുന്നു. ചോദ്യങ്ങളെല്ലാം നിസ്സാരമാണ്. നിങ്ങൾ സ്ഥാനമാനങ്ങൾചൊല്ലി കലഹിക്കാറുണ്ടോ? അഹങ്കരിക്കാറുണ്ടോ? ധനത്തിൽ ആശപെരുകിയതുകൊണ്ടുമാത്രം പൂജാദികർമങ്ങൾ ചെയ്യാറുണ്ടോ? വിശ്വാസലംഘനം നടത്താറുണ്ടോ? അത്യാഗ്രഹം വെച്ചുപുലർത്താറുണ്ടോ? അച്ഛനും അമ്മയ്ക്കും ഭാര്യക്കും വേണ്ടതെല്ലാം കൊടുക്കുന്നുണ്ടോ?  സത്യത്തെ മുറുകെപ്പിടിക്കാറുണ്ടോ? കുടുംബജീവിതത്തിൽ കരുതലും സ്‌നേഹവും പുലർത്താറുണ്ടോ? അങ്ങനെ ചില ചോദ്യങ്ങൾ. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ ഒരാളുടെ ഭക്തി എന്തുമാത്രം ഈശ്വരോന്മുഖമാണ് എന്നു മനസ്സിലാക്കാനാവും എന്നാണ് ജ്ഞാനപ്പാനയുടെ വിവക്ഷ. ഈശ്വരനിലേക്കടുക്കുക എന്നത് മനുഷ്യനോട് നീതിപുലർത്തുക എന്നതു തന്നെയാണ്. ജീവിതത്തെ മറക്കാത്ത ഈ ദാർശനിക വിചിന്തനമാണ് ജ്ഞാനപ്പാനയുടെ സൗന്ദര്യം. ‘ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ’ എന്നെഴുതുമ്പോൾ പൂന്താനം അനുഭവിക്കുന്ന വൈരുധ്യം ഈ ദാർശനികവിചിന്തനവും മായയെക്കുറിച്ചുള്ള സങ്കൽപവും തമ്മിലുള്ള ഇടച്ചിൽകൂടിയാണ്.

കച്ചവടം

കച്ചവടക്കാരോട് ജ്ഞാനപ്പാന പുലർത്തുന്ന അസഹിഷ്ണുത ശ്രദ്ധേയമാണ്. കേരളത്തിലെ വർണ്ണവ്യവസ്ഥയുടെ ഒരു പ്രത്യേകത വൈശ്യരുടെ അഭാവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കച്ചവടക്കാരായ വൈശ്യരുടെ സ്ഥാനത്തേക്കാണ് കേരളത്തിൽ ഇസ്ലാം മതവും ക്രിസ്തുമതവും പ്രവേശിച്ചത്.

ഹിന്ദുസമുദായത്തെ ഭക്തിയുടെ നൂലുപയോഗിച്ച് ഏകീകരിക്കുവാനുള്ള പൂന്താനത്തിന്റെ ശ്രമത്തിന് പോർട്ടുഗീസുകാരുടെ മതപരിവർത്തനശ്രമങ്ങളും ഇസ്ലാം ക്രൈസ്തവ മതങ്ങളുടെ വേരോട്ടവും ആശയപരമായ അടിത്തറയായി വർത്തിച്ചിട്ടുണ്ട്. ഭാരതത്തിലല്ലാതെ മറ്റൊരിടത്തും മോക്ഷം കിട്ടില്ലെന്ന മൊഴിയിൽ അതിന്റെ നിഴലുകളുണ്ട്. പൂന്താനത്തിന്റെ കാലത്ത് അഭാരതീയം എന്ന സങ്കല്പത്തിന് പ്രാഥമികമായും പരിഗണിക്കാനുണ്ടായിരുന്നത്പോർട്ടുഗീസുകാരെയും കച്ചവടത്തിനു വന്നെത്തുന്ന മറ്റു മതസ്ഥരെയുമായിരുന്നു. അവരുടെ ഒരു പൊതുസ്വഭാവം കച്ചവടമേഖലയിലുള്ള ഇടപെടലുകളാണ്.

മധ്യകാലമലയാളചമ്പുക്കളിലെ അങ്ങാടിവർണ്ണനകളിൽ തെളിയുന്ന കച്ചവടമല്ല പൂന്താനത്തിന്റെ ദൃഷ്ടിയിൽ പതിയുന്നത്. ദൈനംദിനാവശ്യങ്ങൾക്കുള്ള ചരക്കുകൾ വില്പന നടത്തുന്ന ഊരുകൂട്ടങ്ങളാണ് അവയിൽ സാമാന്യമായുള്ളത് എങ്കിൽ അമിതലാഭം പ്രതീക്ഷിച്ച് കൂടുതൽ വിശാലമായ മേഖലയിൽ നടക്കുന്ന കച്ചവടങ്ങളെയാണ് പൂന്താനം ശ്രദ്ധിക്കുന്നത്. വിശ്വസ്തത പുലർത്താത്ത കച്ചവടം, ധനത്തിൽ അമിതാസക്തി, ധൂർത്ത്, അമിതമായ ധനം നിമിത്തം ജീവിതത്തിൽ വരുന്ന ദുർവ്യതിയാനം, സാധുക്കളെ സഹായിക്കാനുള്ള മടി എന്നിങ്ങനെ ധനം കേന്ദ്രവസ്തുവായി വരുന്ന ഒരു മേഖലയിൽ സംഭവിച്ചേക്കാവുന്ന സകല ചിത്രണങ്ങളും ജ്ഞാനപ്പാനയിലുണ്ട്. എല്ലാം അത്യുക്തിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. സാമൂഹിക ജീവിതത്തിന്റെ ഉരകല്ല് സമ്പത്ത് ആണെന്നു വരുന്നതിൽ പൂന്താനത്തിന് കടുത്ത അമർഷമുണ്ട്

നാടുവാഴിത്തസമൂഹം

ഭൂമിയ്ക്കുമേലുള്ള അധികാരവും അതു കൈവശപ്പെടുത്താനുള്ള മത്സരങ്ങളും പൂന്താനം ശ്രദ്ധിക്കുന്നുണ്ട്. കാണം കൈവശപ്പെടുത്താനുള്ള പരക്കംപാച്ചിൽ, അന്യന്റെ ഭൂമി തട്ടിപ്പറിച്ചെടുക്കാനുള്ള ത്വര എന്നിവയും ജ്ഞാനപ്പാനയിൽ വിമർശനവിധേയമാകുന്നു. മധ്യകാല മണിപ്രവാളങ്ങളിലെ സ്ത്രീപുരുഷബന്ധങ്ങളെ പൂർവപക്ഷമായെടുത്താൽ ‘ചഞ്ചലാക്ഷിമാരുടെ വീടുകളിൽ പുക്കുന്ന കുഞ്ചിരാമന്മാർ’ക്ക് മേൽവിലാസം തെളിഞ്ഞുകിട്ടും. ക്ഷേത്രകേന്ദ്രിതമായ ആരാധനാ സമ്പ്രദായത്തോടോ നടുവാഴിത്തസമൂഹം മുന്നോട്ടുവെയ്ക്കുന്ന ഭൂബന്ധങ്ങളോടോ ജ്ഞാനപ്പാനയ്ക്ക് മതിപ്പില്ല.

