August 5, 2020

പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ..?

സംവാദം ഒന്ന്


സിവിക് ചന്ദ്രൻ

ആധുനിക കവിതയുടെ തുടക്കം 60- 70കളിലാണോ 70-80കളിലാണോ എന്ന് ആദ്യം വിശദീകരിക്കേണ്ടിയിരിക്കുന്നു. അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്, ആറ്റൂർ തുടങ്ങിയവരുടെ കവിതകൾ കേട്ട്  ‘ ഈ വിശാദന്മാർ തൃക്കണ്ണു നേടിയിരുന്നുവെങ്കിൽ’ എന്നൊരു നെടുവീർപ്പ് 70-80കളിൽ വായനക്കാരിൽ ഉണ്ടായിരുന്നു.ഈ ഇടപെടൽ പിന്നീട് ആധുനിക കവിതയെ രാഷ്ട്രീയവത്കരിക്കുകയും രാഷ്ട്രീയ കവിതയെ ആധുനികവത്കരിക്കുകയും  ചെയ്തുവെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും കെ.ജി.ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ഇത്തരം കവിതകളുടെ ഔദ്യോദിക വക്താവായ ബി.രാജീവനും ചേർന്നാണ് മലയാളത്തിലെ ആധുനിക കവിതയെ-അരാജകവാദപരമായ, അസ്തിത്വവാദപരമായ കവിതയെ റാഡിക്കലാക്കിയതെന്ന് , അതിനെ പൊളിറ്റിക്കലാ ക്കിയതെന്ന് പറയപ്പെടുന്നു. ഈ മൂന്നുപേരും മലയാളത്തിലെ ആധുനിക കവിതയിലെ ട്രോജൻ കുതിരകളാണ്.

എന്നാൽ രാഷ്ട്രീയവത്കൃതമായ ആധുനികത എന്താണ് മലയാള ആധുനികതയിൽ  ചെയ്തത് എന്ന ചോദ്യം ഇന്നും പ്രസകതമാണ്.

1950കളിൽ മലയാളകവിതയിൽ ഏറ്റവും ഘോഷിക്കപ്പെട്ട കവി കെ.പി.ജി. നമ്പൂതിരിയായിരുന്നു. അന്ന് ഇടശ്ശേരിയും വൈലോപ്പിളളിയുമെല്ലാം ജീവിച്ചിരിപ്പു ണ്ടായിരുന്നു. അന്ന് ആഘേഷിക്കപ്പെട്ട കഥാകാരൻ ഡി.എം. പൊറ്റക്കാടായിരുന്നെന്നും ഓർക്കണം. ഒ.എൻ.വി യുടെ ‘ദാഹിക്കുന്ന പാനപാത്രം’ എന്ന ആദ്യ സമാഹാരത്തെ അടിസ്ഥാനമാക്കി, ‘ഇനി ഈ ചെറുപ്പക്കാരൻ ജീവിതത്തിൽ കവിതയെഴുതുന്നതെന്തിന്..?’ എന്ന് മുണ്ടശ്ശേരി അത്ഭുതം കൊണ്ടതും നാമോർക്കണം.പക്ഷേ, ‘ചോറൂണ് ’പോലുളള മറ്റൊരു തലത്തിലേക്ക് ഒ.എൻ.വി പോയി. പിന്നീട് അതും ഉപേക്ഷിച്ച്  ‘ഭൂമിക്കൊരു ചരമഗീതം’  പോലുളള കവിതകൾ രചിച്ചു. മലയാളകാവ്യചരിത്രം ഓർമ്മിക്കപ്പെടുന്ന ഒ.എൻ.വി ആരായിരിക്കും? അതോ മലയാളകവിതാ ചരിത്രം ഒ.എൻ.വിയെ ഓർമ്മിക്കുകയേ ഇല്ലാ എന്നുണ്ടോ? ചലചിത്രഗാന രചയിതാവ് എന്ന നിലയിലല്ലാതെ കവി എന്ന നിലയിൽ ഒ.എൻ.വിയുടെ വിധി എന്തായിരിക്കും ?

മലയാളത്തിലെ ആദ്യത്തെ ചുവന്ന ദശകത്തിലെ കവിതയല്ല, രണ്ടാമത്തെ  രണ്ടാമത്തെ ചുവന്ന ദശകത്തിലെ കവിത. പക്ഷേ, 1950കളിലെ കവിതയെ അപ്ഡേറ്റ് ചെയ്യുകയല്ലാതെ, അതിലെ വിഷയവും കാവ്യഭാഷയും മാറ്റുന്നു എന്നല്ലാതെ എന്തായിരിക്കും മലയാളകവിതയിൽ ഈ ആധുനികകവിതയുടെ ട്രോജൻ കുതിരകൾ ചെയ്തിരിക്കുക? ഒരുപക്ഷേ, മലയാള ആധുനികതയ്ക്ക് പോകാവുന്ന ചില ആഴങ്ങളും ദൂരങ്ങളുമുണ്ടായിരുന്നു; ചില ഉയരങ്ങളുണ്ടായിരുന്നു. അവ അസാധ്യമാക്കിത്തീർക്കുകയും  കവിതയെ 1950കളിലേക്ക് തിരിച്ചുകൊണ്ടുപോവുകയുമാണ് യഥാർത്ഥത്തിൽ ഈ ഇടപെടലുകൾ ചെയ്തതെന്ന് വിലയിരുത്താം. നരേന്ദ്രപ്രസാദ് ഈ ഇടപെടലിനെ ‘ആധുനികതയുടെ ചുവന്ന വാൽ’ എന്ന് വിളിച്ച് പരിഹസിക്കുകയുണ്ടായി.എന്നാൽ ആധുനികതയുടെ ചുവന്ന വാലാണോ അതോ 1950കളിലെ കവിതയെ തിരിച്ചുകൊണ്ടുവരികയാണോ ഈ ത്രിമൂർത്തികൾ ചെയ്തത്? എന്തായാലും  മലയാളകവിതയെ സംബന്ധിച്ച് ഒരുപക്ഷെ നാം വിവക്ഷിക്കുന്ന തരത്തിൽ രാഷ്ട്രീയ ഉളളടക്കമുളളൊരു  കവിത 1970-80കളിൽ അവസാനിച്ചു. ഈ രണ്ടു ദശകങ്ങളിലേയും കവിത പറയാൻ ശ്രമിച്ചത് രാഷ്ട്രീയമൊരു ലക്ഷ്യമാണ് എന്നതാണ്. പൊളിറ്റിക്കലാവുക എന്നതായിരുന്നു അന്ന് എല്ലാവരുടെയും മോഹം. അക്കാലത്തെ കവിതകളുടെ പൊതുസ്വഭാവമായിരുന്നു ഇത്.‘ഞാൻ എന്തുകൊണ്ട് റൊമാന്റിക് അല്ലാതായി’ എന്ന പേരുളള സച്ചിദാനന്ദന്റെ രചനയൊക്കെ അക്കാലത്താണുണ്ടാവുന്നത്.