വിഷ്ണുഭക്തി പ്രതിപാദ്യമായി വരുന്ന ഈ കൃതിയിൽ ഒരിടത്തും ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ല എന്നത് പ്രത്യേകനോട്ടം അർഹിക്കുന്നുണ്ട്. ക്ഷേത്രം എന്നൊരു പരികല്പന ജ്ഞാനപ്പാനയുടെ നാലയലത്തുപോലുമില്ല എന്നത് ശ്രദ്ധിക്കേണ്ടതു തന്നെയാണ്. ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രസ്ഥാനത്തുനിന്നും ക്ഷേത്രങ്ങളെയും ക്ഷേത്രകേന്ദ്രിതമായ ആചാരങ്ങളെയും വിമോചിപ്പിക്കുക എന്ന സാംസ്‌കാരികദൗത്യം ജ്ഞാനപ്പാന ഏറ്റെടുക്കുന്നുണ്ട്. ബ്രാഹ്മണമോ അബ്രാഹ്മണമോ ആയ ഒരു ആചാരവിധിയെയും പൂന്താനം അംഗീകരിക്കുന്നില്ല. നാടുവാഴിത്തസമൂഹത്തിന്റെ ശീലങ്ങളോട് സമരസപ്പെടാനാവാത്ത മനസ്സാണ് ജ്ഞാനപ്പാനയുടെ രചനയിൽ വ്യാപരിച്ച മനസ്സ്.

രണ്ടുതരം അധികാര രൂപങ്ങളെ ജ്ഞാനപ്പാന സവിശേഷമായി വിമർശിക്കുന്നുണ്ട്. പണം കേന്ദ്രസ്ഥാനത്തുവരുന്ന ഉത്പാദന വ്യവസ്ഥയും അതിന്റെ ഉപോത്പന്നമായ ചൂഷണവുമാണ് ഒന്ന്. ഭൂമിയും ഭൂബന്ധങ്ങളും അതിന്റെ സ്വഭാവം നിർണ്ണയിച്ചതിൽ പ്രധാനപ്പെട്ടതാണ്.

ജാതീയമായ കോയ്മയാണ് മറ്റൊന്ന്.  സാമ്പത്തികമോഹത്തിന്റെ മറുപുറമാണ് അത് എന്ന് ജ്ഞാനപ്പാന വിശ്വസിക്കുന്നു. സാമ്പത്തിക ലാഭം നൽകാത്ത മതപരമായ എല്ലാതരം പ്രവർത്തനങ്ങളിൽനിന്നും സ്വയം വിടുതൽ നേടുകയും വ്യക്തിപരമായ സാമ്പത്തികേച്ഛ പരമപ്രധാനമായി കാണുകയും ചെയ്യുന്ന ഒരു സമൂഹത്തെ ജ്ഞാനപ്പാനയുടെ വിമർശനത്തിൽനിന്നും പുനസ്സൃഷ്ടിക്കാം. സാഹിത്യത്തിൽ ആ സമൂഹത്തിന്റെ അഭിരുചി കനത്ത സ്വാധീനം ചെലുത്തിയ കാലത്താണ് പൂന്താനം ജീവിച്ചത്. ഫ്യൂഡലിസ്റ്റ് സമൂഹത്തിൽ സാഹിത്യത്തിന്റെ അഭിരുചികൾ മാറിവരുന്നതിന്റെ തെളിവ് അക്കാലത്തെ മണിപ്രവാളകൃതികളിൽ ധാരാളമായി കാണാം. ശൃംഗാരം തനിച്ച് സാഹിത്യത്തിന്റെ പ്രമേയമാവുകയും കഥാഖ്യാനത്തെക്കാൾ രസാഖ്യാനത്തിന് പ്രാധാന്യം ലഭിക്കുകയും ചെയ്തതിന്റെ ചിത്രീകരണങ്ങളാണ് അവയിൽ.

ജാതീയമായ കോയ്മയിൽ യാതൊരു കാര്യവുമില്ലെന്നു ജ്ഞാനപ്പാന പ്രസ്താവിക്കുന്നു. ബ്രാഹ്മണനായി ജനിച്ചാലും കർമദോഷം സംഭവിച്ചാൽ നരകത്തിൽ പോകേണ്ടിവരും. താൻ ബ്രഹ്മാവിനെക്കാളും മേലെയാണെന്ന് അഹങ്കരിക്കുന്ന ബ്രാഹ്മണരെ ജ്ഞാനപ്പാന കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. ബ്രഹ്മസായുജ്യത്തിന്റെ കാര്യത്തിൽ ബ്രാഹ്മണനെന്നോ ശൂദ്രനെന്നോ ഭേദമില്ല. സംന്യാസിയെന്നോ ഗൃഹസ്ഥനെന്നോ ഭേദമില്ല. ഭാഗവതം ഉറപ്പിച്ചുച്ചരിച്ച യുക്തിയാണത്. ‘രാഗാദിവിഹീനരായി നിർമലഹൃദയരായി ഭജിക്കുന്നവർക്കു മാത്രമല്ല ഭക്തി. പിന്നെയോ, യാതൊരു ജനം കൃഷ്ണങ്കൽ ചിത്തനിഷ്ഠയോടുകൂടി ഇരിക്കുന്നുവോ ആ ജനത്തിന് ഭക്തിയുണ്ടെന്നാണ്  ഭാഗവത മതം.’ 21

അഗ്നിഹോത്രയാഗം തുടങ്ങി ജാതീയമായ കോയ്മ നിർമിച്ച സകല അനുഷ്ഠാനരൂപങ്ങളെയും ജ്ഞാനപ്പാന തള്ളിക്കളയുന്നുണ്ട്. പണമുണ്ടാക്കനുള്ള വഴി മാത്രമാണ് യാഗങ്ങൾ. പൂജയോ അർച്ചനയോ തീർഥാടനമോ ക്ഷേത്രസന്ദർശനമോ കൂപ്പുകൈയോ വിഗ്രഹാരാധനയോ ജ്ഞാനപ്പാനയുടെ വഴിയല്ല.

കാറ്റും വെളിച്ചവും കയറാത്ത ബ്രാഹ്മണ്യത്തിന്റെ അടഞ്ഞ മുറികളിലേക്ക് ജാലകവും വാതിലും തുറന്നിടാനുള്ള ശ്രമമാണത്. താഴെപ്പറയുന്ന പരിഹാസങ്ങൾ പരിഗണിക്കുക.

1.ശാന്തി ചെയ്തു പുലർത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലർ

2.ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്മാവും തനിക്കൊവ്വായെന്നു ചിലർ

3.അർത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ

ജ്ഞാനപ്പാനയിലെ സാമൂഹിക വിമർശനം ബ്രാഹ്മണ്യത്തിന്റെ ലോകബോധത്തിനു നേരെയുള്ള വിമർശനം കൂടിയാണ്. കുഞ്ചൻ നമ്പ്യാർ നായന്മാരെ പരിഗണിച്ച രീതിയുടെ മുന്നോടിയായിരുന്നു അത്.

പൂന്താനത്തിന്റേത് പരിഹാസമാണെന്ന് എത്ര വട്ടം വായിച്ചാലും തോന്നുകയില്ല എന്നേ വ്യത്യാസമുള്ളൂ. സ്വന്തം സമുദായത്തിന്റെ അകത്തളങ്ങളിൽ പൂന്താനം സൃഷ്ടിച്ച കലാപമായി ജ്ഞാനപ്പാനയെ വിലയിരുത്താം, അതിന്റെ അധിക മാനങ്ങൾ വിസ്മരിക്കാതെതന്നെ.

കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന

നൃപൻ ചത്തു കൃമിയായ് പിറക്കുന്നു

എന്ന് പൂന്താനം എഴുതിയത് രാജവാഴ്ചയും രാജവംശവും ഉള്ള കാലത്തുതന്നെയാണ്. അനുപമകൃ പാനിധികളായിരുന്നു അക്കാലത്തെ എല്ലാ രാജാക്കന്മാരും എന്ന് ഉറപ്പുപറയാനാവാത്തിടത്തോളം കാലം ആ വരികളെ ഒന്നു ശ്രദ്ധിക്കുകതന്നെ ചെയ്യണം.

അപരിമേയമായ ബ്രഹ്മത്തെ ഭഗവാൻ വിഷ്ണുവായി സങ്കൽപിക്കുന്ന വൈഷ്ണവരുടെ രീതിയെ പിന്തുടരുന്നതാണ് ജ്ഞാനപ്പാനയിലെ ദൈവസങ്കൽപം. 22 ചാതുർവർണ്യത്തിന്റെ മതിൽക്കെട്ടുകൾകൊണ്ട് തടയാനാകുന്നതല്ല ദൈവത്തിലേക്ക് നീളുന്ന ഭക്തന്റെ മാനസികഭാവം.

ഗൃഹസ്ഥന്റെ ദൈനംദിനജീവിതത്തിൽനിന്നും ഏറ്റവും സാധാരണമായ ഉദാഹരണങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള ന്യാന്യായവിവേചനം തത്വശാസ്ത്രകാവ്യങ്ങളുടെ നിരയിൽ ജ്ഞാനപ്പാനയെ ജനകീയമാക്കി മാറ്റി.

നിത്യജീവിതത്തിന്റെ മിക്കവാറും എല്ലാ തുറകളും ജ്ഞാനപ്പാനയിൽ വിവൃതമാകുന്നുണ്ട്. കുടുംബജീവിതം, ദാമ്പത്യജീവിതം, വൈയക്തികജീവിതം, ജനനം, മരണം, ആരാധന, ഭരണം, സേവനം, പഠനം, പാണ്ഡിത്യം, വ്യാപാരം, യാഗകർമങ്ങൾ, പരസ്പരവിശ്വാസം എന്നിങ്ങനെ. അവിടെയെല്ലാം കാണാനാവുന്ന തകർച്ചയാണ് ജ്ഞാനപ്പാനയുടെ നോട്ടത്തിന്റെ കേന്ദ്രബിന്ദു.

തകർച്ചയുടെയും അവ്യവസ്ഥയുടെയും ആ ഉദാഹരണങ്ങൾക്കു മേലെയാണ് പൂന്താനം ഈശ്വരവിശ്വാസത്തിന്റെ സാംഗത്യം പണിയുന്നത്.

ആദർശഭക്തൻ

പൂന്താനത്തിന്റെ ആദർശഭക്തൻ ആരാണ്? സ്ഥാനമാനങ്ങളുടെ പിറകെ നടക്കാത്ത, അന്യന്റെ ഉയർച്ചയിൽ അസൂയ ഉണ്ടാവാത്ത, സ്ത്രീകൾ ളള്ളിടത്തെല്ലാം വിഷയാസക്തിയുമായി കയറിനിരങ്ങാത്ത, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ സേവകരായി ഞെളിയാത്ത, അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും വേണ്ടതെല്ലാം നൽകുന്ന , ഭാര്യയോട് വിശ്വാസം കാണിക്കുന്ന, സത്തുക്കളുടെ ഗുണദോഷവിചിന്തനത്തെ അംഗീകരിക്കുകയും വന്ദിക്കേണ്ടവരെ വന്ദിക്കുകയും ചെയ്യുന്ന, താൻ ഒരു അസാമാന്യ സംഭവമാണെന്ന് വീമ്പിളക്കാത്ത, ധനത്തിൽ ദുരാശയില്ലാത്ത, ദാനം ചെയ്യാൻ മടിയില്ലാത്ത, വിശ്വാസലംഘനം ചെയ്യാത്ത ആ ആദർശഭക്തൻ സമൂഹത്തിൽനിന്നും ഭക്തിയുടെപേരിൽ ഓടിയൊളിക്കുന്നവനല്ല.

ഗൃഹസ്ഥന്റെ ജീവിതത്തെ നിരസിക്കുകയും സംന്യാസിയുടെ ജീവിതത്തെ ആദർശവത്കരിക്കുകയും ചെയ്യുന്ന ഭക്തിയുടെ പതിവുരീതികൾക്ക് ജ്ഞാനപ്പാന വശംവദമാകുന്നില്ല. ‘എന്തിനു വൃഥാ കാലം കഴിക്കുന്നു വൈകുണ്ഠത്തിനു പൊയ്‌ക്കൊൾവിനെല്ലാരും’ എന്ന ആഹ്വാനം ജീവിതത്തിൽനിന്നും ഒളിച്ചോടാനുള്ളതല്ല. മറ്റുള്ളവർക്ക് ഉപകാരപ്രദമായി ജീവിച്ചുകൊണ്ട് നടത്തുന്ന കർമങ്ങളുടെ തുടർച്ചയാണ് ജ്ഞാനപ്പാന വിഭാവനംചെയ്യുന്ന നിത്യമുക്തി.

‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു’ എന്നു തുടങ്ങി ‘ചത്തുപോകുന്നു പാവം ശിവശിവ’ എന്നു വരെയുള്ള വരികൾ ഭക്തിയെ മാനവികതയുമായി ചേർത്തുവായിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. കെട്ടുപോകുന്നവരെ കണ്ണീരോടെ നോക്കുകയായിരുന്നു പൂന്താനം.

സാധാരണക്കാർ മുതൽ അധികാരികൾ വരെ ആ നോട്ടത്തിനു പാത്രീഭവിച്ചു. വഴിപിഴച്ചു പോകുന്നവരെ ആർദ്രമായ മിഴികളോടെ അരുതേ അരുതേ എന്നു വിലക്കുന്ന ഒരു ജ്ഞാനവൃദ്ധന്റെ സാന്നിധ്യമുണ്ട് ജ്ഞാനപ്പാനയുടെ ആഖ്യാനത്തിൽ. ആദ്യവരിമുതൽ ആ സാന്നിധ്യം അനുഭവപ്പെട്ടു തുടങ്ങുന്നു.

തനിക്ക് ബോധ്യമായ കാര്യങ്ങൾ പറയുമ്പോൾ ഒരാൾ കാണിക്കുന്ന ധീരത ആ വരികളിലുണ്ട്. സത്യവചസ്സാണ് താൻ എന്ന് ആ വരികളിലൂടെ കവി പ്രഖ്യാപിക്കുന്നുണ്ട്.

നാവിനുണ്ടൊരുപദേശം

ജ്ഞാനപ്പാനയുടെ മുഖ്യവിഷയം നാമജപമാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാതെ പൂന്താനം അത് ജ്ഞാനപ്പാനയ്ക്കു പുറത്തേക്കും കൊണ്ടുപോകുന്നുണ്ട്. നാമജപത്തിന് ജനങ്ങൾ പ്രാധാന്യം നൽകാത്തതെന്ത് എന്ന് ജ്ഞാനപ്പാനയിൽ ആത്മസങ്കടത്തോടെ ഉന്നയിച്ച ചോദ്യം ശ്രീകൃഷ്ണകർണാമൃതം എന്ന തന്റെ മറ്റൊരു കൃതിയിൽ പൂന്താനം ആവർത്തിക്കുന്നു.

‘നാവില്ലാതെ ജനിക്കയോ നടനടേ

യുള്ളോരിളയ്ക്കാകയോ

നാമത്തെപ്പഠിയാകയോ നരകമെ

ന്നോർത്താൽ കുളുർപ്പാകയോ

നാവിൽ ദുർഘടമാകയോ നരകുല

ത്തിൽ ജന്മമല്ലായ്കയോ

നാമോച്ചാരണമെന്തുബന്ധമറിവു

ള്ളോരും ത്യജിച്ചീടുവാൻ?!’

അജാമിളന്റെയും വാല്മീകിയുടെയും ഉദാഹരണങ്ങൾനൽകിയാണ് അവിടെ കവി നാമജപത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നത്.

‘നാമോച്ചാരണമൊന്നുകൊണ്ടു ഗതി

വന്നൂ പണ്ടു ദാസീപതേർ

ന്നാമോച്ചാരണമൊന്നുകൊണ്ടു മുനിയായ്

വാല്മീകി പണ്ടേ തുലോം

നാമോച്ചരണമൊന്നുതന്നെ മതിയെ

ന്നോതുന്നു വേദാന്തവും

നാമോച്ചാരണമെന്നതെങ്കലരുളീ

ടാനന്ദപാഥോനിധേ’

നാവിന് നൽകുവാൻ വലിയൊരു ഉപദേശം ആ കൃതിയിൽ സൂക്ഷിച്ചിട്ടുണ്ട്. ജ്ഞാനപ്പാന ചവിട്ടിക്കയറിപ്പോന്ന ഉയരമാണ് പ്രസ്തുത ഉപദേശത്തിന്റെ ഉയരം.

നാവേ നിനക്കു വലിയൊരുപദേശമുണ്ടേ

നാവാലുരപ്പതിനു ഞാൻ തുനിയുന്നു കേൾ നീ

നാരായണന്റെ തിരുനാമമുറക്കെയാമ്പോൾ

നാണിച്ചുപോകരുതതേ തവ വേണ്ടതുള്ളൂ

ജ്ഞാനപ്പാനയിൽ കൂലംകുത്തിയൊഴുകിയ ആ ഉപദേശം അവസരംകിട്ടിയപ്പോൾ ശ്രീകൃഷ്ണകർണാ മൃതത്തിലേക്ക് ചാലുകീറിവിടുകയാണ് പൂന്താനം ചെയ്തത്. ജ്ഞാനപ്പാനയിലെ സന്ദർഭങ്ങൾ ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ കയറിയുമിറങ്ങിയും നടക്കുന്നതിന് വേറെയും ഒരുപാട് ദൃഷ്ടാന്തങ്ങൾ കാണിക്കാനാവും.

‘ഭോഷ്‌കും പറഞ്ഞു ഭവനങ്ങളിലംഗനാനാം

പോയ്കൂടുമപ്പരിചു രാപ്പകലുള്ളതെല്ലാം

നീർപ്പോളപോലെ മരുവുന്ന കളേബരാന്തേ

വീർപ്പുണ്ടതും നിയമമല്ല നിനയ്‌ക്കെടോ നീ’

എന്ന് ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ  വിസ്തരിച്ചുപദേശിക്കുന്നത് ജ്ഞാനപ്പാനയിലെ കുഞ്ചിരാമനോടുതന്നെയാണ്. ശ്വാസോച്ഛ്വാസത്തിന്റെ ഇത്തിരിവട്ടമാണ് ജീവിതം എന്ന ജ്ഞാനപ്പാനയിലെ ജീവിതദർശനമാണ് ആ ഉപദേശത്തെ ക്രമപ്പെടുത്തുന്നത്.

‘പുല്ലാദിയായുള്ള ശരീരമോരോ

ന്നെല്ലാറ്റിലുംപുക്കു പുറത്തുപോന്നേൻ

നല്ലോരുജന്മം നരജന്മമിപ്പോൾ

വല്ലാതെയാക്കീടൊല തമ്പുരാനേ’

ഒറ്റനോട്ടത്തിൽതന്നെയറിയാം, ജ്ഞാനപ്പാനയിലെ നരജന്മമാഹാത്മ്യമാണ് ഈ വരികളുടെ ആദിബിന്ദു. ഇനിയും നൽകാനാവും ധാരാളം ഉദാഹരണങ്ങൾ.

 

3.ജ്ഞാനപ്പാനയുടെ ഭാഷ

 

സൗമ്യവും ദീപ്തവുമാണ് ജ്ഞാനപ്പാന. വേദാന്തത്തിന്റെ നിഗൂഢമായ പൊരുളുകൾ ഇതിലേറേ ലളിതമായി ആവിഷ്‌കരിക്കാനാകില്ലെന്ന് തോന്നിപ്പിക്കുംവിധമാണ് അതിന്റെ അവതരണം.ഏത് ആരാധനാസമ്പ്രദായത്തെക്കാളും മേലെയാണ് ഭക്തി എന്ന വൈഷ്ണവധാരയാണ് പൂന്താനത്തിന് അടിസ്ഥാനമായിനിൽക്കുന്നത്. ഒറ്റക്കേൾവിയിൽ അർഥഗ്രഹണം സംഭവിക്കുമാറ് അത് സുതാര്യവും ദീപ്തവുമായിത്തീർന്നു. കീർത്തനസാഹിത്യത്തിന്റെ യുക്തിയും അനിവാര്യതയും ബോധ്യപ്പെടുത്തുക എന്നതും ജ്ഞാനപ്പാനയുടെ രചനോദ്ദേശ്യമായിരുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ സുപ്രധാന സാഹിത്യ വിഭാഗത്തെ ജ്ഞാനപ്പാന അങ്ങനെ ജ്ഞാനപ്പാനയ്ക്കു മുമ്പും പിമ്പും എന്നു വേർതിരിച്ചു. 23

 

തെളിമലയാളത്തിന്റെ ഒളി

മണിപ്രവാളത്തിന്റെ സംസ്‌കൃതജഡിലതയുടെയും പാട്ടിന്റെയും അതിന്റെ പരിണിതമാതൃകകളുടെയും തമിൾപക്ഷപാതത്തിന്റെയോ പിടിയിൽനിന്നും ജ്ഞാനപ്പാനയുടെ ഭാഷ പൂർണ്ണമായും വിമുക്തമാണ്. തെളിമലയാളത്തിന്റെ ഒളിയാണ് ജ്ഞാനപ്പാനയുടെ വ്യക്തിത്വം. ആസ്തികമോ നാസ്തികമോ ആയ ദർശനപദ്ധതി വിവരിക്കുമ്പോൾ പൊതുവേ മലയാളസാഹിത്യത്തിൽ കാണാവുന്ന സംസ്‌കൃതച്ഛായയുടെ അതിപ്രസരം ഈ കൃതിയിലില്ല. ഇതൊക്കെ പറയാൻ മലയാളത്തിനു കരുത്തുണ്ട് എന്നാണ് പൂന്താനം കാണിച്ചുതന്നത്.

ജ്ഞാനപ്പാനയിലെ മലയാളം ചെറുശ്ശേരിയുടെയോ കണ്ണശ്ശന്മാരുടെയോ  മലയാളമല്ല. അതേസമയം, ചെറുശ്ശേരിയിൽ ദൃശ്യമായ ലാളിത്യത്തിന്റെ സ്വാഭാവികമായ തുടർച്ചയാണത്. ഉത്തരമലബാറിന്റെ ഒരുകാലത്തെ നാട്ടുമൊഴിയുടെ പാടുകൾ അവിടവിടെ കലർന്നിരിക്കുകയാൽ ചെറുശ്ശേരിയുടെ ഭാഷയ്ക്ക് ഇന്ന് ഇത്തിരി അപരിചിതത്വമുണ്ട്.