കവിതയിൽ നിന്നും കവിതയാവുന്നതെല്ലാം വെട്ടിമാറ്റുകയും, കവിതയെ ഏതാണ്ട് മുദ്രാവാക്യത്തോട് അടുപ്പിക്കുകയുമാണ് 70-80കളിലെ രാഷ്ട്രീയകവിത ചെയ്തത്.എന്നാൽ പിന്നീട് ആധുനികോത്തരതയുടെ കാലത്ത് Personal is political / വ്യക്തിഗതമായതെല്ലാം രാഷ്ട്രീയമാണ് എന്ന കാഴ്ച്ചപ്പാട് വന്നു. അങ്ങനെയെങ്കിൽ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്ന കവിത രാഷ്ട്രീയമാകണമെന്നില്ല. രാഷ്ട്രീയത്തെ കുറിച്ച് എഴുതത്തതു കൊണ്ട് അതു രാഷ്ട്രീയമല്ലാതാവണമെന്നില്ല. ഒരുപക്ഷെ അതു സമകാലിക രാഷ്ട്രീയമാകാം, അതിജീവിക്കുന്ന രാഷ്ട്രീയമാകാം, ഭാവിയുടെ രാഷ്ട്രീയമാകാം. നെഗറ്റീവോ പോസിറ്റീവോ ആയ രാഷ്ട്രീയമാവാം. പക്ഷെ ഏതു കവിതയും രാഷ്ട്രീയമാണ്. ഒരു പക്ഷെ പ്ലേറ്റോയുടെ റിപബ്ലിക്കിൽ നിന്നുമാത്രല്ല, എല്ലാ പ്രവർത്തനങ്ങളിൽ നിന്നും കുടിയൊഴിക്കപ്പെട്ട- പ്രവേശനം നിഷേധിക്കപ്പെട്ടവർ എന്ന നിലയിൽ അവർക്ക് കവിതയുടെടെ മണ്ണിൽ  സ്വയം ഒരു റിപബ്ലിക്കായി പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴികളില്ല.ഇങ്ങനെ സ്വയം ഒരു റിപബ്ലിക്കായി പ്രഖ്യാപിച്ച- ഈ റിപബ്ലിക്കിന്റെ നിയമങ്ങൾ സ്വയം ഉണ്ടാക്കേണ്ടി വരുന്ന- അതിനെ മാത്രം പിന്തുടരേണ്ടി വരുന്ന – ആ തരത്തിൽ അപായകരമായി അരാജകപരമായി ജീവിക്കുവാൻ ശ്രമിക്കുന്നവർ എന്ന അർത്ഥത്തിൽ- എല്ലാ കവിതയും രാഷ്ട്രീയമാണ്. 70-80കളുടെ കാലത്ത് അതിന്റെ പരിസരങ്ങളിലൊന്നും ഇത്തരത്തിൽ ഒരു വിചാരം ഉണ്ടായിരുന്നില്ല; അത് അസാധ്യവുമായിരുന്നു. ഇങ്ങനെ 70-80കളിലെ പ്രകടമായ- വാചാലമായ രാഷ്ട്രീയം ഏതാണ്ട് അവസാനിച്ചു. ‘ആ മഴ പെയ്തു തോർന്നു’ എന്ന് അതിനെ വിശേഷിപ്പിക്കാ നാഗ്രഹിക്കുന്നു. അത് 70-80കളുടെ രാഷ്ട്രീയ കവിതയെ കുറിച്ച് മാത്രമല്ല, 50കളുടെ കവിതയെ കുറിച്ചുകൂടിയാണ് വിശേഷിപ്പിക്കുന്നത് – ആ മഴ പെയ്തു തോർന്നു.

ആവിത്തുകളല്ല, പുതിയ കവിതയുടെ വിത്തുകൾ. ഒരു പക്ഷെ ആ മഴയുടെ തണുപ്പോ പൊള്ളലോ മണ്ണിൽ ബാക്കിയുണ്ടാവാം. അത്തരം കവിതകൾ എഴുതുന്നവർ ഇപ്പോഴും ഉണ്ടാകാം. ഈ ലോകത്ത് എല്ലാതരം ജീവജാലങ്ങളുള്ള പോലെ പുതിയ കവിതയിലും എല്ലാതരം ജനുസ്സുകളും ഭൂമിയിലെ ആദ്യ ജന്തു മുതൽ അവസാന ജന്തുവരെ, ഭൂമിയിൽ ഉണ്ടായിട്ടില്ലാത്ത ജന്തു വരെ.ഇനി ജനിക്കാനിരിക്കുന്ന ജീവജാലങ്ങൾ വരെ അതിലുണ്ടാകാം

മലയാളഭാഷയിൽ  ആദ്യം എഴുതപ്പെട്ട കവിത തന്നെ ഇപ്പോഴും എഴുതുന്നുണ്ടാകാം,അത് പ്രസിദ്ധീകരിക്കുന്നുമുണ്ടാവാം; പ്രത്യേകിച്ചും ഒരു എഡിറ്ററില്ലാത്ത കാലത്ത് വരുന്ന എല്ലാ ലൈക്കുകളും തന്നെ മഹാകവിയാക്കുന്നു എന്ന് ധരിക്കാനിടയുള്ള ഒരു ലോകത്ത്.