ആ പഴക്കമോ അപരിചിതത്വമോ പൂന്താനത്തിലില്ല. പ്രാദേശികച്ഛായകളെ തിരഞ്ഞുപിടിക്കാൻ വയ്യാത്തവിധം വ്യക്തിത്വം കൈവരിച്ച പിൽക്കാലത്തെ മാനകഭാഷയുടെയും സാഹിതീയഭാഷയുടെയും ആദിസ്ഫുരണം അദ്ദേഹം തന്റെ കൃതികളിലൂടെ പ്രകാശിപ്പിക്കുകയാണുണ്ടായത്. പൂന്താനത്തിന്റെ മലയാളം ഇന്നത്തെ സാഹിതീയമലയാളത്തിന്റെ  കരുത്തുറ്റ പൂർവരൂപം തന്നെയാണ്. പൂർവരൂപം എന്നുപോലും തോന്നിപ്പിക്കാത്തത്ര സമാനത അത് ആധുനിക മലയാളവുമായി പുലർത്തുന്നുണ്ട്. പൂന്താനത്തിന്റെ കൃതികളിൽ പൂത്തുതഴയ്ക്കുന്ന പുതുമലയാളത്തിന്റെ ചന്തത്തിന് ജ്ഞാനപ്പാനയ്ക്കു പുറത്ത് ചില ഉദാഹരണങ്ങൾ നോക്കുക.

അഞ്ജനശ്രീധര, ചാരുമൂർത്തേ കൃഷ്ണാ

അഞ്ജലികൂപ്പി വണങ്ങിടുന്നേൻ (സ്വരസ്‌തോത്രം)

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ

ഉണ്ണിക്കൊരോടക്കുഴലുമുണ്ടങ്ങനെ (ആനന്ദനൃത്തം)

അയ്യോ ബാലകായെന്തുനീയിങ്ങനെ

കയ്യും കാലുമിളക്കിക്കരയാത്തു (സന്താനഗോപാലം പാന)

ഇന്ദ്രനീലനിറത്തിലൊരായിരം

ചന്ദ്രമണ്ഡലമൊന്നിച്ചുദിക്കയോ  (സന്താനഗോപാലം പാന)

ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ

അണിതിങ്കൾക്കല ചൂടും പിരിജട തൊഴുന്നേൻ (അംബാസ്തവം)

ദു;ഖമൊടുക്കുന്ന തമ്പുരാനേ കൃഷ്ണാ

തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ (മൂലതത്വം)

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ ഒടുങ്ങിയ പച്ചമലയാളപ്രസ്ഥാനത്തിന്റെ ഭാഷാശൈലിയെ ഓർമിപ്പിക്കുന്നുണ്ട് പതിനാറാം നൂറ്റാണ്ടിലെ ഈ മലയാളം.’നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമം കണക്കെ’ന്ന് പച്ചമലയാള പ്രസ്ഥാനത്തിന്റെ ഭാഷാശൈലിയുടെ  പരിചയക്കുറിപ്പ് എഴുതിയ കുഞ്ഞിക്കുട്ടൻതമ്പുരാൻ പൂന്താനത്തെ മറന്നതെന്തേ എന്ന് ഒരു സന്ദേഹം ആർക്കും വരാം.

‘കറകളഞ്ഞ തനി മലയാളത്തിന്റെ മർമം കണ്ട പഴയ മഹാകവികൾ എന്റെ അനുഭവത്തിൽ മൂന്നേ മൂന്നു പേർ മാത്രമാണ്. 1. കൃഷ്ണഗാഥാകാരൻ.2. പൂന്താനം.3. കുഞ്ചൻ നമ്പ്യാർ’ എന്ന ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പ്രസ്താവന വാസ്തവോക്തിയുടെ ഏറ്റവും സ്വാഭാവികമായ പ്രകടനം മാത്രമാണ്. 24

 

മിതം, സൂക്ഷ്മം, സ്പഷ്ടം

ജ്ഞാനപ്പാനയിൽ സവിശേഷമായും പൂന്താനത്തിന്റേത് എന്നു കരുതിപ്പോരുന്ന കൃതികളിൽ സാമാന്യമായും പ്രത്യക്ഷപ്പെടുന്ന ഭാഷാപരമായ പ്രത്യേകതകളെ ഇങ്ങനെ സംഗ്രഹിക്കാം.

 1. മണിപ്രവാളത്തിന്റെ ജടിലമായ സംസ്‌കൃതശൈലിയിൽനിന്നും പാട്ടിന്റെ അത്രതന്നെ ജഡിലമായ തമിഴ്‌ശൈലിയിൽനിന്നും മലയാളത്തിന്റെ തനിമയിലേക്കുള്ള പ്രവേശം. 25
 2. സംസ്‌കൃതവൃത്തത്തിനുപകരം ഭാഷാവൃത്തം ഉപയോഗിക്കുന്നതിൽ കാണിച്ച നിഷ്‌കർഷ.
 3. പ്രചാരലുപ്തങ്ങളായ പദങ്ങൾ ഒഴിവാക്കി ഭാഷയ്ക്ക് നവീനത്വം പകരാനുള്ള ശ്രമം.
 4. അലങ്കാരങ്ങളോട് കാണിച്ച പ്രതിപത്തിയില്ലായ്മ.
 5. മറ്റൊരാളുമായും മറ്റൊരു രീതിയുമായും സാദൃശ്യം തോന്നാത്ത സവിശേഷമായ പദശൈലി.
 6. ആശയാവിഷ്‌കരണത്തിലെ സൂക്ഷ്മതയും മിതത്വവും.
 7. ഭാവത്തിന് അനുയോജ്യമായ പദങ്ങൾ അവതരിപ്പിക്കാനുള്ള ശ്രദ്ധ.
 8. ആത്മാർഥതയും സ്പഷ്ടതയും തികഞ്ഞ പ്രതിപാദനം.
 9. സാധാരണക്കാരെ സാഹിത്യസമ്പത്തിലേക്കടുപ്പിക്കുന്നതിൽ നൽകിയ സംഭാവന

വൃത്തം

ജ്ഞാനപ്പാനയുടെ വൃത്തത്തെ കോവുണ്ണി നെടുങ്ങാടി, കടത്തനാട്ട് ഉദയവർമരാജ എന്നിവർ പൊന്നമാതർ എന്നാണു വിളിക്കുന്നത്. ‘ഈരടിയായല്ല, നാലുപാദമായാണ് പ്രസ്തുതവൃത്തം പൂർണമാകുന്നത്. ഒരു  പാദത്തിൽ പതിനൊന്നക്ഷരം വീതമുണ്ടാവും. സന്താനഗോപാലം, ജ്ഞാനപ്പാന ഇവകളിൽ കാണുന്നതു മുമ്പേ തമിഴിലേതായ പൊന്നമാതരിന്നു ശരിയായ (ഇരിപത്തുനാലു വൃത്തം) സൂര്യവംശേ പിറന്ന ഭൂപാലനാം 26 എന്നതിനു ശരിയായ നാലടി തന്നെ.’ 27എന്നാണു കോവുണ്ണി നെടുങ്ങാടിയുടെ അഭിപ്രായം.

‘പതിനൊന്ന് അക്ഷരത്തിൽ പതിനെട്ട് മാത്രയിൽ നാലുപാദങ്ങളായിട്ടുള്ള വൃത്തത്തിനുള്ള പേര് പൊന്നമാതർ എന്നാകുന്നു. പ്രസിദ്ധമായ പാനയുടെ രീതിയും ഇതുതന്നെ.’ 28 എന്നു കടത്തനാട്ട് ഉദയവർമരാജ അഭിപ്രായപ്പെടുന്നു.

പൊന്നമാതർ

‘അതിനു പൊന്നമാതർ എന്നു കോവുണ്ണിനെടുങ്ങാടി പേർകൊടുത്തിട്ടുള്ളതു തായുമാനവരുടെ ‘പൊന്നൈമാതരൈ പൂമിയൈ നാടിലേൻ’ എന്നു  തുടങ്ങുന്ന ഒരു തമിഴ് പാട്ടിൽ ആ വൃത്തം പ്രയോഗിച്ചിട്ടുള്ളതുകൊണ്ടാണ്; അല്ലാതെ ആ വൃത്തത്തിനു തമിഴിൽ അങ്ങനെയൊരു സംജ്ഞയുള്ളതുകൊണ്ടല്ല’ എന്നു ഉള്ളൂർ എസ് പരമേശ്വരയ്യർ വ്യക്തമാക്കുന്നുണ്ട്. 29

സർപ്പിണി

പാനാവൃത്തത്തെ എ.ആർ.രാജരാജവർമ സർപ്പിണി എന്ന പേരിലാണ് പരിഗണിക്കുന്നത്. ആദ്യം രണ്ടക്ഷരമുള്ള  ഗണം, പിന്നീടു മൂന്നക്ഷരമുള്ള മൂന്നു ഗണം, ആകെ പതിനൊന്നക്ഷരം.എല്ലാ ഗണവും ഗുരുകൊണ്ട് തുടങ്ങണം. മൂന്നക്ഷരമുള്ള ഗണത്തിൽ രണ്ടു ഗുരുവെങ്കിലും വേണം. രണ്ടക്ഷരമുള്ള ഗണത്തിൽ എല്ലാം ഗുരുവാകുന്നതും അനുവദനീയമാണ്. 30 ഈ മട്ടിലാണ് അദ്ദേഹം സർപ്പിണിയ്ക്ക് ലക്ഷണം നൽകുന്നത്.

പതിനൊന്ന് അക്ഷരം എന്നതല്ലാതെ പതിനെട്ട് മാത്ര എന്നതിൽ എ ആർ രാജരാജവർമ നിഷ്‌കർഷ കാണിക്കുന്നില്ല. അദ്ദേഹം നൽകിയ ലക്ഷണപ്രകാരം ഒരു വരിയിൽ പതിനെട്ടുമാത്രയ്ക്കു മുകളിൽ വരാനും സാധ്യതയുണ്ട്.

ദ്രുതകാകളി

പൂന്താനത്തിന്റെ കുമാരഹരണം പാനയെക്കുറിച്ച് പറയുന്നിടത്ത് ദ്രുതകാകളിയാണ് പാനാവൃത്തം എന്ന് ഉള്ളൂർ എസ്. പരമേശ്വരയ്യർ അഭിപ്രായപ്പെടുന്നു. ‘31 എട്ടും ഒൻപതും ശതകങ്ങളിലെ പാനകളിൽ സാമാന്യേന ആദ്യത്തെ മൂന്നുപാദങ്ങളിൽ ദ്രുതകാകളിയും നാലാമത്തെ പാദത്തിൽ തരംഗിണിയും (ഓട്ടൻതുള്ളലിലെ പ്രധാനവൃത്തം) പ്രയോഗിച്ചുകാണുന്നു. എന്നാൽ കുമാരാഹരണം പാന ആദ്യന്തം ദ്രുതകാകളിയിലാണ് കവി നിബന്ധിച്ചിരിക്കുന്നത്.’

ദ്രുതകാകളിയും സർപ്പിണിയും ഒന്നുതന്നെയാണേന്നാണ് കുട്ടികൃഷ്ണമാരാരുടെ അഭിപ്രായം. അദ്ദേഹം എഴുതുന്നു: 32

‘ഭാഷാവൃത്തങ്ങളെ സംസ്‌കൃതഛന്ദ:പ്രമാണത്തിൽ അളന്നുനോക്കിയതിന്റെ ഫലമാവാം ഒരേവൃത്തത്തെ രണ്ടുപേരിൽ രണ്ടുവിധം നിർദ്ദേശിക്കാനിടയായത്.’

ജ്ഞാനപ്പാനയുടെ വൃത്തത്തെ പി. നാരായണക്കുറുപ്പ് ഇങ്ങനെ വിശദീകരിക്കുന്നു: 33

‘ഇരുപത്തിനാല് വൃത്തത്തിലെ ഇതേവൃത്തത്തിനു വൃത്തമഞ്ജരിയിൽ സർപ്പിണി എന്നു പേരിട്ടിട്ടുണ്ട്. ഇവിടെ ആദ്യത്തെ ഗണം ദ്വ്യക്ഷരമാണ് എന്ന് എ ആർ നിരീക്ഷിക്കുകയും ചെയ്തു.

ദ്വ്യക്ഷരം ഗണമൊന്നദ്യം

ത്ര്യക്ഷരം മൂന്നതില്പരം

എന്ന് ലക്ഷണം പുതുക്കുകയും, ആവശ്യമില്ലാത്ത സർപ്പിണി എന്ന പേർ ഉപേക്ഷിച്ച് പകരം ശാസ്ത്രീയമായ ‘ദ്രുതകാകളി’ സ്വീകരിക്കുകയും വേണം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലൂടെ പ്രചരിച്ച വൃത്തം എന്നനിലയിൽ ‘പാന’ എന്ന പേരും സ്വീകരിക്കാം. പിരിമുറുക്കമേറിയ വൃത്തമാകയാൽ ലോകോക്തിരൂപത്തിൽ ഗഹനമായകാര്യം പറയാൻ ഈ വൃത്തം നന്ന്.’

പൊന്നമാതർ, സർപ്പിണി, ദ്രുതകാകളി എന്നെല്ലാമുള്ള പേരുകൾകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കുന്നത് ഒരേ താളവ്യവസ്ഥയെയാണ് എന്നറിയുന്നത് രസകരമായിരിക്കും. ഒരൊറ്റവരിയെത്തന്നെ സർപ്പിണിയായും ദ്രുതകാകളിയായും മാറ്റിമാറ്റി പരിചയപ്പെടുത്താവുന്ന രസതന്ത്രം ജ്ഞാനപ്പാനയുടെ എല്ലാ വരികളിലുമുണ്ട്. ഇതിൽ ഏതെങ്കിലും ഒരു പ്രത്യേകവൃത്തമാണ് ജ്ഞാനപ്പാനയിലെ വൃത്തം എന്ന് ഗണവ്യവസ്ഥയോ മാത്രാവ്യവസ്ഥയോ മുൻനിർത്തി ഒരാൾക്ക് വാശിപിടിക്കാവുന്നതാണ്. മറ്റൊരു വൃത്തത്തെ മുൻനിർത്തി ആലോചിക്കുമ്പോഴും ഇതേ വാശി കാണിക്കാനാവും എന്നു മറക്കാതിരുന്നാൽ മതി. ലഘുക്കളെ ചൊല്ലിനീട്ടി  ഗുരുവാക്കാൻ ലൈസൻസ് ഉള്ളിടത്തോളം കാലം സർപ്പിണിയും ദ്രുതകാകളിയും പരിഹരിക്കാനാകാത്ത അതിർത്തിത്തർക്കം ഉന്നയിച്ചുകൊണ്ടിരിക്കും.