ആധുനികത എന്നത് രണ്ടായി തിരിക്കുകയാണെങ്കിൽ ആധുനികതയിലേക്ക് പോകാനിടയുള്ളതിനെ റദ്ദാക്കുകയാണ്, ഗർഭഛിദ്രത്തിനു വിധേയമാക്കുകയാണ് യഥാർത്ഥത്തിൽ രാഷ്ട്രീയ ആധുനികത ചെയ്തതെന്ന് വിചാരിക്കുന്നു.

ആ മഴ പെയ്തു തോർന്നു – അത്തരത്തിൽ പെട്ട കവിതകൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് കരുതുന്നില്ല, എഴുതപ്പെട്ടാലും അവ ഗൗരവമായി പരിഗണിക്കപ്പെടുമെന്നും ഞാൻ കരുതില്ല. ഈ അർത്ഥത്തിലാണ് ആധുനിക കവിതയും പുതിയ കവിതയും തമ്മിലുള്ള ബന്ധത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.


 എൻ.ജി. ഉണ്ണികൃഷ്ണൻ

ആധുനിക കവിതയും പുതുകവിതയും തമ്മിൽ കൃത്യമായ വിച്ഛേദമുണ്ടെന്ന് പറയാൻ കഴിയില്ല. ആധുനികതയ്ക്ക് തൊട്ടു മുമ്പുള്ള കവിതയുമായി ആധുനിക കവിത എത്രമാത്രം വേർപ്പെട്ടു എന്ന രീതിയിൽ രൂപപരവും പ്രേമേയപരവുമായി ആ അളവിൽ  പുതുകവിത തൊട്ടുമുമ്പുള്ള കവിതയുമായി വേർപ്പെട്ടു എന്ന് ഞാൻ കരുതുന്നില്ല. ഈ വിഷയം അങ്ങോട്ടും ഇങ്ങോട്ടും കലർന്നു കിടക്കുന്ന ഒന്നാണ്. ആധുനിക കവിതയുടെ വിച്ഛെദമോ അല്ലയോ എന്ന തർത്തിലുള്ള വെട്ടിമുറിക്കലുകൾക്കും ഇപ്പുറത്തുള്ള കവിത നൂലിൽ കെട്ടിയിറക്കിയതു പോലെ എന്നൊക്കെ പറയുന്നതിന്  പ്രസക്തിയുണ്ടെന്ന്  എനിക്ക് തോന്നുന്നില്ല്ല.

പുതുകവികളുടെ രചനകൾ ആധുനികരിൽ നിന്നും പൂർണമായും വേറിട്ടു നിൽക്കുന്നതായി കാണാൻ കഴിയില്ല. ആധുനികതയുടെ വാലറ്റക്കാരാനാണ് ടി.പി. രാജീവൻ.ബാറ്റുചെയ്യാതെ നോട്ടൗട്ടായി നിൽക്കുന്ന ഒരു കവി. അദ്ദേഹത്തിന്റെ കവിതകളിൽ ഈ രണ്ടുകാലത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. രാജീവന്റെ പ്രസിദ്ധമായ രാഷ്ട്രതന്ത്രം എന്ന കവിത അതിനു മുമ്പുള്ള കവികൾ ഏതോ വേണ്ടാത്ത രീതിയിൽ വളർന്നുപോയി എന്ന അർത്ഥത്തിൽ വിമർശിക്കുന്നു. ആധുനികതയുടെ പ്രകടനപരമായ രീതിയിൽ നിന്നും പുതുകവിത അധികം വേർപ്പെട്ടുവെന്നും തോന്നുന്നില്ല. ആധുനികതയുടെ കാലത്ത് ഉണ്ടായപോലുള്ള കൃത്യമായ രാഷ്ട്രീയത്തെ കുറിച്ചു പറയുന്ന കവിതകൾ ഇന്നും ഉണ്ടായിട്ടുണ്ട്. അപ്പോൾ ഇവ രണ്ടും അന്യോന്യം   കലർന്നുകിടാക്കുന്നവയാണ്. അല്ലാതെങ്ങനെ ഒരു കവിതയ്ക്ക് മറ്റൊന്നിന്റെ നൂലിൽ കെട്ടിയിറങ്ങാൻ സാധിക്കും..?. ആധുനികതയുടേ തുടർച്ചയായി വന്ന പി.പി രാമചന്ദ്രന്റെ കവിതകളിലും ഈ സവിശേഷതകൾ കാണാം എന്ന് കെ.സി.നാരയണൻ നിരീക്ഷിച്ചിട്ടുണ്ട്.

 

  


 പി. എൻ. ഗോപീകൃഷ്ണൻ

പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ..?   എന്നത് തന്നെ ആധുനികതയുടെ ചോദ്യമാണ്. ഒറ്റവാക്യത്തിൽ പറയേണ്ട ഉത്തരമല്ലിത്.

പുതിയകാലത്തെ കവിതകൾ ഭൂതകാലത്തെ പുനർനിർവചിക്കുകകൂടി ചെയ്യുന്നുണ്ട്.ഇന്നലെ വരെ വായിച്ച പോലെയല്ല ഇന്ന് കവിതയെ വായിക്കുന്നത് ; വ്യത്യസ്തരീതിയിലാണത്. പാഠപുസ്തകത്തിൽ പറഞ്ഞപോലെയല്ലാതെ, ഒരു ഏകമാനരീതിയിൽ നിന്നും കവിതയെ മോചിപ്പിക്കുകയാണ് പുതിയ വായന.അങ്ങനെയെങ്കിൽ മലയാള കവിതചരിത്രത്തിൽ തന്നെ ഇതിനു പ്രാധാന്യമുണ്ട്.പ്രസ്ഥാനങ്ങാളുടെ രൂപത്തിൽ കവിതയെ പഠിക്കുന്ന്അത് നിരൂപണത്തിന്റെ സ്വഭാവമാണ്. ഒരു കവി അങ്ങനെയല്ല കവിതയെ സമീപിക്കുന്നത്.