പൊന്നമാതർ എന്ന പദം ഇപ്പോൾ ആരും ഓർമിക്കുന്നേയില്ല എന്നതു ഭാഗ്യം!


കുറിപ്പുകൾ

 1. പൂന്താനവും മേപ്പത്തൂരും. (സാഹിത്യകിരണം. കോഴിക്കോട്: പി.കെ. ബ്രദേഴ്‌സ്, 1961. പു: )
 2. ‘പൂന്താനം’, കെ. വി. കൃഷ്ണയ്യർ. മാതൃഭൂമി ആഴ്ചപ്പതിപ്പ്. 1956 ഡിസംബർ
 3. പൂന്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് ഉള്ളൂരിന്റെ ‘കേരള സാഹിത്യചരിത്രം’, പി. ഗോവിന്ദപ്പിള്ളയുടെ ‘മലയാള ഭാഷാസാഹിത്യചരിത്രം’ എന്നിവയിൽ പൂന്താനത്തിന്റെ സാഹിത്യസംഭാവനകൾ പ്രതിപാദിക്കുന്ന ഭാഗങ്ങളും വി. എസ്. ശർമ സമാഹരണം നിർവഹിച്ച ‘പൂന്താന സർവസ്വം’ എന്ന കൃതിയുടെ പ്രവേശകവും കാണുക.
 4. ‘സാമൂഹ്യവിമർശകനായ ഭക്തകവി’. (പൂന്താനം മുതൽ സൈമൺ വരെ. പെരിന്തൽമണ്ണ: ശക്തി പബ്ലിക്കേഷൻസ ്, 1989. പു:7)
 5. പൂജ്യേഷ്വനുരാഗോ ഭക്തി: (പൂജ്യന്മാരിലുള്ള ഇഷ്ടം ഭക്തി).
 6. ഏകദൈവം എന്ന ആശയം മാത്രമല്ല ഭക്തിയുടെ ലോകം എന്നു തിരിച്ചറിയേണ്ടതുണ്ട്. പ്രപഞ്ച സ്രഷ്ടാവായ, ഏകനായ ദൈവം എന്ന സങ്കൽപം വേദങ്ങളിലില്ല. പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പറയുകയാണ് സൃഷ്ടിയെയും സ്രഷ്ടാവിനെയും കുറിച്ച് ഋഗ്വേദത്തിൽ കാണുന്ന ഏക സൂക്തത്തിൽ. ആ സൂക്തത്തിലെ പ്രധാന ഭാഗം ഇങ്ങനെയാണ്:

‘ഇയം വിസൃഷ്ടിർ യത ആബഭൂവ

യദി വാ ദധേ യദി വാ ന

യോ അസ്യാധ്യക്ഷ: പരമേ വ്യോമൻ

സോ അംഗ വേദ യദി വാ നവേദ:’

ഈ സൃഷ്ടി എവിടെ നിന്ന് ഉണ്ടായി? അവൻ ഇതു സ്ഥാപിച്ചോ ഇല്ലയോ? പരമമായ ആകാശത്തിൽ എല്ലാറ്റിന്റെയും നിരീക്ഷകനായ അവൻ അറിയുന്നുണ്ടെന്നും ഇല്ലെന്നും വരാം.

ഉപനിഷത്തുക്കളുടെ കാലമാകുമ്പോഴേക്കും സർവവ്യാപിയായ ഒരു ഈശ്വരൻ എന്ന സങ്കൽപം രൂപപ്പെട്ടുതുടങ്ങി.

 1. ഇ. ബി. ഹാവെൽ ഉദ്ധരിക്കുന്നത്. ‘The Ideals of Indian Art’, E.B.Havell. Varanasi: Ideological Book House, 1972. P.107.
 2. ‘Literary history in Tamil’. Karthigesu Sivathamby .Thanjavur: Tamil University, 1986. പു:
 3. ഭാരതീയചിന്ത’. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1988. പു: 461 462
 4. കാണുക: ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് ഇ.എം.എസിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് പ്രഭാത് പട്‌നായ്ക് നടത്തുന്ന സംക്ഷിപ്തമായ ചർച്ച. ( The Marxist: xxv, 3-4 July-September 2009)
 5. എ ഹിസ്റ്ററി ഓഫ് ഇന്ത്യ. വാള്യം 1. 1966. പു: 131133.
 6. കൊല്ലവർഷം 782 അഥവാ എ.ഡി.1607ൽ രചിച്ച മുഹിയുദ്ദീൻ മാലയാണ് ഇസ്ലാമിക പുരാവൃത്തത്തെ ഉപജീവിക്കുന്ന ആദ്യത്തെ കൃതി. അറബിമലയാളത്തിലാണ് അതിന്റെ രചന. മാർഗം കളിപ്പാട്ടും റമ്പാന്റെ പാട്ടും മറ്റുമാണ് ക്രൈസ്തവപുരാവൃത്തം ഉപജീവിക്കുന്ന ആദ്യകാലകൃതികൾ. തോമാശ്ലീഹായുടെ കഥപറയുന്ന റമ്പാന്റെ പാട്ട് 1601 ലാണ് രചിക്കപ്പെട്ടത്. തോമാശ്ലീഹായെക്കുറിച്ച് എഴുതപ്പെട്ട മാർഗംകളിപ്പാട്ട് പോർട്ടുഗീസുകാരുടെ വരവിനു മുമ്പ് എഴുതപ്പെട്ടതാണെന്നും അതല്ല 1600നും 1700നും ഇടയിൽ എഴുതപ്പെട്ടതാണെന്നും വ്യത്യസ്തവാദങ്ങളുണ്ട്. കാണുക: മലയാളസാഹിത്യവും ക്രിസ്ത്യാനികളും, പി. ജെ. തോമസ്.
 7. കേരള സാഹിത്യ ചരിത്രം വാള്യം രണ്ട്. ഉള്ളൂർ എസ്. പരമേശ്വരയ്യർ, തിരുവനന്തപുരം: കേരള സർവകലാശാല, 1990. പു :178
 8. മേൽപറഞ്ഞ ഗ്രന്ഥം. പു:586
 9. സാഹിത്യപഞ്ചാനനന്റെ കൃതികൾ ഭാഗം ഒന്ന്. പി. കെ. നാരായണപിള്ള തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993. പു.55
 10. എ.ഡി. 1498 മുതൽ 1583 വരെയുള്ള പോർട്ടുഗീസ് കോയ്മയുടെ ചരിത്രമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എഴുതിയ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന അറബിഗ്രന്ഥം.
 11. തുഹ്ഫത്തുൽ മുജാഹിദീൻ, വിവ: സി. ഹംസ. കോഴിക്കോട്: അൽഹുദാ ബുക്ക്സ്റ്റാൾ.2003. പു:65.
 12. ജ്ഞാനപ്പാന ആദ്യമായി അച്ചടിക്കപ്പെട്ടത് 1874ലാണ്. കൊച്ചി സെന്തോമാസ അച്ചുക്കൂടത്തിൽനിന്നും പുറത്തിറങ്ങിയ പ്രഥമപതിപ്പിന് ശ്രീഭാഗവതസാരകഥ എന്നും കേരളഭാഷാജ്ഞാനപ്പാന എന്നും രണ്ടുശീർഷകങ്ങൾ പുറംചട്ടയിൽ കൊടുത്തിരുന്നു. മദ്രാസ് ആർക്കൈവ്‌സിൽ ഈ ഗ്രന്ഥത്തിന്റെ കോപ്പി സൂക്ഷിച്ചിട്ടുണ്ട്.
 13. കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ എഴുതുന്നു: ‘ഈ വിഷയത്തെ അധികരിച്ച് ഇത്രമാത്രം സർവാംഗസുന്ദരമായ ഒരു കാവ്യം ഭാഷയിൽ ആരും നിർമ്മിച്ചിട്ടില്ല.'(രണ്ടാം വാള്യം, പു:662)
 14. ഭഗവദ്ഗീതയിലെ ഒമ്പതാം അധ്യായത്തിൽ സമാനമായ ഒരു സാഹചര്യത്തിൽ ഇങ്ങനെ കാണാം.