പൊതുവെ ഇരുപത് ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ മലയാളകവിതയെ നിർണയിച്ചിരുന്ന സാഹചര്യങ്ങൾ പരിശോധിച്ചാൽ അത് ചെന്നുനിൽക്കുക ആധുനിക കേരളം രൂപപ്പെടുന്ന സ്ഥലത്തായിരിക്കും.

1888 ലാണ് ആധുനിക കേരളത്തിന്റെ തറാക്കല്ലിടലായ അരുവിപ്പുറം പ്രതിഷ്ഠം നടക്കുന്നത്. അവിടെ

“ ജാതിഭേദം മതദ്വേഷം    ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന  മാതൃകാ സ്ഥാനമാണിത്”

ഈ വരിയിൽ രണ്ടു പ്രധാന പദങ്ങളുണ്ട്. ‘ മാതൃകാസ്ഥനവും’ ‘സോദരത്വേന’യും .  കവിതയുടെ ഉള്ളിൽ സോദരത്തേന എന്ന പദം വേറെ പദമാകുന്നു. അതുവരെ സാഹോദര്യം എന്നുപറയുന്നത് മലയാളത്തിൽ രക്തബന്ധത്തിൽ അധിഷ്ഠിതമായിരുന്നു. ഇവിടെ , കവിതയിൽ രക്തബന്ധത്തിൽ നിന്നും വ്യതിചലിച്ച് സംസ്കാരത്തിലെ ഒരു പദമാക്കി മാറ്റുന്നു. ഈ സന്ദേശം ചെല്ലുന്നത് ജാതിമത ഭേദമില്ലാതെ വേർതിരിഞ്ഞുനിൽക്കുന്ന, പൊതുമണ്ഡലമില്ലാതിരുന്ന കേരളീയസമൂഹത്തിന്റെ ഉള്ളിലേക്കാണ്. അങ്ങനെയെങ്കിൽ ഈ രാഷ്ട്രീയ കവിതകളുടെ പാരമ്പര്യം എഴുപതുകളിലോ തൊണ്ണൂറുകളിലോ ആയിക്കോട്ടെ, അതുവരുന്നത് അവിടെ നിന്നാണ്-ശ്രീനാരായണഗുരുവിൽ നിന്നാണ്. മലയാളത്തിലെ ഏറ്റവും ആധുനികമായ ആദ്യരാഷ്ട്രീയ കവിത ശ്രീനാരായണഗുരുവിന്റെ  ഈ കവിത മുതലാണ്. രാഷ്ട്രീയം എന്ന പദം കേവലം രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ തളച്ചിടേണ്ടതല്ല. അരുവിപ്പുറം പ്രതിഷ്ഠയുടെ കാലത്ത് കേരളത്തിൽ ഒരു രാഷ്ട്രീയപ്രസ്ഥനങ്ങളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. രാഷ്ട്രീയം എന്ന പദത്തെ ഈ കവിത ലിബറേറ്റ് ചെയ്യുന്നു. കേരളം ഉണ്ടായ കാലത്തേക്ക് – കേരളത്തിൽ ഒരു  പൊതുമണ്ഡലം  ഉണ്ടായ കാലംവരെ  നമ്മെ പിന്നാക്കം കൊണ്ടുപോകാൻ ഈ പ്രയോഗങ്ങൾക്ക് സാധിക്കുന്നു. ഈ സാധ്യതയാണ് പുതുകവിതയിലെ രാഷ്ട്രീയ പ്രയോഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്

അങ്ങനെവരുമ്പോൾ  തുടർച്ചയോ വിചച്ഛേദമോ എന്നതുവിട്ടിട്ട് മറ്റൊരു തരത്തിൽ നമുക്ക് സമീപിക്കാൻ സാധിക്കും.70കളിലെ രാഷ്ട്രീയ കവിതകളിലൊക്കെ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട തീമുകളുടെ വലിയതരത്തിലുള്ള വികേന്ദ്രീകരണം തൊണ്ണൂറുകളിൽ നടന്നിട്ടുണ്ട്. ഈ വികേന്ദ്രീകരണം എന്നത് തുടർച്ചയാണോ വിഛേദമാണോ എന്ന അന്വേഷണം അപ്രസക്തമാണ്. ആ തരത്തിലല്ല അവയെ സമീപിക്കേണ്ടത്. വികേന്ദ്രീകരണം എന്ന ആശയം രാഷ്ട്രീയത്തിൽ വരുന്നത്തന്നെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതി എന്ന ആശയവുമായി ബന്ധപ്പെട്ട് നമ്മുടെ പൊതു ബോധത്തിന്റെ ഉള്ളിലേക്ക് വരുന്നു. സ്ത്രീകളുടെ നോട്ടം, ഏറ്റവും താഴേകിടക്കുന്നവരുടെ നോട്ടം… ഇങ്ങനെ പലതരത്തിലുള്ള പല വീക്ഷണകോണുകളിൽ നിന്നുള്ള നോട്ടങ്ങൾ വരുന്നു. ഈ ഓരോ നോട്ടവും നമ്മുടെ ചരിത്രത്തെ അഴിച്ചുപണിയുകയും വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഭൂതത്തിൽ നിന്നുമാണ് പലതും കണ്ടെടുക്കുന്നത്.

ഈ പുതിയകാലത്താണ് പാൽകുളങ്ങര സരസ്വതിയമ്മ എന്ന എഴുത്തുകാരിക്ക് ജീവൻ വെക്കുന്നത്.സ്ത്രീകൾ ധാരളമായി എഴുതാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെ ഒരു എഴുത്തുകാരിക്ക് ജീവൻ വെക്കുന്നത്. കവിത മരിച്ചതാണെന്നോ ഖബറടക്കിയതാണെന്നോ ഒന്നും ഇന്നു പറയാൻ കഴിയില്ല.പുതിയ സാംസ്കാരികമായ ആവശ്യങ്ങൾ വരുമ്പോൾ അതോടൊപ്പം നമ്മുടെ ഭാഷയും വികസിപ്പിക്കേണ്ടി വരുമ്പോൾ ഇത്തരത്തിൽ മാറ്റം വരുന്നു. ഇടശ്ശേരിയുടെ കറുത്തചെട്ടിച്ചികൾ എന്ന കവിത ഇന്ന് എഴുതാൻ സാധ്യമല്ല. മൺസൂണിനെ കുറിച്ച് നമുക്കിന്ന് കൃത്യമായി അറിയാം.ആ മേഘങ്ങൾ വരുന്നത് ആഫ്രിക്കയിൽ നിന്നോ അന്റാർട്ടിക്കയിൽ നിന്നോ ആണ്. ആ ജ്ഞാനം കിട്ടിക്കഴിഞ്ഞാൽ ഈ കവിത ഇങ്ങനെ എഴുതാനാവില്ല.

ഇന്നുണ്ടാവുന്ന ചീത്തകവിതകൾ പോലും പഴയ  കവിതയുടെ ബോധ്യത്തിന്റെ അപ്പുറത്ത് നിന്നാണ് ഉണ്ടാവുന്നത് ; നാളെയും  അങ്ങനെതന്നെയായിരിക്കും

  


രാജേന്ദ്രൻ എടത്തുംകര

ആധുനികാനന്തര കവിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവിതയുടെ ആദ്യദശകത്തിലെ കവിതകളെ കുറിച്ചുള്ള സാമാന്യപരിചയപ്പെടുത്തലും  ആധുനികതയും ആധുനികാനന്തരകവിതയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുമാണ്  ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്.

1970കൾ ആധുനികതയുടേതായിരുന്നു.80കൾ ഒരു അന്തരാളഘട്ടവും.90കളിലെ ആധുനികാനന്തരകവിതയുടെ വക്താക്കളായി രേഖപ്പെടുത്തിയ പലരും 80കളിൽ എഴുതിതുടങ്ങിയവരായിരുന്നു. 1991ൽ ടി.പി.രാജീവന്റെ ‘വാതിൽ’ എന്ന സമാഹാരം പുറാത്തുവന്നതോടെയാണ് ആധുനികതയും ആധുനികാനന്തരകാവ്യലോകവും തമ്മിലുള്ള വിച്ഛെദനം മലയാളം ശ്രദ്ധിക്കുന്നത്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘ഉജ്ജൈനിയിലെ രാപ്പകലുകൾ’, ഡി.വിനയചന്ദ്രന്റെ ‘നരകം ഒരു പ്രേമകവിത എഴുതുന്നു’ എന്നീ കവിതകൾ ഇറാങ്ങുന്ന സമയത്തുതന്നെയാണ് ‘വാതിലും’ പുറത്തുവരുന്നത്. വാതിൽ പുറത്ത്രങ്ങുന്ന വർഷം ആധുനികാനന്തരകവിതയുടെ പുതിയ ഒരു ലോകം തുറക്കുന്നു എന്ന തരത്തിലൂള്ള നിരൂപണങ്ങൾ ആ കൃതിയ്ക്ക് ലഭിച്ചിട്ടില്ല. പക്ഷേ, നിലനിൽക്കുന്ന എന്തിനെയോ തിരസ്കരിക്കുന്ന എന്തോ ചിലത് ആ സമാഹാരത്തിലുണ്ടെന്ന് വ്യാപകമായി തിരിച്ചറിയപ്പെടുകയും ചെയ്തു.

1992ൽ വിജയലക്ഷ്മിയുടെ ‘മൃഗശിക്ഷകൻ’ പുറത്തിറങ്ങി.എന്നാൽ വിജയലക്ഷ്മിയെ ആധുനികാനന്തരലോക്കത്തിന്റെ കവിയായി നമ്മുടെ കാവ്യചരിത്രം പരിഗണിച്ചിട്ടില്ല.ഡി.വിനയചന്ദ്രനിലോ വിജയലക്ഷ്മിയിലോ ഇല്ലാത്ത ഒന്നാണ് 92വഎയുള്ള കാലത്തിനടുത്ത് നമുക്ക് അന്വേഷിക്കാനുള്ളത്.1993ൽ കെ.ജി. ശങ്കരപ്പിള്ളയുടെ ‘കൊച്ചിയിലെ വൃക്ഷങ്ങൾ’, സാവിത്രി രാജീവന്റെ ‘ചെരിവ്’ എന്നിവ പുറാത്തിറങ്ങി. മാറികൊണ്ടിരിക്കുന്ന കാവ്യഭാവുകത്വത്തിന്റെ നിദർശനങ്ങളായി ഇവയെ പരിഗണിക്കാൻ അന്നത്തെ വായന തയ്യാറായില്ല.

1994-ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മാനസാന്തരം’, ചെറിയാൻ കെ. ചെറിയാന്റെ ‘പാലാഴിമഥനം’, പ്രഭാവർമ്മയുടെ ‘അർത്ഥപൂർണ്ണിമ’,വിജയലക്ഷ്മിയുടെ ‘തച്ചന്റെ മകൾ’, എം.എൻ. പാലൂർറ്റിന്റെ ‘ശബ്ദതാര’, ഉദയഭാനുവിന്റെ ‘സഹാറ’ തുടങ്ങിയ സമാഹാരങ്ങൾ പുറത്തിറാങ്ങി. എന്നാൽ ഇവയെല്ലാം ആധുനികതയുടെ സ്വഭാവങ്ങൾ ഉള്ളവയായിരുന്നു.1994-ൽ  ആധുനികാനന്ത കവിത എന്ന്  പിൽകാലത്ത് നാം  വ്യവച്ഛേദിച്ച് വിളിച്ച ആ എന്തോ ഒന്ന് അനുഭവിപ്പിക്കുന്ന കാവ്യസംഭാവനകൾ ഉണ്ടായില്ല.