‘എന്നെ വന്നാശ്രയിക്കുന്നോർ പാപജന്മാക്കളാകിലും

സ്ത്രീകളും വൈശ്യരും നേടും പരസൽഗ്ഗതി ശൂദ്രരും.’

(കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം).

ശൂദ്രൻ മോക്ഷപ്രാപ്തിക്കർഹനാണെങ്കിൽ അവന് വേദം നിഷേധിക്കേണ്ടതില്ലല്ലോ  എന്ന ചോദ്യം ബ്രാഹ്മണകേന്ദ്രിതമായ അധികാരവ്യവസ്ഥയുടെ ലോകത്ത് ഉണ്ടായില്ല. ഈ അധികാര വ്യവസ്ഥയെ ശൂദ്രർ ഉൾപ്പെടെയുള്ള അബ്രാഹ്മണർ മറിച്ചിടുന്നതിന്റെ ചരിത്രമാണ് ഭക്തിപ്രസ്ഥാനത്തിന്റെത്. എ.ഡി. പതിനാലാം നൂറ്റാണ്ടിൽ മലയാളത്തിൽ ആദ്യമായി ഭഗവദ്ഗീത വിവർത്തനം ചെയ്ത മലയിൻകീഴ് മാധവൻ ജാതിയിൽ ഒരു ശൂദ്രനായിരുന്നു.

 1. സാഹിത്യപഞ്ചാനനന്റെ കൃതികൾ ഭാഗം ഒന്ന്. പി. കെ. നാരായണപിള്ള തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993. പു.52 53
 2. രാമാനുജ(എ.ഡി.1017 1137)നിൽനിന്നും ഈ പാരമ്പര്യം ആരംഭിക്കുന്നു.
 3. തൃക്കപാലീശ്വരസ്‌ത്രോത്രം, ശ്രീവല്ലഭകീർത്തനം, ശ്രീരാമസ്‌ത്രോത്രം, തിരുക്കണ്ണിയാലണ്ണൽസ്തുതി, ശ്രീകൃഷ്ണസ്തവം തുടങ്ങി വലുതും ചെറുതുമായ ഒട്ടേറെ കീർത്തനങ്ങൾ ജ്ഞാനപ്പാനയ്ക്കുമുമ്പ് മലയാളത്തിൽ രചിക്കപ്പെട്ടിരുന്നു.
 4. കേരളസാഹിത്യചരിത്രം രണ്ടാം ഭാഗം. പു:674
 5. പതിനഞ്ചാം നൂറ്റാണ്ടിലേത് എന്നു കരുതാവുന്ന ഒരു കൃതിയിലും ഈ പ്രത്യേകത അത്രകണ്ട് ദൃശ്യമല്ല. മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ഇടയിൽ ചന്തം മങ്ങിപ്പോയ തനിമലയാളപാരമ്പര്യത്തിന്റെ വീണ്ടെടുപ്പായിരുന്നു ജ്ഞാനപ്പാന.

പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛനിൽ തിടംവെച്ചുനിന്ന ഭാഷയുടെ നിലവാരപ്പെടുത്തലിന്റെ അതേ രസതന്ത്രമാണ് പൂന്താനത്തിലും പ്രവർത്തിക്കുന്നത്. പൂന്താനത്തിൽ അത് കുറെക്കൂടി ലളിതമാണ് എന്നുവേണം പറയാൻ. പൂന്താനത്തിനേക്കാൾ പ്രാചീനനാണ് എഴുത്തച്ഛൻ എന്നു കറതീർന്നു പറയാനാവുന്ന യാതൊരു തെളിവും സാഹിത്യചരിത്രകാരന്മാരുടെ കൈയിലില്ല എന്നത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.

 1. രാമായണം ഇരുപത്തിനാലു വൃത്തത്തിലെ രണ്ടാം വൃത്തം.

‘സൂര്യ വംശേ പിറന്ന ഭൂപാലാനാം

കോസലവിഷയങ്ങളിലുണ്ടായി

നാമധേയമയോദ്ധ്യയെന്നിങ്ങനെ

 1. രാജധാനിപുരാ ഹരിഗോവിന്ദാ’ എന്നു തുടങ്ങുന്നു.

‘മുന്നം തമിഴുവൃത്തത്തി ച്ചൊന്നതാം പൊന്നമാതരിൽ

ചേർന്നു സന്താനഗോപാലം

ജ്ഞാനപ്പാനയുമോർക്കെടോ’

(കോവുണ്ണിനെടുങ്ങാടി, കേരള കൗമുദി.1878.)

 1. കടത്തനാട് ഉദയവർമരാജാ, സദൃത്തമാലിക. 1900.
 2. കേരളസാഹിത്യചരിത്രം. രണ്ടാം വാള്യം മുപ്പത്തിയൊന്നാം അധ്യായം.
 3. ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം

ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ

മറ്റേതും  സർവഗുരുവായ് വരാം കേളിതു സർപ്പിണി.

(എ.ആർ.രാജരാജവർമ, വൃത്തമഞ്ജരി. 1904.)

 1. കേരളസാഹിത്യചരിത്രം. രണ്ടാം വാള്യം മുപ്പത്തിയൊന്നാം അധ്യായം.

. ‘രണ്ടുപാദത്തിലും പിന്നെയന്ത്യമായ ഗണത്തിന്

വർണ്ണമൊന്നു കുറഞ്ഞെന്നാൽ ദ്രുതകാകളി കീർത്തനേ’

എന്നാണ് എ.ആർ. രാജരാജവർമ ദ്രുതകാകളിക്കു നൽകുന്ന ലക്ഷണം.അതനുസരിച്ച് കാകളിയുടെ രണ്ടു വരികളിലെയും അവസാനത്തെ ഗണത്തിൽനിന്ന് ഒരു വർണ്ണം കുറച്ചാൽ അത് ദ്രുതകാകളിയാകും.ഓരോ വരിയിലും പതിനൊന്ന് അക്ഷരങ്ങൾ. (മൂന്നക്ഷരത്തിൽ അഞ്ചുമാത്ര പ്രകാരം രണ്ടുവരിയിൽ എട്ട് ഗണം എന്നതാണ് കാകളിയുടെ ഗണവ്യവസ്ഥ.ഒരു വരിയിൽ പന്ത്രണ്ട് അക്ഷരവും ഇരുപത് മാത്രയും വരും.അതിലെ അവസാനഗണത്തിൽനിന്ന് ഒരക്ഷരം കുറയ്ക്കുമ്പോൾ  ആ ഗണത്തിന് മൂന്നോ നാലോ മാത്രയാകാം.)

 1. വൃത്തശില്പം, 1989.
 2. മലയാളവൃത്തപഠനം, 1992.

 

Leave a Reply

Your email address will not be published. Required fields are marked *