1995- ഡി.വിനയചന്ദ്രന്റെ ‘കായിക്കരയിലെ കടൽ’ എന്ന സമാഹാരം പുറത്തിറങ്ങി. എന്നാൽ ഡി.വിനയചന്ദ്രൻ ആധുനികാനന്തരകവിത എന്ന വിവക്ഷ്യ്ക്ക് പുറാത്തുനിന്ന കവിയായിരുന്നു.

1996-ൽ സച്ചിദാനന്ദന്റെ ‘മലയാളം’,കെ.ആർ.ടോനിയുടെ ‘സമനില’, റഫീഖ് അഹമ്മദിന്റെ ‘സ്വപ്നവാർമുലം’, എന്നീ സമാഹാരങ്ങൾ പുറത്തിറങ്ങി.അവസാനം പറാഞ്ഞ രണ്ടുപേരിൽ സച്ചിദനന്ദനിൽ ഇല്ലാത്തതും ആധുനികാനന്തരതയുടെ സ്വഭാവം എന്ന് വിളിക്കാവുന്നതുമായ  ചിലത് ഉള്ളതിനാൽ ഇവരെ ആധുനികാനന്തരകവികളായി കണാക്കക്കുന്നു.

1997-ൽ പ്രഭാവർമ്മയുടെ ‘ചന്ദനമഴ’യും കെ.എ.ജയശീലന്റെ സമ്പൂർണസമാഹാരമായ ‘കവിതകൾ’ ഉം പുറാത്തിറങ്ങി.ആധുനികാനന്തര കവിതയുടെ എല്ലാ സവിശേതകളും ഒത്തിണങ്ങിയ കവിതകളാണ് കെ.എ.ജയശീലന്റേതെങ്കിലും അദ്ദേഹത്തെ ഈ തലമുറയുടെ പ്രതിനിധിയായി കാവ്യചരിത്രപാരായങ്ങൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

1999-ൽ കല്പറ്റ നാരായണാന്റെ ‘ഒഴിഞ്ഞ വൃക്ഷ്ഛായയിൽ’, പി.പി.രാമചന്ദ്രന്റെ ‘കാണെക്കാണെ’ എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായി.ഇവരെ ആധുനികാനന്തര കാവ്യഭാവുകത്വത്തിന്റെ പ്രതിനിധികളായാണ് കണാക്കാക്കുന്നത്.

2000-ൽ എസ്. ജോസഫിന്റെ ‘കറുത്തകല്ല്’, പി.രാമന്റെ ‘കനം’ ഉദയഭാനുവിന്റെ ‘അടഞ്ഞവാതിൽ’ എന്നീ സമാഹാരങ്ങൾ പുറാത്തിറാങ്ങി. ഇതിൽ ആദ്യത്തെ രണ്ടുപേരെ ആധുനികാനന്തരഭാവുകത്തിന്റെ പ്രതിനിധികളായി  കണക്കാക്കുന്നു.

ആധുനികതയെ കറിചു പല നിഗമനങ്ങളിലും എത്തിച്ചേർന്നത് സച്ചിദാനന്ദൻ ഉൾപ്പെടെ പലരുടേയും ലേഖനങ്ങളിൽ നിന്നാണ്.

ആധുനികത കാല്പനികമല്ല അല്ലെങ്കിൽ കാല്പനിക വിരുദ്ധമാണ്. ആ കാലത്തെ കവികളെയും  കവിതകളെയും  അക്ഷരാർത്ഥത്തിൽ ചീത്ത പറഞ്ഞുകൊണ്ടുള്ള ‘ഹരിശ്രി’ എന്ന സമാഹാരത്തിന്റെ അവതാരികയിൽ സച്ചിദാനന്ദൻ , ആധുനിക കവിതയുടെ എറ്റവും വലിയ പ്രത്യേകതയായി എടുത്തു കാണിക്കുന്നത് അത് കാല്പനിക കവിതയെ പുറംകാൽ കൊണ്ട് തട്ടിമാറ്റുന്നു എന്നാണ്. കാല്പനികത വിദൂരതകളെ തേടി പോകുമ്പോൾ അടുത്തുനിൽക്കുന്ന ആളെ പോലും ശ്രദ്ധിച്ചില്ല. ടി.പി. രാജീവന്റെ ‘വാതിൽ’ പുറത്തിറങ്ങുന്ന 1991 മുതൽ ആധുനികാനന്തര കവിതയിൽ കാല്പനികത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആധുനികതയും ആധുനികാനന്തര വിച്ഛേദനവും വിലയിരുത്താൻ ആഗ്രഹിക്കുന്നത്. ആധുനികാനന്തര കവികൾ കാല്പനികതയെ അപ്പാടെ തള്ളിക്കളയുന്നില്ല. ഇവർ പലപ്പോഴും വിദൂരത തേടിപ്പോവുകയും അടുത്തുനില്ക്കുന്നവരെ കാണുകയും ചെയ്യുന്നു. വൈകാരികതയും വൈചാരികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവരും ഈ കവികളിൽ ഉണ്ട്. പ്രസ്ഥാനവത്കരിക്കപ്പെടാനല്ല പരമാവധി വികേന്ദ്രീകരണം എന്ന ആശയമാണ് പുതിയ കവികളുടേത്.കവിത കാല്പനികേതരമാണ് അല്ലെങ്കിൽ കാല്പനിക വിരുദ്ധമാണ് എന്ന് ആധുനികോത്തര കവികൾ വിശ്വസിക്കുന്നില്ല. സംവാദത്തിന്റെ കുറേക്കൂടി തുറന്ന മണ്ഡലത്തിലേക്ക് കവിതയെ കൊണ്ടുപോകുന്നു.

കവിത ദൃഢവും പൗരുഷവുമായ അവബോധത്തിന്റെ സൃഷ്ടിയാണെന്ന് മലയാള ആധുനികത വിശ്വസിച്ചു. പൗരുഷം എന്ന വാക്ക് എടുത്തുപറയേണ്ടതുണ്ട്.ആധുനികത ഒരു സ്ത്രീയേയും ആധുനിക കവിതയിൽ അടയാളപ്പെടുത്തിയിട്ടേയില്ല. ‘നിർത്തൂ ചിലയ്ക്കൽ നിനക്കെന്തുവേണം എൻ ദുഃഖങ്ങളോ……പുല്ലിംഗമോ’ എന്നെഴുതുന്നതിൽ അവർ ആനന്ദം കണ്ടെത്തി.സാന്ദ്രവും തീവ്രവും ദീപ്തവുമായ പുരുഷപാരമ്പര്യത്തോട് അടുക്കുന്നതുമാണ് മലയാള കവിതയിലെ ആധുനിക അവബോധമെന്നും ആധുനിക കവിതയും പുരുഷനും ഒന്നുതന്നെയാണെന്നും 1970കളുടെ തുടക്കത്തിൽ സച്ചിദാനന്ദൻ ആധുനിക കവിതയുടെ മാനിഫെസ്റ്റോ എഴുതിവെച്ചു.ആധുനികാനന്തര കവിതയിലാകട്ടെ പുരുഷനോ സ്ത്രീയോ മൂന്നാംലിംഗമോ ഇല്ല; പ്രായേണ ഇല്ല. ലിംഗനിരപേക്ഷമായ എല്ലാലിംഗക്കാർക്കും പ്രന്തിന്ധ്യം ലഭിക്കുന്ന കുറേക്കൂടി തുറസ്സായ ചിന്തകളിലേക്ക് ആധുനികാനന്തര കവിത വളർന്നു. പുരുഷത്വത്തിന്റെ ഉച്ചഭാഷണങ്ങൾ മുഴുവനും എല്ലാ അർത്ഥത്തിലും ആധുനികാനന്തര കവിത ഒഴിവാക്കി.അതുകൊണ്ടുതന്നെ ആധുനികതയിൽ നിന്നുള്ള തികഞ്ഞ വിച്ഛേദമാണ് ആധുനികാനന്തര കവിത എന്ന നിഗമനത്തിലെത്താം.

അവനവനോടും പരിസരത്തോടും  സൗന്ദര്യാത്മകമായി സംവദിക്കുന്നതാണ് ആധുനികത എന്ന് ആധുനികതയുടെ വക്താക്കൾ വിശ്വസിച്ചു. വാസ്തവത്തിൽ അതിൽ വലിയ യുക്തി ഒന്നുമില്ല.അത് കവിതയെകുറിച്ച് ഏതുകാലത്തും പറയാവുന്ന കാര്യമാണ്. ഇത് ആധുനികതയുടെ ഒരു ലക്ഷണമായി അവതരിപ്പിക്കുക വഴി താൽകാലിക രാഷ്ട്രീയ പ്രതിഭാസങ്ങളുമായി കലഹിച്ച തങ്ങളുടെ സൗന്ദര്യശാസ്ത്ര ബോധത്തിന് ദൃഢമായ അടിത്തറ പണിയുകയാണ് ആധുനികത ചെയ്തത്. അവനവനെ കുറിച്ചോ പരിസരത്തെ കുറിച്ചോ മാത്രമല്ല അവനവന്റെ പരിസരത്തു നിന്ന് ആന്തരികമായി വളരെ വേറിട്ടുനിൽക്കുന്ന  വിദൂരസ്ഥലികളെ  കുറിച്ചും ആധുനികാനന്തര കവിത  സംവദിക്കുന്നുണ്ട്, കലഹിക്കുന്നുണ്ട്, ഇടപെടുന്നുണ്ട്.ആ അർത്ഥത്തിൽ പുതുകവിത ആധുനികതയുടെ നിരാസമോ വിച്ഛേദമോ ആണ്.

പ്രകൃത്യാ ഉത്കടവും നഗ്നമനസ്കവും ദീപ്തപ്രജ്ഞവുമായ പുരുഷത്വത്തെ ആധുനിക കവിത ഉപാസിക്കുന്നു എന്ന് സച്ചിദാനന്ദൻ പറയുന്നു. ദീപ്തപ്രജ്ഞനായ ഉത്കടനായ ഈ പുരുഷന്റെ നിർമ്മിതിയാണ് ആധുനിക കവിതയെങ്കിൽ ആ പുരുഷനിൽ അന്തർലീനയായ സ്ത്രീത്വത്തെയും സ്ത്രീയിൽ അന്തർലീനമായ പുരുഷത്വത്തെ കൂടി കണ്ടെത്തുവാനും കുറച്ചുകൂടി കടന്ന് ഭിന്നലിംഗക്കാരെയും കൂടി ഉൾപ്പെടുത്താനുമാണ്  ആധുനികാനന്തരകവിത ശ്രമിക്കുന്നത്. ആ അർത്ഥിൽ അത് ആധുനികതയുടെ വിച്ഛേദമാണ്.

ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ ശൈലിയിൽ ആധുനികത അഭയം കണ്ടെത്തുന്നില്ല.പ്രത്യയശാസ്ത്രങ്ങൾ പ്രതിസന്ധികളാണെന്ന് തിരിച്ചറിയുന്നതാണ് ആധുനികതയുടെ മാനിഫെസ്റ്റോ. ആധുനികാനന്തരതയുടെ കാലത്ത് പ്രത്യയശാസ്ത്രങ്ങൾ പ്രതിസന്ധികളാണെന്നു മാത്രമല്ല, അവ കീഴ്മേൽ മറിയുകകൂടി ചെയ്തു.തീർപ്പുകളില്ലാത്ത സന്ദേഹങ്ങൾക്ക് വേണ്ടിമാത്രം ആശങ്കിക്കാവുന്ന ഒന്നായി പ്രത്യയശാസ്ത്രങ്ങൾ മാറി.  പ്രത്യശാസ്ത്രത്തിന്റെ കെട്ടുപാടിൽ നിന്നും വിടുതൽ നൽകി അവനവനിളേക്കോ അവളാവളിലേക്കോ അവനവനും അവളവും പെരുമാറുന്ന ഇടങ്ങളിലേക്കോ സ്ഥലകാലബദ്ധമല്ലാത്ത അന്വേഷണങ്ങൾ നടത്താൻ തുനിയുന്ന വിധത്തിൽ കവികൾ മാറിചിന്തിക്കാൻ തുടങ്ങി. ആ അർത്ഥത്തിൽ ഇതും ആധുനികതയുടെ വിച്ഛേദമാണ്.

ഓരോ കവിതയ്ക്കും അതിന്റേതായ ഭാഷയുണ്ട്, എന്നാൽ സ്ഥിരമായ ശൈലി എന്ന ഒന്നില്ല, എന്ന് ആധുനികത വിശ്വസിക്കുകയും ഒരോ കവിതയും അതത് സാഹചര്യങ്ങൾ നിർണ്ണയിക്കുന്ന തരത്തിലുള്ള ഭാഷയും ശൈലിയുമാണ് ആവിഷ്ക്കരിക്കുന്നതെന്നു വാദിക്കുകയും ചെയ്തു.മലയാളത്തിലെ ആധുനികോത്തര കവിതയിൽ 2001-ൽ വീരാൻകുട്ടിയുടെ ‘ജലഭൂപടം’ എന്ന സമാഹാരം പുറത്തുവരുമ്പോൾ അതിനെഴുതിയ പഠനത്തിൽ, ആധുനികതയുടെ നാനാവിധവും  സങ്കീർണ്ണമായ പൊതുസ്വഭാവത്തെ ഭിന്നിപ്പിച്ച് ഇമേജറിയാണ് കവിത എന്നു സ്ഥാപിക്കാൻ ജയമോഹൻ ശ്രമിക്കുന്നു. ആ ഒറ്റത്തീർപ്പിൽ വീണുപോയ കുറേ കവികളുമുണ്ട്. ഇമേജറിയാണ് കവിത എന്ന് ധരിച്ച് വശാവുകയും നല്ല നല്ല ഇമേജറികൾ നിർമ്മിക്കുകയും ചെയ്ത് കാണുന്ന ലോകം  മാത്രമാണ് കവിതയുടെ ലോകം എന്ന് വിശ്വസിച്ച കവികൾ ഒറ്റത്തീർപ്പിലേക്ക് വരുന്നതിന്റെ ഘട്ടം 2010ശേഷമുള്ള മലയാളകവിതയിൽ കാണാം. 2010നു മുൻപ്, അത്  കുറേക്കൂടി തുറന്നതും വിശാലവും തീർപ്പുകൾ ഇല്ലാത്തതുമായിരുന്നു.

ദു:ഖം,ക്ഷോഭം,പരിഹാസം,ആത്മപുച്ഛം എന്നിവ ഐറണിയായി പരിണമിക്കുകയാണ് വേണ്ടത്. അത് അതേമട്ടിൽ ആവിഷ്ക്കരിക്കുകയല്ല കാവ്യം എന്ന് ആധുനികത വിശ്വസിച്ചു.കാവ്യബാഹ്യമായ, ചരിത്രപരമായ പ്രതിഷേധത്തെ കാവ്യോചിതമായ ഭാഷയുംഘടനയുമാക്കി ,ഐറണിയാക്കി ഉപയോഗിക്കുകയായിരുന്നു ആധുനികത ചെയ്തത് എങ്കിൽ പ്രതിഷേധത്തെ കുറേക്കൂടി സൗന്ദര്യാത്മകമാക്കുകയും ഐറണി മാത്രമാക്കാതെ അതിനെ കാവ്യാത്മകമായി  ഉപയോഗിക്കുന്നത് ആധുനികാനന്തര കവിതയിൽ കാണാം. ഐറണിയായിത്തന്നെ കവിതയിൽ പ്രതിഷേധം പ്രത്യക്ഷപ്പെടുന്നതും  കാണാം. ആധുനികതയെ അപേക്ഷിച്ച് കുറേക്കൂടി തുറസ്സാണ് ആധുനികാനന്തര കവിത.

അശ്ലീല സൗന്ദര്യശാസ്ത്രം ഒരു പ്രതിഷേധാത്മക സമീപനം എന്ന നിലയ്ക്ക് ഉപയോഗിക്കേണ്ടി വരും എന്നും അങ്ങനെ ഉപയോഗിക്കുമ്പോഴാണ് കവിത അശ്ലീല സൗന്ദര്യശാസ്ത്രത്തെ കാവ്യോചിതമായ പ്രതിഷേധപ്രകടനമാക്കി മാറ്റുന്നതെന്നും ആധുനികത വിശ്വസിച്ചു. അശ്ലീല സൗന്ദര്യശാസ്ത്രമെന്ന നിലപാട്  തന്നെ ആധുനികാനന്തര കവിത തള്ളിക്കളഞ്ഞു.ലൈംഗികത സ്വയമേവ സൗന്ദര്യാത്മകമാണ് എന്നും  ലൈംഗികതയെ സംബന്ധിക്കുന്ന സൗന്ദര്യാത്മക നിലപാടുകൾ അവതരിപ്പിക്കുക വഴി തനിക്ക് ആവശ്യമായ കാവ്യപരമായ ഭാവുകത്വ പരിണാമങ്ങൾ കവിതയിൽ വരുത്താൻ  കഴിയുമെന്നും  ആധുനികാനന്തര കവിത വാദിച്ചു. ഈ തരത്തിലും ആധുനികാനന്തര കവിത ആധുനികതയിൽ നിന്നു വ്യത്യാസപ്പെടുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *